വിശ്വചിത്രകാരന്റെ ഓർമ്മകൾക്കുമുന്നിൽ

വിശ്വചിത്രകാരന്റെ ഓർമ്മകൾക്കുമുന്നിൽ

ചുണ്ടിൽ വിരിയുന്ന ചിരിയിലെ നിഗൂഢത… അതാണ്‌ ലോകപ്രശസ്തമായ പെയിന്റിംഗ് ‘മൊണാലിസ’ യുടെ ഏറ്റവും വലിയ പ്രത്യേകത. ചുണ്ടിന്റെയും കണ്ണിന്റെയും മൂലകളെ അതിസൂക്ഷ്മമായി ചിത്രകാരൻ നിഴലിലാക്കിയതാവണം എന്ന് വിലയിരുത്തപ്പെട്ടു. ഈ ഗൂഢസ്മിതത്തെ വ്യക്തമായി നിർണയിക്കാൻ വിദഗ്‌ദ്ധർക്ക് സാധിക്കുന്നില്ല. പലരും അവർക്ക് മനസ്സിൽ തോന്നിയ നിലയിൽ വ്യാഖ്യാനിച്ചു. നിഴലിന്റെ തന്ത്രങ്ങൾ ഉപയോഗിച്ച ചിത്രകാരൻ താൻ സ്വീകരിച്ച ഈ പ്രത്യേക രീതിയെ ‘സ്ഫുട്ടോട്ടോ ‘ എന്ന് വിശേഷിപ്പിച്ചു. മൊണാലിസയുടെ മറ്റൊരു സവിശേഷത അലങ്കരിക്കപ്പെടാത്ത വസ്ത്രങ്ങളാണ്. പാരീസിലെ ലൂവൃ മ്യൂസിയത്തിൽ 1503 ലാണ് മൊണാലിസ വരക്കപ്പെട്ടു തുടങ്ങിയത്. സുഹൃത്താണ് ചിത്രകാരനെ വരയ്ക്കാൻ ഏൽപ്പിച്ചത്. മൊണാലിസ വരയ്ക്കാൻ ചിത്രകാരന് പ്രചോദനമായത് നേപ്പിൾസിലെ ഇസബെല്ല രാജകുമാരിയോ, മറ്റൊരു കൊട്ടാരം നർത്തകിയോ അല്ലെങ്കിൽ ചിത്രകാരന്റെ അമ്മയോ ആയിരുന്നു എന്ന് രേഖപ്പെടുത്തപ്പെടുന്നു.

 

1495 ൽ കരാർ ഏൽപ്പിക്കപ്പെട്ട ചിത്രമായിരുന്നു ‘അവസാന അത്താഴം’ എന്ന വിഖ്യാത പെയിന്റിംഗ്. മിലാനിലെ സാന്താ മരിയാ പള്ളിയുടെ പിറകിലെ ഭിത്തിയിലാണ് യേശുവിന്റെ അവസാന അത്താഴം വരയ്ക്കാൻ ചിത്രകാരൻ ചുമതലപ്പെടുത്തപ്പെട്ടത്. ലുഡോ വികോ ഫോർസ എന്ന പ്രഭുവാണ് ഏൽപ്പിച്ചത്.3 വർഷമെടുത്തു ചിത്രം പൂർത്തിയാവാൻ. ഓരോരുത്തരുടെയും മുഖഭാവങ്ങൾ, വർണ മിശ്രണം തുടങ്ങിയ കാര്യങ്ങൾ ഈ ചിത്രത്തെ അത്യപൂർവമാക്കുന്നു.

