ലോക പൈതൃകദിനത്തിലെ ചിന്തകൾ

 

ലോക പൈതൃകദിനത്തിലെ ചിന്തകൾ

ലോകരാജ്യങ്ങളിൽ പരക്കെ ഒരുപാട് പൈതൃകകേന്ദ്രങ്ങളും, പുരാതന സ്മാരകങ്ങളും നിലനിൽക്കുന്നുണ്ട്. അവയൊക്കെ ലോകമുള്ളിടത്തോളം സംരക്ഷിക്കപ്പെടേണ്ടവയുമാണ്.
പെറുവിലെ ഉറുബംബ നദിയുടെ മുകളിൽ സമൃദ്ധവും പർവതങ്ങൾ നിറഞ്ഞതുമായ ഭൂപ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള മാച്ചുപിച്ചു, ഈജിപ്ടിലെ പിരമിഡുകൾ, ചൈനയിലെ വൻമതിൽ, ഈഫൽ ടവർ തുടങ്ങി എത്രയെത്ര അത്ഭുത നിർമിതികൾ… ഇത്തരം അമൂല്യ പൈതൃകകേന്ദ്രങ്ങളും, ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും സാംസ്കാരിക സംഘടനകളും മറ്റും സജീവമാണ് ഇക്കാര്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണുമെൻറ്സ് ആൻഡ് സൈറ്റ്സ് ( ICOMOS).ട്യൂണീഷ്യയിൽ രൂപം കൊണ്ട സംഘടന 1982 ൽ പ്രഖ്യാപിച്ച ലോക പൈതൃകദിനം, അതിന്നാണ്…

 

ഏപ്രിൽ 18.
യുനെസ്കോ പൊതുസഭയുടെ 1983 ൽ നടന്ന 22 മത് പൊതുയോഗത്തിൽ പ്രഖ്യാപനം അംഗീകരിച്ചതോടെ ദിനാചരണം നിലവിൽ വന്നു.
മനുഷ്യനിർമിതമായ പൈതൃകസ്ഥാനങ്ങളും, സ്മാരകങ്ങളും വൈവിധ്യത്തോടെയും, കേടുപാടുകൾ സംഭവിക്കാതെയും,ഗരിമ നിലനിർത്തിയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണ് ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. നമ്മുടെ രാജ്യത്തിന്റെ പൈതൃകസ്വത്തുക്കൾ അനേകമുണ്ട്, അവയൊക്കെയും കാത്തുസൂക്ഷിക്കുക എന്നത് പൗരന്റെ കടമയാണ്, ഭരണകർത്താക്കളുടെ ചുമതലയാണ്. വരും തലമുറകൾക്ക് രൂപമാറ്റങ്ങളോ കെടുപാടുകളോ സംഭവിക്കാതെ സൗന്ദര്യം നിലനിർത്തി ഇവയൊക്കെയും കൈമാറപ്പെടുകതന്നെ വേണം.

 

വാസ്തുവിദ്യയും ശില്പവിദ്യയും പ്രകാശിതമാകുന്ന രൂപങ്ങൾ, പെയിന്റിംഗുകൾ, ഗുഹാ ചിത്രങ്ങൾ,… അങ്ങനെ തുടങ്ങി ചരിത്രവും കലയും ശാസ്ത്രവുമൊക്കെയായി ബന്ധപ്പെട്ടുനിൽക്കുന്ന ഉന്നത സൃഷ്ടികൾ, കെട്ടിടങ്ങൾ, നിർമിതികൾ ഒക്കെയും സംരക്ഷിക്കപ്പെടേണ്ടവയാണ്. ഇവയെല്ലാം സാസ്‌കാരികമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഇടങ്ങളും കേന്ദ്രങ്ങളുമാണ്. ഇവകൾ ലോകത്ത് എല്ലാഭാഗത്തും നിലനിൽക്കുന്നു.
1964 ലെ ഇത്തരം സ്ഥാനങ്ങളുടെ സംരക്ഷണത്തിനായി അന്തർദേശീയ ചാർട്ടറിന്റെ ചുവടുപിടിച്ചാണ് നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള സംഘടനകൾ രൂപമെടുത്തത്. ശില്പികൾ, എഞ്ചിനിയർമാർ, ഭൂമിശാസ്ത്ര വിദഗ്‌ദ്ധർ, കലാകാരൻമാർ, പുരാവസ്തു ഗവേഷകർ തുടങ്ങി 150 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിൽപരം അംഗങ്ങളുടെ കൂട്ടായ്മയാണ് ICOMOS. ഇവർ ഈദിനത്തിൽ ചരിത്രസ്മാരകങ്ങളും പൈതൃകസ്ഥാനങ്ങളും മറ്റും സന്ദർശിച്ചും, വിവിധ പരിപാടികൾ സംഘടിപ്പിച്ചും പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യും. ഈവർഷത്തെ സന്ദേശം… ” പൈതൃകവും കാലവസ്ഥയും, ഈവർഷം ” എന്നതാണ്.

