അറിവിന്റെ വിശാലതയിലേക്ക് കടക്കാൻ

അറിവിന്റെ വിശാലതയിലേക്ക് കടക്കാൻ

” അവനവനെക്കുറിച്ചുള്ള അറിവാണ് ജ്ഞാനത്തിലേക്കുള്ള താക്കോൽ. ”

ബി സി 551 നും 479 നുമിടയിൽ ചൈനയിൽ ജീവിച്ചിരുന്ന ലോകം കണ്ട ഏറ്റവും പ്രശസ്തനായ തത്വചിന്തകനും കവിയും അധ്യാപകനും ഉപദേശകനും പത്രാധിപരും ഒക്കെയായിരുന്ന കൺഫ്യൂഷ്യസ്സിന്റെ വിഖ്യാതമായ വാക്കുകൾ.

ചൈനയിലെ ലു സംസ്ഥാനത്ത് ജനിച്ച, സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ വിദ്യാഭ്യാസം ചെയ്ത, 20 വയസ്സിനുള്ളിൽ പല ഗവണ്മെന്റ് ജോലികൾ ചെയ്ത,, ബുക്ക്‌ കീപ്പറായും ആടുകളുടെയും കുതിരകളുടെയും സംരക്ഷകനായും പണിയെടുത്ത,, ചൈനയിലെ വലിയ ബഹുമതിയായ Kong Qui (King Fu-tzu)എന്ന നാമം സ്വീകരിക്കപ്പെട്ട, സന്യാസിമാരുടെ മാതൃകാപുരുഷനെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം എത്രയോ സംഭവബഹുലമായിരുന്നു എന്ന് നാം പഠിക്കേണ്ടതാണ്. നീതിശാസ്ത്രം, വിദ്യാഭ്യാസം, സംഗീതം, കാവ്യം, രാഷ്ട്രീയ തത്വശാസ്ത്രം, സാമൂഹിക തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങൾ ചൈനീസ് വൻകര കടന്ന് ലോകമാകെ വ്യാപിച്ചു. ആ അദ്ധ്യാപനങ്ങൾ ആകെ കൺഫ്യൂഷ്യനിസം എന്നറിയപ്പെട്ടു. സാമൂഹിക, വ്യക്തിപര, ഗവണ്മെന്റ് തലങ്ങളിലൊക്കെയും അനുവർത്തിക്കേണ്ട നീതി, ദയ, ആത്മാർത്ഥത, സ്വഭാവഗുണം ഒക്കെയും അദ്ദേഹത്തിന്റെ വാക്കുകളിൽ ഊന്നിപ്പറയപ്പെട്ടു. ചൈനീസ് പാരമ്പര്യത്തിലും വിശ്വാസ സംഹിതകളിലും അടിയുറച്ചുനിന്നു അദ്ദേഹം ലോകത്തോട് ആശയവിനിമയം നടത്തി. സൂര്യന് കീഴിലെ ഏതാണ്ടെല്ലാ വിഷയങ്ങളിലും അദ്ദേഹം അറിവുകൾ സമ്പാദിച്ചു.

പ്രധാന കൃതികൾ Confucius Analects, Mengzi, Xungzi:The Complete Text, The Lichi or Book of Rites, Thinking through Confucius ഇവയാണ്. 72 മത് വയസ്സിൽ ലോകത്തോട് വിടപറഞ്ഞ കൺഫ്യൂഷ്യസ്സ് തുറന്നിട്ട അറിവിന്റെ ലോകം വിശാലമാഞ്. അറിവിനെക്കുറിച്ചുള്ള മഹത്തായ തത്വശാസ്ത്രപ്പൊരുൾ പറഞ്ഞ അദ്ദേഹത്തിന്റെ, ഇവിടെ തുടക്കത്തിൽ സൂചിപ്പിച്ച വാക്കുകൾ നമ്മുടെ കണ്ണുകളും കാതുകളും മനസ്സുകളും തുറന്നുപിടിച്ച് ഉൾക്കൊള്ളേണ്ടവയാണ്.

നാമാരാണ്, എന്താണ്, എന്തൊക്കെയാണ് നമ്മിലെ മേന്മകൾ, ന്യൂനതകൾ, തിരുത്തേണ്ട പോരായ്മകൾ, കഴിവുകൾ, കഴിവുകേടുകൾ, നമ്മുടെ അസ്തിത്വം, തുടങ്ങിയുള്ള കാര്യങ്ങൾ ആദ്യം അറിയുക എന്നത് വലിയ അറിവാണ്.ആ അടിസ്ഥാന അറിവ്, അനന്തമായ ജ്ഞാനത്തിലേക്കുള്ള ലോകം തുറക്കാനുള്ള താക്കോലണെന്നാണ് കൺഫ്യൂഷ്യയസ്സിന്റെ അധ്യാപനം. അറിവിന്റെ വിശാലലോകത്തിൽ എന്തെങ്കിലും നുറുങ്ങുകൾ സ്വായത്തമാക്കണമെങ്കിൽ പ്രാഥമികമായി നാമെന്തെന്ന് അറിഞ്ഞേ മതിയാകൂ. എങ്കിലേ ആ അറിവിന്‌ ഗുരുത്തമുണ്ടാവൂ. എളിമയും വിനയവും കൈമുതലാക്കുകയും, ഭൂമിയിൽ ചവുട്ടി നിൽക്കാൻ ശ്രമിക്കുകയും വേണം. നമ്മളെ നാം ആദ്യം അറിയണം, ശേഷം മറ്റുള്ളവരിലേക്ക് എത്താൻ ശ്രമിക്കാം, അറിവുകൾ അനുഗ്രഹമാകട്ടെ, അറിവ് നേടുന്നവൻ വിനയമുള്ളവനെങ്കിൽ അവൻ ഉന്നതിയിലെത്തുമെന്ന വലിയ സത്യമുൾപ്പെടെ ഒരുപാട് തത്വങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിൽ അന്തർലീനമാണ്.
സ്വയമറിഞ്ഞ് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കാം.

സജീവ് മണക്കാട്ടുപുഴ,
29.03.2022

Leave a Reply

Your email address will not be published.