ലോകം ഒരൊറ്റ കൂടിനുള്ളിൽ വീട് വയ്ക്കുന്നിടം അഥവാ വിശ്വഭാരതിയുടെ പിതാവ്

ലോകം ഒരൊറ്റ കൂടിനുള്ളിൽ വീട് വയ്ക്കുന്നിടം അഥവാ വിശ്വഭാരതിയുടെ പിതാവ്

ഇംഗ്ലീഷ് വിദ്യാഭ്യാസരീതിയിലെ അതൃപ്‌തി കാരണം, പൗരാണികഭാരതത്തിലെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസരീതികളോട് വലിയ ആഭിമുഖ്യം പുലർത്തിയ ബഹുമുഖവ്യക്തിത്വം, ഭാരതത്തിനെന്നല്ല ലോകത്തിന് സമ്മാനിച്ച മഹനീയ സ്ഥാപനം… വിശ്വഭാരതി സർവകലാശാല. നിരന്തരം യാത്രകളിലായിരുന്ന പിതാവ് ദേബേന്ദ്രനാഥ ടാഗോർ ലഭ്യമാക്കിയ ശാന്തിനികേതൻ എന്ന എസ്റ്റേറ്റിലേക്ക് താമസം മാറ്റിയ (1901) അദ്ദേഹം അവിടം തന്റെ പ്രവർത്തനമണ്ഡലമാക്കി മാറ്റി.എട്ടാം വയസ്സിൽ ആദ്യകവിത എഴുതുകയും, പതിനാറാം വയസ്സിൽ ആദ്യ സുപ്രധാന കവിതകൾ ഉൾപ്പെട്ട ഭാനുശിഹാ ( സൂര്യസിംഹം ) പുറത്തിറക്കുകയും ചെയ്ത ഭാനു സിംഗ്ല ടാക്കൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ട രബീന്ദ്ര നാഥടാഗോർ.

 

ദൃക് പഞ്ചാoഗം പ്രകാരം ബൈശാഖ മാസത്തിലെ 25 ആം ദിവസം,( ബംഗാളി കലണ്ടർ പ്രകാരം )മേയ് മാസത്തിലെ 8 ലോ 9 ലോ ചേർന്നുവരുന്നു എന്നത് പരിഗണിക്കുമ്പോൾ മഹാനായ ഈ പ്രതിഭയുടെ ജന്മദിനാഘോഷം ബംഗാളിൽ ഇന്നലെയോ ഇന്നോ ആണെന്ന് കരുതേണ്ടിവരുന്നു( ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ).മറ്റുള്ള സംസ്ഥാനങ്ങളിൽ ഇത് മേയ് 7 ആണ്, 1861 ഈദിവസമാണ് അദ്ദേഹം ജനിച്ചത്. കൽക്കത്തയിൽ ബർദ്വാൻജില്ലയിൽ സമ്പന്ന ബ്രാഹ്‌മണ കുടുംബത്തിൽ ജനനം. അമ്മ ശാരദാദേവി. ‘ബംഗാളി ബാർഡ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട, ബംഗാളി സാഹിത്യത്തെയും ഇന്ത്യൻ കലകളെയും പുനർനിർമിച്ച,19 ആം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജീവിക്കുകയും വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകുകയും ചെയ്ത ടാഗോർ, എന്തൊക്ക ആയിരുന്നില്ല എന്ന് ചോദിക്കുന്നതാണ്ഉചിതം. കാരണം, അത്രത്തോളം ബഹുമുഖമായിരുന്നു അദ്ദേഹത്തിലെ പ്രതിഭ എന്ന് സാരം. ഏറ്റവും ഉന്നത ശീർഷനായ കലാകാരൻ,എഴുത്തുകാരൻ, കവി, മനുഷ്യസ്നേഹി, തത്വചിന്തകൻ, ഭാഷാപണ്ഡിതൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഉപന്യാസകാരൻ, നാടകകൃത്ത്, സംഗീത സംവിധായകൻ ചിത്രകാരൻ, സാമൂഹിക പരിഷ്കർത്താവ്, പുരാണജ്ഞൻ തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും സുപ്രധാന സംഭാവനകൾ നൽകിയ ടാഗോർ ഒരു മഹാ പ്രതിഭാസം തന്നെയാണ്.

 

‘ഗീതാജ്ഞലി ‘എന്ന ഒറ്റ ലോകക്ലാസിക്കിലൂടെ ഭാരതത്തെ ഇന്നും ജീവിപ്പിക്കുന്ന മഹാൻ. യഥാർത്ഥ പേരിൽ ആദ്യ ചെറുകഥ 1877 ൽ പുറത്തുവന്നു. ബ്രിട്ടീഷ് രാജിനെ അപലപിക്കുകയും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ശക്തിയുക്തം വാദിക്കുകയും ചെയ്തു. ബംഗാൾ നവോഥാനത്തിന്റെ വക്താവ് ആയ അദ്ദേഹം രണ്ടായിരത്തോളം ഗാനങ്ങൾ എഴുതി. ഠാക്കൂർ എന്ന പദത്തിന്റെ ഇംഗ്ലീഷ് ലിപ്യന്തരണമാണ് ടാഗോർ എന്നപേര്. ടാഗോർമാരുടെ യഥാർത്ഥ കുടുംബപ്പേര് ‘കുശാരി ‘ എന്നായിരുന്നു.

