കൃതജ്ഞതയുള്ളവരാവണം നമ്മൾ

 

കൃതജ്ഞതയുള്ളവരാവണം നമ്മൾ

“കൃതജ്ഞത നാം അടച്ചുതീർക്കേണ്ട ഒരു നികുതിയാണ്, എന്നാലത് പ്രതീക്ഷിക്കാൻ ആർക്കും അവകാശമില്ല.” (റൂസ്സോ)

 

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ തത്വചിന്തകന്മാരിൽ ഒരാൾ, പ്രമുഖ രാഷ്ട്ര മീമാംസകൻ, വിദ്യാഭ്യാസ ചിന്തകൻ, ഉപന്യാസകാരൻ ഒക്കെയായിരുന്ന ജീൻ ഷാക് റൂസോയുടെ ഈ വാക്കുകൾ ഇന്നത്തെ ദിനത്തെ ചിന്തകളെ ഉദ്ദീപിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ ജീവിതം കണ്ണോടിച്ചാൽ, ദുരിതങ്ങളുടെയും ദുഃഖങ്ങളുടെയും വിവാദങ്ങളുടെയും വേലിയേറ്റം തന്നെ ദർശിക്കാൻ സാധിക്കും.

 

1712 ജൂൺ 28 ന് ജനീവയിൽ ജനനം. ക്ലോക് നിർമാതാവായിരുന്നു പിതാവ്, റൂസോ രണ്ടാമത്തെ കുട്ടിയായിരുന്നു. റൂസോ ജനിച്ച് രണ്ടാഴ്ചക്കകം അമ്മ മരണപ്പെട്ടു. ജാക്വലിൻ ആയിരുന്നു വളർത്തമ്മ. ഏക സഹോദരൻ ചെറുപ്പത്തിൽ തന്നെ വീടുപേക്ഷിച്ചുപോയി. ഔപചാരിക വിദ്യാഭ്യാസം പൂർത്തിയായില്ല. പിതാവ് ആയിരുന്നു അവന്റെ അധ്യാപകൻ, അമ്മ സൂക്ഷിച്ചു വച്ച പുസ്തകങ്ങളിലെ കഥകൾ അച്ഛൻ പറഞ്ഞുകൊടുക്കുന്നത് കേട്ടു റൂസോ വളർന്നു. വായനയുടെ ലോകത്തേക്ക് അവൻ കടന്നു, പിതാവിന്റെ ലൈബ്രറിയിലെ ചരിത്രഗ്രന്ഥങ്ങൾ ഹൃദയത്തിൽ ഉറച്ചു. ഒരു തൊഴിലും റൂസോ അഭ്യസിച്ചില്ല, പതിനാറാം വയസ്സിൽ നാടുവിട്ടു, ഇറ്റലിയിലേക്ക്. അവിടെ കത്തോലിക്ക പള്ളിയിൽ എത്തി പുരോഹിതനെ കണ്ട് സഭയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആ വിശ്വാസം സ്വീകരിച്ചു.

 

കെട്ടഴിഞ്ഞു അലങ്കോലമായ പുസ്തകം പോലെയായിതീരുകയായിരുന്നു ആ ജീവിതം.28 വയസ്സുകാരി മാദം വാരൻസിനൊപ്പം കുറേകാലം കഴിച്ചുകൂട്ടി. വിചിത്രമായ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. പിന്നെ ഊരുച്ചുറ്റലായിരുന്നു റൂസോ., ഇടയ്ക്ക് സംഗീതം പഠിച്ചു. ഹോട്ടൽ ജീവനക്കാരിക്കൊപ്പം കൂടിയ റൂസോ 5 കുട്ടികളുടെ പിതാവായി. പക്ഷെ ഒരിക്കലും നല്ലൊരു പിതാവായി ജീവിച്ചില്ല, കുട്ടികളെ വളർത്താതെ അനാഥ കേന്ദ്രത്തിൽ കൊണ്ടാക്കി. മക്കളോട് കടുത്ത നീതികേട് സ്വജീവിതത്തിൽ കാട്ടിയ റൂസോ ആണ് പിൽക്കാലത്ത് ശിശു പരിപാലനവും, കുട്ടികളുടെ വിദ്യാഭ്യാസവും ഒക്കെ വാഴ്ത്തിക്കൊണ്ട് എക്കാലത്തെയും ക്ലാസ്സിക് നോവലായ എമിൽ ( Emile) എഴുതിയത്.പുസ്തകങ്ങൾക്കു പകരം പ്രകൃതിയേയും കുട്ടികളുടെ ജന്മവാസനകളേയും ആശ്രയിക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതിയാണ് ഈ കൃതിയിൽ റുസ്സോ മുന്നോട്ടു വച്ചത്. സംഘടിതമതങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കു പകരം സ്വാഭാവിക മതത്തിനെ ആശ്രയിക്കുന്ന മതബോധനത്തിനു വേണ്ടിയും റുസ്സോ ഇതിൽ വാദിച്ചു. പിലക്കാലത്തെ വിദ്യാഭ്യാസചിന്തയെ ഏറെ സ്വാധീനിച്ച് ഒരു മൗലിക കൃതിയാണിത്. റുസ്സോയുടെ മറ്റുകൃതികളിലെപ്പോലെ, ഇതിലേയും ഭാഷാശൈലി അതിസുന്ദരമാണ്. മറ്റൊരു ക്ലാസിക്കായിരുന്നു ‘സാമൂഹിക ഉടമ്പടി’ എന്ന കൃതി.ഈ രണ്ടു കൃതികളും, പ്രത്യേകിച്ച് എമിലിലെ, ഒരു സെവോയ് വികാരിയുടെ വിശ്വാസപ്രഖ്യാപനം (The Confession of Faith of a Savoyard Vicar) എന്ന ഭാഗം, വലിയ എതിർപ്പുകൾ വിളിച്ചുവരുത്തി. രണ്ട് കൃതികളും ഫ്രാൻസിൽ നിരോധിക്കപ്പെട്ടു. തടങ്കൽ ഭീഷണിയിലായ റുസ്സോക്ക് ഫ്രാൻസ് വിട്ടുപോകേണ്ടി വന്നു.

