സർവരാജ്യത്തൊഴിലാളികളേ  സംഘടിക്കുവിൻ

സർവരാജ്യത്തൊഴിലാളികളേ 

അമേരിക്കയിലെ വ്യാവസായിക ഉത്പാദനം അതിവേഗം വിശാലമാക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടം എടുത്ത തീരുമാനത്തിൽ നിരാശപൂണ്ട തൊഴിലാളികൾ സമരത്തിൽ കഴിഞ്ഞുവന്ന കാലം. അമേരിക്കയിലെ ഇല്ലിനോയ്‌സ് ലെ ചിക്കാഗോ ഹേ മാർക്കറ്റ്( വൈക്കോൽ കമ്പോളം )ഉം
ചിക്കാഗോ പൊതുവെയും അമേരിക്കയിലെ വളരെ സുപ്രധാനമായ വ്യവസായകേന്ദ്രമായിരുന്നു. ആയിരക്കണക്കിന് ജർമൻ കുടിയേറ്റ തൊഴിലാളികൾ കുറഞ്ഞ കൂലിക്ക് പണിയെടുത്തുവന്ന കേന്ദ്രം.

 

ആഴ്ചയിൽ 6 ദിവസം ആകെ 60 മണിക്കൂറിലധികം പണിയെടുക്കുന്നവർ. മികച്ച തൊഴിൽ സാഹചര്യങ്ങൾക്കായി തൊഴിലാളികൾ കാലങ്ങളോളം ആവശ്യമുന്നയിച്ചുകൊണ്ടിരുന്നു. തൊഴിലുടമകൾ നിഷേധസമീപനമാണ് വച്ചുപുലർത്തിയത്. അമേരിക്കയിൽ 1882-86 കാലത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടിരുന്നു. അരാജകവാദികളുടെ സംഘങ്ങൾ സജീവമായി. 8 മണിക്കൂർ ജോലിസമയമെന്ന തൊഴിലാളികളുടെ ആവശ്യത്തെ പിന്തുണച്ച് കൂടുതൽ സംഘടനകൾ മുന്നോട്ടുവന്നു. സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥക്കായി തൊഴിലാളിമുന്നേറ്റങ്ങളുണ്ടായി. മുതലാളിത്തത്തിനെതിരായി അവർ സംഘടിച്ചു. സായുധ കലാപത്തിനും ചില അരാജകവാദികൾ കോപ്പുകൂട്ടി.

 

സംഘടിത വ്യാപാര തൊഴിൽ യൂണിനുകളുടെ ഫെഡറേഷൻ 1884 മേയ് ഒന്നിന് ഒരു സമ്മേളനം നടത്തി, തൊഴിൽ സമയം 8 മണിക്കൂർ ആക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട്.ഇതിന് പിന്തുണയർപ്പിച്ച് യൂണിയനുകൾ പണിമുടക്കും പ്രഖ്യാപിച്ചു. 1884 ഒക്ടോബറിൽ തൊഴിലാളി സംഘടനകൾ 1886 മേയ് ഒന്നാംതിയതിമുതൽ ജോലിസമയം എട്ടുമണിക്കൂർ ആക്കണമെന്ന് ആവശ്യപ്പെട്ടു. ആ ദിവസം മൂന്നുലക്ഷത്തിലധികംപേർ പണിമുടക്കി. മേയ് മൂന്നാംതിയതി മക്-കോർമ്മാക്ക് ഫാക്റ്ററിയിൽ നടന്ന സമരത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചായിരുന്നു അടുത്തദിവസത്തെ റാലി.

 

” 8 മണിക്കൂർ ജോലി,8 മണിക്കൂർ വിശ്രമം,8 മണിക്കൂർ ഞങ്ങൾക്ക് എന്താണോ ചെയ്യാവുന്നത്, അത് ” എന്ന് പാടിക്കൊണ്ട്, യു എസിന്റെ പല ഭാഗങ്ങളിൽ നിന്നും പല റാലികളിലായി 500,000 ഓളം പേർ.പൊതുവെ സമാധാനപരമായി നടന്ന സംയുക്ത പ്രകടനത്തിലെ ഒരു വിഭാഗം, സമരത്തിന്റെ എതിരാളികൾക്ക് നേരേ ചീറിയടുത്തു, അത് സംഘർഷത്തിൽ കലാശിച്ചു, തുടർന്ന് നടന്ന പോലീസ് വെടിവയ്പ്പിലാണ് രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടത്.ഇതിൽ പ്രതിഷേധിച്ച് ചിക്കാഗോ ചത്വരത്തിൽ റാലി പ്രഖ്യാപിക്കപ്പെട്ടു. നിക്ഷിപ്ത താല്പര്യത്തോടെ പോലീസ് നിരപരാധികളെ കൊന്നുവെന്ന വാർത്ത പ്രചരിപ്പിക്കപ്പെട്ടു.

