പുണ്യങ്ങളുടെ പൂക്കാലത്തെ ഇനിയും പ്രതീക്ഷിച്ചുകൊണ്ട് 

പുണ്യങ്ങളുടെ പൂക്കാലത്തെ ഇനിയും പ്രതീക്ഷിച്ചുകൊണ്ട് 

 

ആയിരം മാസങ്ങളെക്കാൾ പുണ്യങ്ങളുള്ള രാവിന് സാക്ഷ്യം വഹിച്ച വിശ്വാസിയിൽ നിന്നും, പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച വിടപറഞ്ഞു പോയിരിക്കുന്നു. വരും റമദാനുകളിൽ ആരൊക്കെയുണ്ടാവുമെന്ന് ഒരുറപ്പുമില്ലെങ്കിലും, അടുത്ത വ്രതകാലത്തേക്ക് കണ്ണുകളും മനസ്സുകളും തുറന്നുവച്ച്, ഈ റമദാനെ വർദ്ധിച്ച വേദനയോടെ യാത്രയാക്കുകയാണ് വിശ്വാസി.

 

മാലാഖമാരുടെയും ആത്മാക്കളുടെയും സാന്നിധ്യത്താൽ സവിശേഷമാക്കപ്പെട്ട വിശുദ്ധരാവിന്റെ( ലൈലത്തുൽ ഖദ്ർ ) പുണ്യം സ്വന്തമായിട്ടുണ്ടാവുമെന്ന ആത്മഹർഷത്തിൽ നിലകൊള്ളുന്ന വിശ്വാസി സമൂഹത്തിന് ആശംസകൾ. അധികരിപ്പിച്ച ആരാധനകളാലും, മനമുരുകും പ്രാർത്ഥനകളാലും, ഖുർആൻ പാരായണം കൊണ്ടും, ദാനധർമങ്ങൾ കൊണ്ടും, ആത്മസംസ്കരണം ആർജ്ജിച്ച വിശ്വാസി, തുടർന്നുള്ള ജീവിതകാലത്തുടനീളം അത് നിലനിർത്തേണ്ടതുണ്ട്. എന്നാൽ മാത്രമേ നോമ്പ് കൊണ്ട് പുണ്യമുള്ളൂ. വ്രതാനുഷ്ഠാനത്തിലൂടെ ശരീരവും മനസ്സും ശുദ്ധിയാക്കിയ വിശ്വാസിസമൂഹം, ദൈവികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാതൃക കാട്ടി അന്ത്യം വരെ ജീവിക്കാൻ ഓരോ റമദാനും ഊർജ്ജം നൽകട്ടെ. വ്രതം നോറ്റ ഒരുമാസം പകർന്നുനൽകിയ ഊർജ്ജം ശരീരത്തിലും മനസ്സിലും നിലനിർത്തി സൂക്ഷ്മതയോടെ ജീവിക്കാൻ അനുഗ്രഹമാകട്ടെ.

 

പട്ടിണിയിരുന്നത് പാഴായിപ്പോകാതിരിക്കട്ടെ. ഏറെ വേദനയോടെ, കൂടുതൽ പ്രതീക്ഷകളോടെ, പിഴവുകൾ മാറ്റപ്പെട്ട ലക്ഷണമൊത്ത നോമ്പ് ആയി ഈ റമദാൻ ദിനങ്ങൾ രക്ഷിതാവിങ്കൽ പരിഗണിക്കപ്പെടുമെന്ന പ്രാർത്ഥനയോടെ, അടുത്ത റമദാനുകൾ സജീവമാക്കാനുള്ള ദീർഘായുസ്സ് കാരുണ്യവാൻ നൽകട്ടെയെന്ന യാചനയോടെ, റമദാൻ നാളുകൾക്ക് വിടചൊല്ലാം. ഒപ്പം ആരും പട്ടിണി കിടക്കാത്ത പെരുന്നാൾ ദിനവും പിന്നെയുള്ള ജീവിതവും ഏവർക്കും ലഭ്യമായിടട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിച്ചുകൊണ്ട്…

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.