റമദാൻ : പുണ്യങ്ങളുടെ പൂക്കാലം

റമദാൻ പുണ്യങ്ങളുടെ പൂക്കാലം

സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ശക്തി….

ദൈവം എന്ന വലിയ സത്യത്തെ പലരും പലരീതിയിൽ ആരാധിക്കുന്നു. മതവിശ്വാസികൾ ദൈവമെന്ന മഹാശക്തിയിൽ അടിയുറച്ച് വിശ്വസിക്കുന്നു. നാസ്തികരായ ആളുകളും ഇക്കാണുന്നതിനൊക്കെ പിന്നിൽ ഏതോ ഒരു ശക്തിസ്രോതസുണ്ടെന്ന് കരുതുന്നു. ബഹുസ്വരമായ സാമൂഹികക്രമത്തിൽ മതവിശ്വാസങ്ങൾ അനവധിയാണ്. ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഏകനായ ദൈവത്തെ പരിപൂർണ വിധേയത്വത്തോടെ വണങ്ങുകയും അനുസരിക്കുകയും ആരാധനകൾ അർപ്പിക്കുകയും ചെയ്യുക എന്നത് പരമപ്രധാനമാണ്.ഇസ്‌ലാമിക അനുഷ്ഠാനങ്ങളായി കരുതുന്ന 5 കാര്യങ്ങളിൽ നാലാമത്തേതാണ് ഒരുമാസത്തെ വ്രതാനുഷ്ഠാനമെന്നത്. ഹിജ്റ വർഷപ്രകാരം ഒമ്പതാമത്തെ മാസമായ റമദാനിലാണ് ഇത്. ഒരുപാട് പുണ്യങ്ങളുടെ പൂക്കാലമായ ആ മാസം ആഗതമായിരിക്കുന്നു, ഇന്ന് റമദാൻ 1,……..

അന്ത്യപ്രവാചകൻ മുഹമ്മദ്‌ ( സ :അ ) യുടെ പ്രധാന നിവേദകരിൽ ഒരാളായ അബൂ ഹുറൈറ (റ ) റിപ്പോർട്ട്‌ ചെയ്യുന്ന റമദാനിലെ നോമ്പുനോൽക്കലിനെ കുറിച്ചുള്ള ഒരു ഹദീസ്…… ” ആദം സന്തതികൾ ചെയ്യുന്ന ഒരു നന്മയ്ക്ക് 10 മുതൽ 70 ഇരട്ടി വരെ പ്രതിഫലം നൽകുന്നതാണ്. ” അതേ, റമദാനിൽ ചെയ്യുന്ന ഓരോ നന്മയ്ക്കും പരമകാരുണികനായ ദൈവം 70 ഇരട്ടി വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു.

ദൈവം( അല്ലാഹു )അരുളി ” നോമ്പ് എനിക്കുള്ളതാണ്, നാമാണ് അതിന് പ്രതിഫലം നൽകുന്നത്. നോമ്പുകാരൻ ഭക്ഷണപാനീയങ്ങളും വികാരവിചാരങ്ങളും അല്ലാഹുവിനു വേണ്ടിയാണ് ഉപേക്ഷിക്കുന്നത്, അതുകൊണ്ട് നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്, നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷവും തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷവും. നോമ്പുകാരന്റെ വായ്നാറ്റം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്”. രോഗികൾ, യാത്രക്കാർ, മാസമുറ സമയം ഈ സാഹചര്യങ്ങളിലൊഴികെയുള്ളവർക്ക്റമദാനിലെ നോമ്പ് നിര്ബന്ധമാണ്. മനുഷ്യവർഗത്തിനായി അവതീർണമായ അവസാനവേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ പ്രവാചകൻ മുഹമ്മദി( സ : അ )ന് അവതരിക്കപ്പെട്ട മാസമാണ് റമദാൻ. ഈമാസത്തിലെ വ്രതം നോൽക്കൽ ഏറ്റവും ഉന്നതമായ പ്രതിഫലം നല്കപ്പെടുന്ന പുണ്യമാണ്.

