നിലയ്ക്കാത്ത ഗർജ്ജനത്തിന്റെ അലയൊലികൾ

നിലയ്ക്കാത്ത ഗർജ്ജനത്തിന്റെ അലയൊലികൾ

1968 ഏപ്രിൽ 3, അമേരിക്കയിലെ മെമ്ഫിസിലെ ചർച്ച് ഓഫ് ഗോഡ് ഇൻ ക്രൈസ്റ്റ് ന്റെ അന്താരാഷ്ട്ര ആസ്ഥാനമായ മാസൺ ടെമ്പ്ളിൽ വലിയ ജനക്കൂട്ടത്തെ നോക്കി,ലോകം കണ്ട ഏറ്റവും വലിയ പൗരാവകാശ പ്രവർത്തകനും, വർഗ്ഗപരമായ അസമത്വത്തിനെതിരെ നിരന്തരം പോരാടിയ കറുത്തവർഗക്കാരുടെ നേതാവുമായ ആ മനുഷ്യൻ പറഞ്ഞു…….

” ഞാൻ ആ വാഗ്ദത്ത ഭൂമി കാണുന്നു,, ഞാൻ അവിടെ നിങ്ങൾക്കൊപ്പം എത്തണമെന്നില്ല, എന്നാൽ ഇവിടുത്തെ ജനങ്ങൾ എന്ന നിലയ്ക്ക് വാഗ്ദത്ത ഭൂമി നമുക്ക് ലഭിക്കുമോ എന്ന് ഈരാത്രി എനിക്കറിയണം…….. “

പട്ടണത്തിലെ ലോറൻ മോട്ടലിലെ 306 ആം നമ്പർ മുറിയിലാണ് അന്ന് അദ്ദേഹം തങ്ങിയത്. പിറ്റേന്ന്, അതായത് ഏപ്രിൽ 4 വൈകുന്നേരം രണ്ടാം നിലയിലെ ബാൽകണിയിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കവേ 6.01 ന്,ഒരു സ്നൈപർ തോക്കിൽ നിന്നുള്ള വെടിയുണ്ട അദ്ദേഹത്തിന്റെ വലത്തേ കവിൾത്തടം തുളച്ച്, താടിയെല്ല് കടന്ന് സൂഷുംനാ നാഡി തകർത്ത് തോളിൽ വിശ്രമിച്ചു. താഴെവീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി, നെഞ്ചിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി.പക്ഷെ, 7.05 ന് വെറും 39 ആം വയസ്സിൽ ആ ധീരനായ പോരാളി മരണത്തിനു കീഴടങ്ങി.13 മത്തെ വയസ്സിൽ വർണ വർഗ അസമത്വങ്ങൾക്കെതിരെ ശബ്ദിച്ചുതുടങ്ങി, അണികൾക്കിടയിൽ ആവേശം ജനിപ്പിച്ച്, അധികാര കേന്ദ്രങ്ങൾക്കെതിരെ സിംഹഗർജ്ജനമായി മാറിയ, അവതാരം കഥാവശേഷനായി. ” എനിക്കൊരു സ്വപ്നമുണ്ട്……..” എന്നുതുടങ്ങുന്ന വിഖ്യാതമായ പ്രസംഗത്തിലൂടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായ, അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ ആശ്രയമായി അതിവേഗം മാറിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, വംശ വെറിയനായ വെള്ളക്കാരൻ ജെയിംസ് ഏൾ റേയുടെ വെറുപ്പിന്റെ വെടിയുണ്ട ഏറ്റുവാങ്ങി രക്തസാക്ഷിയായി.

 

ചരിത്രത്തിലെ ഇരുണ്ടനിമിഷങ്ങൾ സമ്മാനിച്ച ആ ദിവസത്തിന്റെ ഓർമപുതുക്കലാണ് ഇന്ന്……. ഏപ്രിൽ 4. മഹാത്മജിയുടെ സമരമാർഗങ്ങളിൽ ആകൃഷ്ടനായ കിങ്ങിന്റെ ഘാതകനായ ജെയിംസ് ഏൾ റേയെ വിചാരണക്കോടതി 99 വർഷം ശിക്ഷിച്ചുവെങ്കിലും, കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് അയാൾ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മാത്രമല്ല കൊലപാതകം സംബന്ധിച്ച് ദുരൂഹത ആരോപിക്കപ്പെടുകയും ചെയ്തിരുന്നു. കിങ്ങിന്റെ മകൻ ഡെസ്റ്റർ കിങ് പ്രതിയെ പിന്നീട് സന്ദർശിക്കുകയും, കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ടുള്ള അപേക്ഷയിൽ പങ്കുചേരുകയും ചെയ്തിരുന്നു. കാലം കഴിയവേ, കൊലയാളി ചെയ്തുപോയ പാതകത്തിന് മാപ്പിരന്നുവത്രെ. തുടർന്ന് പല അന്വേഷണങ്ങളും അരങ്ങേറിയെങ്കിലും ആരോപിക്കപ്പെട്ട ദുരൂഹതയുടെ ചുരുൾ അഴിയാതെ ഇന്നും കിങ്ങിന്റെ കൊലപാതകം പുകമറമായാതെ അവശേഷിക്കുകയാണ്.1998 ഏപ്രിൽ 23 ന് റെയ് മരണപ്പെട്ടു. മിഖായേൽ കിങ് ജൂനിയർ എന്ന യഥാർത്ഥ പേരിന്നുടമയായ മാർട്ടിന്റെ ജനനം ജനുവരി 15,1929, അറ്റ്ലാന്റ, ജോർജിയയിലാണ്. മരണം ഏപ്രിൽ 4,1968, മെമ്ഫിസ് ടെന്നെസ്സീയിൽ. ഇടത്തരം കുടുംബത്തിൽ ജനിച്ചു, പിതാവ് ബാപ്റ്റിസ്റ്റ് പ്രസംഗകൻ ആയിരുന്നു.6 വയസ്സുകാരനായ കിങ്ങിനോട് കൂട്ടുകാരനായ വെള്ളക്കാരൻ കുട്ടി ഒരിക്കൽ പറഞ്ഞ വാക്കുകൾ ചെറുതായല്ല അവന്റെ മനസ്സിനെ മുറിവേൽപ്പിച്ചത്, അതായത്, കറുത്തവനായ കിങ്മൊത്ത് ഇനിമേലിൽ കളിക്കരുതെന്ന് മാതാപിതാക്കൾ കല്പിച്ചുവത്രെ !അവന്റെ പ്രിയപ്പെട്ട വല്യമ്മ ഹൃദയാഘാതം കാരണം മരണപ്പെട്ടത് അവനെ വല്ലാതെ ഉലച്ചുകളഞ്ഞു. പന്ത്രണ്ടാം വയസ്സിൽ ഒരു ആത്മഹത്യാശ്രമം കിങ് നടത്തിയതായി രേഖപ്പെടുത്തപ്പെടുന്നു. സ്കൂൾ പഠനശേഷം 1944 ൽ പതിനഞ്ചാം വയസ്സിൽ അറ്റലാന്റയിലെ മോസേഹൗസ് കോളേജിൽ ചേർന്നു,

