പൂർണമായും കീഴടങ്ങാത്ത പകർച്ചവ്യാധി

പൂർണമായും കീഴടങ്ങാത്ത പകർച്ചവ്യാധി

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം,106 രാജ്യങ്ങളിലായി 300 കോടിയിൽപരം ആളുകൾ മലമ്പനി പിടിപെടൽ ഭീഷണിയിലാണുള്ളത്. 2018 ൽ ലോകത്താകെ 228 ദശലക്ഷം രോഗികളുണ്ടായപ്പോൾ ,405000 മരണങ്ങൾ സംഭവിച്ചു, ആഫ്രിക്കൻ മേഖലയിലാണ് കൂടുതൽ പേർ മരിച്ചത് . 2020 ലെ കണക്കനുസരിച്ച് ലോകത്ത് 241 ദശലക്ഷം പുതിയ മലമ്പനി കേസുകൾ റിപ്പോർട്ട്‌ ആയപ്പോൾ,85 രാജ്യങ്ങളിലായി 62700 ആളുകളാണ് മരണമടഞ്ഞത്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗബാധ കൂടുതൽ, ഈ രാജ്യങ്ങളിലായി 2012 ൽ ഏറ്റവും കൂടുതൽ കുട്ടികൾ(6 ലക്ഷത്തിൽപരം )മലമ്പനി ബാധിച്ച് മരണപ്പെട്ടതായും WHO പറയുന്നു. 2000 നും 2014 നുമിടയിൽ മലമ്പനി പിടിപെട്ടുള്ള മരണസംഖ്യ കുറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ രേഖപ്പെടുത്തുന്നു. ലോകത്തുനിന്നും ഇതുവരെ പൂർണമായും നിർമാർജ്ജനം ചെയ്യാപ്പെടാത്ത ഈ രോഗത്തിനെപ്പറ്റിയും നിയന്ത്രണമാർഗങ്ങൾ തുടങ്ങിയ കാര്യം ങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവൽക്കരിക്കാനുള്ള ദിനാചരണമാണിന്ന്…
ലോക മലമ്പനിദിനം, ഏപ്രിൽ 25.

 

2008 ലാണ് ആദ്യമായി ആചരിച്ചത്. അഫ്രിക്കൻ ഗവണ്മെന്റുകൾ 2001 മുതൽ ദിനാചാരണം നടത്തിയിരുന്നു. ലോക ആരോഗ്യസഭ 2007 ലെ അതിന്റെ 60 മത്തെ സമ്മേളനത്തിൽ മുന്നോട്ടുവച്ച നിർദേശപ്രകാരം, ആഫ്രിക്ക മലമ്പനിദിനം ലോക മലമ്പനിദിനമായി പരിവർത്തിക്കപ്പെട്ടു.ഈരോഗത്തിന്റെ നിയന്ത്രണത്തിലും പ്രതിരോധപ്രവർത്തനങ്ങളിലും, ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും പുരോഗതി നേടിയെടുക്കാൻ തുടർന്നുള്ള വർഷങ്ങളിലെ പോരാട്ടത്തിലൂടെ സാധിച്ചിട്ടുണ്ട്.രോഗത്തിനെതിരായ യുദ്ധത്തിൽ കൂടുതൽ മുന്നണിപ്പോരാളികളെ അണിചേർക്കാനും കഴിഞ്ഞു. രോഗാണുക്കൾ വഹിക്കുന്ന കൊതുകിന്റെ കടിയിലൂടെയാണ് മലമ്പനി മനുഷ്യരിലെത്തുന്നത്. പ്ലാസ്സ്മോഡിയം പരാദങ്ങൾ ആണ് രോഗകാരികൾ, ഇവ പലതരമുണ്ട്. ഇതിൽ 5 ഇനങ്ങളാണ് മനുഷ്യരിൽ മലമ്പനി പടർത്തുന്നത്. പ്ലാസ്മോഡിയം ഫാൽസിപാരം( കൂടുതൽ മരണങ്ങൾക്ക് കാരണം, ആഫ്രിക്കൻ വന്കരയിലെ രാജ്യങ്ങളിൽ ), വൈവാക്സ്( രണ്ടാം സ്ഥാനത്ത്, തെക്ക് കിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക ),ഒവാലെ, മലരിയ, നോലെസി എന്നിവയാണ്.