ദൈവം, തന്നെ സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടിയാണെന്നും, ദൈവത്തിന്റെ നിരീക്ഷണത്തിലാണ് താനെന്നുമുള്ള ചിന്ത അടിമയായ മനുഷ്യനിൽ മരണം വരെയുണ്ടാവണം. അധികമായി നന്മകൾ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന മാസമാണ് വിശ്വാസിക്ക് റമദാൻ. പിശാചിന്റെ ദുർബോധനങ്ങളിൽ നിന്നും അകന്നുനിൽക്കാൻ, വിശപ്പും ദാഹവും തിരിച്ചറിയാൻ, ദരിദ്രരെയും അഗതികളെയും സഹായിക്കുന്നതിന് മനസ്സ് തോന്നിപ്പിക്കാൻ, ശരീരവും മനസ്സും ശുദ്ധമാക്കാൻ, ആത്മസംസ്കരണം കൈവരിക്കാൻ, ശരീരത്തിലെ ദുർമേദസ്സുകൾ അകറ്റാൻ, തന്നിൽ ഉൾക്കൊള്ളുന്ന ദൈവിക ഗുണങ്ങൾ സഹജീവികളോട് കാട്ടാൻ,…… അങ്ങനെ തുടങ്ങി നിരവധി നന്മകൾ കരഗതമാകുന്ന പുണ്യങ്ങളുടെ കൊയ്‌ത്തുകാലമാണ് റമദാൻ.

” ജനങ്ങൾക്ക് മാർഗദർശകമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചുകാണിക്കുന്നതുമായ സൂക്തങ്ങളുമായി വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായിരിക്കുന്നുവോ അവർ വ്രതമനുഷ്ഠിക്കേണ്ടതാകുന്നു ( വിശുദ്ധ ഖുർആൻ, അദ്ധ്യായം 2, സൂക്തം 185). പകൽ അന്നപാനീയങ്ങൾ വെടിഞ്ഞും ഖുർആൻ പാരായണത്തിനു സമയം കണ്ടെത്തിയും,രാത്രി ആരാധനകളിൽ മുഴുകിയും വിശ്വാസി റമദാൻ ചെലവഴിക്കുന്നു. 10 ദിവസങ്ങൾ വീതമുള്ള മൂന്ന് ഭാഗങ്ങളായി റമദാൻ മാസത്തെ വിഭജിച്ചിരുന്നു, ആദ്യത്തെ 10 ദൈവകൃപക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടേതാണ്, രണ്ടാമത്തെ 10 പാപമോചനത്തിന്റേതും അവസാനത്തെ 10 നരകമുക്തിക്കുവേണ്ടിയുള്ളതുമാണ്. അവസാന പത്തിലെ ഒറ്റയായ രാവുകളിൽ ഏതിലെങ്കിലും ആയിരം മാസങ്ങളെക്കാൾ പുണ്യതരമായ ഒരു രാവുണ്ട്, അതാണ് ലൈലത്തുൽ ഖദ്ർ എന്നറിയപ്പെടുന്ന പുണ്യരാവ്.

 

