ഭാരതമെന്ന ആണവശക്തി

ഭാരതമെന്ന ആണവശക്തി

ശാസ്ത്രവും സാങ്കേതികവിദ്യകളുമെല്ലാം മനുഷ്യജീവനുകൾ സംരക്ഷിക്കപ്പെടാൻ വേണ്ടിയാവണമെന്ന് വിശ്വസിക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്ന രാജ്യമാണ് ഭാരതം. കോവിഡ് കാലത്ത് നമ്മൾ അത് കണ്ടതാണ്, കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ രാജ്യം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചു നമ്മൾ, കോവിഡിന് വാക്സിൻ കണ്ടെത്തിയും ലോകത്തെ അത്ഭുതപ്പെടുത്തി.ശാസ്ത്ര സാങ്കേതിക ജ്ഞാനങ്ങളെ മനുഷ്യജീവനുകൾക്ക് ആപത്ത് വരത്തക്കവിധം ഉപയോഗിച്ച ചരിത്രം ലോകത്തെമ്പാടും കാണാൻ കഴിയും. പക്ഷെ, ഇന്ത്യ ആ നിലപാടിനോട് ഒരിക്കലും യോജിച്ചില്ല. ആണവ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ നമ്മൾ എന്നേ സ്വയം പര്യാപ്തി നേടിക്കഴിഞ്ഞു. മാത്രമല്ല, ഭാരതം ഒരു ആണവശക്തിയാവുകയും ചെയ്തു. ആണവ ക്ലബ്ബിലെ രാഷ്ട്രങ്ങളിൽ ആറാം സ്ഥാനത്ത് നമ്മൾ നിൽക്കുന്നു.1998 മെയ്‌ 13 ന് അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന അടൽ ബീഹാരി വാജ്പേയ് പത്രസമ്മേളനം നടത്തി, ഇന്ത്യ സർവസജ്ജമായ ആണവരാഷ്ട്രമായി എന്ന് പ്രഖ്യാപിച്ചതിന് പിന്നിലെ ചരിത്രസംഭവം നമ്മൾ മറന്നുകൂടാ. അത് ഓർമിപ്പിക്കാൻ കൂടിയാണ് ഇത്രയും മുഖവുരയായി പറഞ്ഞത്. 1998 മേയ് 11, ഇതേദിനം…

 

സ്ഥലം രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമി, ഇന്ത്യൻ ആർമിയുടെ പരീക്ഷണ ഭൂമികയിൽ ‘ഓപ്പറേഷൻ ശക്തി ‘ അല്ലെങ്കിൽ പൊഖ്റാൻ 2 എന്ന ആണവായുധ പരീക്ഷണം രാജ്യം നടത്തി. ആകെ 5 അണുബോംബുകളാണ് അവിടെ പരീക്ഷിച്ചത്, ആദ്യത്തേത് ഫ്യൂഷൻ ബോംബും മറ്റ് നാലെണ്ണം ഫിഷൻ ബോംബുകളുമായിരുന്നു.അന്നുതന്നെ ഡി ആർ ഡി ഒയുടെ നേതൃത്വത്തിൽ ബാഗ്ലൂരിൽ ഹൻസ 3 എന്ന തദ്ദേശീയ വിമാനത്തിന്റെ പരീക്ഷണ പറക്കലും വിജയകരമായി നടന്നു, കൂടാതെ,പൂർണമായും തദ്ദേശീയമായി നിർമിച്ച തൃശൂൽ മിസൈലിന്റെ വിജയകരമായ വിക്ഷേപണവും നടത്തുകയുണ്ടായി ‘ബുദ്ധൻ ചിരിക്കുന്നു ‘ എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യ ആണവ പരീക്ഷണം നടത്തി നാം അഭിമാനകറമായ നേട്ടം കൈവരിച്ചതിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് പൊഖ്റാൻ.1974 മേയിലായിരുന്നു ലോകത്തെ ഞെട്ടിച്ച അണുവിസ്ഫോടനം നടന്നത്.

 

ഇവിടെ 1998 ൽ രണ്ടാമതും രാജ്യം ആണവപരീക്ഷണം നടത്തി. തുടർന്ന് പ്രധാനമന്ത്രി എ ബി വാജ്പേയ് മേയ് 11 ദേശീയ സാങ്കേതിക ദിനമായി പ്രഖ്യാപിക്കുകയായിരുന്നു.1999 മുതൽ ആചരണം തുടർന്നുവരികയാണ്. ശാസ്ത്രത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനും, വിദ്യാർത്ഥികളെ ശാസ്ത്രവിഷയങ്ങൾ പഠിക്കാൻ കൂടുതൽ പ്രോത്സാഹിപ്പിക്കാനും ഈദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ എഞ്ചിനീയർമാരുടേയും ശാസ്ത്രജ്ഞരുടെയും വിലപ്പെട്ട സംഭാവനകൾ മാനിക്കപ്പെടുകയും ചെയ്യുന്നു ഈ ദിനത്തിൽ. തദ്ദേശീയമായ സാങ്കേതിക വിദ്യകളിലൂടെ ഈ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ മികച്ച സംഭാവനകൾ നൽകുന്ന വിദഗ്ദ്ധരായ വ്യക്തിത്വങ്ങൾക്ക് എല്ലാവർഷവും ഈദിനത്തിൽ ഇന്ത്യൻ സാങ്കേതിക വികസന ബോർഡ് പുരസ്‌കാരങ്ങൾ നൽകും.ശാസ്ത്രസാങ്കേതിക വകുപ്പ്, ജൈവസാങ്കേതിക വകുപ്പ്, ഭൗമശാസ്ത്രവകുപ്പ്, ശാസ്ത്രീയ വ്യവസായിക വികസനവകുപ്പ് എന്നിവ സംയുക്തമായാണ് ആഘോഷങ്ങൾ നടത്തുക.

