ഭൂമിക്ക് ചരമഗീതം രചിക്കാതിരിക്കാൻ

 

ഭൂമിക്ക് ചരമഗീതം രചിക്കാതിരിക്കാൻ

” ഇവിടെയവശേഷിക്കയില്ലാരുമീ ഞാനും,ഇത് നിനക്കായ് ഞാൻ കുറിച്ചീടുന്നു, ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്നമൃതിയിൽ നിന്നാത്മശാന്തി !… “

 

‘ഭൂമിക്കൊരു ചരമഗീതം’ എന്ന പ്രിയപ്പെട്ട കവി ഓ എൻ വി കുറുപ്പ് സാറിന്റെ പ്രശസ്ത കവിതയിലെ വരികളാണ് മേലുദ്ധരിച്ചത്. കവിവാക്യം പോലെ, ഇവിടെ എല്ലാം നശ്വരമാണ്, എല്ലാം അവസാനിച്ചേ മതിയാകൂ, പക്ഷെ ഭൂമിയെന്ന, കോടാനുകോടി വർഷങ്ങൾക്കു മുമ്പ് സൂര്യകുടുംബത്തിലെ രൂപാന്തരം പൂണ്ടു വാസയോഗ്യമായി തീർന്ന ഗ്രഹം, സർവ്വ ചരാചരങ്ങൾക്കും അവകാശപ്പെട്ട ഭൂമി ഇനിയും മരിക്കാത്ത ഭൂമി, എന്നാൽ അതിന്റെ മൃതി ആസന്നമാണെന്ന് കവി ആശങ്കപ്പെടുന്നു.ഇവിടെ ജീവൻ ഉടലെടുത്ത നാൾ മുതൽ മാറ്റങ്ങളൊരുപാട് സംഭവിച്ചുവെങ്കിലും, കേടുപാടുകൾ ഏറെ നേരിട്ടുവെങ്കിലും ജീവനുള്ള ഏക ഗ്രഹം ഇനിയും നിലനിൽക്കേണ്ടതുണ്ട്, വരും തലമുറകൾക്കായി. ഭൂമിയെ കൊല്ലാതെയും പരിശുദ്ധി ഇല്ലാതാക്കാതെയും അടുത്ത തലമുറകൾക്കായി നമുക്ക് കൈമാറാം. കവിയുടെ ആശങ്ക നിറഞ്ഞ വരികളിലൂടെ സഞ്ചരിക്കവെ നമുക്ക് തീരുമാനമെടുക്കാം, ഭൂമിക്ക് നാം ചരമഗീതം കുറിക്കില്ലെന്ന്, അതിനെ കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കാം. ഇത്രയും ഇപ്പോൾ പറയാൻ കാരണമുണ്ട്, ഭൂമിയുടെ രക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞ ചെയ്യുന്നതിനുള്ള ആഹ്വാനം ഉയരുന്ന ദിവസമാണിന്ന്,

                                                                                ലോക ഭൗമദിനം…
ഏപ്രിൽ 22.
ഒത്തിരി കാര്യങ്ങൾ മനുഷ്യകുലത്തെ ഓർമിപ്പിക്കുന്നു ഈദിനാചാരണം. ഈ ദിനാചരണത്തിലേക്ക് ലോകം എത്തിച്ചേർന്ന ഒരു സംഭവം ഉണ്ട്, വർഷം 1969… യു എസ്സിലെ കാലിഫോർണിയയിലെ സാന്റബാർബറയിൽ സംഭവിച്ച എണ്ണ ചോർച്ചയിൽ ആയിരക്കണക്കിന് കടൽപ്പക്ഷികളും, ഡോൾഫിനുകളും സമുദ്രജീവികളും ചത്തൊടുങ്ങി. തുടർന്ന്, ആവർഷം പാരിസ്ഥിതീക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുനെസ്കോയുടെ നേതൃത്വത്തിൽ സാൻഫ്രാൻസിസ്‌കോയിൽ ലോകസമ്മേളനം നടന്നു, അതിന്റെ ആദ്യ വാർഷികമായ 1970 ഏപ്രിൽ 22 ലോകഭൗമദിനം ആചരിക്കാൻ തുടങ്ങി. വിവിധ കോണുകളിൽ നിന്നുയർന്ന ആവശ്യങ്ങൾ പ്രകാരം പരിസ്ഥിതി അവകാശദിനം നിലവിൽ വന്നു. ആധുനിക പാരിസ്ഥിതീക പ്രസ്ഥാനത്തിന്റെ പിറവിയുടെ വാർഷികം… അതാണ് ഇന്ന്.