 

എമിലിൽ അദ്ദേഹം പറഞ്ഞു…
“പിതാവിന്റെ ചുമതല നിർ‌വഹിക്കാൻ വയ്യാത്തവന് പിതാവാകാൻ അവകാശമില്ല. ദാരിദ്ര്യവും, ജോലിത്തിരക്കും ഒന്നും ഒരാൾക്ക് സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ഉത്തരവാദിത്തം നിർ‌വഹിക്കാതിരിക്കുന്നതിനുള്ള ന്യായീകരണമല്ല. അല്പമെങ്കിലും ഹൃദയാലുതയുള്ള ഒരുവൻ പവിത്രമായ ഈ ഉത്തരവാദിത്തം അവഗണിച്ചാൽ പിന്നീട് അതോർത്ത് ചുടുകണ്ണീർ പൊഴിക്കും; അവന് ഒരിടത്തും ആശ്വാസം കിട്ടുകയില്ല.”
എന്നാൽ, തന്റെ കുട്ടികളെ ഉപേക്ഷിച്ചു കളഞ്ഞതിൽ‍ തനിക്കു ദുഃഖമൊന്നുമില്ലെന്നും ആ പ്രവൃത്തി ശരിയും നിയമാനുസൃതവും ആയിരുന്നെന്നും സത്യസന്ധനായ പൗരനേയും നല്ല പിതാവിനേയും പോലെയാണ് താൻ പെരുമാറിയതെന്നും അതോടെ താൻ പ്ലേറ്റോയുടെ മാതൃകാരാജ്യത്തെ പൗരനെപ്പോലെയായി എന്നും ഒക്കെ റുസ്സോ ആത്മകഥയിൽ പിന്നീട് എഴുതി.

 

