എല്ലാവരുടെയും ഭൂമി

എല്ലാവരുടെയും ഭൂമി

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവഷൻ ഓഫ് നേച്ചർ ( IUCN ) കണക്ക് പ്രകാരം ഭൂമിയിലെ ആകെ ജീവജാലങ്ങളിൽ 40 ശതമാനം വംശനാശഭീഷണിയിലാണ്. 31000 ലധികം ജീവിവർഗങ്ങൾ നാശത്തിന്റെ വക്കിലാണുള്ളത്. ഇതിൽ ഏറ്റവും ചെറു ജീവി വർഗങ്ങളായ ആൽഗകൾ, ഫoഗസുകൾ, തുടങ്ങി സസ്യങ്ങൾ, മൃഗങ്ങൾ ഒക്കെപ്പെടുന്നു. ലോകത്താകെയുള്ള ജീവിസമൂഹങ്ങളുടെ 27% വരുമിത്. IUCN ന്റെ പക്കൽ ഒരു റെഡ് ലിസ്റ്റ് കൂടിയുണ്ട്, ഏറ്റവും ഗുരുതര ഭീഷണി നേരിടുന്നവയുടെ ലിസ്റ്റ്, ഇതിൽ 16000 ലധികം ജീവികളാണ് ഉള്ളത്. ഇന്ത്യയിൽ പ്രധാനമായും 5 ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നു, ദി ഗ്രേറ്റർ അഡ്ജറ്റൻ സ്റ്റോർക് പക്ഷി, വെസ്റ്റേൺ ഹൂലോക്ക് ഗിബ്ബൻ കുരങ്ങ്, സിംഹവാലൻ കുരങ്ങ്, ഏഷ്യറ്റിക് സിംഹം, കാശ്മീരി റെഡ് സ്റ്റാഗ് കലമാൻ എന്നിവയാണ് IUCN ലിസ്റ്റിൽ ഉള്ളവ. ഇതിൽ ഏഷ്യറ്റിക് സിംഹം നിലവിൽ 674 എണ്ണം മാത്രമേയുള്ളൂ, കാശ്മീരി കലമാൻ ആകട്ടെ 237 എണ്ണവും. ജീവിവർഗങ്ങളുടെ നാശത്തിന് കാരണം പലതാണ്, മലിനീകരണം, വേഗത്തിലുള്ള നഗരവൽക്കരണം, പരിസ്ഥിതിനാശം, കാലാവസ്ഥാവ്യതിയാനം, വേട്ടയാടൽ,ആവാസവ്യവസ്ഥയിലെ മനുഷ്യാതിക്രമം,പ്രകൃതിദുരന്തങ്ങൾ ആഗോളതാപനം, തുടങ്ങി പലതും.

 

ജീവജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, നാശനം തടയാനും 1973 ഡിസംബർ 28 ന് ഒരു അന്താരാഷ്ട്ര നിയമം ഒപ്പിടപ്പെട്ടു.എന്നാൽ ആദ്യമായി വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾക്കുള്ള ദിനാചരണം എന്ന ആശയം മുന്നോട്ടുവച്ചതും പാസ്സാക്കിയതും അമേരിക്കൻ സെനറ്റിലാണ്,2006 ൽ. ഡേവിഡ് റോബിൻസൺ എന്നയാളാണ് ആശയം അവതരിപ്പിച്ചത്. എല്ലാ വർഷവും മേയ് മാസത്തെ മൂന്നാമത്തെ വെള്ളിയാഴ്ച ദിവസത്തിൽ ഈ ആചരണം 2006 നുശേഷം ആരംഭിച്ചു. വന്യജീവി സംരക്ഷണവും, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ജീവി വർഗങ്ങളെ കാക്കലുമാണ് ലക്ഷ്യങ്ങൾ. ഭൂമിയിൽ ജീവന്റെ തുടിപ്പ് ആരംഭിച്ചത് മുതൽ,പല ജീവികളും നശിക്കാനും തുടങ്ങിയിരുന്നു, ഭൗതിക, ജൈവീക കാരണങ്ങൾ അതിനുണ്ടുതാനും. ഇത് പ്രകൃതി നിയമമാണ്. ഇത്തരത്തിലുള്ള നാശനം തുടരുകയും ചെയ്യും. എന്നാൽ, നിലവിൽ ജീവിവർഗങ്ങൾക്കുണ്ടാകുന്ന നാശം മുമ്പുണ്ടായതിനേക്കാൾ വളരെ കൂടുതലാണ്. അതിന് പ്രകൃത്യാ ഉള്ള കാരണങ്ങളല്ല പറയാൻ കഴിയുക. മനുഷ്യന്റെ ദോഷകരമായ പ്രവർത്തനങ്ങൾ കാരണം വൻ തോതിൽ ചില ജീവി വർഗ്ഗങ്ങൾ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടുന്നുണ്ട് എന്നത് പരമാർത്ഥമാണ്.

