തളക്കപ്പെടാതെ എച്ച് ഐ വി

തളക്കപ്പെടാതെ എച്ച് ഐ വി

Acquired Immuno Deficiency Syndrome AIDS, ലോകം ഭീതിയോടെ നോക്കിക്കാണുന്ന, ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത പകർച്ചവ്യാധി. ലോകത്തിന് പേടിസ്വപ്നമായ ഗുരുതര രോഗാവസ്ഥ,

 

അക്യുയേർഡ് എന്നാൽ വൈറസിനാൽ ഒരാൾ രോഗബാധിതനാവുന്ന അവസ്ഥ, ഇമ്മ്യൂണോ എന്നാൽ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ എച്ച് ഐ വി ബാധിക്കുന്നു, ഡെഫിഷ്യൻസി എന്നത് കൃത്യമായി പ്രവർത്തിക്കാനാവാത്തവിധം പ്രതിരോധവ്യവസ്ഥയെ തകിടം മറിക്കുന്നു,
സിൻഡ്രോo എന്നത് എയിഡ്‌സ് കാരണം കഷ്ടപ്പെടുന്നവർക്ക് പ്രതിരോധശേഷി കുറവായതിനാൽ മറ്റ് അസുഖങ്ങളും പിടികൂടുന്നു എന്നുമാണ് പൂർണവ്യാഖ്യാനം.. ഇതിന്റെ രത്‌നച്ചുരുക്കമാണ് എയ്ഡ്സ് എന്ന രോഗാവസ്‌ഥ. ഇന്ന് ലോക എയ്ഡ്‌സ് വാക്സിൻ ദിനം അഥവാ എയ്ഡ്‌സ് പ്രതിരോധദിനം… മേയ് 18

 

1997 മേയ് 18 ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ബിൽ ക്ലിന്റൻ മോർഗൻ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിന്റെ സ്മരണയ്‌ക്കാണ് പിറ്റേവർഷം മുതൽ മേയ് 18 ഈവിധം ആചരിച്ചുതുടങ്ങിയത്. അന്നത്തെ പ്രസംഗത്തിൽ അടുത്ത 10 വർഷത്തിനുള്ളിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും, എയ്ഡ്‌സ് വാക്സിൻ വികസിപ്പിക്കുന്നതിലും പുതിയ ലക്ഷ്യങ്ങൾ രൂപീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. പക്ഷെ, കാലം ഇത്ര കഴിഞ്ഞിട്ടും ഈ മഹാമാരിക്കൊരു ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുക്കാൻ ഗവേഷകലോകത്തിന് സാധിച്ചില്ല എന്നത് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. ഇക്കാര്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുകയാണ് ദിനാചരണം.

 

മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷിയെ തകിടം മറിക്കുന്നതിലൂടെ ഏത് അസുഖവും പിടിപെടുമെന്ന അവസ്ഥ സംജാതമാക്കുന്ന എയ്ഡ്‌സിന് കാലമിത്രയായിട്ടും മരുന്ന് കണ്ടുപിടിക്കപ്പെട്ടില്ല എന്നത് ഏറ്റവും ദൗർഭാഗ്യകരമായ സംഗതിയത്രേ.1981 ൽ അമേരിക്കയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്യുകയും തുടർന്ന് ലോകമെമ്പാടും വ്യാപിക്കുകയും ചെയ്ത എയ്ഡ്‌സിനെതിരെ, അന്നുമുതൽ നിരന്തരം ഗവേഷണങ്ങൾ നടന്നുവരികയാണ്.സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ശീലമാക്കിയ ഏതാനം അമേരിക്കൻ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി സ്ഥിരീകരിച്ചത്.

 

