ചിത്രരചനയിലെ ചക്രവർത്തി ജനിച്ച ദിനത്തിൽ

ചിത്രരചനയിലെ ചക്രവർത്തി ജനിച്ച ദിനത്തിൽ

ഇന്ത്യൻ ചിത്രകലയിൽ പശ്ചാത്യരീതികൾ ആദ്യമായി പരീക്ഷിച്ച, ‘രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവു’മായിരുന്ന പ്രതിഭാശാലിയായ ലോകപ്രശസ്ത വ്യക്തിത്വം. ചിത്രരചന യൂറോപ്യന്മാരുടെ കലയാണെന്ന് ധരിക്കപ്പെട്ട കാലത്ത് സ്വന്തം ചിത്രങ്ങളിലൂടെ ഇന്ത്യൻ ചിത്രകലയെ ലോകത്തിന്റെ ഉത്തുംഗതയിൽ എത്തിച്ച എക്കാലത്തെയും അതുല്യ ചിത്രകാരൻ. രണ്ടുമൂന്നു വയസ്സിനകം കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ കരിക്കട്ടയാൽ ചിത്രപ്പണികൾ ചെയ്ത അതിശയവ്യക്തിത്വം.

 

28 വയസ്സിനകം ലോകപ്രശസ്തനായിത്തീർന്ന, ചിത്രരചനാ രംഗത്തെ മഹാവിസ്മയം. അഴകും തന്മയത്വവും സമന്വയിപ്പിച്ച് ചിത്രങ്ങൾ വരച്ച കാലാതീതനായ ചിത്രകാരൻ. ഭാരതീയ സങ്കൽപ്പങ്ങൾക്ക് ചിത്രസാക്ഷൽക്കാരം നൽകിയും, നമ്മുടെ പുരാണങ്ങൾക്കും കാവ്യങ്ങൾക്കും കാഴ്ചാനുഭൂതി സമ്മാനിച്ചും, ചിത്രങ്ങളുടെ അത്ഭുതലോകം തുറന്നിട്ട അതുല്യപ്രതിഭ. രാജാ രവിവർമ്മ

 

അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്

എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടെയും മകനായി 1848 ഏപ്രിൽ 29 പൂരുരുട്ടാതി നാളിൽ കിളിമാനൂർ കൊട്ടാരത്തിൽ ജനനം.ഹിന്ദു പുരാണങ്ങളിലെ വിവിധ വിഷയങ്ങൾ അധികരിച്ച്, യൂറോപ്യൻ റിയലിസ്റ്റിക് പെയിന്റിംഗ് ശൈലിയുമായി ചേർത്ത് ചിത്രരചന നടത്തിയ രാജാ രവിവർമ്മ ഓയിൽ പെയിന്റിംഗ് പരീക്ഷിച്ച ഇന്ത്യൻ ചിത്രകാരന്മാരിൽ ഒരാളാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ വരയോട് താല്പര്യം ജനിച്ചു, കൊട്ടാരം ചുവരുകളാണ് പ്രതലമാക്കിയത്.

 

14 വയസ്സിൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുന്നാൾ, രവിവർമ്മയുടെ കലാജീവിതത്തിന് രക്ഷാധികാരിയായി മാറി. തുടർന്ന്, രവിവർമ്മ ചിത്രകാരനായ രാമസ്വാമി നായിഡുവിന്റെ ശിക്ഷ്യനായി, വാട്ടർ കളർ പെയിന്റിംഗ് പഠനം തുടങ്ങി. ബ്രിട്ടീഷ് ചിത്രകാരൻ തിയഡോർ ജെൻസണും ചേർന്നായിരുന്നു പഠനം.ഹിന്ദു ദൈവങ്ങളും ദേവതകളും പുരാണ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കരവിരുതിൽ ചിത്രങ്ങളായി രൂപമെടുത്തു. മാതുലനും കൊട്ടാരത്തിലെ ആസ്ഥാന ചിത്രകാരനുമായ രാജരാജവർമ്മയാണ് അദ്ദേഹത്തിലെ പ്രതിഭയെകണ്ടെത്തിയത്.

 

സ്വദേശത്തു നിന്നും, വിദേശങ്ങളിൽ നിന്നും എത്തിച്ച പാഠപുസ്തകങ്ങൾ വഴികാട്ടിയായി. വലിയകൊട്ടാരത്തിൽ രവി വർമ്മക്കായി ചിത്രശാല നിർമ്മിക്കപ്പെട്ടു. എണ്ണ ചായത്തിൽ വരച്ച ബക്കിങ്ഹാം പ്രഭുവിന്റെ ഛായാ ചിത്രം അദ്ദേഹത്തെ പ്രശസ്തനാക്കി .1871 ൽ മഹാരാജാവിൽ നിന്നും വീരശൃoഖല പട്ടം ലഭിച്ചു, തുടർന്ന് ആസ്ഥാന ചിത്രകാരനുമായി.

 

അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങൾ നാട്ടിലും വിദേശ രാജ്യങ്ങളിലും നടന്ന പ്രദർശനങ്ങളിൽ പല വർഷങ്ങളിൽ ഉന്നതമായ സമ്മാനങ്ങൾ നേടി. വിയന്ന, ഷിക്കാഗോ തുടങ്ങിയ രാജ്യങ്ങളിലെ നേട്ടങ്ങൾ ശ്രദ്ധേയങ്ങളാണ്. അങ്ങനെ അദ്ദേഹം ലോകപ്രശസ്തനായ ചിത്രകാരനായി മാറി. ഷിക്കാഗോയിൽ ഭാരതത്തിനുണ്ടായ രണ്ട് വിജയങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെതായിരുന്നു, മറ്റൊന്ന് സ്വാമി വിവേകനന്ദൻ ആണ്. മുംബെയിൽ രവിവർമ്മ ചിത്രമുദ്രണ അച്ചുകൂടം സ്ഥാപിച്ചതും ചരിത്രം.

 

1906 ൽ പ്രമേഹബാധിതനായി, സെപ്റ്റംബറിൽ രോഗശയ്യയിൽ, ഒക്ടോബർ രണ്ടിന് കിളിമാനൂർ കൊട്ടാരത്തിൽ മഹാനായ ആ ചിത്രകാരൻ ഇഹലോകവാസം വെടിഞ്ഞു. ‘മുല്ലപ്പൂ ചൂടിയ നായർ വനിത’യും, ‘ തമിഴ് സ്ത്രീകളുടെ ഗാനാലാപനം ‘, ‘ ശകുന്തളയുടെ പ്രേമലേഖനം ‘, തുടങ്ങിയ എത്രയെത്ര വിസ്മയചിത്രങ്ങൾ. മലയാളമുള്ളിടത്തോളം രാജാരവിവർമ്മയും അദ്ദേഹത്തിന്റെ അമൂല്യരചനകളും തിളക്കമേറി നിലനിൽക്കുകതന്നെ ചെയ്യും. ഭാരതത്തിന്റെ അഭിമാനമായ, ലോകത്തിന് അത്ഭുതമായ രാജാരവിവർമ്മയുടെ ഓർമദിനത്തിൽ, ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

 

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.