ഇളക്കം തട്ടാതെ അറിവിന്റെ ഇരിപ്പിടങ്ങൾ

ഇളക്കം തട്ടാതെ അറിവിന്റെ ഇരിപ്പിടങ്ങൾ

പുസ്തകങ്ങൾക്ക് വല്ലാത്ത ശക്തിയാണ്, ആധുനിക സാങ്കേതിക വിദ്യകൾ എത്ര മുന്നേറിയാലും പുസ്തകങ്ങൾ ഇവിടെ കാലാതിവർത്തിയായി നിലനിൽക്കുക തന്നെ ചെയ്യും, മരിക്കാതെ വായനയും. പുസ്തകത്തിന്റെ മാസ്മരികത അതിന് മാത്രം അവകാശപ്പെട്ടതാണ്, കാലങ്ങളോളം അത് നിലനിൽക്കുക തന്നെചെയ്യും. ഭൂത ഭാവികാലങ്ങളിൽ അവ ജീവിക്കും. തലമുറകളും സംസ്കാരങ്ങളും കാലങ്ങളുമായുള്ള പാലമാണ് ശരിക്കും പുസ്തകങ്ങൾ. പുസ്തകത്തെയും, ലോകത്ത് ഏറ്റവും സംസാരിക്കപ്പെടുന്ന ഭാഷയെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്… ലോക പുസ്തക, പകർപ്പവകാശ ദിനം ഒപ്പം, ഇംഗ്ലീഷ് ഭാഷാദിനവും ഇന്നൊരുമിച്ച് വന്നിരിക്കുന്നു. ആദ്യം പുസ്തകദിനത്തെപ്പറ്റിയാവട്ടെ…

 

1923 ഏപ്രിൽ 23 ന് സ്പെയിനിൽആണ് ഈ ദിനാചരണം ആരംഭിച്ചത്. സ്പെയിൻകാരനായ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവന്റിസിന്റെ ചരമദിനമാണ് ഏപ്രിൽ 23. പിന്നീട് 1995 ൽ യുനെസ്കോ ഈദിവസം പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. മറ്റൊരു അതിശയകരമായ യാദൃശ്ചികത കൂടിയുണ്ട് ഈദിവസത്തിന്, അതായത്, വിശ്വ സാഹിത്യകാരൻ വില്യം ഷേക്സ്പിയർ ജനിച്ചതും മരിച്ചതും ഏപ്രിൽ 23 എന്ന ഈദിനത്തിലാണ് ! മാത്രമല്ല, ഇൻകാ ഗാഴ്സിലാസോ എന്ന എഴുത്തുകാരൻ അന്തരിച്ചതും, മൗറീസ് ബ്രൗൺ, മാനുവൽ ലെജിയ വാലേദോ, ഹൽഡർ ലക്സ്നസ്സ് എന്നീ സാഹിത്യകാരന്മാരുടെ ജന്മദിനവും ഇന്നാണ്.!!
ഇത്തവണത്തെ ദിനാചരണത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്, അതായത്, മഹാനായ ഷേക്സ്പിയറുടെ 400 മത് ചരമദിനമാണിന്ന്.

 

ഷേക്സ്പിയർ ഉൾപ്പെടെയുള്ള ഈ വിഖ്യാത സാഹിത്യകാരന്മാരോടുള്ള ആദരസൂചകമായിട്ടാണ് ദിനാചരണം.ഇങ്ങനൊരു ആശയം ആദ്യം കൊണ്ടുവന്നത് സ്പാനീഷ് എഴുത്തുകാരൻ വിസിന്റെ ക്ലാവൽ ആൻഡ്രൂസ് ആണ്,മിഷേൽ ഡി സെർവന്റിസിനോടുള്ള ആദരസൂചകമായിട്ട്., ഒക്ടോബർ 7 അദ്ദേഹത്തിന്റെ ജന്മദിനമാണ് ആദ്യം പരിഗണിച്ചത്. പക്ഷെ, പിന്നീട് തീരുമാനം മാറ്റപ്പെടുകയും, ചരമദിനം തെരഞ്ഞെടുക്കുകയുമായിരുന്നു. അന്നുതന്നെ പകർപ്പവകാശ ദിനമായും നിശ്ചയിക്കപ്പെട്ടു.ഷേക്സ്പിയറും സെർവെന്റിസും അന്തരിച്ചത് 1616 ഇതേദിവസമായിരുന്നു. യുനെസ്കോ ഓരോ വർഷവും ലോക പുസ്തകതലസ്ഥാനം നിശ്ചയിക്കുന്ന പതിവുമുണ്ട്, ഇത്തവണ അത് മേക്സിക്കൻ സിറ്റിയിലെ ഗുഡാലാജറ ആണ്.