 

ഈരണ്ട് പെയിന്റിംഗുകൾ പോലെ വിഖ്യാതമാണ് ‘വെട്രൂവിയൻ മനുഷ്യൻ’ എന്ന ചിത്രവും.
മനുഷ്യന്റെ വികാരവിചാരങ്ങളെക്കുറിച്ചും വിവിധ ഭാവങ്ങളെക്കുറിച്ചും, അപ്പോഴുള്ള ശാരീരിക മാറ്റങ്ങളും ചലനങ്ങളുമൊക്കെ മനസ്സിലാക്കി, അത് ചിത്രത്തിലെ മനുഷ്യരൂപങ്ങളിലേക്ക് സന്നിവേശിപ്പിച്ച,ലോകപ്രശസ്ത ചിത്രകാരനും, ശില്പിയും, വാസ്തുശില്പിയും ശാസ്ത്രജ്ഞനും ശരീരശാസ്ത്ര വിദഗ്ദ്ധനും സംഗീതഞ്ജനും എഴുത്തുകാരനും, സ്വന്തമായി പുത്തൻ ചിത്രകലാരീതി വികസിപ്പിച്ചെടുക്കുകയും ചെയ്ത, ഇപ്പറഞ്ഞ വിശേഷണങ്ങൾക്കൊക്കെ അപ്പുറത്ത് നിൽക്കുന്ന ലിയനാർഡോ ഡി സെർ പിയറോ ഡാവിഞ്ചി എന്ന ലിയനാർഡോ ഡാവിഞ്ചി അന്തരിച്ച ദിവസമാണിന്ന്..മേയ് 2. 1519 ൽ ഇതേ ദിവസമാണ് ലോകം കണ്ട അതിപ്രശസ്ത ചിത്രകാരൻമാരിൽ ഒരാളായ ഡാവിഞ്ചിയുടെ അന്ത്യം, ഫ്രാൻസിലെ ക്ലോക്സിൽ ( ഇന്നത്തെ ക്ലോസ് ലുസ് ). പിതാവ് സെർ പിയേറോ ( ഫ്ലോറന്റൈനെ നോട്ടറിയും ഭൂവുടമയും ആയിരുന്നു ), മാതാവ് കാറ്ററിനാ ( കർഷക വനിത ). വിഞ്ചി ഗ്രാമത്തിനടുത്ത് അഞ്ചിയനോയിലാണ് ജനനം.ലിയോനാർഡോയുടെ ജനനസമയത്ത് മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

 

കുട്ടിക്കാലം അവിടെ പിതാവിന്റെ എസ്റ്റേറ്റിൽ ആയിരുന്നു. ജീവിതകാലത്ത് 20 ലധികം പെയിന്റിംഗുകളാണ് നടത്തിയത്, ചിലത് പൂർത്തീകരിക്കപ്പെടാതെ പോയി ( The Battle of Anghiari, Leda ഉദാഹരണം ).അദ്ദേഹം ഒരു എഞ്ചിനീയർ കൂടിയായിരുന്നു എന്നതിന് തെളിവാണ് ടാങ്ക്, ഹെലികോപ്റ്റർ, പാരച്യൂട്, ഫ്ലയിങ് മെഷീൻ എന്നിവയുടെ നിർമാണം എന്നിവ നടത്തിയത്.
വിഖ്യാത ചിത്രങ്ങൾ ഇവയാണ്… ദി ബാറ്റിൽ ഓഫ് അങ്ങിയാരി, ലാസ്റ്റ് സപ്പർ, ലെഡ, മൊണാലിസ, പോർട്രൈറ്റ് ഓഫ് ഗിനെവ്ര ഡി ബിൻസി, സെന്റ്. ജെറോലോമേ, ദി ബ്രുഓയിസ് മഡോണ, ദി വീർജിൻ ഓഫ് ദി റോക്ക്സ്, ട്രീറ്റ്സ് ഓൺ പെയിന്റിംഗ്, വീർജിൻ ആൻഡ് ചൈൽഡ് വിത്ത്‌ സെന്റ് ആൻ.

 