 

 

മേയ് 4 വൈകുന്നേരം…

ചെറിയ മഴയുണ്ടായിരുന്നു അപ്പോൾ. ഏകദേശം 3000 ഓളം തൊഴിലാളികൾ ചിക്കാഗോ ഹേ മാർക്കറ്റിൽ സമ്മേളിച്ചു. നേതാക്കളുടെ പ്രതിഷേധ പ്രസംഗം അവർ ശാന്തമായി കേട്ടു. രാത്രി 10.30 ന് ഫീൽഡൻ എന്ന നേതാവ് പ്രസംഗിക്കുമ്പോൾ, കാലാവസ്ഥ മോശമായതോടെ ഭൂരിപക്ഷം ആളുകളും പിരിഞ്ഞുപോയിരുന്നു.ഈസമയം പോലീസ് മുന്നോട്ടുവന്നു, റാലി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. യോഗം സമാധാനപൂർണമാണല്ലോ എന്ന് ഫീൽഡൻ പോലീസിനോട് പറഞ്ഞപ്പോൾ, പോലീസ് ഇൻസ്‌പെക്ടർ ജോൺ ബോൺഫെൾഡ് പ്രസ്താവിച്ചു… ” നിയമപ്രകാരമുള്ള എന്റെ ആജ്ഞ അനുസരിച്ച് പിരിഞ്ഞുപോകുക ” തുടർന്ന് മുന്നോട്ടു കുതിച്ച പോലീസ് സംഘത്തിന്റെ നേരേ എവിടെനിന്നോ ആരോ ഒരു ഡൈനമൈറ്റ് ബോംബ് വലിച്ചെറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.മതിയാസ് ജെ ഡിഗൻ എന്ന പോലീസുകാരൻ കൊല്ലപ്പെട്ടു. 7 ഓഫീസര്മാർക്ക് ഗുരുതരമായി പരിക്കുപറ്റി. സമരക്കാരും പോലീസും തമ്മിൽ പൊരിഞ്ഞ സംഘട്ടനം നടന്നു. ചരിത്രകാരനായ പോൾ അവരിച് ന്റെ അഭിപ്രായത്തിൽ… ” പോലീസ് വെടിവച്ചു 4 സമരക്കാരെ കൊന്നു,70ലധികം പേർക്ക് പരിക്കേറ്റു… “

 

എന്തായാലും ഹേ മാർക്കറ്റ് 5 മിനിറ്റിനകം ശൂന്യമായി, 60 പോലീസുകാർക്കും പരിക്കുപറ്റുകയുണ്ടായി. ജോലിസമയം 8 മണിക്കൂർ ആക്കുക എന്ന ആവശ്യമുയർത്തി മേയ് ഒന്നിന് തൊഴിലാളി സംഘടനകൾ നടത്തിയ റാലി അംഗീകരിക്കപ്പെട്ടതിന്റെ സ്മരണ നിലനിർത്താൻ എല്ലാ വർഷവും മേയ് 1 ‘ലോക തൊഴിലാളി ദിനം ‘ ആചരിക്കുന്നതിന്റെ പശ്ചാത്തലമാണ് വിവരിച്ചത്. ഒന്നാം തിയതിയിലെ സമാധാനപൂർണമായ റാലിയിലെ സംഘർഷത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചുള്ള നാലാം തിയതിയിലെ സമ്മേളനത്തിൽ അജ്ഞാതന്റെ ബോംബിങ് കാരണമായുണ്ടായ പോലീസ് നടപടി ഹേ മാർക്കറ്റ് കൂട്ടക്കൊല, ഹേ മാർക്കറ്റ് കലാപം എന്ന പേരുകളിൽ അറിയപ്പെടുന്നു.സംഭവത്തിൽ 8 പോലീസ് ഓഫീസര്മാരാണ് മരിച്ചത്.

 

