തൊഴിലിടങ്ങളിലെ സുരക്ഷക്കായി

 

തൊഴിലിടങ്ങളിലെ സുരക്ഷക്കായി

അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന വളരെയധികം ആളുകളുണ്ടല്ലോ, അവരുടെ സുരക്ഷയും ആരോഗ്യവും കരുതി അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO ) നിയമവ്യവസ്ഥകൾ അനവധി ഉണ്ടാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ പോഷക പ്രസ്ഥാനമായ ILO ഇത്തരം തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ജാഗ്രതയോടെ നിലകൊള്ളുന്നു. പൊതുവായും , പ്രത്യേകിച്ചും( സാങ്കേതികം, കാലവസ്ഥാവ്യതിയാനം തുടങ്ങിയ ) കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ഇക്കാര്യങ്ങളിൽ എത്രത്തോളം മുന്നോട്ടുപോകാം എന്ന് സംഘടന നിരന്തരം പരിശോധിക്കുന്നു. മാത്രമല്ല, തൊഴിലിടങ്ങളിലെ അപകടങ്ങളും, രോഗങ്ങളും കാര്യക്ഷമമായി തടയുന്നതിന് വേണ്ട മാർഗരേഖകളും തയ്യാറാക്കുകയും, പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. കോവിഡ് കാലത്ത് കൂടുതൽ ജാഗ്രതയോടെ കർത്തവ്യനിർവഹണത്തിൽ ഏർപ്പെടുകയുമുണ്ടായി.ഈവിഷയത്തിൽ ബോധവൽക്കരണം ഉൾപ്പെടെയുള്ള നടപടികളിൽ ലോകശ്രദ്ധ ക്ഷണിച്ചുകൊണ്ട് ലോക തൊഴിൽ സംഘടന നടത്തുന്ന ദിനാചരണമാണ് ‘ജോലിയിലെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള ദിനം ‘. അതിന്നാണ്, ഏപ്രിൽ 28.

 

ലോകത്താകെ, ജോലിസ്ഥലങ്ങളിലെ അപകടങ്ങൾ അല്ലെങ്കിൽ പിടിപെടുന്ന രോഗങ്ങൾ കാരണമായി വർഷന്തോറും 2.3 ദശലക്ഷത്തിലധികം മരിക്കുന്നതായി ILO യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. വർഷത്തിൽ ലോകത്ത് 317 ദശലക്ഷം അപകടങ്ങൾ സംഭവിക്കുന്നതായും കണക്കുകൾ. കൂടാതെ, കാലവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതികൂലമായ മാറ്റങ്ങൾ ഉളവാക്കുന്ന പ്രശ്നങ്ങളും എടുത്തുപറയേണ്ടതാണ്. ഇത് അനേകം കുടുംബങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല, തൊഴിൽ മേഖലകളിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യുന്നു. ലോകത്ത് പട്ടിണി ഇല്ലാതാക്കുന്നതിനും, നമ്മുടെ ഭൂമിയെ വിവിധ ഭീഷണികളിൽ നിന്നും രക്ഷിക്കുന്നതിനും, എല്ലാവർക്കും ഐശ്വര്യപൂർണജീവിതം ഉറപ്പാക്കുന്നതിനും ഐക്യരാഷ്ട്ര സംഘടന തയാറാക്കിയ അജൻഡയുണ്ട്. 2030 ഓടുകൂടിയാണ് ഈ വലിയ ലക്ഷ്യങ്ങൾ സാധിക്കാൻ യു എൻ പദ്ധതി തയാറാക്കി പ്രവർത്തനം നടത്തിവരുന്നത്. ജോലിസ്ഥലങ്ങളിൽ ആളുകൾ ഭീഷണി നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യം ഈ ലക്ഷ്യങ്ങൾ നേടുന്നതിൽ പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നു.

 

അപകടകരമായ സാഹചര്യങ്ങളിൽ പണിയെടുക്കുന്ന ജനവിഭാഗങ്ങൾ തമസ് വ ൽക്കരിക്കപ്പെടരുത്, അവഗണിക്കപ്പെടരുത്, അവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കപ്പെടണം. യു എന്നിനായാലും, ILO കായാലും ഇതിനൊക്കെ നിരവധി പദ്ധതികളുണ്ട്, അവ പൂർണമായും നടപ്പാക്കപ്പെടണം. അപകടമരണം, അംഗഭംഗം, രോഗങ്ങൾ തുടങ്ങിയ ഭീഷണികളിൽ നിന്നും അവർ സുരക്ഷിതരായിരിക്കട്ടെ. എത്ര ആധുനികവൽക്കരണവും, യന്ത്രവൽക്കരണവും ഉണ്ടായാലും, കായികമായി ചെയ്യേണ്ട പ്രവർത്തനമേഖലകൾ ഒരുപാടുണ്ട്.
ആ മനുഷ്യജീവിതങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുകയും, നിയമങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുകയും, വേണ്ടിവന്നാൽ പുതിയ നിയമനിർമാണം നടത്തുകയും ഒക്കെ വേണ്ടതുണ്ട്. ഇതിലേക്കെല്ലാം ഈ ദിനാചരണം ഉപകാരപ്പെടട്ടെ എന്നാശിക്കാം.

 

ഈവർഷത്തെ പ്രമേയം ഇതാണ്. “participation and social dialogue in creating a positive safety and health culture.” ജീവിതം കരുപിടിപ്പിക്കാൻ കടുത്ത ഭൗതികസാഹചര്യങ്ങളോട് മല്ലടിച്ച് പണിയെടുക്കുന്ന എല്ലാ മനുഷ്യജന്മങ്ങൾക്കും നന്മകൾ ആശംസിച്ചുകൊണ്ട്

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.