എയ്ഡ്‌സ് രോഗബാധയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്: അക്യൂട്ട് (രോഗാണുബാധ ഉണ്ടായതിനെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം) രോഗാണുബാധ, രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കൽ ലേറ്റൻസി എന്ന ഘട്ടം, എയ്ഡ്സ് എന്നിവയാണ് മൂന്നു ഘട്ടങ്ങൾ. അടിവയറ്റിൽ വേദന,രോഗാണുബാധയുണ്ടായ ശേഷമുള്ള ആദ്യ സമയത്തെ പ്രൈമറി എച്ച്.ഐ.വി., അക്യൂട്ട് റിട്രോവൈറൽ സിൻഡ്രോം എന്നീ പേരുകളിലും വിവക്ഷിക്കാറുണ്ട്. ലക്ഷണങ്ങൾ 2-4 ആഴ്ച കഴിയുമ്പോൾ കാണപ്പെട്ടുതുടങ്ങും രണ്ടാം ഘട്ടത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവില്ല, ക്രോണിക് എച്ച് ഐ വി എന്നും ഈഘട്ടം അറിയപ്പെടുന്നു.ചികിൽസിച്ചില്ലെങ്കിൽ 3-20 വർഷങ്ങൾ നീണ്ടുനിന്നേക്കാം ഡി ഡി 4 ടി കോശങ്ങൾ 200 ൽ താഴെയെത്തും ഈ ഘട്ടത്തിൽ.ചികിത്സ ഇല്ലെങ്കിൽ 10 വർഷത്തിനുള്ളിൽരോഗബാദ്ധയുണ്ടായ പകുതി പേരിലും എയ്ഡ്‌സ് ബാധയുണ്ടാവും.ന്യുമോണിയ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ പിടിപെടാം.

 

ആർ എൻ എ വിഭാഗത്തിൽപ്പെട്ട റിട്രോ വൈറസ് ആണ് എച്ച് ഐ വി.1984 ൽ യു എസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ലെ ഡോക്ടർ റോബർട്ട്‌ ഗാലോ ആണ് എയ്ഡ്‌സ് രോഗാണുവിനെ ആദ്യം കണ്ടെത്തിയത്. പരീക്ഷണ ശാലയിൽ നിന്നും രക്ഷപെട്ട മനുഷ്യരിലേക്കോ, മറ്റ് മൃഗങ്ങളിലേക്കോ അവിടെനിന്നും മനുഷ്യരിലേക്കോ പടർന്നതാവാം എന്ന് വിദഗ്ദ്ധ അഭിപ്രായം ഉണ്ട്, സർ ഫ്രഡ്‌ ബോയിലി എന്ന ഗവേഷകനാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.1970 കളിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും അറ്റലാന്റിക് സമുദ്ര പ്രദേശം വഴി അമേരിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നുപിടിച്ചതായി മറ്റൊരു നിഗമനവുമുണ്ട്.
അണുബാധയുള്ളയാളുടെ രക്തം, രക്തത്തിൽ നിന്നുണ്ടാക്കിയ സ്രവങ്ങൾ, ലൈംഗിക സ്രവങ്ങൾ, മുലപ്പാൽ, ഗുദത്തിൽ നിന്നുള്ള സ്രവം,രോഗബാധിതരുമായുള്ള ലൈംഗിക വേഴ്ച, കുത്തിവയ്പ്പ് സൂചികൾ എന്നിങ്ങനെ എച്ച് ഐ വി പകരാവുന്നതാണ്. ലക്ഷണങ്ങളിൽ ചിലത് പനി, സന്ധിവേദന, പേശി വേദന, വരണ്ട തൊണ്ട, നാഡികളിലെ മുഴ, രാത്രി വിയർക്കുക, തൊലിപ്പുറത്തെ ചുവപ്പ് പാടുകൾ, ക്ഷീണം, തളർച്ച, ഭാരം കുറയൽ തുടങ്ങിയവയാണ്.

 

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് 37.9 ദശലക്ഷം എച്ച് ഐ വി ബാധിതർ ഉണ്ട് (2018 ലെ കണക്ക് ). ഏഷ്യയിൽ 17 ലക്ഷം പേർ, ഇന്ത്യയിലാവട്ടെ 23 ലക്ഷം രോഗികൾ ഉണ്ട് (2010 ലെ കണക്ക് ). കേരളത്തിൽ 55167 പേർ എച്ച് ഐ വി ബാധിതരാണ് (2010 ലെ കണക്ക് ). ദിനാചരണം നടത്തുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അല്ലർജി ആൻഡ് ഇൻഫെക് ഷ്യസ്സ് ഡിസീസസ് ആണ്.

 

“Give a child love, laughter and peace, not AIDS.” Nelson Mandela.

 

മനുഷ്യന്റെ ബുദ്ധിവൈഭവത്തിന് കീഴടങ്ങാതെ ഇന്നും വൻ ഭീഷണിയായി നിലകൊള്ളുന്ന എച്ച് ഐ വിക്ക് വിദൂരഭാവിയിലെങ്കിലും വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഗവേഷകർക്ക് സാധിക്കട്ടെ എന്ന പ്രാർഥനയോടെ…

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.