നമ്മുടെ ആരോഗ്യം, ഭൂമിയുടെയും

നമ്മുടെ ആരോഗ്യം, ഭൂമിയുടെയും

ഒരു വ്യക്തി ആരോഗ്യമുള്ളവൻ എന്ന് പറയുന്നത് ഏത് അവസ്ഥയിലാണ്? ശാരീരിക മാനസിക സാമൂഹിക തലങ്ങളിൽ സമ്പൂർണമായ മെച്ചപ്പെട്ട അവസ്ഥയിലാവുകയും, രോഗങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലുള്ള വ്യക്തി ആരോഗ്യവാനാണെന്ന് പറയാം. എന്നുവച്ചാൽ ശരീരത്തിന്റെ മാത്രം കാര്യമല്ല ആരോഗ്യം എന്ന് വ്യക്തമാണല്ലോ. വ്യക്തിയെ സംബന്ധിച്ചിടത്തോളം എല്ലാത്തിനേക്കാളും ഉപരിയായുള്ളത് ആരോഗ്യം തന്നെയാണ്, ആരോഗ്യം തന്നെയാണ് ധനം. ‘Health is Wealth ‘ എന്നല്ലേ ചൊല്ല്.

 

അതീവഗൗരവതരമായ ഈ വിഷയയത്തെപ്പറ്റി ആളുകളെ ബോധവൽക്കരിക്കുന്നത് ലക്ഷ്യമാക്കി ലോകാരോഗ്യസംഘടന( WHO )എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യദിനമായി ആചരിച്ചുവരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പല പരിപാടികൾ നടത്തിവരുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ വാർഷികദിനമാണ് ഇന്ന്. WHO സ്ഥാപിതമായത് 1948 ഇതേ ദിനത്തിലാണ്. 1945 ഡിസംബർ മാസം സാൻഫ്രാൻസിസ്കോയിൽ നടന്ന യു എൻ സമ്മേളനത്തിൽ, ഒരു അന്താരാഷ്ട്ര ആരോഗ്യസംഘടന എന്ന ആശയം ബ്രസീലും ചൈനയും ചേർന്ന് മുന്നോട്ടുവച്ചു. 1946 ജൂലൈയിൽ ന്യൂയോർക്കിൽ നടന്ന സമ്മേളനത്തിൽ WHO ഭരണഘടന അംഗീകരിക്കപ്പെട്ടു. 61 രാജ്യങ്ങൾ ഒപ്പിട്ട ഭരണഘടന 1948 ഏപ്രിൽ 7 ന് നിലവിൽ വന്നു.ലോകാരോഗ്യദിനം ആദ്യം ആചരിച്ചത് 1950 ലാണ്. മുനുഷ്യരുടെയും ഭൂമിയുടെയും ആരോഗ്യപൂർണമായ സ്ഥിതി നിലനിർത്താനുള്ള അടിയന്തിര നടപടി ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് WHO.

 

WHO കണക്കുകൾ പ്രകാരം പാരിസ്ഥിതീക കാരണങ്ങളാൽ വർഷത്തിൽ ലോകത്താകെ 13 ദശലക്ഷത്തോളം ആളുകളാണ് മരിക്കുന്നത്. മഹാമാരിയുടെ ഈകാലം, മലിനകരമായ ഭൂമിയും ജലവും വായുവും, പരിസ്ഥിതിയും. ഇക്കാരണത്താൽ പലവിധ മാരകരോഗങ്ങൾ മനുഷ്യനെ പിടികൂടി. ചിക്കൻ പോക്സ്, പോളിയോ, മലമ്പനി, ക്ഷയം, കുഷ്ഠം, അർബുദം, ആസ്മ, ഹൃദ്രോഗം എന്നിങ്ങനെ. ഈവർഷത്തെ ദിനാചരണത്തിന്റെ പ്രസക്തി വർധിപ്പിക്കുന്ന ഒരു ഘടകമാണ് രണ്ടു വർഷമായി നമ്മെ പിടിമുറുക്കിയ കോവിഡ് 19 മഹാമാരി.നമ്മുടെ സമൂഹത്തിലെ എല്ലാ മേഖലകളുടെയും ന്യൂനത വിളിച്ചറിയിച്ച ഒന്നാണ് കോവിഡ് മഹാമാരി. ഏറ്റവും ഒടുവിലായി കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘എക്സ് ഇ ‘ ബ്രിട്ടനിൽ റിപ്പോർട്ട്‌ ചെയ്തു, തുടർന്ന് ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നു. നാലാം തരംഗം ജൂലായിൽ പ്രതീക്ഷിക്കുകയാണ് ലോകം. ഈവർഷത്തെ ലോകാരോഗ്യദിനപ്രമേയം ഇതാണ്, ‘ Our Planet, Our Health ‘