 

കൊതുകുകടി ഏറ്റ് 10-15 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും, തുടക്കം പനി, തലവേദന, കുളിര് എന്നിവ അനുഭവപ്പെടും. പിന്നീട് പേശിവേദന, ക്ഷീണം, ഛർദ്ദി, എനിവയും, മൂർച്ഛിച്ചാൽ മഞ്ഞപ്പിത്തം, മസ്‌തിഷ്കജ്വരം, ഹൃദയസ്തംഭനം സംഭവിക്കാം. ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള അസുഖമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിൽ ഭീഷണി കുറവാണ്, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിലാണ് രോഗബാധ കണ്ടുവരുന്നത്‌.തടയാവുന്നതും ഭേദമാക്കാവുന്നതുമായ രോഗമാണ് മലമ്പനി. ലോകത്ത് പലരാജ്യങ്ങളിലും ഇല്ലാതാക്കിക്കഴിഞ്ഞു.
ഈവർഷത്തെ ആചരണത്തിന്റെ വിഷയം… “Harness innovation to reduce the malaria disease burden and save lives.” എന്നാണ്.

 

 

മലമ്പനി പടരുന്നത് തടയാൻ ചെയ്യേണ്ട മുൻകരുതലുകൾ ഏവർക്കുമറിയാവുന്നതാണ്. കൊതുക് നശീകരണം തന്നെ പ്രധാനം. കൊതുക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം ഒഴിവാക്കുക,വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, കൊതുക് കടക്കാത്തവിധം കിണറുകളും മറ്റും വലകൊണ്ട് മൂടുക, കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗംബൂസിയ ചെറുമത്സ്യങ്ങളെ നിക്ഷേപിക്കുക, കൊതുക് ശല്യമുള്ള പ്രദേശങ്ങളിൽ ആണെങ്കിൽ ദേഹത്ത് പുരട്ടാവുന്ന ക്രീം, ലോഷൻ എന്നിവ ഉപയോഗിക്കുക.

 

പാസ്മോഡിയം ഇനത്തിൽപ്പെട്ട പരാദങ്ങളാണ് രോഗകാരികൾ, രോഗം പടർത്തുന്നത് അനോഫിലസ് പെൺ കൊതുകുകളാണ് എന്ന് കണ്ടെത്തിയത് റൊണാൾഡ് റോസ്സ് ആണ്. ഇന്ത്യയിലെ സെക്കന്ദരാബാദിൽ അനോഫിലസ് സ്ട്രഫെൻസി ഇനം പെൺ കൊതുകുകളുടെ ആമാശയഭിത്തിയിൽ പ്ലാസ്സ്മോഡിയത്തിന്റെ ഊസൈസ്റ്റുകളെ അദ്ദേഹം കണ്ടെത്തിയത് 1897 ലാണ്. ഏഷ്യയിൽ മലമ്പനി നിയന്ത്രണ പ്രവർത്തനങ്ങൾക്ക് 1951 ൽ WHO തുടക്കമിട്ടു. ഈരോഗം പൂർണമായും നിർമാർജ്ജനം ചെയ്യുന്നത് സർവ്വലോക ലക്ഷ്യമായി ലോകാരോഗ്യ സംഘടന 1955 ൽ പ്രഖ്യാപിച്ചു. ചരിത്രപരമായി ഏറ്റവും പുരാതന രോഗമാണിത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിക്കാർ ചതുപ്പുനിലങ്ങളിൽ നിന്നുണ്ടാകുന്ന മലിനവായുവുമായി ബന്ധപ്പെട്ട് മലേറിയ എന്നപേര് നൽകിയത്.1880 ൽ ലാവേരൻ എന്ന ഫ്രഞ്ച് പട്ടാളഡോക്ടറാണ് ആഫ്രിക്കയിലെ അൽജിയേഴ്‌സിൽ പ്ലാസ്മോഡിയ രോഗാണുവിനെ കണ്ടെത്തിയത്. WHO കണക്കനുസരിച്ച് പ്രതിവർഷം 30 കൊടിക്കും 50 കോടിക്കുമിടയിൽ ആളുകൾക്ക് ലോകത്ത് രോഗബാധയുണ്ടാവുന്നു.30 ലക്ഷം പേരെങ്കിലും മരിക്കുന്നു ( കുട്ടികളും ഗർഭിണികളും കൂടുതൽ ). സഹാറ മരുഭൂമിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് 90% മരണവും. മലമ്പനിക്ക് പ്രത്യേകം ചികിത്സ ഇല്ല, ക്ളോറോക്വീൻ മരുന്നുകൾ ഫലപ്രദം.

 

കാലമേറെ പുരോഗമിച്ചിട്ടും ലോകത്തുനിന്നും പൂർണമായും തുടച്ചുനീക്കാൻ കഴിയാത്ത അസുഖമായി മലമ്പനി വൻ ഭീഷണി ഉയർത്തി നിലകൊള്ളുകയാണ്. കൊതുകുകൾ വളരുന്ന സാഹചര്യം ഉള്ളിടത്തോളം ഈ ലക്ഷ്യം ക്ഷിപ്രസാധ്യമല്ലതാനും.എന്തായാലും, ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നമുക്കും പങ്കാളികളാവാം.

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.