റൂസോ എഴുതിയ ശാസ്ത്രസാഹിത്യവിചാരം എന്ന പേരിലുള്ള പ്രബന്ധം ഒരു ശ്രദ്ധേയമായ മത്സരത്തിൽ ഒന്നാമത്തെത്തിയത് അദ്ദേഹത്തിന്റെ യശസ്സ് ഉയർത്തി. ‘സാമൂഹിക ഉടമ്പടി'( Social Contract ) ക്ലാസ്സിക് സൃഷ്ടികളിൽ മറ്റൊന്നാണ്.മനുഷ്യസമൂഹങ്ങളുടെ തുടക്കം വ്യക്തിമനസ്സും പൊതുമനസ്സും തമ്മിലുള്ള ഒരുടമ്പടിയിലാണെന്നും, തനിക്കു സം‌രക്ഷണം തരണം എന്ന വ്യവസ്ഥയിലാണ് വ്യക്തി, തന്റെ മനസ്സിനെ പൊതുമനസ്സിന് വിധേയമാക്കാൻ സമ്മതിക്കുന്നതെന്നുമാണ് റുസ്സോ സാമൂഹ്യ ഉടമ്പടിയിൽ വാദിച്ചത്. രാജാക്കന്മാരുടെ അധികാരം ദൈവദത്തമാണെന്ന വാദത്തെ അട്ടിമറിക്കുന്ന നിലപാടായിരുന്നു ഇത്. ഭരിക്കപ്പെടുന്നവരുടെ നേരിട്ടോ ആല്ലാതെയോ ഉള്ള സമ്മതം ഭരണകൂടങ്ങൾക്ക് ആവശ്യമാണെന്ന് സ്ഥാപിച്ച ഈ കൃതിയിലെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന സമവാക്യമാണ് പിന്നീട് ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യമായത്. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു; എന്നാൽ എല്ലായിടത്തും അവൻ ബന്ധനത്തിലാണ് എന്ന ഏറെ ഉദ്ധരിക്കപ്പെടാറുള്ള വാക്യം ഈ കൃതിയുടെ ആദ്യ അധ്യായത്തിലാണ് സഭാവിശ്വാസം ഇടയ്ക്ക് ഉപേക്ഷിച്ച അദ്ദേഹം, ജനീവ പൗരത്വവും വേണ്ടെന്നുവച്ചു,1766 ൽ കുമ്പസാരങ്ങൾ എന്ന് പേരിട്ടു ആത്മകഥ എഴുതി. തന്റെ ജീവിതത്തിലെ പാളിച്ചയെല്ലാം അതിൽ വിവരിച്ചു, പക്ഷെ ജനം തള്ളിക്കളയുകയാണാണ്ടായത്.

 

ചുറ്റുമുള്ള സമൂഹം തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന വികലചിന്ത അദ്ദേഹത്തെ മനോവിഭ്രാന്തിയിലേക്ക് അടുപ്പിച്ചു.1767 ൽ ഫ്രാൻസിൽ ചേക്കേറിയ റൂസോ പാരീസിൽ അടുത്ത എട്ട് വർഷം കഷ്ടാവസ്ഥയിൽ ദുരിതപ്പെട്ടു. സംഗീതാചനകൾ പകർത്തിയെഴുതി ഉപജീവനം തേടി. ഈ കഷ്ടതയുടെ നാളുകളിൽ അദ്ദേഹം രണ്ട് വിഖ്യാത കൃതികൾ രചിച്ചു. പിന്നീട് മാനസിക നില താറുമാറായി 1778 ൽ അന്ത്യം സംഭവിച്ചു, ആത്മഹത്യ ആണെന്ന് കരുതുന്നവരുണ്ട്. അങ്ങേയറ്റം സങ്കീർണ്ണമായ വ്യക്തിത്വമായിരുന്നു റുസ്സോയുടേത്. തത്ത്വചിന്തയിലേയും വ്യക്തിജീവിതത്തിലേയും അദ്ദേഹത്തിന്റെ നിലപാടുകൾ മനസ്സിലാക്കാൻ ശ്രമിച്ചവരെ വിഷമിപ്പിച്ചിട്ടുണ്ട്. ജ്ഞാനോദയചിന്തകന്മാരിൽ വിശകലനത്തിന് തീരെ വഴങ്ങാത്തവൻ എന്ന് റുസ്സോ വിശേഷിക്കപ്പെടുന്നു. ഒരേകാര്യത്തിൽ തന്നെ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളും പെരുമാറ്റവും അദ്ദേഹത്തിൽ നിന്നു വരുന്നത് ആരേയും അമ്പരപ്പിക്കും.

 

കൃതജ്ഞത എന്ന സത്ഗുണം ഏവരുടെയും ജീവിതത്തിൽ പുലർത്തേണ്ട ഒന്നാണെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു. പക്ഷെ, അത് ആരിൽ നിന്നും പ്രതീക്ഷിക്കാൻ അവകാശമില്ലെന്നും ഓർമിപ്പിക്കുന്നു.താലമില്ലാതിരുന്ന റൂസോയുടെ ജീവിതത്തിൽ ഒരുപാട് പേരോട് കൃതജ്ഞത കാട്ടേണ്ടിവരുന്നതായി കാണാം, പക്ഷെ അത് പൂർണമായും അദ്ദേഹം പ്രകടിപ്പിച്ചോ എന്നറിയില്ല. നാമുമായി ബന്ധപ്പെട്ട ഒരുപാട് ആളുകളോട്, ഘടകങ്ങളോട് നമ്മൾ കൃതജ്ഞതയുള്ളവരാവേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ നന്ദിയില്ലാത്തവരായി ഒടുങ്ങേണ്ടി വരും. അത്തരത്തിൽ തീരാതിരിക്കാൻ നമുക്ക് ശ്രമിക്കാം. റൂസോയുടെ ജീവിതം ഒരു ചൂണ്ടുപലകയാവട്ടെ.

 

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.