 

നമ്മുടെ ഭൂമിയാണ് നമ്മുടെ ആരോഗ്യം എന്ന ഉന്നതമായ ആശയം WHO പ്രമേയമാക്കിയതിന്റെ ഗൗരവം ഏവർക്കും ഊഹിക്കാവുന്നതേയുള്ളൂ. 1948 ൽ ജനീവയിൽ ചേർന്ന ലോകാരോഗ്യ സഭയുടെ ഒത്തുചേരലിൽ ആണ് എല്ലാ ഏപ്രിൽ 7 ഉം ഇത്തരത്തിൽ ആചരിക്കാൻ തീരുമാനമായത്. ലോകരാജ്യങ്ങൾ വിവിധ വകുപ്പുകളുടെയും NGO കളുടെയും മറ്റും നേതൃത്വത്തിൽ പല പരിപാടികളും സംഘടിപ്പിക്കുന്നു. കാലവസ്ഥാ വ്യതിയാനങ്ങൾ, ശുദ്ധജല ലഭ്യതക്കുറവ്, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, അനാരോഗ്യപരമായ ഭക്ഷണപദാർത്ഥങ്ങൾ, പാനീയങ്ങൾ, ശുചീകരണ സംവിധാനങ്ങളുടെ അപര്യാപ്തത, അപകടകരമായ രാസവസ്തുക്കൾ എന്നിവയെല്ലാം ഉയർത്തുന്നത് വലിയ ഭീഷണികളാണ്.ഫോസിൽ ഇന്ധനങ്ങൾ വൻതോതിൽ കത്തിക്കുന്നത് മൂലം ലോകത്തെ 90% പേർക്കും ശുദ്ധമായ ജീവവായു ലഭ്യമാകുന്നില്ല എന്ന WHO നൽകുന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്.

 

വ്യക്തികളുടെയും ഭൂമിയുടെയും പരിസ്ഥിതിയുടെയും ആരോഗ്യപൂർണമായ നിലനിൽപ്പിന് വേണ്ട ഘടകങ്ങളെ ചൂണ്ടിക്കാട്ടുകയാണ് ലോകാരോഗ്യസംഘടന. വ്യക്തികളിലൂടെ സമൂഹങ്ങളും രാജ്യങ്ങളും ലോകവും മികച്ച ആരോഗ്യനിലയിൽ കഴിയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും, സമൂഹത്തെ ഇതെപ്പറ്റി ബോധവൽക്കരിക്കാൻ ശ്രമിക്കുകയുമാണ് ഈ ദിനാചരണത്തിൽ. ഭൂമി ആരോഗ്യപൂർണം നിലനിന്നാൽ മാത്രമേ ജീവന്റെ നിലനിൽപ്പ് അപകടരഹിതമാകൂ. അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും നാം കാണിക്കണം. മാലിന്യരഹിതമായ ഭൂമിയും അന്തരീക്ഷവും, ജലവും വായുവുമൊക്കെ വരും തലമുറകൾക് ഉറപ്പാക്കാൻ ഇന്നത്തെ മനുഷ്യരുടെ ഭാഗത്തുനിന്ന് പക്വത നിറഞ്ഞ സമീപനം ഉണ്ടാവാണം. അതിനുള്ള ആഹ്വാനമായിതീരട്ടെ ഇന്നത്തെ ദിനാചരണം.

 

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.