 

 

അപകടത്തിലാവുന്ന കാലവസ്ഥാ വ്യതിയാനം ഈ രൂപങ്ങൾക്കുണ്ടാക്കുന്ന ദോഷങ്ങൾ അടിവരയിടുകയാണ് ഈ സന്ദേശം.വായുമലിനികരണം, ഇന്ത്യയുടെ അഭിമാനമായ ടാജ്മഹലിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏവർക്കും അറിവുള്ളതാണല്ലോ. മനുഷ്യന്റെ ദുഷ്പ്രവൃത്തി മൂലം കാലാവസ്ഥയ്ക്കും പ്രകൃതിക്കും സംഭവിക്കുന്ന ദോഷകരമായ മാറ്റങ്ങൾ ചെറുതല്ല. അതൊക്കെയും ഇത്തരം പൈതൃകസ്വത്തുക്കളെ നാശത്തിലേക്ക് കൂപ്പുകുത്താൻ ഇടയാക്കുന്നുണ്ടെന്നത് നേരാണ്.ലോകത്തിനാകെ വലിയൊരു പ്രശ്നം തന്നെയാണ് കാലവസ്ഥാ വ്യതിയാനം. ഇക്കാര്യത്തിൽ ഊന്നിനിന്നുകൊണ്ടാണ് ഇത്തവണത്തെ ദിനാചരണം. ഭാരതത്തിലെ പുരാവസ്തുക്കളും പൈതൃകസ്ഥാനങ്ങളും പുരാതന സ്മാരകങ്ങളും മലിനികരിക്കപ്പെടുന്നില്ലെന്നത് നമുക്ക് ഇത്തരുണത്തിൽ ഉറപ്പാക്കാം.

 

യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുന്ന അമ്പതോളം പൈതൃകസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. ഈ എണ്ണത്തിൽ ലോകത്ത് ആറാം സ്ഥാനത്താണ് ഭാരതം. ഏറ്റവും ഒടുവിൽ യുനെസ്കോ കൂട്ടിച്ചേർത്ത ധോളവിര, രാമപ്പ ക്ഷേത്രങ്ങൾ ഉൾപ്പെടെ. ടാജ്മഹൽ, ഹമ്പി, അജന്ത എല്ലോറ ഗുഹകൾ, സൂര്യക്ഷേത്രം, സാഞ്ചി, രാങ്കിവാവ് കുന്ന് കോട്ടകൾ ( രാജാസ്ഥാൻ ), വിവിധ ചർച്ചുകൾ ( ഗോവ )എന്നിവ മുമ്പ് കാലാകാലങ്ങളിൻ പട്ടികയിൽ ചേർക്കപ്പെട്ടു.

 

ഇവയ്ക്കുപുറമേ, ദേശീയവും, മിശ്രിതവുമായ രണ്ടു തരം പൈതൃക കേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്. ദേശീയ സ്ഥാനങ്ങളുടെ കൂട്ടത്തിൽ പശ്ചിമ ഘട്ട മലനിരകൾ, ഹിമാലയൻ ദേശീയപാർക്ക്, സുന്ദർബൻസ് നാഷണൽ പാർക്ക്, തന്റെബ ടൈഗർ സങ്കേതം, നന്ദദേവി താഴ്‌വര, പുഷ്‌പ്പോദ്യാനം തുടങ്ങിയവ കൂടാതെ ഇന്ത്യക്ക് 3691 സംരക്ഷിത സ്മാരകങ്ങളും ഉള്ളതായി കണക്കുകൾ കാണിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ് (745), രണ്ടാമത് കർണാടക (506). ഇക്കൂട്ടത്തിൽ ഡൽഹി, ജയ്പ്പൂർ, അഹമ്മദാബാദ് തുടങ്ങിയ വലിയ സ്ഥലങ്ങളിലെ മതിലുകലുള്ള പട്ടണങ്ങൾ ഉൾപ്പെടുന്നു. വിഷമകരമായ വസ്തുത ഇക്കൂട്ടത്തിൽ പെടുന്ന ഒരുപാട് പൈതൃകസ്വത്തുക്കൾ പലകാരണങ്ങളാൽ നാശത്തിന്റെ വക്കിലാണ് എന്നതാണ്. ലോകത്തിനുമുന്നിൽ നമ്മുടെ യശസ്സ് ഉയർത്തിക്കാട്ടുന്ന ഇവകൾ എന്നെന്നും നശിക്കാതെ നിലനിൽക്കാൻ നമുക്ക് ഒരുമിച്ചു യത്നിക്കാം. ഇക്കാര്യത്തിൽ സർക്കാരുകൾ കാട്ടുന്ന താല്പര്യം വളരെ വലുതാണ്.

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.