നോമ്പ് ഓർമ്മിപ്പിക്കുന്നത്‌ 

നോമ്പ് ഓർമ്മിപ്പിക്കുന്നത്‌ 

 നിസ്സഹായത : രാത്രി എത്ര വയർ നിറച്ചുവെച്ചാലും പകലിൽ വീണ്ടും വിശക്കും. ദാഹിക്കും. മനുഷ്യന്റെ നിസ്സഹായത. വിശപ്പും ദാഹവും ഇല്ലാത്തവനാണ് റബ്ബ്.

 അടിമത്വം :- തയാറാക്കിവെച്ച വെള്ളത്തിനും ഭക്ഷണത്തിനും മുന്നിൽ ആർത്തിയോടെ, കൊതിയോടെ, എന്നാൽ ക്ഷമയോടെ പടച്ചവന്റെ അനുമതിക്കായി കാത്തിരിക്കും. ഉടമയാണ് റബ്ബ്.

 അനുസരണം : തിന്നാനുണ്ട്. പക്ഷെ തിന്നില്ല. കുടിക്കാനുണ്ട്. പക്ഷെ കുടിക്കില്ല. കിടപ്പറയും ഇണയുമുണ്ട്. പക്ഷെ വേണ്ട. അടിമയുടെ കൊതിയല്ല റബ്ബിന്റെ കല്പനയാണ് വലുത്.

 പശ്ചാത്താപം : തിരിഞ്ഞു നോക്കുന്ന ചില നേരങ്ങളിൽ വിങ്ങൽ. നെഞ്ചിലൊരു കനം. കുറ്റബോധം. കിനിഞ്ഞിറങ്ങുന്ന കണ്ണുനീർ. ഏറെ പൊറുക്കുന്നവനാണ് റബ്ബ്.

 തിരിച്ചറിവ് : വിശപ്പ് കഠിനമാവുമ്പോൾ വിശക്കാത്തവനെക്കുറിച്ച ചിന്ത. അവനാണല്ലോ വിശപ്പ് മാറ്റുന്നവനെന്ന ഓർമ്മ. നന്ദി വേണമെന്ന ബോധ്യം. റബ്ബിനെക്കുറിച്ചുള്ള തിരിച്ചറിവാണ് നോമ്പ്.

 ഖുർആൻ : വാക്കുകളുടെ വിസ്മയം. പാഠങ്ങളുടെ പ്രവാഹം. ആശയങ്ങളുടെ വർണ്ണ പ്രപഞ്ചം. ഈ ഒഴുക്കിൽ ‘ഞാൻ’ ഒരുപാട് ചെറുതാകുന്നു.’നീ’ ഒരുപാട് വലുതാകുന്നു. റബ്ബിനോടുള്ള മിണ്ടലാണ് ഖുർആൻ.

 കനിവ് : കയ്യിലുള്ളതിലേക്ക് നോക്കുമ്പോൾ, എടുത്തതെത്രയോ അധികം. കൊടുത്തതെത്രയോ കുറവ്. നീണ്ട് വരുന്ന കൈകളോട് പ്രിയം. അർഹരോട് ആദരവ്. റബ്ബിനെ ഓർത്തുള്ള കനിവും കാരുണ്യവുമാണ് റമദാൻ.

 പ്രതീക്ഷ : പാതിരാവിനോടടുപ്പം. പള്ളിയോടിഷ്ടം. പ്രാർത്ഥനക്കൊരിമ്പം. സ്വർഗത്തിന്റെ സുഗന്ധം. പ്രതീക്ഷയാണ് റബ്ബ്.

ഈ റമദാൻ അനുഗ്രഹങ്ങളുടെ പെരുമഴയായി പെയ്യട്ടെ.

Leave a Reply

Your email address will not be published.