തുടർന്ന് പോലീസിന്റെ നിയമനടപടികൾക്ക് ശേഷം കേസ് വിചാരണ നടന്നു. നേതാക്കൾഉൾപ്പെടെ 8 പേർ ശിക്ഷിക്കപ്പെട്ടു, ഇതിൽ ഒരാൾ ബോംബ് നിർമിച്ചയാൾ ആയിരുന്നു. തുടർന്ന് കോടതി 7 പേർക്ക് വധശിക്ഷ വിധിച്ചു, ഒരാൾക്ക് 15 വർഷം കഠിന തടവും പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് ഇല്ലിനോയ്‌സ് ഗവർണർ ആയിരുന്ന റീചാർഡ് ജെ ഓഗ്ലെസ്ബി രണ്ടുപേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഒരാൾ ജയിലിൽ ജീവനൊടുക്കി, മറ്റുള്ള 4 പേരെ 1887 നവംബർ 11 ന് തൂക്കിലേറ്റി.1893 ൽ അന്നത്തെ ഇല്ലിനോയ്‌സ് ഗവർണർ ജോൺ പീറ്റർ അൾട്ഗേൾഡ് വിചാരണ നടപടികളെ നിശിതമായി വിമർശിച്ചു എന്നത് ശ്രദ്ധേയമായി.വിചാരണ വേളയിലോ പിന്നീടോ യഥാർത്ഥ ബോംബറെ ഹാജരാക്കിയില്ല എന്നത് നിഗൂഢതയുടെ പുകമറയ്ക്കുള്ളിലെ സത്യമായി ഇന്നും നിലനിൽക്കുന്നു. മേയ് ദിനത്തിന്റെ പിറവിക്ക് കാരണമായ കൂട്ടക്കൊല നടന്ന ചിക്കാഗോ വൈക്കോൽ കമ്പോളം,1992 ൽ ‘ചിക്കാഗോ ലാൻഡ്മാർക്’ എന്നറിയപ്പെട്ടു.2004 ൽ അവിടെ രക്തസാക്ഷികൾക്കായി സ്തൂപം നിർമ്മിക്കപ്പെട്ടു.1997 ൽ ഇവിടം ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

 

ചരിത്രത്തിൽ ലോകത്ത് ഇതുപോലെ എത്രയോ രക്തസാക്ഷിത്വങ്ങൾ സംഭവിച്ചിരിക്കുന്നു. കാലങ്ങളോളം ഭാരതം കോളനിയാക്കി അടിച്ചമർത്തി ഭരിച്ച ഇംഗ്ലീഷ്കാരന്റെ ക്രൂരവിധികൾക്ക് ഇരകളായ ധീര ദേശാഭിമാനികൾ സ്മരണീയം. സമരപോരാട്ടങ്ങളിൽ നിർഭയം ഏർപ്പെട്ട്, അധികാരികളുടെ വിധിപ്രഖ്യാപനങ്ങൾക്കൊടുവിൽ വധിക്കപ്പെടുന്ന രക്തസാക്ഷികൾക്കും ധീരദേശാഭിമാനികൾക്കുമൊന്നും ഒരിക്കലും മരണമില്ല. അവർ ജനതകളുടെ മനസ്സുകളിൽ വീരപുരുഷന്മാരായും ആവേശം വിതക്കുന്ന വികാരമായും എന്നും ജീവിക്കും. എല്ലുമുറിയെ മൃഗതുല്യം പണിയെടുത്തവരുടെ ന്യായമായ ആവശ്യം ഉയർന്നു പ്രതിഫലിച്ച ചിക്കാഗോ വൈക്കോൽ കമ്പോളത്തിൽ, നിയമപാലകർ നടത്തിയ നായാട്ടിൽ മരിച്ചുവീണ നിരപരാധികളായ തൊഴിലാളികൾ, പിന്നീട് തൂക്കുകയറിൽ അവസാനിച്ച ധീരജീവിതങ്ങൾ…ഒക്കെയും എന്നും വീരസ്മരണകളായി നിലനിൽക്കുകതന്നെ ചെയ്യും. ഈ ചരിത്രസംഭവത്തിന്റെ സ്മരണയായി നടക്കുന്ന മേയ് ദിനാചരണം ലോകത്തിലെ 80 ഓളം രാജ്യങ്ങളിൽ പൊതു അവധി ദിനമാണ്. 1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് ന്റെ വാർഷിക യോഗത്തിലാണ് 8 മണിക്കൂർ ജോലിസമയം നിചപ്പെടുത്തിയതിന്റെ വാർഷികമായി എല്ലാ വർഷവും മേയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.1923 ലാണ് ഇന്ത്യയിൽ ആചരണത്തിന് തുടക്കമായത്, മദ്രാസിൽ. അന്നത്തെ പ്രധാന മന്ത്രി വി പി സിംഗിനോട്, തമിഴ്നാട് മരുമലര്ച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈകോ ആവശ്യപ്പെട്ടപ്രകാരമാണ് തീരുമാനമുണ്ടായത്.

 

തൊഴിൽ ഏതുമായ്ക്കോട്ടെ,അതിന് അതിന്റെതായ മഹത്വമുണ്ടെന്ന് എന്നും ഓർക്കാൻ മെയ്ദിനാചരണം ഇടയാക്കട്ടെ. ഒപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തിന്റെ പ്രസക്തിയും, തൊഴിലാളികളുടെ ഐക്യവും ഈദിനം വെളിവാക്കുന്നു. വയലാറിന്റെ വരികൾ ഓർത്തിടാം… ” സർവരാജ്യ തൊഴിലാളികളേ, സംഘടിക്കുവിൻ..”   മേയ് ദിനാശംസകൾ

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.