ജനാധിപത്യത്തിലെ നാലാം സ്തംഭത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രസക്തി

 

ജനാധിപത്യത്തിലെ നാലാം സ്തംഭത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രസക്തി

 

1986 ഡിസംബർ 17, കോളംബിയയിലെ ബോഗോട്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എൽ സെർപെക്ടഡോർ എന്ന പത്രസ്ഥാപനത്തിന്റെ ഓഫീസിനു മുന്നിൽ രാജ്യത്തെ അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്ന ഗുയില്ലെർമോ ലാനോ ഐസസ കൊല്ലപ്പെട്ടു ! ആ രാജ്യത്തെ മയക്കുമരുന്ന് ലോബികൾക്കെന്നും തലവേദന ആയിരുന്നു അദ്ദേഹം, ഇക്കൂട്ടർക്കെതിരെ അദ്ദേഹത്തിന്റെ തൂലിക നിരന്തരം ഗർജ്ജിച്ചുകൊണ്ടിരിക്കുകയായിരുന്നുഎന്ന കാര്യം മരണവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടാണ് ലോകത്ത് മാധ്യമപ്രവർത്തകർ ജോലിചെയ്തു കൊണ്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം.കർത്തവ്യനിർവഹണത്തിനിടയിൽ മരണപ്പെടുന്ന പത്ര മാധ്യമ പ്രവർത്തകരോടുള്ള ആദരസൂചകമായും, ലോകത്തെ പത്രസ്വാതന്ത്ര്യ നിലവാരത്തെ വിലയിരുത്താനുള്ള അവസരമായും കരുതപ്പെടുന്ന ഒരുദിവസം. ലോകപത്രസ്വാതന്ത്ര്യ ദിനം, മേയ് 3.

 

1993 ഡിസംബറിലാണ് ഐക്യരാഷ്ട്ര സംഘടന, യുനെസ്കോ പൊതുസമ്മേളനത്തിന്റെ ആവശ്യപ്രകാരം ഈദിനാചരണം പ്രഖ്യാപിച്ചത്. ‘വിന്ധോക് പ്രഖ്യാപന’ ത്തിന്റെ വാർഷികം അനുസ്മരിക്കുന്നതിനാണ് ഈ ദിവസം തെരഞ്ഞെടുത്തത്. പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ ലോകരാജ്യങ്ങളിലെ സർക്കാരുകളുടെ താല്പര്യം ഉണർത്തുന്ന ഈദിനത്തിൽ ഈ മേഖലയിലെ പലതരം പ്രശ്നങ്ങളും വെല്ലുവിളികളും അവക്കുള്ള പരിഹാരമാർഗങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, യുനെസ്കോയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെടുന്നുമുണ്ട്.

 

ആഫ്രിക്കൻ പത്രപ്രവർത്തകർ 1991 ൽ നമീബിയയുടെ തലസ്ഥാനമായ വിന്ധോക്കിൽ, പത്ര സ്വാതന്ത്ര്യം സംബന്ധിച്ച പ്രഖ്യാപനം നടത്തുകയുണ്ടായി. അതിന്റെ വാർഷികമായാണ് എല്ലാ വർഷവും മേയ് 3 ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിക്കുന്നത്. അന്ന് യുനെസ്കോ സംഘടിപ്പിച്ച സെമിനാറിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഏപ്രിൽ 29 ന് തുടങ്ങിയ പരിപാടികൾ അവസാനിച്ച മൂന്നാം തിയതിയാണ് പ്രഖ്യാപനം അംഗീകരിക്കപ്പെട്ടത്, അത് ലോക പത്ര സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കപ്പെട്ടു. 1948 ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 19 ആം വകുപ്പിൽ നിഷ്കർഷിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം എന്ന അവകാശം ഈ ദിനാചരണം ഉയർത്തിക്കാട്ടുന്നു.

 

ഗുയില്ലെർമോ ലാനോയുടെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെ പേരിൽ പത്രസ്വാതന്ത്ര്യ പുരസ്‌കാരം എല്ലാവർഷവും ഒരു വ്യക്തിക്കോ സംഘടനക്കോ സ്ഥാപനത്തിനോ നൽകിവരുന്നു. പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് നടത്തിയ ഏറ്റവും മികവാർന്ന പ്രവർത്തനം പരിഗണിച്ചാണ് പുരസ്‌കാരം നൽകുക.കഴിഞ്ഞവർഷത്തെ പുരസ്കാരജേതാവ് ഫിലിപ്പീൻസ് സ്വദേശിനി മരിയ റെസ്സയാണ്.1997 മുതലാണ് അവാർഡ് നൽകിതുടങ്ങിയത്. മാധ്യമപ്രവർത്തന രംഗത്തെ 14 പേരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിക്കുക. രാജ്യങ്ങളിലെ എൻ ജി ഓകൾക്കും മറ്റും പേരുകൾ നിർദേശിക്കാവുന്നതാണ്, 25,000 യു എസ് ഡോളർ ആണ് സമ്മാനത്തുക. ജനാധിപത്യഭരണക്രമത്തിൽ പ്രധാനമായും നാല് അടിസ്ഥാനസ്തംഭങ്ങൾ ആണുള്ളളത്, എക്സിക്യൂട്ടീവ്, ലേജിസ്ലേറ്റീവ്, ജുഡീഷ്യറി, നാലാമത് മാധ്യമങ്ങൾ. ഇവ നാലും ഒരുപോലെ ശക്തവും ആരോഗ്യപൂർണവും ആയിരുന്നാലേ ഏതൊരു രാജ്യത്തെയും ജനാധിപത്യം മികച്ചതാവുകയുള്ളൂ. പത്ര ദൃശ്യ മാധ്യമങ്ങൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് അവയ്ക്ക് സമൂഹത്തോട് നിർവഹിക്കാനുള്ളത്. അത് യഥാവിധം പുലർത്താൻ അവയ്ക്ക് സാധിക്കണം. സ്വതന്ത്രമായതും ഭയരഹിതമായതുമായ മാധ്യമ പ്രവർത്തനത്തിലൂടെ ശരിയായ വിവരങ്ങളും അറിവുകളും ജനങ്ങളിലേക്ക് അവർ എത്തിക്കേണ്ടതുണ്ട്.