 

പ്രകൃതി ആരോഗ്യപൂര്ണം നിലനിൽക്കേണ്ടത് ജീവനുകൾക്ക് അത്യാവശ്യമാണ്, ഇതിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധവൽക്കരണമാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.
പരിസ്ഥിതി വിദ്യാഭ്യാസം ഉദ്ദേശിച്ച് അമേരിക്കൻ സെനറ്റർ ഗെയ്ലോഡ് നെൽസൺ സ്ഥാപിച്ചതാണ് ലോക ഭൗമദിനം. അമേരിക്കൻ ഐക്യനാടുകളിലാണ് ആചരണം തുടങ്ങിയത്,1970 ഏപ്രിൽ 22 ന്.യു എസ്സിലെ 2000 ഓളം കോളേജ്/ യൂണിവേഴ്സിറ്റികളിലും, ആയിരത്തോളം സ്കൂളുകളിലും നൂറുകണക്കിന് വിവിധ ജനവിഭാഗങ്ങളിലും വിവിധ പരിപാടികൾ ആദ്യത്തെ ദിനാചരണത്തിൽ അരങ്ങേറി.അതേസമയം, 20 ദശലക്ഷത്തോളം ആളുകൾ പരിസ്ഥിതി നാശനം ഉയർത്തിക്കാട്ടി പ്രധിഷേധമുയർത്തിയതും എടുത്തു പറയേണ്ടതുണ്ട്.

 

മാർച്ച് മാസത്തിൽ സൂര്യൻ ഭൂമധ്യരേഖക്ക് മുകളിൽ വരുന്ന ദിവസത്തിൽ ( സമരാത്ര ദിനം ) ഭൗമദിനമായി ആചരിക്കാൻ യു എൻ ആലോചിച്ചിരുന്നു. എങ്കിലും ആഗോളതലത്തിൽ ഏപ്രിൽ 22 ലോക ഭൗമദിനമായി കൊണ്ടാടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടന്ന ദിനാചരണങ്ങൾ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു, പ്രധാനമായും ആഗോളതാപനം, മലിനീകരണം വനനശീകരണം തുടങ്ങിയ ഭീഷണികളിൽ നിന്നും ജീവൻ നിലനിൽക്കുന്ന ഈ ഗ്രഹത്തെ രക്ഷിക്കണമെന്ന ബോധം മനുഷ്യരിൽ ഉണ്ടായി എന്നതാണ്. ശുദ്ധജലം, ശുദ്ധവായു ഇവയുടെ പ്രാധാന്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു തുടങ്ങി, വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾക്കായി നിയമനിർമാണങ്ങൾ നടന്നു, വെള്ളവും അന്തരീക്ഷവായുവും മലിനമാക്കുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെട്ടു, എന്നിങ്ങനെ എടുത്തുപറയത്തക്ക മാറ്റങ്ങൾ. ഈവർഷത്തെ തീം ‘ നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക ‘ എന്നതാണ് . നന്മകൾ നമുക്ക് ഭൂമിയിൽ വേണ്ടുവോളം നിക്ഷേപിക്കാം, അങ്ങനെ ഇവിടം സമ്പന്നവും സുന്ദരവും ആയിത്തീരട്ടെ. ഇതുമായി ചേർന്നുനിൽക്കുന്ന വ്യത്യസ്ത പരിപാടികളാണ് ലോകത്ത് 193 രാജ്യങ്ങളിലും സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് ഒരിക്കൽ പറഞ്ഞു..
.

 

” പ്രകൃതിയിൽ മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കുന്നതിന് വേണ്ട വിഭവങ്ങൾ ഉണ്ട്, പക്ഷെ അവയ്ക്ക് മനുഷ്യന്റെ അത്യാർത്തി പൂർത്തീകരിക്കാൻ ശേഷിയില്ല. “

 

 

വളരെ വിലപിടിപ്പുള്ള ഈ വാക്കുകളിൽ ഒരുപാട് അർത്ഥം ഉൾക്കൊണ്ടിരിക്കുന്നു. വളരെ എളുപ്പത്തിൽ അത് ഏവർക്കും മനസ്സിലാവുകയും ചെയ്യും. ആർത്തിപൂണ്ട മാനവൻ അടിമുടി മാറേണ്ടിയിരിക്കുന്നു, സമൃദ്ധമായി ഭൂമിയും പ്രകൃതിയും കാലങ്ങളായി ദാനമായി തന്നുകൊണ്ടിരിക്കുന്ന എല്ലാ വിഭവങ്ങളും സ്വന്തമാക്കി വച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്ന നമ്മൾ സ്വാർത്ഥത വെടിഞ്ഞ്, വിഭവങ്ങൾ നാളേക്ക് കൂടി കരുതിവക്കുക. വരും തലമുറകളെ കരുതുക, പ്രകൃതിയുടെ പരിശുദ്ധി നിലനിർത്തുക, പ്രകൃതിയിലേക്ക് തിരിച്ചുപോകുക.

