അമ്മമാരുടെ രക്ഷയ്ക്ക്, പുതുതലമുറകളുടെയും

 

അമ്മമാരുടെ രക്ഷയ്ക്ക്, പുതുതലമുറകളുടെയും

 

അമ്മയാവുക, പുതുതലമുറകൾക്ക് ജന്മം കൊടുക്കുക… ഒരുപാട് വേദനയും ത്യാഗവും സഹിച്ച് പെണ്ണ് ചെയ്യുന്ന അതുല്യവും വിലമതിക്കാനാവാത്തതുമായ പുണ്യകർമ്മം. ഭൂമിയിൽ മാത്രമാണ് ജീവൻ നിലനിൽക്കുന്നത്, എല്ലാ ജീവജാലങ്ങളും തലമുറകൾ നിലനിർത്തുന്ന പ്രത്യുൽപ്പാദനം എന്ന അതിവിശിഷ്ട കർമത്തിലൂടെയും. പെൺ ജന്മങ്ങളുടെ നിയോഗമാണ് പുതുനാമ്പുകൾക്ക് ജന്മം കൊടുക്കുക എന്ന സവിശേഷപ്രക്രിയ, ഏത് ജീവജാലമായാലും. ജീവിക്കുന്നതിനൊപ്പം, ജീവനുകൾക്ക് സുരക്ഷിതമായി പിറവിയ്ക്ക് അവസരം ഒരുക്കപ്പെടലും പെൺ ജന്മങ്ങളുടെ അവകാശമാണ്.മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്ത്രീക്ക് കിട്ടിയ മഹാഭാഗ്യമാണ് ഇത്.

 

സുരക്ഷിതമായ ഗർഭകാലം, ആരോഗ്യപൂർണമായ കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള അനുകൂല സാഹചര്യം എന്നിവ സ്ത്രീക്ക് ഒരുക്കപ്പെടണം. ഗർഭകാല സൗകര്യങ്ങൾ, മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ട സുരക്ഷ ഇവയെക്കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ആചരിക്കപ്പെടുന്ന ദിനമാണ് ദേശീയ സുരക്ഷിത മാതൃത്വ ദിനം… അത് ഇന്നാണ്… ഏപ്രിൽ 11. സ്ത്രീകൾ പ്രസവത്തിനിടെ മരണപ്പെടുന്ന സംഭവങ്ങൾ സാധാരണമാണ്, ആവശ്യത്തിന് പോഷകാഹാരം കിട്ടാത്ത സ്ഥിതിയും വ്യാപകമാണ്. പോഷകാഹാരക്കുറവ് മൂലം സംഭവിക്കുന്ന വിളർച്ചയും മറ്റും ഉണ്ടാവാതെ നോക്കാനും, പ്രസവത്തിനു മുമ്പും. ശേഷവും ആരോഗ്യ രക്ഷ ഉറപ്പാക്കുന്നതിനും ആഹ്വാനം കൂടിയാണ് ഈ ദിനത്തിൽ ഉയർത്തുന്നത്.

 

1999 ൽ രൂപമെടുത്ത White Ribbon Alliance India ( WRAI ) എന്ന ഏജൻസി ആണ് ഇന്ത്യയിൽ ഈ ദിവസത്തിലെ പരിപാടികൾക്ക് മുൻകൈ എടുക്കുന്നത്. നേരത്തെയുള്ള പ്രസവം, ബാലവിവാഹം തുടങ്ങിയ കാരണങ്ങൾ പ്രസവസമയത്തെ അമ്മമാരുടെ മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത്തരം മരണങ്ങൾ കുറയ്ക്കാൻ ഇന്ത്യാ ഗവണ്മെന്റ് നടപടികൾ കൈക്കൊണ്ടുവരുന്നു. 2003 ൽ WRAI യുടെ അപേക്ഷ പ്രകാരം ഏപ്രിൽ 11 ഇങ്ങനൊരു ദിനാചരണം തീരുമാനിക്കുകയായിരുന്നു. ഈദിവസം തെരഞ്ഞെടുക്കാനൊരു കാരണമുണ്ടായി, അതായത്, ഏപ്രിൽ 11 മഹാത്മജിയുടെ പ്രിയപത്നി കസ്തൂർബാ ഗാന്ധിയുടെ ജന്മവാര്ഷിക ദിനമാണ് എന്നതാണത്. ആ സവിശേഷദിനത്തിനോടുള്ള ആദരവായാണ് ദിനാചരണം തീരുമാനിക്കപ്പെട്ടത്.

