സുരക്ഷിതഭക്ഷണം മികച്ച ആരോഗ്യത്തിന്

സുരക്ഷിതഭക്ഷണം മികച്ച ആരോഗ്യത്തിന്

ആരോഗ്യമാണ് സമ്പത്ത് ‘
ഈ ആപ്തവാക്യം ഏവർക്കും സുപരിചിതമാണ്. പക്ഷെ, സമ്പന്നമായ ആരോഗ്യം നിലനിർത്താൻ കഴിയുന്നവർ കുറവായിരിക്കും. അങ്ങനെയുള്ളവർ ഭാഗ്യശാലികളാണ്. ശരീരത്തിനും മനസ്സിനും രോഗമില്ലാത്ത അവസ്ഥയാണല്ലോ ആരോഗ്യമെന്നത്. ശരീരത്തിന് ഗുരുതരമായ രോഗങ്ങളൊന്നുമില്ലെങ്കിൽ മനസ്സിന് അസുഖം വരാതിരിക്കാം, ശരീരാരോഗ്യത്തിന് പ്രധാനമായും വേണ്ടത് നല്ല ഭക്ഷണവും വിശ്രമവും വ്യായാമവും ഒക്കെയാണല്ലോ. വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ. ആരോഗ്യപൂർണമായതും ശുദ്ധമായതുമായ ഭക്ഷണം ഏവർക്കും ഉറപ്പാക്കണം. അവിടെയാണ് പ്രശ്നം, നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളൊക്കെ എത്രത്തോളം സുരക്ഷിതമാണ്? ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പുണ്ടോ?

 

ശുദ്ധമല്ലാത്തതോ വിഷലിപ്തമായതോ ആയ ഭക്ഷണം കഴിക്കുന്നത് കാരണം, അണുബാധയും തൽഫലമായി അസുഖങ്ങളും പിടിപെട്ട് ലോകത്ത് വർഷത്തിൽ 600 ദശലക്ഷം ആളുകൾ കഷ്ടപ്പെടുന്നതായും,, ഇതിൽ 420,000 പേർ മരണപ്പെടുന്നതായും ഭക്ഷ്യകർഷികസംഘടന (FAO) പറയുന്നു. ഭക്ഷ്യവിഷബാധയുടെ കാര്യത്തിൽ 5 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ ഉയർന്ന അപകടസാധ്യതയിലാണുള്ളത്. ഭക്ഷ്യവസ്തുക്കൾ മോശമായാൽ അതുകാരണമായി അസുഖം പിടിപെടുന്ന കാര്യത്തിൽ ഈ കുട്ടികളിൽ 40% അപകടത്തിൽ പെടുന്നതായും, ഇക്കൂട്ടത്തിൽ 125,000 കുട്ടികൾ വർഷത്തിൽ മരണത്തിന് കീഴടങ്ങുന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.ലോകത്ത് കോടിക്കണക്കിനു ആളുകൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകിച്ചുജീവിക്കുന്നു. പട്ടിണിയിൽ കഴിഞ്ഞുകൂടുന്ന മനുഷ്യർ ഒരുനേരത്തെ അന്നത്തിനു വേണ്ടി എന്തുമാത്രം കഷ്ടപ്പെടുന്നു? ലോകത്ത് പല രാജ്യങ്ങളിലും വളരെ ഗുരുതരമായ പ്രശ്നമാണ് ദാരിദ്ര്യമെന്നത്, സുരക്ഷിതമായ ഭക്ഷണമെന്ന അവകാശത്തെപ്പറ്റിയും, വിഷലിപ്തമായ ആഹാരവും വെള്ളവും വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും ബോധവൽക്കരിക്കാൻ FAO യും ലോകാരോഗ്യ സംഘടനയും ചേർന്ന് നടത്തുന്ന ദിനാചരണമാണ് ലോക ഭക്ഷ്യസുരക്ഷാ ദിനം…
ജൂൺ 7.

