മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും പ്രധാനം, മനുഷ്യരുടെയും

മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും പ്രധാനം, മനുഷ്യരുടെയും

മനുഷ്യൻ ഭൂമിയിൽ ജീവിച്ചുതുടങ്ങിയപ്പോൾ മുതൽ തന്നെ മൃഗങ്ങളെ ഇണക്കിവളർത്താൻ തുടങ്ങിയിരുന്നു. ഭൂമി കൃഷിക്കുവേണ്ടി ഒരുക്കുന്നതിനും, അവ സംരക്ഷിക്കുന്നതിനും, വീടിന്റെയും വീട്ടാരുടെയും സുരക്ഷയ്ക്കും, നേരമ്പോക്കിനും, സാമ്പത്തിക നേട്ടത്തിനുമൊക്കെ മൃഗങ്ങളെ മനുഷ്യർ ഇണക്കിവളർത്തുക പതിവാണ്. വളർത്തുമൃഗങ്ങളുടെ ആരോഗ്യവും അതിനാൽ തന്നെ പരമപ്രധാനവുമാണല്ലോ. ഇക്കാര്യത്തിൽ മികച്ച സേവനം ചെയ്യുന്ന വിഭാഗത്തിൽ ഡോക്ടർമാരും വിദഗ്ദ്ധരും മറ്റുമുണ്ട്.
മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് ആഗോള തലത്തിൽ സംഘടനകൾ പ്രവർത്തിച്ചുവരുന്നു. ആഗോളാടിസ്ഥാനത്തിൽ മൃഗരോഗവിദഗ്‌ദ്ധരുടെയും മറ്റും സംഘടന രൂപംകൊള്ളുന്നത് 1863 ലാണ്, ഡോക്ടർ ജോൺ ഗാoഗീ എന്നയാളുടെ നേതൃത്വത്തിൽ. ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോക വെറ്റിനറി ദിനമായി എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ അവസാന ശനിയാഴ്ച ആചരിച്ചുവരികയാണ്.

 

 

മൃഗാരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യവും മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടികളെ കുറിച്ചും ബോധവത്കരണം നല്‍കുക എന്നതാണ് ആചരണത്തിന്റെ ലക്ഷ്യം. മൃഗങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വെറ്ററിനറി ഡോക്ടര്‍മാരും മറ്റ് വിദഗ്ദ്ധരും വഹിക്കുന്ന പങ്കിനെ കുറിച്ച് ബോധവാത്മാരാക്കാനായി 2001 മുതലാണ് ഈ ദിനം ആചരിച്ച് തുടങ്ങിയത്. വളര്‍ത്തുമൃഗത്തിന്റെ ഉത്തരവാദിത്തമുള്ള ഉടമയായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനൊപ്പം, വന്യമൃഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ആഹ്വാനം ചെയ്യുന്നു.

 

‘വെറ്റിനറി പ്രതിരോധത്തിന് കരുത്തേകാം ‘ എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം.മൃഗഡോക്ടർമാർക്ക് അവരുടെ ജോലിയിൽ എല്ലാ പിന്തുണയും നൽകുക എന്നതാണ് പ്രമേയം ഉദ്ദേശിക്കുന്നത്. മനുഷ്യൻ മൃഗങ്ങളിലെ സവിശേഷ സൃഷ്ടിയാണല്ലോ, മനുഷ്യരും മൃഗങ്ങളും ഇടപഴകി ജീവിക്കുന്നു, പരസ്പരം ആശ്രയിക്കുകയും ചെയ്യുന്നു. വന്യമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കഴിഞ്ഞുകൂടുകയും ചെയ്യുന്നു. ലോക വെറ്ററിനറി അസോസിയേഷൻ രണ്ട് വർഷം കൂടുമ്പോൾ സമ്മേളിക്കാറുണ്ട്.

 

യോഗങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. ഏറ്റവും നന്നായി പ്രവർത്തിക്കുന്ന വെറ്ററിനറി അസോസിയേഷന് പുരസ്‌കാരം പ്രഖ്യാപിക്കും. 2008 മുതലാണ് നൽകിതുടങ്ങിയത്. ആദ്യം അവാർഡ് നേടിയത് കെനിയ വെറ്ററിനറി അസോസിയേഷൻ ആണ്..2020 ൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകത്തിന് ലഭിച്ചത് ചരിത്രമായിരുന്നു, ഏഷ്യയിൽ നിന്നും ആദ്യം.90 രാജ്യങ്ങളിൽ നിന്നുള്ള അസോസിയേഷനുകളുടെ കൂട്ടായ്മയിൽ നിന്നാണ് തെരഞ്ഞെടുപ്പു നടത്തുന്നത്.1978 ൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം രൂപീകൃതമായതെങ്കിലും 2016 ൽ മാത്രമാണ് ലോക സംഘടനയിൽ കേരള ഘടകം അംഗമായത്. മൃഗസമ്പത്ത് സംരക്ഷിക്കുക, അവയുടെ ആരോഗ്യം കാക്കുക, വെറ്ററിനറി സേവനം ചെയ്യുന്നവർക്ക് ആദരവും അംഗീകാരവും അർപ്പിക്കുക തുടങ്ങിയവയാണ് ദിനചാരണലക്ഷ്യങ്ങൾ.