 

ഈവർഷത്തെ സന്ദേശം ” നിങ്ങൾ ഒരു വായനക്കാരനാണ് ” ( You are a Reader) എന്നതാണ്. യുനെസ്കോയും മറ്റ് സംഘടനകളും ചേർന്ന് എഴുത്തുകാരേയും പുസ്തകങ്ങളെയും ആദരിക്കുന്ന ദിനമാണിന്ന്. പകർപ്പവകാശമെന്നാൽ നിയമപരമായ എഴുത്തുകാരന്റെ അവകാശമാണ്, അതതു നാടുകളിലെ സർക്കാരുകൾ നടപ്പാക്കുന്ന നിയമം. ഒരു കൃതിയുടെ കർത്താവിന് ആ പുസ്തകത്തിൽ പൂർണ അവകാശമാണുള്ളത്. അദ്ദേഹത്തിന്റെ അനുമതി കൂടാതെ പകർപ്പുകൾ എടുക്കാനോ, അതേപടിയോ അല്ലെങ്കിൽ ഭാഗികമായോ ഉപയോഗിക്കാനോ മറ്റൊരാൾക്ക് അധികാരമില്ല. ഏത് രൂപത്തിൽ അതിനെ ഉപയോഗിക്കുന്നതിനും അദ്ദേഹത്തിന്റെ അനുമതി നിയമപരമായി വേണ്ടതുണ്ട് എന്ന് സാരം. ഏതുതരം സൃഷ്ടിക്കാണെങ്കിലും ഈ നിയമം ബാധകമത്രേ.ഈ നിയമസംരക്ഷണം കലാ സാഹിത്യ സംഗീത രൂപങ്ങൾ തുടങ്ങിയുള്ളവയുടെ സൃഷ്ടികർത്താക്കൾക്ക് അനിവാര്യം തന്നെയാണ്.
രണ്ടാമത്തേത് ഇംഗ്ലീഷ് ഭാഷാദിനം…

 

യു എൻ ആചരണമാണ് ഇംഗ്ലീഷ് ഭാഷാദിനം. ഷേക്സ്പിയറുടെ ജനന മരണ ദിനങ്ങളും ലോക പുസ്തകദിനവും ഒരുമിച്ചുവരുന്നു. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഭാഷയാണ് ഇംഗ്ലീഷ്. ഇംഗ്ലീഷിന്റെ വികാസം, ചരിത്രം, സംസ്കാരം, ഈ ഭാഷയുണ്ടാക്കിയ നേട്ടങ്ങളുമൊക്കെ ഈദിനത്തിൽ ഓർമ്മിക്കപ്പെടുന്നുണ്ട്.ആധുനിക കാലത്തെ lingu franca എന്നും ഇംഗ്ലീഷിനെ വിളിക്കുന്നു. ഫ്രഞ്ചിനൊപ്പം ഇംഗ്ലീഷും ഐക്യരാഷ്ട്ര സംഘടനയിൽ സമമായ സ്ഥാനം അലങ്കരിക്കുന്നു. യു എൻ ന്റെ ഡിപാർട്മെന്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ മുൻകയ്യെടുത്ത് 2010 ലാണ് ഇങ്ങനൊരു ദിനാചാരണം തീരുമാനിക്കപ്പെട്ടത്.ഇംഗ്ലീഷ് ഉൾപ്പെടെ 6 ഭാഷകൾക്കായി യു എൻ ദിനാചാരണം നടത്തുന്നുണ്ട്. മറ്റ് ഭാഷകൾ ഇവയാണ്… അറബിക് ( ഡിസംബർ 18, ദിനാചാരണം ), ചൈനീഡ് ( ഏപ്രിൽ 20), ഫ്രഞ്ച് ( മാർച്ച്‌ 20), റഷ്യൻ ( ജൂൺ 6), സ്പാനീഷ് ( ഏപ്രിൽ 23).