 

ഭൂമിയെയും വായുവിനെയും ജലത്തേയും മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക.
പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തിക്കുന്ന സ്ഥിതി കുറച്ചുകൊണ്ട് , ഹരിത വാതക ഉപയോഗം കൂട്ടുക, മരങ്ങൾ വ്യാപകമായി വച്ചുപിടിപ്പിക്കുക, ജലം സംരക്ഷിക്കുക, ഖര മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക. ചപ്പുചവറുകൾ റീസൈക്കിൾ ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക.കീടനാശിനിപ്രയോഗം അവസാനിപ്പിക്കുക, വനനശീകരണം തടയണം. ബോധവൽക്കരണം വ്യാപകമാക്കണം, മാലിന്യ നിവാരണ പ്രവർത്തനം നടത്തുക. ഇക്കാര്യങ്ങളിൽ നിതാന്ത ശ്രദ്ധ നമ്മിലുണർത്താൻ ഈദിനാചാരണം സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. യു എൻ പഠനം പറയുന്നത് കൂടി കാണൂ… ഈ നൂറ്റാണ്ട് കഴിയുമ്പോൾ ഭൂമിയുടെ ചൂട് 4 ഡിഗ്രി എങ്കിലും കൂടും. പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ പുറന്തള്ളുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നു, ചൂട് ക്രമാതീതമായി വര്ധിക്കുന്നു, കാർബൺ സംയുക്തങ്ങളെ ആഗിരണം ചെയ്യാനുള്ള വനങ്ങൾ കുറയുകയാണ്, അതുകാരണം ഇവ അന്തരീക്ഷത്തിൽ അവശേഷിക്കുന്നു എന്ന വലിയ അപകടം ജീവികളും ഭൂമിയും പ്രകൃതിയും നേരിടേണ്ടിവരുന്നു.

 

 

” കേൾക്കാൻ കഴിയുന്നവർക്ക് ഭൂമിയിൽ സംഗീതമുണ്ട് ”
മഹാനായ വില്യം ഷേക്സ്പിയറിന്റെ പ്രശസ്തമായ വാക്കുകൾ നമ്മുടെ ബോധമണ്ഡലങ്ങളിൽ സംഗീതമായിടട്ടെ.

 

പ്രകൃതിയെ ശ്രദ്ധിച്ചാൽ കേൾക്കാവുന്ന ഒരുപാട് ശബ്ദങ്ങളുണ്ട്, അവയിലെല്ലാം സൂക്ഷ്മവും വ്യത്യസ്തവുമായ സംഗീതം നിറഞ്ഞിരിപ്പുണ്ട്. പലതരം പറവകളുടെ ശബ്ദങ്ങൾ, മുളങ്കാടുകൾ കാറ്റത്ത് ഉരസുമ്പോൾ ഉണ്ടാകുന്ന ശബ്ദം, നദികളിലെ കളകളാരവം, കുളിർ തെന്നലിന്റെ മൃദു സംഗീതം, മഴപൊഴിക്കുന്ന സംഗീതം, വലിയ കാറ്റുയർത്തുന്ന ഹുങ്കാര ശബ്ദത്തിലെ രൗദ്ര സംഗീതം, സൂനങ്ങളിൽ മധു നുകരാൻ കാമുകനായയെത്തുന്ന ഭ്രമരങ്ങളുടെ മൂളിപ്പാട്ടിലെ സംഗീതം, വളർത്തുമൃഗങ്ങളും വന്യജീവികളും പുറപ്പെടുവിപ്പിക്കുന്ന ഒച്ചകൾ തുടങ്ങി എത്രയെത്ര ശബ്ദങ്ങൾ, കാതോർത്താൽ ചുറ്റും സംഗീതം മാത്രം, അത് ഭൂമിയെന്ന അത്ഭുതഗ്രഹത്തിന്റെ സംഗീതമാണ്, നാം മാനവനായി അതൊരുക്കിയ അതിരില്ലാത്ത സൗകര്യങ്ങളുടെ കൂട്ടത്തിലെ ദാനങ്ങളിലൊന്ന്. ഇതൊക്കെ ആസ്വദിക്കാൻ കഴിയുന്ന മനുഷ്യന്, പോറ്റമ്മയായ ഭൂമിയെ പെറ്റമ്മയെ പോലെ സ്നേഹിക്കാൻ സാധിക്കും. വരും തലമുറകൾക്കായി ഒരു പോറലും ഏൽപ്പിക്കാതെ കൈമാറാനും കഴിയും, സംശയമില്ല. അതിന് നല്ലൊരു വിശാല മനസ്സ് വേണമെന്നുമാത്രം, എല്ലാത്തിനെയും സ്നേഹിക്കാനും കരുതാനുമുള്ള മനസ്സ്. ജലവും മണ്ണും വായുവും മലിനമാക്കാതിരിക്കുക, മലകൾ ഇടിച്ചുനിരത്താതിരിക്കുക, ഭൂമിയുടെ വസ്ത്രമായ മഴക്കാടുകളെ വെട്ടിക്കീറിയെടുത്ത് അമ്മയെ വിവസ്ത്രയാക്കാതിരിക്കുക, കുറഞ്ഞപക്ഷം ഇത്രയെങ്കിലും ചെയ്യാൻ മനസ്സുണ്ടാവാൻ ഈ ദിനാചരണത്തിന് സാധിച്ചെങ്കിൽ എന്ന പ്രാർത്ഥനയോടെ,

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.