 

2019 ജൂൺ 7 നാണ് ആദ്യം ആചരിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ പ്രത്യേക സെഷനിൽ (2018 ഡിസംബർ 20) ഇതുസംബന്ധിച്ച പ്രമേയം പാസ്സാക്കി. ആദ്യ വർഷത്തെ പ്രമേയം ‘ഭക്ഷ്യസുരക്ഷ, ഓരോരുത്തരുടെയും കടമ ‘ എന്നതായിരുന്നു. വിശപ്പിനെതിരെയുള്ള പോരാട്ടം കൂടിയാണ് ഭക്ഷ്യസുരക്ഷാദിനത്തിലെ ആചരണം. ഭക്ഷ്യജന്യരോഗങ്ങൾ തടയുന്നതിനെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ആചരിക്കുന്നത്. ഈവർഷത്തെ പ്രമേയം ‘ സുരക്ഷിത ഭക്ഷണം, മികച്ച ആരോഗ്യം ‘ എന്നതാണ്. സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം മനുഷ്യന്റെ ആരോഗ്യം ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു എന്ന് അത് അർത്ഥമാക്കുന്നു.

 

ഭക്ഷ്യജന്യരോഗങ്ങൾ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും കൂടി ലക്ഷ്യമാക്കിയാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചുതുടങ്ങിയത് . യു എൻ അംഗരാജ്യങ്ങളും ഈദിവസത്തെ വിവിധപരിപാടികളിൽസഹകരിക്കുന്നു.കോവിഡ് 19 കാലത്ത് ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വളരെ പ്രധാന്യമർഹിക്കുന്ന കാര്യമാണല്ലോ. പ്രതിരോധശേഷിശക്തിപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും, കാർഷിക മേഖലകളിൽ ആരോഗ്യകരവും ശുചിത്വപരവുമായ രീതികൾ വളർത്തുന്നതിനും, വിപണിയിലും ഭക്ഷ്യ ഇടപാടുകൾ നടക്കുന്ന ഇടങ്ങളിലും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുക, ഭക്ഷണത്തിലൂടെ രോഗങ്ങൾ തടയുക എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങൾ അവതരിപ്പിക്കുക എന്നിങ്ങനെ നിരവധി സുപ്രധാന കാര്യങ്ങൾ ഈദിനത്തിൽ ചർച്ച ചെയ്യുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നു.

 

അപകടകരമായ രാസവസ്തുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ, പരാന്നഭോജികൾ സൂക്ഷ്മ ജീവികൾ എന്നിവ മൂലമുണ്ടാകുന്ന 200 ൽ പരം വ്യത്യസ്ത ഭക്ഷ്യജന്യരോഗങ്ങളുണ്ട്. ഓരോ വർഷവും 60 കോടിയിലധികം ആളുകൾ പലതരത്തിലുള്ള ഭക്ഷ്യരോഗങ്ങൾക്ക് ഇരയാകുന്നതായി കണക്കുകൾ കാണിക്കുന്നു. ശുചിത്വമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ ഉപഭോഗം മൂലം കുട്ടികളും ദരിദ്രജനവിഭാഗങ്ങളും രോഗബാധിതരാകുന്നുവെന്നും റിപ്പോർട്ടുണ്ട്. വിളവെടുപ്പ്, സംസ്കരണം, സംഭരണം തുടങ്ങി ഉപയോഗത്തിന് മേശപ്പുറത്ത് എത്തും വരെ ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും സുരക്ഷിതമാക്കുന്നതിനുള്ള സമഗ്രമായ സമീപനമാണ് ഭക്ഷ്യ സുരക്ഷ ലക്ഷ്യംവയ്ക്കുന്നത്.

 

ലോക ഭക്ഷ്യ പദ്ധതി (ഡബ്ള്യു.എഫ്.പി) ലോകത്തിലെ ഏറ്റവും വലിയ മാനുഷികോപകാര സംഘടനയാണ്.ആഗോളമായി വിശപ്പിനെ നേരിടലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കലുമാണ് ഈ സംഘടനയുടെ പ്രധാനലക്ഷ്യം.. ഓരോ വർഷവും 83 രാജ്യങ്ങളിലായി ശരാശരി 91.4 ദശലക്ഷം ആളുകൾക്ക് സംഘടന ഭക്ഷ്യസഹായം നൽകുന്നുണ്ട്.ആസ്ഥാനം റോമാണ്. 80 ലധികം രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്. അവരവർക്കും കുടുംബത്തിനും ആവശ്യമായ ഭക്ഷണം ഉൽ‌പാദിപ്പിക്കാനോ നേടാനോ കഴിയാത്ത ആളുകൾക്ക് സഹായങ്ങൾ എത്തിച്ചുകൊടുക്കുന്നു. 2020 ൽ ലോക ഭക്ഷ്യ പദ്ധതിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

 