 

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് ഏതാണ്ട് 830 സ്ത്രീകൾ ഗർഭകാലത്ത് ദിവസവും മരണപെടുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ അവസ്ഥ വളരെ ശോചനീയമാണെന്നും കണക്കുകൾ പറയുന്നു. ഗ്രാമപ്രദേശങ്ങളിലും, ദരിദ്രരായ കുടുംബങ്ങളിലും ഇത്തരം മരണങ്ങൾ സർവസാധാരണമാണെന്നും വിലയിരുത്തപ്പെടുന്നു. ഇക്കാര്യത്തിൽ നമ്മുടെ രാജ്യത്തിലെ അവസ്ഥ ഒട്ടും ആശാവഹമല്ല. ലോകത്ത് ഈ മരണനിരക്ക് 1990 നും 2015 നുമിടയിൽ 44% കണ്ട് താഴ്ന്നത് വളരെ പ്രതീക്ഷ നൽകുന്നുണ്ട്. ആഗോള മരണ അനുപാതം 2016- 2030 കാലയളവിൽ ഒരുലക്ഷത്തിന് 70 എന്ന കണക്കിൽ കുറയ്ക്കാനാണ് WHO ലക്ഷ്യമിടുന്നത്. ഗർഭകാലവും ശേഷവും അമ്മയും കുഞ്ഞും എല്ലാ പരിചരണവും ലഭിച്ച് ആരോഗ്യപൂർണമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ WRAI ശ്രമങ്ങൾ നടത്തിവരുന്നു.

 

ലോകത്തെ ഗർഭകാല മാതൃ മരണത്തിന്റെ 15% ഇന്ത്യയിലാണ് സംഭവിക്കുന്നത്, ഇത്തരത്തിൽ വർഷവും 44000 മരണങ്ങളാണ് സംഭവിക്കുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഈ ദുരവസ്ഥ ഒഴിവാക്കപ്പെടേണ്ടതുണ്ട്. നമ്മുടെ ഗ്രാമീണ, ആദിവാസി മേഖലകളിൽ മാതൃ ശിശു മരണനിരക്ക് കൂടുതലാണെന്നതും ചർച്ചാവിഷയമാണ്. പോഷകാഹാര കുറവും രക്ഷയില്ലായ്മയും തുടങ്ങി പല കാരണങ്ങളാൽ അമ്മമാരും നവജാത ശിശുക്കളും മരണപ്പെടുന്ന സാഹചര്യം ഒട്ടും ആശ്വാസ്യമല്ല. ഗർഭാവസ്ഥയിൽ സ്ത്രീക്ക് കിട്ടേണ്ട എല്ലാ പരിചരണവും പോഷകാഹാരവും ഉറപ്പാക്കുകയും, ബാലവിവാഹവും വളരെ നേരത്തെയുള്ള ഗർഭം ധരിക്കലും ഒഴിവാക്കുകയും ചെയ്യപ്പെടണം. അതൊക്കെയും ബന്ധപ്പെട്ട വകുപ്പുകളുടെ മാത്രമല്ല മുഴുവൻ സമൂഹത്തിന്റെയും ബാധ്യതയാണെന്ന് അറിയണം. ഇതിനുള്ള ബോധവൽക്കരണം കൂടിയാണ് ഏപ്രിൽ 11 ലെ ദിനാചരണം ലക്ഷ്യമാക്കുന്നത്. ഈവർഷത്തെ വിഷയം ” Remain at home amid corona virus, protect mother and infant safe from Corona virus.’ എന്നതാണ്.

 

ഇത് ഇന്നത്തെ സാഹചര്യം കണക്കിലെടുത്തുള്ള സന്ദേശമാണ്, കാരണം രണ്ടു വർഷമായി ലോകം കൊറോണ വൈറസിന്റെ ഭീഷണി നേരിടുകയാണ്. ഗർഭിണികൾ അണുബാധയുണ്ടാവാതെ കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലം. മഹാമാരിക്കാലത്ത് സുരക്ഷിതസ്ഥാനങ്ങളായ വീടുകളിൽ തങ്ങുകയും അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് ദിനാചരണത്തിൽ ബന്ധപ്പെട്ടവർ ഓർമിപ്പിക്കുന്നു.

 

” കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ സ്നേഹത്തിന് സമമായി ലോകത്ത് മറ്റൊന്നുമില്ല “

 

 

എന്ന ലോകപ്രശസ്ത എഴുത്തുകാരി ഡാമേ അഗത മേരി ക്ലാരിസ്സ ക്രിസ്റ്റിയുടെ വാക്കുകളിൽ ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്. തലമുറകളുടെ ആരോഗ്യപൂർണമായ സൃഷ്ടിപ്പ് ആരോഗ്യമുള്ള അമ്മമാരിലൂടെയാണ് നടക്കേണ്ടത്. ഒരുകാരണവശാലും അമ്മയോ നവജജാതശിശുവോ മരണപ്പെടുന്ന അശുഭകരമായ അനുഭവം സാർവ്വത്രികമാകാതിരിക്കട്ടെ. ഇക്കാര്യത്തിൽ നമ്മുടെ നാടും കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് അതിവേഗം എത്തട്ടെ. ഇതിന്റെ കാരണങ്ങൾ ഒഴിവാക്കപ്പെടുന്നതിന് ആവശ്യമായ ബോധവൽക്കരണവും നിയമനടപടികളും ഉണ്ടാവേണ്ടതുണ്ട്. സുരക്ഷിത മാതൃദിന ആശംസകൾ …….

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.