എല്ലാത്തിനും മീതെയുള്ള നിത്യമാം സ്നേഹസത്യം

 

എല്ലാത്തിനും മീതെയുള്ള നിത്യമാം സ്നേഹസത്യം

ലോകത്തിലെ ഏറ്റവും സുന്ദരമായത് ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ… അമ്മ.
തലമുറകളുടെ സൃഷ്ടിപ്പ് നിയോഗമായി അനുഷ്ഠിക്കുന്ന പെൺജന്മം എത്ര വാഴ്ത്തപ്പെട്ടാലും അധികമാകില്ല, മനുഷ്യനായാലും ഇതര ജീവിവര്ഗങ്ങളായാലും.. ഭൂമിയിലേക്ക് എത്തുമ്പോൾ ആദ്യം കാണുന്ന മുഖം, അവിടെ നിന്നാണ് ആദ്യ ശബ്ദങ്ങൾ ഏവരും ശ്രവിക്കുന്നത്. ആദ്യം പഠിക്കുന്നൊരാക്ഷരം ‘ അ’, ആദ്യത്തെ പദം ‘അമ്മ.’ ഒരുപാട് ത്യാഗങ്ങൾ സഹിച്ച് മക്കളെ പ്രാപ്തരാക്കുന്ന അമ്മമാർക്ക് നേരേ കയ്യും കാലുമുയർത്തുന്ന മക്കൾ, ഭൽസിക്കുന്ന മക്കൾ, മർദ്ദനങ്ങൾക്ക് വിധേയരാക്കുന്ന മക്കൾ, വേണ്ടതൊന്നും കൊടുക്കാതെ കഷ്ടപ്പെടുത്തുന്ന മക്കൾ, വൃദ്ധസദനങ്ങളിൽ നടതള്ളൂന്ന മക്കൾ ! വൃദ്ധസദനങ്ങളുടെ എണ്ണം കൂടുന്ന മലയാളനാട്, ഒട്ടും ആശ്വാസ്യമല്ല വൃദ്ധ മാതാപിതാക്കളുടെ സ്ഥിതി.

 

” കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് ” എന്നൊരു ചൊല്ല് തന്നെയുണ്ടല്ലോ. നിറം സൗന്ദര്യത്തിന്റെ മാനദണ്ഡം എന്ന് കരുതുന്നവരെപ്പറ്റി പറയുമ്പോൾ ഉപയോഗിക്കുന്ന ഈ പ്രയോഗം സാധാരണമാണെന്ന് നമുക്കറിയാം. അമ്മയ്ക്ക് മുന്നിൽ മക്കൾ എത്ര വളർന്നാലും മക്കൾ തന്നെ, അതുകൊണ്ടാണ് അവർ മക്കളെ എപ്പോഴും പിന്തുടരുന്നത്. മക്കളെപ്പറ്റി അവരെപ്പോഴും ആകുലചിത്തരായിരിക്കുന്നത്.പക്ഷെ മക്കളോ? മാതാപിതാക്കളോട് ഒരുപാട് കടപ്പെട്ടിരിക്കുന്ന മക്കൾ അവരെ വേദനിപ്പിക്കുന്ന ദുരനുഭവങ്ങൾ സർവ്വ സാധാരണമായ കെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്.

 

എന്റെ വീട്ടുമുറ്റത്ത് തീറ്റ തിന്നാൻ എത്തുന്ന കാക്കകളുടെ കൂട്ടത്തിൽ കുഞ്ഞുങ്ങളെയും ഞാൻ
ശ്രദ്ധിച്ചു, അവറ്റകൾ ഇടതടവില്ലാതെ കുഞ്ഞു ശബ്ദം ഉയർത്തിക്കൊണ്ടിരിക്കും, സ്ഥിരമായി കൊടുക്കുന്ന ബിസ്കറ്റ് പൊടിച്ചിട്ട് കൊടുക്കുമ്പോൾ കൊത്തിപൊട്ടിച്ചശേഷം കൊത്തിയെടുത്ത് കുഞ്ഞുങ്ങളുടെ വായ്ക്കുള്ളിലേക്ക് വച്ചുകൊടുക്കുന്ന അമ്മയോ അച്ഛനോ ആയ കാക്കകൾ.ഇതുപോലുള്ള മനസ്സുനിറയ്ക്കുന്ന കാഴ്ചകൾ നമുക്കുചുറ്റും ധാരാളം കാണാം.