 

ഏറ്റവുമധികം നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത് നീലതിമിംഗലത്തിന്റെ വംശത്തിനാണ്. അന്റാർട്ടിക് പ്രദേശത്ത് ധാരാളമായി കണ്ടുവന്ന ഇവ കാലങ്ങളായി വൻ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു.40 വർഷങ്ങൾക്ക് മുമ്പ് ഈ മേഖലയിൽ 2,39000 എണ്ണം ഉണ്ടായിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാലിന്ന് എണ്ണം വൻ തോതിൽ കുറഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം നീല തിമിംഗല വേട്ടക്കെതിരെ 1996 ൽ രംഗത്തു വരികയും, ലോകാടിസ്ഥാനത്തിൽ നീലത്തിമിംഗിലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുന്ന നിയമം നിലവിൽ വരികയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെനീലത്തിമിംഗിലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു. ഏഷ്യൻ ആന, കാണ്ടാമൃഗം, ബംഗാൾ കടുവ, ഡോൾഫിൻ, കാട്ടുനായ, ചൂരലാമ, സിംഹവാലൻ കുരങ്ങ്,തുടങ്ങിയ ജന്തുജാലം ഭൂതലത്തിൽ നിന്നും എന്നെന്നേക്കുമായുള്ള അസ്തമയതിന്റെ വക്കിലാണ് എന്ന് IUCN ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ 47 ജീവിവർഗങ്ങൾ നാശോൻമുഖമായിക്കൊണ്ടിരിക്കന്നതായും കണക്കാക്കപെടുന്നു.കാണ്ടാമൃഗങ്ങളിൽ മൂന്ന് ഇനങ്ങളെ IUCN ചുവപ്പ് പട്ടികയിൽ പെടുത്തിയിട്ടുണ്ട്

 

നമ്മുടെ രാജ്യത്തും വംശനാശം തടയുന്നതിനു നിയമം നിലവിലുണ്ട്, വന്യജീവി ( സംരക്ഷണ) നിയമം 1972. വണ്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുക, വനം കൊള്ള തടയുക ഇവയാണ് പ്രധാന ലക്ഷ്യങ്ങൾ. ലംഘനത്തിനുള്ള ശിക്ഷ ഉൾപ്പെടുത്തി 2002 ൽ നിയമം ഭേദഗതി ചെയ്തു. നിയമത്തിന്റെ ഒന്നാം പട്ടികയിൽ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ട ജീവികൾ ഉൾപെടുത്തപ്പെടുന്നു. തുല്യ പ്രാധാന്യമുള്ള ജീവികൾ പട്ടിക രണ്ട് ഭാഗം രണ്ടിൽ ഉൾപെടുത്തപ്പെട്ടു. വകുപ്പ് 9 വേട്ടയാടൽ നിരോധനം നിഷ്കർഷിക്കുന്നു. പട്ടിക ഒന്ന്, ഭാഗം രണ്ടിൽ കുറ്റങ്ങൾ വിവക്ഷിക്കുന്നു, ഒന്നാം ഷെഡ്യൂളിൽ പെടുന്നതാണ് കടുവ. കടുവയെ വേട്ടയാടുന്നത് 7 വർഷം വരേതടവും,10000 രൂപ പിഴയും വിധിക്കാവുന്ന കുറ്റമാണ്.രാജ്യത്ത് 7 കോടി 83 ലക്ഷം ഹെക്ടർ വന്നഭൂമിയാണ് ഉള്ളത്. ഇതിൽ 125 ലക്ഷം ഹെക്ടർ കയ്യേറ്റത്തിന് വിധേയമായതായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2011-12 ലെ കണക്കുകൾ പറയുന്നു.

 

ഭൂമി എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്, സ്വാഭാവികമായ ഒടുക്കം ജീവജാലങ്ങൾക്ക് തീർച്ചയാണ്. എന്നാൽ, നാം മനുഷ്യർ കാരണം ഇതര ജീവിവർഗങ്ങൾക്ക് നാശനം സംഭവിക്കുന്ന വിവിധ സാഹചര്യങ്ങൾ എന്നും നിലനിൽക്കുന്നു. അത് ഒഴിവാക്കപ്പെടണം, എല്ലാ ജീവജാലങ്ങൾക്കും അന്ത്യം വരേ ജീവിക്കാൻ അവസരം ഉറപ്പാക്കുകതന്നെവേണം. ഈ മാനുഷിക വശം ഉയർത്തിപ്പിടിച്ച്, സർവ്വ ജീവജാലങ്ങളെയും കരുണയോടെ കാണാൻ കഴിയേണ്ടതുണ്ട്. ഇത്തരം ചിന്തകൾ ഉണർത്തട്ടെ ഈദിനാചാരണം.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.