15 ആം വയസ്സിൽ പിതാവ് അവനെ ആൻഡ്രെയേ ഡെൽ വേർറോച്ചിയോ എന്ന ചിത്രകലാധ്യാപകന്റെ ക്ലാസ്സിൽ ചേർത്തു.അദ്ദേഹത്തിന്റെ പണിപ്പുരയിൽ ‘ ക്രിസ്തുവിന്റെ മാമോദീസ ‘ എന്ന ചിത്രം പൂർത്തീകരിക്കാൻ ഗുരുവിനെ സഹായിച്ചു. ചിത്രത്തിലെ ഒരു ചെറുപ്പക്കാരൻ മാലാഖ യേശുവിനെ താങ്ങിപ്പിടിക്കുന്നതായി വരച്ചത് ഗുരുവിനെ നന്നേ ബോധിച്ചു. അത്ഭുതവും സന്തോഷവും അദ്ദേഹത്തിന്റെ കണ്ണുകളിൽ നിറഞ്ഞു, ചിത്രത്തിന് പൂർണത കൈവരാൻ കാരണമാക്കിയ ആ കലാവിരുത് കണ്ടനുഭവിച്ച അദ്ദേഹം ബ്രഷ് എന്നെന്നേക്കുമായി താഴെവച്ചു എന്നിടത്ത് ലിയോനാർഡോ എന്ന അത്ഭുതം പിറക്കുകയായിരുന്നു.1473 ആഗസ്റ്റ് 5 നാണ് ആദ്യകാല ചിത്രമായ ആർണോവാലി പൂർത്തിയായത്. അതിന് ഒരുവർഷം മുമ്പ് 20 ആം വയസ്സിൽ കലാകാരന്മാരുടെ ഗിൽഡ് ആയ എസ് ടി ലുക്ക് ഗിൽഡിൽ അധ്യാപകനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

അദ്ദേഹത്തിന്റെ കാലത്തെ ചിത്രകാരന്മാർ, പടങ്ങൾ വരക്കാൻ ഉപയോഗിച്ചത് വെളുത്ത പശ്ചാത്തലമായിരുന്നു, ലിയോനാർഡോ ആവട്ടെ ഇരുണ്ട പശ്ചാത്തലവും. ത്രിമാന പ്രതീതി ജനിപ്പിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലിയിൽ ചിത്രങ്ങൾ വരക്കുന്നതിൽ മിടുക്കനായിരുന്നു അദ്ദേഹം. നവോത്ഥാന നായകരിൽ ഒരാളായ ലിയനാർഡോ യതാതഥ ചിത്രകലയിൽ ( റിയലിസ്റ്റിക് ) അഗ്രഗണ്യനായിരുന്നു. അതിനൊരു തെളിവാണ് ഒരിക്കൽ മനുഷ്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാൻ ശവശരീരം കീറിമുറിച്ചുനോക്കിയ സംഭവം !

 

ഫ്ലോറെൻസിലും വേനീസിലും മിലാനിലുമായാണ് അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതം പൂർത്തിയായത്. അവിടങ്ങളിലെല്ലാം വച്ച് വിവിധ ചിത്രങ്ങൾ വരക്കുകയും, ശില്പങ്ങൾ നിർമിക്കുകയും മറ്റും ചെയ്തു. അറിവിന്റെ കേന്ദ്രം കണ്ണ് ആണെന്നും, കാഴ്ചയാണ് മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട ഇന്ദ്രിയമെന്നും അദ്ദേഹം വിശ്വസിച്ചു.കാഴ്ചയുടെ അനുഭവമാണ് ഏറ്റവും ഉന്നതമെന്ന് വിലയിരുത്തിയ അദ്ദേഹം അതി ബുദ്ധിമാനും, ഉയർന്ന നിരീക്ഷണപാടവമുള്ള വ്യക്തിയുമായിരുന്നു. വേർറോച്ചിയോയുടെ പണിപ്പുരയിൽ 5 വർഷം തുടർന്ന അദ്ദേഹം, ഇക്കാലയളവിൽ ധാരാളം പെൻസിൽ, പേന ഡ്രോയിങ്ങുകൾ ചെയ്തു. മിലാനിൽ 17 വർഷത്തോളം ജീവിച്ചു, പെയിന്റർ ആയും ശില്പിയായും പ്രശസ്തി നേടിയത് അവിടുത്തെ പ്രവർത്തനങ്ങളിലൂടെയാണ്. അവിടെ വാസ്തു ശില്പിയായും പേരെടുത്തു.