 

അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരണപ്പെട്ടു, അച്ഛൻ നിരന്തരം ഭാരതപര്യടനത്തിൽ ആയിരുന്നു. ക്ലാസ്സ് മുറി സ്കൂൾ വിദ്യാഭ്യാസം മിക്കവാറും കിട്ടിയില്ല, പക്ഷെ, വരയും അനാടമിയും, ഭൂമിശാസ്ത്രവും ചരിത്രവും സാഹിത്യവും കണക്കും സംസ്കൃതവും പഠിച്ചു. ജൂഡോ, ഗുസ്തി എന്നീ അഭ്യാസങ്ങളിലും മിടുക്ക് നേടി. കാളിദാസന്റെ ക്ലാസ്സിക് കവിതകൾ പഠിച്ചു. സിഖ് മതവുമായി 6 കവിതകളും, ബംഗാളി കുട്ടികളുടെ മാസികയിൽ സിഖ് മതത്തേക്കുറിച്ച് ലേഖനപരമ്പരയും പ്രസിദ്ധീകരിച്ചു. ഗീതാജ്ഞലി, ഘുരെ ബൈരെ, ഗോര, ജനഗണമന, രബീൻദ് സംഗീതം, അമർഷോണർ ബംഗ്ലാ തുടങ്ങിയ പ്രധാന കൃതികൾ 1877 ൽ പൂർത്തിയായി. ടാഗോറിനെ ബാരിസ്റ്റർ ആക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിയമം പഠിച്ചു.

 

1912 ൽ ഗീതാജ്ഞലി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു,1913 ൽ സാഹിത്യത്തിൽ നോബൽ സമ്മാനം ലഭിച്ചു. പുരസ്‌കാരം നേടുന്ന ആദ്യ യൂറോപ്യനിതരൻ, ആദ്യ ഗാനരചയിതാവ്. 1915 ൽ ജോർജ്ജ് അഞ്ചാമൻ നൽകിയ നൈറ്റ്‌ ഹൂഡ് അവാർഡ്,1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ത്യജിച്ചു.1921 ൽ ശാന്തിനികേതനടുത്തുള്ള ഗ്രാമമായ സുഭാളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ റീകൺസ്‌ട്രക്ഷൻ സ്ഥാപിച്ചു.

 

ശാന്തിനികേതനിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി.1923 ഡിസംബർ 23 നാണ് ടാഗോർ സ്ഥാപിച്ചത്.1951 മേയിൽ പാർലമെന്റ് പാസ്സാക്കിയ നിയമത്തിലൂടെയാണ് വിശ്വഭാരതി കേന്ദ്രീയ സർവകലാശാലയായി ഉയർത്തപ്പെട്ടത്. ഇതിന്റെ ആദർശ സൂത്രം ‘ യത്ര വിശ്വം, ഭവത്യേക നീഡം ‘ എന്നാണ്.515 അധ്യാപകരും 6500 വിദ്യാര്ഥികളും ഉണ്ട്.1863 ൽ പിതാവ് 7 ഏക്കർ സ്ഥലത്തുണ്ടാക്കിയ പ്രാർത്ഥനാ മന്ദിരമാണ് പിന്നീട് സർവകലാശാലയായി മാറിയത്.

 

ലാളിത്യം മുഖമുദ്രയാക്കപ്പെട്ട വിശ്വഭാരതിയിൽ തുടക്കത്തിൽ സംഗീതം, ചിത്രകല, നാടകം തുടങ്ങിയ വിഷയങ്ങളിലായിരുന്നു അധ്യാപനം.1921 ഡിസംബർ 22 ന് സ്വന്തം ഭരണഘടനയുള്ള പൊതു സ്ഥാപനമായി രജിസ്റ്റർ ചെയ്യപ്പെട്ടു. ക്ലാസ്സ് മുറികൾക്കുള്ളിലെ പഠനരീതിയയോട് ടാഗോറിനു എതിർപ്പായിരുന്നു, കാരണം അവിടുത്തെ നാലുചുവരുകൾ വിദ്യാർഥികളുടെ മനസ്സുകളെ സങ്കുചിതമാക്കുമെന്ന് അദ്ദേഹം ഭയന്നു.

 

ലോകത്തെ തുറന്ന പാഠശാലയായി കണ്ട മഹത് വ്യക്തിത്വത്തിന്റെ ജീവിതദർശനത്തിന്റെ ഒരു ചെറു വചനം കൂടി വായനക്കാരുടെ മനസ്സുകളിലേക്ക് തെളിച്ചുകൊണ്ട് നിർത്തുകയാണ്..
” നമ്മൾ ലോകത്തെ സ്നേഹിച്ചുതുടങ്ങുമ്പോൾ ജീവിച്ചും തുടങ്ങുന്നു. “

 

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.