 

കരുണയുടെയും ദയയുടെയും സ്നേഹത്തിന്റെയും അലിവിന്റെയുമൊക്കെ നിറകുടമായ അമ്മ എന്നെന്നും ഓർമ്മിക്കപ്പെടണം, സ്നേഹിക്കപ്പെടണം, കരുതപ്പെടണം. അതിനായി വർഷത്തിൽ ഒരുദിനം മാറ്റിവയ്ക്കുന്നത് അർത്ഥമില്ലാത്ത പ്രവൃത്തിയാണ്. പക്ഷെ,ആൻ റീസ് ജാർവിസ് എന്ന അമ്മയെ ആദരിക്കുന്നതിനായി ഒരുദിനം വേണമെന്ന ആവശ്യത്തിനായി ശ്രമങ്ങൾ നടത്തുകയും ഒടുവിൽ ആ പ്രഖ്യാപനം നേടിയെടുക്കുകയും ചെയ്ത അന്ന ജാർവിസ് എന്ന സ്ത്രീയെ മറക്കാനാവില്ല. അവരുടെ ശ്രമഫലമായി 1908 ൽ അമേരിക്കയിൽ പിറവികൊണ്ട ദിനമാണ് മാതൃദിനം.എല്ലാ മേയ് മാസത്തിലെയും രണ്ടാമത്തെ ഞായറാഴ്ച്ച ലോക മാതൃദിവസമായി ആചരിച്ചുവരുന്നു.

 

1912 മുതലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും അമേരിക്കക്ക് പുറത്തുള്ള രാജ്യങ്ങളിലും ആഘോഷിച്ചുതുടങ്ങിയത്.മാതൃത്വത്തെയും മാതാവിനെയും വാഴ്ത്തിപ്പാടാൻ ഒരു ദിവസം, മാതാപിതാക്കളെ അകമഴിഞ്ഞ് സ്നേഹിക്കാനും, വാർദ്ധക്യത്തിൽ സംരക്ഷിക്കുന്നതിനും മക്കൾ മനസ്സ് കാട്ടണം, അല്ലെങ്കിൽ വാർദ്ധക്യകാലത്ത് തീർച്ചയായും മക്കളിൽ നിന്നും തിരിച്ചടി കിട്ടുമെന്നത് മറക്കാതിരിക്കുക. മഹത്വമാണ് ഓരോ മാതൃദിനവും നമ്മെ ഓർമിപ്പിക്കുന്നത്. വീഴുമ്പോൾ കൈപിടിച്ച് നടത്തിയും തളരുമ്പോൾ തോളോട് ചായ്ച്ചും എന്നും കരുതലായി ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കായിഎന്നും നമുക്ക് നന്മകൾ ചെയ്യാം.അമ്മ അത് വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ടക്ഷരത്തിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ്. അമ്മയുടെ സ്നേഹവും വാത്സല്യവും മരണം വരെ നമുക്കൊപ്പമുണ്ട്.

 

. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.ഓരോ രാജ്യത്തിലും വ്യത്യസ്‌ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്‌ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മേയ് 9 നാണ് (ഇന്ന്) മാതൃദിനം.

 

“ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയാണ്, അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും ആധാരം. ” ജോർജ്ജ് വാഷിങ്ടൺ

 

ഈ മഹദ് വചനം നമ്മുടെ കണ്ണുകളും കാതുകളും മനസ്സുകളും തുറന്നിടട്ടെ. അമ്മമാർ എന്നും വാഴ്ത്തപ്പെടട്ടെ, സ്നേഹിക്കുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെടട്ടെ അവർ ഒരുതരത്തിലും വേദനിപ്പിക്കപ്പെടാതിരിക്കട്ടെ.അമ്മമാർക്ക് ഈദിവസം സവിശേഷമായ സ്നേഹസമ്മാനങ്ങൾ നൽകാം. ലോകത്തെ എല്ലാ അമ്മമാർക്കും ഈദിനത്തിൽ പ്രത്യേക ആശംസകൾ അർപ്പിക്കുന്നു.

 

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.