വർഷത്തിൽ ലോകത്ത് പത്തിൽ ഒരാൾക്കെന്ന കണക്കെ ഭക്ഷജന്യമായ അസുഖം പിടിപെടുന്നതായും FAO പറയുന്നു.ഞെട്ടിക്കുന്ന വേറൊരു കണക്കു കൂടി പറയാം, ഏറ്റവും പുതിയ കണക്കുപ്രകാരം ലോകത്തെ ജനസംഖ്യയിൽ 9.9% പേർ ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടുന്നു (811 ദശലക്ഷം ജനങ്ങൾ ). അവരോട് സുരക്ഷിതഭക്ഷണത്തിന്റെ കാര്യം പറഞ്ഞിട്ട് വിശേഷം ഉണ്ടോ? ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ വലയുന്ന കോടാനുകോടി ‘ദാരിദ്രനാരായണന്മാർ’ പട്ടിണിയിൽ മരിക്കുമ്പോൾ ഭക്ഷ്യസുരക്ഷയുടെ പ്രസക്തി വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.

 

ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ആശുപത്രിയിലാവുന്നത് സ്ഥിരം വാർത്തയാണ്. ഭക്ഷ്യവസ്തുക്കൾ പഴകുമ്പോഴും രോഗകാരികളായ അണുക്കൾ ബാധിക്കുമ്പോഴും, നാമറിയാതെ അവ നമ്മുടെ ശരീരത്തിലെത്തുന്നു. ഭക്ഷ്യ യോഗ്യമല്ലാത്തവ നശിപ്പിച്ച് കളയേണ്ടതാണ്. പക്ഷെ, അത് കൃത്യമായി ചെയ്യാത്തത് കാരണം കുട്ടികൾ വിദ്യാലയങ്ങളിലെ ഭക്ഷണങ്ങളിൽ നിന്നും രോഗബാധിതരാവുന്ന സ്ഥിതി പരക്കെയുണ്ട്. ഭംഗിയായി വേവിച്ച് കഴിക്കാത്ത അവസ്ഥയിലും ഭക്ഷവിഷബാധയേൽക്കാം. കച്ചവടക്കണ്ണോടെ സാധനങ്ങളിൽ മായം ചേർക്കുന്നതും, കാർഷികവിളകളിൽ വിഷം തളിക്കുന്നതും ഭക്ഷ്യ സുരക്ഷയ്ക്ക് വൻ ഭീഷണി ഉയർത്തുന്നു.

 

ആരോഗ്യപൂർണവും പോഷകസമൃദ്ധവുമായ ഭക്ഷണം വ്യക്തിയുടെ അവകാശമാണ്, പക്ഷെ ആധുനിക കാലത്ത് വിഷലിപ്തമായതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാൻ വിധിക്കപ്പെടുകയാണ് നമ്മൾ. പൂർണമായി പാകം ചെയ്യാത്തതുകാരണം വിഷമയമാകുന്ന ആഹാരം കഴിച്ച് ആളുകൾ മരിക്കുന്ന സ്ഥിതി അതീവ ഗൗരവതരമായി വേണം കാണാൻ. കേടായതും കാലാവധി കഴിഞ്ഞതും കീടബാധയേറ്റതുമായ ആഹാരപദാർത്ഥങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത് പൂർണമായും തടയപ്പെടേണ്ടതുണ്ട്.ഉപഭോക്തൃ സംസ്കാരം വല്ലാതെ പിടികൂടപ്പെട്ട കേരള സമൂഹത്തിൽ, ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ട് എന്ന് ഉറപ്പായും പറയേണ്ടിവരും. എല്ലാത്തിനേക്കാളു പരി ആരോഗ്യമാണ് വലുതെന്ന ബോധ്യം ഏവരിലും ഉണ്ടാവണം, സുരക്ഷിതമായ ഭക്ഷണം ജനങ്ങൾ കഴിക്കുന്നുണ്ടെന്നത് അധികൃതരും ഉറപ്പാക്കണം. പട്ടിണിയിൽ കഴിയുന്ന ദരിദ്രജനകോടികളുടെ അടിസ്ഥാന പ്രശ്നം എങ്ങനെ പരിഹൃതമാകുമെന്നആശങ്കയും ബാക്കിയാവുന്നു. ആരോഗ്യരക്ഷ പരമപ്രധാനമെന്ന് ഓർമിപ്പിച്ചുകൊണ്ട്,

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published. Required fields are marked *