 

മിലാനിൽ കഴിയുമ്പോഴാണ് സുപ്രധാനമായ 6 പെയിന്റിംഗുകൾ തീർത്തത്. പള്ളിയുടെ അൾത്താര പെയിന്റിംഗ്, സ്ഫോർസ രാജവംശത്തിന്റെ പിതാവ് എന്നറിയപ്പെട്ട ഫ്രാൻസിസ്കോ സ്‌ഫോർസയുടെ വെങ്കല പ്രതിമ നിർമാണം, മാക്സ്മില്ലിയൻ ചക്രവർത്തിയുടെ വിവാഹത്തിന് ഒരു കുതിരയുടെ കളിമൺ രൂപം നിർമിച്ചത്, സാൻഫ്രാൻസിസ്‌കോ ചർച്ചിന്റെ നിർമാണത്തിൽ വാസ്തുശില്പ വിദഗ്ദ്ധരുമായി ചേർന്ന് പ്രവർത്തിച്ചത്, ഫ്ലോറെൻസിൽ അർണോ നദിയുടെ ഗതി തിരിച്ചുവിടാനുള്ള പദ്ധതിയിൽ പങ്കാളിയായത് ഒക്കെ അദ്ദേഹത്തിന്റെ വിവിധ ഇടങ്ങളിലെ ജീവിതത്തിൽ പൂർണമാക്കിയ കലാ നിർമാണ പ്രവർത്തനങ്ങളിൽ ചിലതുമാത്രം.
1504 ൽ പിതാവ് മരണപ്പെട്ടത് ഏറെ ബാധിച്ചു, തുടർന്ന് 1508 ൽ വീണ്ടും മിലാനിൽ പോകുകയും സാന്റ ബാബിലയുടെ പള്ളി ഇടവക ഭൂമിയായ പോർട്ടോ ഓറിയന്റലിൽ സ്വന്തം വീട് വച്ച് താമസമാവുകയും ചെയ്തു.1513-19 കാലത്ത് ലിയോ പത്താമൻ മാർപ്പാപ്പയുടെ കീഴിൽ വത്തിക്കാൻ സെൽവേഡ്രെയിലാണ് താമസിച്ചത്.തുടർന്ന് ക്ലോസ് ലൂക്കിൽ കൂട്ടുകാരും ശിഷ്യന്മാർക്കുമൊപ്പം മാസന്തോറും 10,000 സ്കൂഡി പെൻഷൻ കൈപറ്റി, ജീവിതാവസാനത്തിന്റെ 3 വർഷം ജീവിച്ചു, 1519 മേയ് രണ്ടിന് അവിടെ വച്ച് അന്തരിക്കുകയും ചെയ്തു.

 

അദ്ദേഹത്തിന്റെ ഇഷ്ടമനുസരിച്ച്, ശവമഞ്ചത്തിന് പിന്നാലെ 60 യാചകർ അണിനിരന്നു, സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ വസ്തുവകകൾ, പെയിന്റിംഗുകൾ, ഉപകരണങ്ങൾ, ലൈബ്രറി അവകാശിയും നടത്തിപ്പുകാരിയുമായ മെൻസി, കൂടുതൽ കാലം ഒപ്പമുണ്ടായിരുന്ന ശിഷ്യൻ സാലൈ, അയാളുടെ ജോലിക്കാരൻ ബാറ്റിസ്റ്റാഡി വിലൂസിസി എന്നിവർക്ക് അവകാശം നൽകി. കുറച്ചു വസ്തു സഹോദരനും വിശേഷപ്പെട്ട ഒരു ഘടികാരം, പരിചരിച്ച സ്ത്രീക്കും സമ്മാനിക്കുകയും ചെയ്തിരുന്നു. 67 മത്തെ വയസ്സിൽ മൺമറഞ്ഞ ആ വീരേതിഹാസ രചയിതാവ്, ഫ്രാൻസിലെ ചാറ്റ്വി ഡി ആൻപോയിസ് കൊട്ടാരത്തിലെ വിശുദ്ധ ഗുബാർട്ട് ചാപ്പലിൽ അന്ത്യവിശ്രമം കൊള്ളുന്നു. ലോകത്തെ ക്ലാസ്സിക് രചനകളിലൂടെ വിസ്മയിപ്പിച്ച മഹാ അത്ഭുതത്തിന് സ്മരണാഞ്ജലികൾ.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.