എല്ലാ വൈജാത്യങ്ങൾക്കുമപ്പുറത്തെ ലോകം

എല്ലാ വൈജാത്യങ്ങൾക്കുമപ്പുറത്തെ ലോകം

” ജീവിതത്തിൽ സങ്കൽപ്പങ്ങളില്ലാത്തവൻ ചിറകുകൾ ഇല്ലാത്തവനാണെന്ന് ഞാൻ പറയും “

ലോകം കണ്ട എക്കാലത്തെയും വലിയ ഹെവിവെയ്റ്റ് ബോക്സറും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനും ആഘോഷിക്കപ്പെട്ട കായിക താരവുമായ, The Greatest എന്ന് ഇരട്ടപ്പേരുള്ള ക്യാഷ്യസ് മാർസലസ് ക്ലെ ജൂനിയർ എന്ന സാക്ഷാൽ മുഹമ്മദ്‌ അലിയുടെ വാക്കുകൾ ആണിത്. ഇപ്പോൾ ഈ വാക്കുകൾ ഉദ്ധരിക്കാൻ കാരണമുണ്ട്, രാജ്യങ്ങളോ ഭാഷകളോ മതങ്ങളോ നിറമോ തുടങ്ങി എല്ലാ വൈജാത്യങ്ങളും മാറിനിൽക്കുന്ന, അഥവാ ലോകം ഒരുപോലെ ചേർന്നുനിൽക്കുന്ന വേദിയാണ് കായികലോകം. അവിടെ മത്സരയിനങ്ങൾ മാത്രം, കൂടുതൽ ഉയരവും ദൂരവും വേഗവും കണ്ടെത്തപ്പെടുന്ന കായിക പോരാട്ടങ്ങൾ. ലോകത്ത് തന്നെ വിവിധ ഇനങ്ങൾക്കായി വിവിധ ടൂർണമെന്റുകൾ, രാജ്യങ്ങളിൽ വ്യത്യസ്ത ടൂർണമെന്റുകൾ , ജനതകളെ ഒരുമിപ്പിക്കുന്ന വലിയ വികാരം, അതിന്റെ ഭാഗമാണ് അത്ലെറ്റിക്സും. ലോക അത്ലറ്റിക്സ് ദിനമാണിന്ന്… മേയ് 7. സ്കൂളുകളിലും കോളേജുകളിലും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗമാര യുവജന വിഭാഗങ്ങളിൽ കായിക ഇനങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണം ഉയർത്തുക ലക്ഷ്യമാക്കി വർഷം തോറും ആചാരിക്കുന്ന ദിനം. അത്ലറ്റിക്സ് രംഗത്ത് പുതുരക്തങ്ങളെ പരീക്ഷിക്കാനുള്ള അവസരം നൽകുന്ന ദിനം.

 

ഇന്റർനാഷണൽ അമച്വർ അത്ലറ്റിക് ഫെഡറേഷൻ (IAAF) 1996 ൽ മുന്നോട്ടുവച്ച നിർദേശമാണ് ഈ ദിനാചരണം. കായികക്ഷമത കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം കായികപ്രതിഭകളെ ഓർമപ്പെടുത്തുന്നു. അത്ലറ്റിക്സ് രംഗത്ത് കൂടുതൽ പ്രതിഭകളെ ആകർഷിക്കാനും, പ്രോത്സാഹിപ്പിക്കാനും ദിനത്തിൽ വിവിധ പരിപാടികൾ നടത്തപ്പെടുന്നു. കോവിഡ് വ്യാപനം തുടങ്ങും മുമ്പുവരെയുള്ള വർഷങ്ങളിൽ ദിനാചരണവുമായി ബന്ധപ്പെട്ട് ടൂർണമെന്റുകളും മത്സരങ്ങളും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ IAAF സംഘടിപ്പിച്ചിരുന്നു. ഈവർഷം മുതൽ അവയൊക്കെ പുണരാരംഭിച്ചു. 1996 ൽ അന്നത്തെ IAAF പ്രസിഡന്റ്‌ ആയിരുന്ന പ്രിമോ നെബിയോള ആണ് ഈദിനം തുടങ്ങിയത്. സ്കൂളുകൾ കായികപ്രതിഭകളെ വളർത്താനുള്ള ഏറ്റവും അടിസ്ഥാന വേദികളാണല്ലോ,ഇക്കാര്യത്തിൽ ഊന്നിയാണ് ഫെഡറേഷൻ പ്രവർത്തനം നടത്തിവരുന്നത്. അതിന് പറ്റിയ ഇനങ്ങൾ ഓട്ടവും ചാട്ടവും, നടത്തവും മറ്റുമാണെന്ന് മനസ്സിലാക്കി ഫെഡഡറേഷൻ നടപടികൾ കൈകൊള്ളുന്നു. ഫെഡറേഷൻ സ്ഥാപിതമായത് 1912 ലാണ്, സ്വീഡനിൽ.

 

നമ്മുടെ രാജ്യത്ത് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ( AFI ) പ്രവർത്തിച്ചുവരുന്നു, 1946 ൽ സ്ഥാപിതമായി. IAAF ൽ നമ്മൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ടോകിയോ ഒളിമ്പിക്സിലൂടെ ഇന്ത്യ ആദ്യമായി മികച്ച നേട്ടങ്ങൾ സ്വന്തമാക്കി.ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ സ്വർണനേട്ടമുൾപ്പെടെ 7 മെഡലുകളാണ് നമ്മൾ സ്വന്തമാക്കിയത്, 2 വെള്ളി,4 വെങ്കലം നമുക്ക് മിടുക്കരായ പ്രതിഭകൾ ധാരാളം ഉണ്ട്, അവർ രാജ്യത്തിന്റെ കീർത്തി ഉയർത്തുന്ന നല്ല നാളുകൾ തീർച്ചയായും കടന്നുവരും. അവർക്കു വേണ്ടതെല്ലാം നൽകിയും, പുതുനാമ്പുകളെ കണ്ടെത്തി ഉയർത്തിക്കൊണ്ടുവന്നും കായിക മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കയ്യെത്തിപിടിക്കാൻ സാധിക്കട്ടെ എന്നാശംസിക്കാം, ഒപ്പം ലോക അത്ലറ്റിക്സ് ദിനാശംസകളും നേരാം.

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.