 

വില്യം ഷേക്സ്പിയർ ജീവിച്ചിരുന്ന 16,17 നൂറ്റാണ്ടുകളിൽ ഇംഗ്ലീഷ് ഭാഷക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി.The Bard എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ ആളുകൾ വിളിച്ചിരുന്നത്.ഇംഗ്ലീഷ് ഭാഷയ്ക്ക് എണ്ണമറ്റ സംഭാവനകൾ അദ്ദേഹം നൽകി, പുതിയ കുറെ വാക്കുകളും പ്രയോഗങ്ങളും അദ്ദേഹം സമ്മാനിച്ചു, അവയൊക്കെയും ഇന്നും ഉപയോഗിച്ചുവരുന്നു. Birthplace, blushing, undress, torture എന്നിവ അവയിൽ ചിലതാണ്. 1500 വർഷം മുമ്പ് ഇംഗ്ലീഷ് ഭാഷ സംസാരിച്ചിരുന്നത് ലോകത്ത് ആകെ മൂന്ന് വിഭാഗം മാത്രമായിരുന്നെങ്കിൽ, ഇന്ന് ലോകത്താകെ 2 ബില്യൺ ആളുകൾ ആംഗലേയ ഭാഷ സംസാരിക്കുന്നു. ഏതാണ്ട് 75 രാജ്യങ്ങളിൽ ഇംഗ്ലീഷിന് ഔദ്യോഗിക ഭാഷാപദവിയുണ്ട് എന്നതും ശ്രദ്ധേയമാണ്.

 

ആംഗലേയ ഭാഷയെപ്പറ്റി വിഖ്യാത എഴുത്തുകാരൻ പറഞ്ഞത് ഇങ്ങനെയാണ്… “English is flexible, you can jam it into a cuisinart for an hour, remove it and meaning will still emerge.” ആദ്യ ഇംഗ്ലീഷ് ഡിക്ഷണറി എഴുതപ്പെട്ടത് 1755 ലാണ്. ആംഗലേയത്തിലെ 26 അക്ഷരങ്ങളും വരുന്നൊരു വാചകം കൂടി പറയാം… “The quick brown fox jumps over the lazy dog.” പുസ്തകങ്ങൾ ഉത്തമ സുഹൃത്തുക്കളാണ്, അറിവിന്റെ കേന്ദ്രസ്ഥാനങ്ങളാണ്. അവ വായിക്കപ്പെടട്ടെ, മാനവൻ ഉള്ളിടത്തോളം. വായന എത്ര ഇലക്ട്രോണിക് ആയാലും പുസ്തകവായന നിർത്താതെ തുടരുന്ന വലിയ സമൂഹം ലോകത്തുണ്ട്, അതിനാൽ തന്നെ വായനക്ക് മരണമില്ല, നാട്ടിൻ പുറങ്ങളിലെ ഗ്രന്ഥശാലകൾ പൂർണമായും കുറ്റിയറ്റു പോയിട്ടില്ല എന്നതും ഏറെ ആശ്വാസകരമാണ്. ലോകത്ത് വിപ്ലവം സൃഷ്‌ടിച്ച ഭാഷയാണ് ഇംഗ്ലീഷ്, അത് മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉണ്ടാക്കിയ മാറ്റങ്ങളും പുരോഗതിയും അനവധിയാണ് എന്നതിൽ തർക്കമില്ല. ബ്രിട്ടീഷുകാരൻ നമുക്ക് നൽകിപ്പോയ ആംഗലേയ ഭാഷ നമ്മിൽ ചെലുത്തിയ സ്വാധീനവും ഉണ്ടാക്കിയ പുരോഗതിയും വിസ്മരിക്കാവതുമല്ല.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.