 

1863 ൽ എഡിൻബെറോ വെറ്ററിനറി കോളേജിലെ പ്രൊഫസ്സറായ ഡോക്ടർ ജോൺ ഗാoഗീ, യൂറോപ്പിൽ നിന്നുള്ള വെറ്ററിനറി വിദഗ്ദ്ധരെ ഒരു യോഗത്തിലേക്ക് ക്ഷണിച്ചു,.. ഇത് ഇന്റർനാഷണൽ വെറ്ററിനറി കോൺഗ്രസ്‌ എന്നറിയപ്പെട്ടു. ഇതിന്റെ ഏട്ടാമത്തെ സെഷൻ 1906 ൽ ഒരു സ്ഥിരം സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. പതിനഞ്ചാം സെഷൻ സ്റ്റോക്ഹോമിൽ നടന്നപ്പോൾ ഒരു ആഗോള സംഘടന എന്ന ആവശ്യമുയരുകയും, അടുത്ത സമ്മേളനത്തിൽ (1959) ലോക വെറ്ററിനറി അസോസിയേഷൻ രൂപീകരിക്കപ്പെടുകയും ചെയ്തു ( മാഡ്രിഡ് സമ്മേളനം ). 1997 ൽ 70 അംഗരാജ്യങ്ങൾ ചേർന്നു. 2001 ആയപ്പോഴാണ് എല്ലാ വർഷവും ഏപ്രിൽ ഒടുവിലെ ശനിയാഴ്ച, ലോക വെറ്ററിനറി ദിനം ആചരിക്കാൻ തീരുമാനിച്ചത്.

 

വളർത്തു മൃഗങ്ങളുടെയും വന്യ മൃഗങ്ങളുടെയും രോഗങ്ങൾ, രോഗനിർണയം,, ചികിത്സ, മരുന്നുകൾ, ശസ്ത്രക്രിയ, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് വെറ്ററിനറി ശാസ്ത്രം. പ്രൊഫഷണൽ ആയി വളരെ ശേഷിയുള്ളവരാണ് മൃഗഡോക്ടർമാർ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ ( മൃഗജന്യ രോഗങ്ങൾ ) നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകവഴി വെറ്ററിനറി സയൻസ് മനുഷ്യരുടെ ആരോഗ്യവും സംരക്ഷിക്കുന്നു.മൃഗങ്ങളിൽ നിന്നും നിരവധി രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ മനുഷ്യരെ ബാധിച്ച പുതിയ രോഗങ്ങളിൽ 75 ശതമാനവും നട്ടെല്ലുള്ള ജീവികളിൽ നിന്ന് പകർന്നവയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.നമ്മുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നസാംക്രമിക രോഗങ്ങളിൽ 60% ജന്തുക്കളിൽ നിന്നോ, ജന്തുജന്യ ഉൽപ്പന്നങ്ങളിൽ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരുന്നതാണെന്നും WHO അതിന്റെ 2018 ലെ കണക്കുകൾ പറയുമ്പോൾ നമ്മൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗരൂകരാവേണ്ടിയിരിക്കുന്നു. നാം അതിജാഗ്രത പുലർത്തേണ്ട 8 രോഗങ്ങളിൽ 7 ഉം ജന്തുജന്യമാണെന്നതും അതീവ ഗൗരവതരമായ കണക്കാണ്.കോoഗോ പനി, എബോള, മെർസ് കൊറോണ, സാർസ് കൊറോണ, സിക, ഹെനിപ്പ എന്നിവയാണ് അവ. കോവിഡ് 19 ന്റെ കാര്യമെടുത്താൽ മനസ്സിലാക്കാവുന്ന സുപ്രധാന സംഗതി, ചൈനയിലെ വുഹാനിലെ വന്യജീവി മാർക്കറ്റിൽ വിൽക്കാൻ വച്ച ഈനാംപേച്ചികളിൽ നിന്നാണ് കൊറോണ വൈറസ് പകർന്നതെന്ന ഒരു നിരീക്ഷണമാണ്.

 

മഹാമാരികളായി മാറിയതും അല്ലാത്തതുമായ ഇത്തരത്തിൽ കുറെ രോഗങ്ങൾ വന്യ ജീവികളിൽ നിന്നും കടന്നുവന്നുവെന്ന ഗുരുതരമായ വസ്തുതയുടെ കാരണങ്ങൾ തിരയുമ്പോൾ നിരവധിയാണെന്ന് മനസ്സിലാവും. പ്രധാനമായും മരങ്ങൾ നശിപ്പിക്കൽ കൃഷിക്കായി വ്യാപകമായി വനം കയ്യേറൽ, ഖനനം, വേട്ടയാടൽ, പരിസ്ഥിതിനാശം, തീപിടുത്തം എന്നിവയത്രെ. ഇക്കാര്യങ്ങളാൽ സ്വാഭാവിക ആവാസ വ്യവസ്ഥകൾ നഷ്ടപ്പെടുന്ന വന്യജീവികൾ മനുഷ്യവാസ മേഖലകളിലേക്ക് കടക്കുന്നത് ഇക്കാര്യത്തിൽ വലിയ ഭീഷണിയാണ്. വേട്ടയാടിപിടിച്ച് ഭക്ഷണമാക്കുകയും, വിപണനം ചെയ്യുന്നതുമൊക്കെ രോഗാണുപ്പകർച്ചയ്ക്ക് ഇടയാക്കുന്നുണ്ട്. അതീവ ഗൗരവമുള്ള ഈ വിഷയം മറ്റൊരു അവസരത്തിൽ ചർച്ച ചെയ്യാമെന്ന അഭിപ്രായത്തോടെ, ലോക വെറ്ററിനറി ദിനാശംസകൾ നേർന്നുകൊണ്ട്, ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്,

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.