പ്രസക്തിയേറുന്ന പഞ്ചായത്തീരാജ്

പ്രസക്തിയേറുന്ന പഞ്ചായത്തീരാജ്

രാഷ്ട്രപിതാവ് വിഭാവനം ചെയ്ത ഗ്രാമസ്വരാജ് വലിയ ആശയമായിരുന്നു. അതിലൂടെ പൂർണസ്വരാജ് അദ്ദേഹം സ്വപ്നം കണ്ടു, അതിനായി അഹോരാത്രം പണിപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സമ്മേളനത്തിൽ പൂർണസ്വരാജ് പ്രഖ്യാപനം നടത്തിക്കൊണ്ടാണല്ലോ മഹാത്മജിയും കൂട്ടരും സമാധാനവും സഹനതയും കൈമുതലാക്കി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സമരം നയിച്ചത്. സ്വരാജ് സങ്കല്പം, കേവലം ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന ലക്ഷ്യത്തിൽ അല്ല കേന്ദ്രീകരിച്ചത്, മറിച്ച് ഓരോ ഇന്ത്യൻഗ്രാമവും സർവതന്ത്ര സ്വതന്ത്രമായിത്തീരുക എന്നതാണ് അന്തിമലക്ഷ്യമമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.ഇതാണ്, ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമായ പഞ്ചായത്തീരാജ് സംരംഭത്തിന്റെ പ്രചോദനം. അധികാര വികേന്ദ്രീകരണമെന്ന മഹത്തായ ആശയവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പിന്നീട് രൂപീകരിച്ച ബൽവന്ത് റായി മേത്ത കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ പ്രകാരം ആവിഷ്കരിക്കപ്പെട്ട വിപ്ലവകരമായ പദ്ധതിയാണ് പഞ്ചായത്തീരാജ് പദ്ധതി. മേത്ത കമ്മിറ്റി റിപ്പോർട്ട്‌ ദേശീയ വികസനസമിതി 1958 ൽ അംഗീകരിച്ചതോടെ ആദ്യം രാജസ്ഥാനിലും( നഗൗരിൽ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും (1960 ജനുവരി 18 ന് എറണാകുളത്ത് കേരളത്തിലെ പഞ്ചായത്തിരാജ് ഭരണസംവിധാനം ഉത്ഘാടനം ചെയ്തത് ജവാഹർലാൽ നെഹ്‌റു ആയിരുന്നു )ഗ്രാമീണ സമിതികൾ രൂപം കൊണ്ടുതുടങ്ങി.73 മത് ഭരഘടനാ ഭേദഗതിയിലൂടെ ഇന്ത്യയിൽ പഞ്ചായത്തീരാജ് വ്യവസ്ഥ നിലവിൽ വന്നത് 1993 ഇതേ ദിവസമാണ്,

 

ഏപ്രിൽ 24… അതിന്റെ ഓർമ്മയ്ക്ക് എല്ലാവർഷവും പഞ്ചായത്തീരാജ് ദിനം ആചരിക്കുന്നു.
ഭേദഗതി പ്രകാരം, പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലേയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടറന്മാരുടെ കൂട്ടായ്മയായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതോടെ, രാജ്യത്ത് ത്രിതല പഞ്ചായത്ത്‌ സംവിധാനം നിലവിൽ വന്നു. ( ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾ ). 5 വർഷത്തിലൊരിക്കൽ ജനപ്രതിനിധികളെ തിരഞ്ഞെടുക്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക് എത്തി. വനിതകൾക്കും, പട്ടിക ജാതി വർഗ്ഗങ്ങൾക്കും സംവരണം ഉറപ്പാക്കി. ജനകീയ പങ്കാളിത്തത്തോടെ സമഗ്രമായ വികസനമായിരുന്നു ലക്ഷ്യങ്ങളിലൊന്ന്. പഞ്ചായത്തീരാജ് മന്ത്രാലയം, ഈദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളോട് ഏപ്രിൽ 24 ന് പ്രത്യേക ഗ്രാമസഭകൾ ചേരാൻ നിർദേശം കൊടുത്തിട്ടുണ്ട്. ദേശീയ പഞ്ചായത്ത് അവാർഡുകൾ 4 വിഭാഗങ്ങളിലായി ഈദിവസം പ്രഖ്യാപിക്കപ്പെടും. ആകെ 332 എണ്ണം. അവാർഡ് നേടുന്ന പഞ്ചായത്തുകൾക്ക് സമ്മാനത്തുകയായി കേന്ദ്രസർക്കാർ 44.70 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