 

1998 മേയ് 11 നും 13 നുമായി ആകെ 5 പരീക്ഷണങ്ങളാണ് നടന്നത്. ആദ്യദിനം മൂന്നും രണ്ടാം ദിവസം രണ്ടും.13 ലെ പരീക്ഷണങ്ങൾക്ക് നേതൃത്വം കൊടുത്തത് അന്നത്തെ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം ആയിരുന്നു.ആണവ ഭൗതിക ശാസ്ത്രജ്ഞൻ മഹാനായ ഹോമി ജെ ഭാഭാ 1945 ൽ സ്ഥാപിച്ചതാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഫോർ ദി ഹാർനെസ്സിങ് ഓഫ് ന്യൂക്ലിയർ എനർജി.1967 ൽ ആണവായുധം നിർമ്മിക്കാൻ രാജ്യം തീരുമാനിച്ചു. തുടർന്ന് 1974 ൽ ആദ്യ ആണവ പരീക്ഷണം നടത്തി( പൊഖ്റാൻ 1), പിന്നീട് 98 ൽ രണ്ടാം പൊഖ്റാൻ അണുപരീക്ഷണം. വിജയകരമായി മൂന്ന് ആണവ പരീക്ഷണം നടത്തിയതിന്റെ സ്മരണക്കായാണ് ഈ ദിനാചരണം.

 

ഈ മേഖലയിൽ നമ്മൾ ആർജ്ജിക്കുന്ന നേട്ടങ്ങൾക്കെല്ലാം നന്ദിയർപ്പിക്കേണ്ട മഹത്തുക്കൾ ഭാഭാ യെ കൂടാതെ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായ്, ബഹിരാകാശ ശാസ്ത്രജ്ഞൻ വെങ്കട്ടരാമൻ രാധാകൃഷ്ണൻ, രാജ്യത്തിന്റെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്ന എ പി ജെ അബ്ദുൽ കലാം, അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ആർ ചിദംബരം തുടങ്ങിയവരാണ്. ഇതിൽ ഓപ്പറേഷൻ ശക്തി നടപ്പാക്കിയത് കലാമും ചിദംബരവും നേതൃത്വം നൽകിയ സംഘമാണ്. ഡി ആർ ഡി ഓ യെയും ഐ എസ് ആർ ഓ യെയും ചേർത്തുപറയേണ്ടതുണ്ട്. ഈ പരീക്ഷണത്തിന്റെ പേരിൽ ലോകരാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത് നാം ഓർക്കണം. തുടർന്ന് രാജ്യത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വിദേശ നിക്ഷേപങ്ങളുടെ വരവ് നിലച്ചു, പക്ഷെ എല്ലാ പ്രതിസന്ധികളും വാജ്പേയ് സർക്കാർ അതിജീവിക്കുകയും ലോകത്തിന്റെ എതിർപ്പ് ക്രമേണ മാറ്റിയെടുക്കുകയും ചെയ്തു. പരീക്ഷണം അമേരിക്കൻ ഇന്റലിജൻസിനെപ്പോലും ഞെട്ടിച്ചു എന്ന് അറിയുമ്പോൾ നമ്മുടെ വിജയത്തിന്റെ മാറ്റ് കൂടുതൽ വെളിപ്പെടുന്നു.

 

ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ള രാജ്യങ്ങൾ റഷ്യയും അമേരിക്കയുമാണ് റഷ്യക്ക് 6,255 പോർ മുനകൾ ഉള്ളപ്പോൾ യു എസ്സിന് 5,550 എണ്ണമാണുള്ളത്.രാജ്യത്തിന്റെ ശക്തിയാണ് നമ്മുടെ പ്രതിരോധസേനകളും, വിവിധ ആയുധങ്ങളും,ശാസ്ത്രസാങ്കേതിക സംവിധാനങ്ങളും മറ്റും. ഇക്കാര്യങ്ങളിലൊക്കെയും ഭാരതം ഏറ്റവും മികച്ച സ്ഥാനത്ത് ന്നിലകൊള്ളുന്നു. ഒരു രാജ്യത്തെയും ജനതയെയും അങ്ങോട്ട് ഉപദ്രവിക്കാനോ നാശനഷ്ടങ്ങൾ ഉണ്ടാക്കാനോ ഇന്ത്യ ആഗ്രഹിക്കുന്നില്ല, പക്ഷെ നമ്മളോട് ശത്രുത പുലർത്തുന്നവരെ കരുതലോടെ സമീപിക്കാനും, കൈകാര്യം ചെയ്യാനും നമുക്ക് ശേഷിയുണ്ട്. ലോകത്തിന് നന്മ മാത്രം കാoക്ഷിക്കുന്ന ഭാരതത്തിന്റെ ഈ ശക്തികൾക്ക് നമ്മൾ ജനത എന്നും കരുത്തും പിന്തുണയും നൽകേണ്ടതുണ്ട്, പ്രോത്സാഹനവും ആദരവുകളും നൽകണം. അവരുടെ സ്തുത്യർഹ സേവനങ്ങൾ ഓർക്കപ്പെടുകയും വേണം. കാര്യങ്ങൾ അറിയുന്ന, പ്രബുദ്ധരായ ജനതയായി ഈ സേവകർക്കൊപ്പം നിലകൊള്ളാമെന്ന് ഈദിനത്തിൽ പ്രതിജ്ഞ എടുക്കുന്നതിനൊപ്പം, ആർജ്ജവമുള്ള ഇത്തരം ഭരണാധികാരികൾ എന്നും സ്മരിക്കപ്പെടുമെന്നും ഉറപ്പായും രേഖപ്പെടുത്താം.

 

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.