 

ആധുനിക പത്രപ്രവർത്തണകാലത്തിന്റെ ആരംഭം 1920 കളിലാണ്. പക്ഷെ,17 ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ വാർത്താപത്രം ആദ്യമായി അച്ചടിച്ചു വിതരണം ചെയ്തതായി ചരിത്രം, ദ്വൈ വാരികയായിട്ടായിരുന്നു പ്രസിദ്ധീകരിച്ചത്. ദി ഡെയിലി കറൻറ് (The Daily Corrent ) എന്നപേരിൽ അത് പിന്നീട് പത്രമായി അച്ചടിച്ചുതുടങ്ങി.1690 ൽ യു എസിലും പ്രസിദ്ധീകരണം തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ പത്രം ബംഗാൾ ഗസറ്റ് ആണ്,1780 ജനുവരി 29 നാണ് തുടങ്ങിയത്. രാജ്യസമാചാരം കേരളത്തിൽ ആദ്യം ഇറങ്ങിയ പത്രം,1847 ൽ. അടുത്തവർഷം കോട്ടയത്തുനിന്നും ജ്ഞാനദീപം പുറത്തിറങ്ങി, പശ്ചിമതാരക (1865), കേരളപതാക (1870),മലയാളമിത്രം (1878), കേരളമിത്രം (1881), നസ്രാണിദീപിക (1887), മലയാളമനോരമ (1890). ഇതാണ് മലയാളത്തിന്റെ ആദ്യകാല പത്രങ്ങളുടെ പ്രസിദ്ധീകരണത്തിന്റെ ചരിത്രനാൾവഴി.കാലം ഒത്തിരി മാറിയിരിക്കുന്നു, ഓൺലൈൻ മാധ്യമ പ്രവർത്തനം സർവ്വ വ്യാപനം നേടിക്കഴിഞ്ഞു.

 

പത്രസ്വാതന്ത്ര്യം എല്ലാക്കാലത്തും വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്, ഇനിയുമുണ്ടാവും. ഈ മേഖലയിൽ ഒരുപാട് പേരുടെ ജീവൻ നഷ്ടമാകുന്നു.വിവരശേഖരണത്തിന്റെ വഴിയിൽ പലവിധമായ പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ട് മാധ്യമപ്രവർത്തനം നടത്തുന്ന, ജനങ്ങളിലേക്ക് സത്യസന്ധമായി വിവരങ്ങൾ എത്തിക്കാൻ പരിശ്രമിക്കുന്നവർക്കും, ജീവൻ നഷ്ടപ്പെട്ടവർക്കും ഈദിനം അർപ്പിക്കാം. ദി വേൾഡ് പ്രെസ്സ് ഫ്രീഡം ഇൻഡക്സ് 2020 ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രകാരം, 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 142 ആണ്. മാധ്യമസ്വാതന്ത്ര്യം മികച്ച നിലയിലുള്ള ആദ്യ 5 രാജ്യങ്ങൾ നോർവേ, ഫിൻലാണ്ട്, ഡെന്മാർക്, സ്വീഡൻ, നെതർലാന്റ്സ് എന്നിവയാണ്. ഇക്കാര്യത്തിൽ ഭാരതത്തിന്റെ നില ഒട്ടും തൃപ്തികരമല്ല എന്ന് വ്യക്തം.

 

അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും കീഴടക്കാൻ കഴിയാത്ത വിധം ഈ രംഗത്തുള്ളവർക്ക് പ്രവർത്തിക്കാൻ കഴിയട്ടെ. അധികാരത്തിന്റെയും മറ്റും കുഴലൂത്തുകാരായി മാധ്യപ്രവർത്തകർ മാറാതിരുന്നാലേ സമൂഹത്തിന് യാഥാർഥ്യങ്ങൾ അറിയാനാവൂ, നീതി ലഭ്യമാവൂ. കച്ചവടക്കണ്ണോടെ നിലപാട് സ്വീകരിക്കുന്ന സ്ഥാപന മേലാളന്മാർക്ക് കീഴിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് ശരിയായ വിവരങ്ങൾ പൂർണമായി കിട്ടാൻ സാധ്യത ഇല്ല.ബാഗ്ലൂരിൽ കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തകൻ ഗൗരി ലങ്കേഷ് ഉൾപ്പെടെയുള്ള ധീരരെ ഓർത്തുകൊണ്ട്, മികച്ച മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യക്രമത്തിന് ആഗ്രഹിച്ചുകൊണ്ട്, ലോക പത്ര സ്വാതന്ത്ര്യ ദിനാശംസകൾ

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.