 

മേത്താ കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ചും, ഇ എം എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലും, കേരളത്തിൽ കേരള പഞ്ചായത്ത് ആക്ട് 1962 ജനുവരി ഒന്നിന് നിലവിൽ വന്നിരുന്നു.തുടർന്ന്,922 ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ചു 1964 ജനുവരി ഒന്നിന് ഇവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ ചുമതലയിൽക്കുകയും ചെയ്തു. കേരള പഞ്ചായത്തീരാജ് നിയമം 1994 ഏപ്രിൽ 23 ന് നിലവിൽ വന്നു, സംസ്ഥാനത്ത് ആകെ 991 ഗ്രാമപഞ്ചായത്തുകളാണ് അന്ന് സ്ഥാപിക്കപ്പെട്ടത്. 73 അം ഭരണഘടനാ ഭേദഗതിയിലൂടെ പ്രാബല്യത്തിലായ പഞ്ചായത്തീരാജ് സംവിധാനത്തിൽ 1995 ൽ ചില ഭേദഗതികൾ കൊണ്ടുവന്നിരുന്നു.1999 ലും,2000 ലും പിന്നെയും ഭേദഗതികൾ വന്നു.ഈ സംവിധാനം ഇന്ത്യയേക്കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്.പഞ്ചായത്ത് എന്ന പദത്തിന്റെ പിറവി 5 എന്നർത്ഥം വരുന്ന’ പഞ്ചാ,’ സമ്മേളനം എന്നർത്ഥം വരുന്ന ‘ആയത്ത് ‘എന്നീ വാക്കുകൾ ചേർന്നാണ് പഞ്ചായത്ത് രൂപപ്പെട്ടത്. ‘രാജ് ‘എന്നാൽ ഭരണം എന്ന് അർത്ഥം.

 

രാജ്യത്ത് ഇപ്പോൾ 2.51 ലക്ഷം പഞ്ചായത്തുകൾ ഉള്ളതായി കണക്കുകൾ, ഇതിൽ 2.39 ലക്ഷം ഗ്രാമപഞ്ചായത്തുകളും, 6904 ബ്ലോക്ക് പഞ്ചായത്തുകളും ,589 ജില്ലാ പഞ്ചായത്തുകളും ആണുള്ളത്. 29 ലക്ഷം പഞ്ചായത്ത് പ്രതിനിധികൾ ആണുള്ളത്. ഗാന്ധിജി വിഭാവനം ചെയ്ത പരമ്പരാഗത പഞ്ചായത്തീരാജ് സമ്പ്രദായവും 1992 ലെ ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സംവിധാനവും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉള്ളതായി വിലാതിരുത്തപ്പെടുന്നുണ്ട്.
ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന് ചൂണ്ടിപ്പറഞ്ഞ, ഭാവി ഭാരതത്തെപ്പറ്റി ഏറെ സ്വപ്‌നങ്ങൾ കണ്ട മഹാത്മജിയുടെ വാക്കുകളിലൂടെ അവസാനിപ്പിക്കാം… ” The voice of the people may be said to be God’ s voice, the voice of the Panchayath. ” പൗരന്മാരുടെ ശബ്ദമായി മാറാൻ പഞ്ചായത്തുകൾക്ക് സാധിക്കട്ടെ, അഥവാ അധികാരം താഴെത്തട്ടിലേക്ക് എത്തുകയും, സാധാരണക്കാരന്റെ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുകയും ചെയ്യുന്ന, വികേന്ദ്രീകരണ സംവിധാനമായി പഞ്ചായത്തീരാജ് സംരംഭം നിലനിൽക്കട്ടെ, രാഷ്ട്രപിതാവ് സ്വപ്നം കണ്ട ഭാസുര ഭാരതത്തിലേക്ക് കൂടുതൽ ചുവടുകൾ വയ്ക്കാം.

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.