നോമ്പ് നോറ്റവർ ആരാത്രി ഉറക്കമില്ലാതെ, ദൈവത്തിന്റെ മാലാഖമാർ മണ്ണിലും മനസ്സുകളിലും അനുഗ്രഹങ്ങൾ വർഷിക്കുന്നതും പ്രതീക്ഷിച്ച് പ്രത്യേക പ്രാർത്ഥനകളിൽ മുഴുകും. ആ രാത്രിയിലെ ദൈവിക അനുഗ്രഹങ്ങൾ കൂടി സ്വായത്തമാക്കി എന്ന വലിയ ആത്മഹർഷത്തോടെ വിശ്വാസി റമദാൻ മാസത്തിന്റെ ഒടുവിലെ നാളുകളെ ധന്യമാക്കുന്നു.നോമ്പ് അവസാനിച്ച് ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വിശ്വാസി, നോമ്പിന്റെ പുണ്യം പൂർണമാകണമെങ്കിൽ അനുവർത്തിക്കേണ്ട ഒരു കർമ്മം കൂടിയുണ്ട്, പെരുന്നാൾ ദിവസം ഒരാളും പട്ടിണി കിടക്കരുതെന്ന ദൈവിക കല്പ്പന ഉൾക്കൊണ്ട് അവർ അർഹർക്ക് ഫിത്ർ സക്കാത്ത് നൽകണം. അങ്ങനെ ശരീരവും മനസ്സും ശുദ്ധമാക്കി ചെറിയ പെരുന്നാളിന്റെ ആഘോഷത്തിലേക്ക് കടക്കുമ്പോൾ അവരുടെ നോമ്പ് വെറും പട്ടിണിയിരിക്കൽ മാത്രമല്ലായിരുന്നെന്നുണ്ടെങ്കിൽ അവർ പൂർണമായും സംശുദ്ധി നേടിയിട്ടുണ്ടാവും. അടുത്ത 11 മാസത്തേക്ക് വേണ്ട ആത്മസംസ്കരണം അവർ ഉറപ്പായും കരഗതമാക്കിയിട്ടുണ്ടാവും, റമദാൻ നോമ്പിലൂടെ. ” തീർച്ചയായും ആത്മാവിനെ സംസ്കരിച്ചവൻ വിജയം വരിച്ചു, അതിനെ കളങ്കപ്പെടുത്തിയവൻ പരാജയപ്പെട്ടു. “( അദ്ധ്യായം അശ്ശoസ് : സൂക്തങ്ങൾ 9,10) വെറുതെ വിശന്നിരുന്നിട്ട് ഒരു കാര്യവുമില്ല, അടിമുടി സൂക്ഷ്മത പാലിക്കാത്തവന്റെ വ്രതം വെറുതെയാണെന്ന് സാരം. ശരീരവും മനസ്സും പൂർണമായും കൈയിപ്പിടിയിലാക്കി, നാവിനെ നിയന്ത്രിച്ച്,,ത്യാഗമനോഭാവത്തോടെയും നിഷ്കളങ്കമായും ആത്മാർത്ഥമായും. നോമ്പ് നോൽക്കണം, വേണ്ടാത്തത് ചിന്തിക്കാതെ പഞ്ചേന്ദ്രിയങ്ങളാൽ അരുതാത്തത് ചെയ്യാതെ സമ്പൂർണ നിയന്ത്രണം എല്ലാകാര്യത്തിലും പാലിച്ചുള്ള വ്രതം ഫലം ചെയ്യും, അല്ലാത്തത് വെറുതെ പട്ടിണിയിരിക്കൽ മാത്രമായി മാറുകയും ചെയ്യും.

വിശ്വാസികളായ സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ ചുമതലകൾ വഹിക്കുന്ന കാലം കൂടിയാണ് റമദാനിലെ ഒരുമാസം. ജോലിക്കാരാണെങ്കിൽ ഇരട്ടിയാവും അവരുടെ ഉത്തരവാദിത്തങ്ങൾ. പകൽ പട്ടിണിയിരുന്നിട്ട് സന്ധ്യ മുതൽ വാരിവലിച്ച് കഴിക്കലല്ല നോമ്പ് അനുഷ്ഠാനം, കുടലിനും മറ്റ് അവയവങ്ങൾക്കും ആവശ്യത്തിന് വിശ്രമം നൽകി, 11 മാസത്തെ തീറ്റയും കുടിയും അവതാളത്തിലാക്കിയ വയറിനെ ശുദ്ധിയാക്കലാണ് വ്രതത്തിന്റെ ശാസ്ത്രീയത. വ്രതമെടുക്കുന്നതിലൂടെ നേടിയെടുക്കുന്ന ശാരീരികമായ മെച്ചങ്ങളിലൊന്നാണത്. കാരക്കയും വെള്ളവും കഴിച്ചുമാത്രം നോമ്പ് നോക്കിയ പ്രവാചകന്റെയും അനുയായികളുടെയും ജീവിതം വിശ്വാസിക്ക് മുന്നിലുണ്ട്. അത് മാതൃകയാവണം. നോമ്പുതുറ(ഇഫ്താർ ) ലളിതമാവണം, ഭക്ഷണത്തിന്റെ നീണ്ടലിസ്റ്റ് വീട്ടിലെ സ്ത്രീകളുടെ കയ്യിലേക്ക് പുരുഷന്മാർ വച്ചുകൊടുത്തശേഷം, നോമ്പ് തുറക്കലിനും ഇടയത്താഴ ത്തിനുമൊക്കെ തയാറായി ഇരിക്കുന്നത് ഉചിതമല്ല.ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ആഹാരം മാത്രം ഒരുക്കിയാൽ മതിയാകും. തീറ്റമത്സരമായി ഒരിക്കലും റമദാൻ രാത്രികൾ മാറരുത്. എളുപ്പത്തിൽ ഉണ്ടാക്കുന്ന കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ മതി, വീട്ടിലെ പുരുഷന്മാരും കുട്ടികളും തീർച്ചയായും സ്ത്രീകളെ അടുക്കളയിൽ സഹായിക്കേണ്ടതുണ്ട്. അത്രയ്ക്കും അവരുടെ ജോലിഭാരം കൂടുന്ന കാലമാണ് ഈ ഒരുമാസം.

മറ്റൊരാളെ നോമ്പ് തുറപ്പിക്കൽ എന്നത് പാപമോചനം നേടിത്തരുന്ന പുണ്യമാണ്, അതിനാൽ മറ്റുള്ളവർക്ക് കൂടി ആഹാരപദാർത്ഥങ്ങൾ നൽകാൻ മനസ്സുണ്ടാവണം. അതിഥികളെ ക്ഷണിച്ച് നോമ്പ് തുറപ്പിക്കാം. ” സത്യവിശ്വാസികളേ….. നിങ്ങൾക്ക് മുമ്പുള്ള കാലത്ത് കല്പിച്ചിരിക്കുന്നതുപോലെ തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു നിങ്ങൾ ഭയഭക്തിയുള്ളവരായിരിക്കാൻ വേണ്ടി. “( അദ്ധ്യായം അൽ ബഖറ: സൂക്തം 183)

ദൈവത്തെ ഭയന്ന് ജീവിക്കുന്നവൻ ദൈവിക ഗുണങ്ങളുള്ളവനായിരിക്കും, ശാരീരിക മാനസിക സംസ്കരണം അവനിൽ ഉറപ്പായും ദർശിക്കാൻ കഴിയും, അത് അവൻ നോമ്പ് പോലുള്ള അനുഷ്ഠാനങ്ങളിലൂടെ ഊട്ടിയുറപ്പിക്കുകയും ചെയ്യും ആ നിലയിലേക്ക് എത്താൻ നോമ്പ് നോൽക്കുന്നയാൾക്ക് സാധിക്കണം, അല്ലാത്തപക്ഷം അത് വെറും പട്ടിണിയിരിക്കൽ മാത്രമാവും. ഇസ്ലാം മതവിശ്വാസിക്കു വേണ്ടി മാത്രമുള്ളതല്ല റമദാൻ വ്രതം, അങ്ങനെ ദൈവം, അവന്റെ വചനങ്ങളടങ്ങിയ വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടില്ല, ദൈവദൂതന്മാരും പറഞ്ഞിട്ടില്ല, മുഴുവൻ ജനസമൂഹത്തെയും സംബോധന ചെയ്തുകൊണ്ടാണ് ഖുർആൻ സംസാരിക്കുന്നത്.
എല്ലാ വായനക്കാർക്കും റമദാൻ ആശംസകൾ, ശുഭദിനാശംസകളും…….

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.