 

അവിടെ അവൻ വൈദ്യശാസ്ത്രവും നിയമവും പഠിച്ചു., വംശീയ അസമത്വങ്ങൾക്കെതിരെ പോരാട്ടത്തിൽ ഏർപ്പെട്ടു.1948 ൽ ബിരുദം നേടി. അടുത്ത 3 വർഷം ക്രോസിർ തിയോളജിക്കൽ സെമിനാരിയിൽ വേദപഠനം, തുടർന്ന് ഡിഗ്രി നേടി. അവിടെ വച്ചാണ് ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങളിൽ ആകൃഷ്ടനാവുന്നത്. സെമിനാരിയിൽ സ്റ്റുഡന്റസ് ബോഡി പ്രസിഡന്റ്‌ ആയത് നിർണായക വഴിത്തിരിവായി. അവിടെനിന്നും ബോസ്റ്റോൺ സർവകലാശാലയിൽ വേദപഠനത്തിനും ദൈവശാസ്ത്രം അഭ്യസിക്കാനുമായി പോയി. ഈ വിഷയത്തിൽ 1955 ൽ ഡോക്ടറേറ്റ് ലഭിച്ചു. ഇതിനിടെ 1953 ൽ കോരേട്ടാ സ്കോട്ടിനെ വിവാഹം കഴിച്ചു,4 കുട്ടികൾ ഉണ്ടായി. അലബാമ മോന്റോഗോമെറി ചർച്ചിൽ പാസ്റ്റർ ആയി സേവനം ചെയ്തു.ഒരു ബസ്സിൽ യാത്ര ചെയ്ത ആഫ്രിക്കൻ അമേരിക്കൻ വനിത വെള്ളക്കാരന് സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാഞ്ഞത് രാജ്യത്ത് വംശീയ പ്രക്ഷോഭത്തിന് ഇടയാക്കി. ഈ വിഷയത്തിൽ ഇടപെട്ട് സംസാരിച്ച കിങ് പൊതുവേദിയിൽ തന്റെ ആദ്യപ്രസംഗം കാഴ്ചവച്ചു. പട്ടണത്തിലെ ബസ്സുകളിൽ യാത്രാ വേർതിരിവ് അവസാനം കണ്ടത് ഒരുവർഷത്തോളം നീണ്ട സമരത്തിനോടുവിലാണ്.ഇത് കിങ്ങിന്റെ ജനപ്രിയത വാൻ തോതിൽ വർധിപ്പിച്ചു.

 

സതേൺ ക്രിസ്ത്യൻ ലീഡേഴ്‌ഷിപ് കോൺഫറൻസ് ന്റെ പേരിൽ രാജ്യത്തുടനീളം വിലക്കപ്പെടുന്ന പൗരാവകാശങ്ങളെപ്പറ്റി പ്രസംഗങ്ങൾ അദ്ദേഹം നടത്തി.1959 ൽ നമ്മുടെ അന്നത്തെ പ്രധാന മന്ത്രി ജാവഹാർലാൽ നെഹ്‌റു അദ്ദേഹത്തെ സ്വീകരിച്ചത് വലിയ സംഭവമായി. ഗാന്ധിജിയുടെ അനുയായികളായ നേതാക്കളുമായി ചർച്ച നടക്കുകയുമുണ്ടായി.ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നടത്തിയ സമരങ്ങൾ കിങ്ങിനെ ഒരുപാട് സ്വാധീനിച്ചു. 1960 ൽ അറ്റ്ലാന്റയിൽ തിരിച്ചെത്തിയ കിങ് എബെനെസിർ ബാപ്ടിസ്റ്റ് ചർച്ചിൽ പിതാവിനൊപ്പം സഹ പാസ്റ്റർ ആയി. കറുത്ത വർഗ്ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു, ജയിലിലായി.1965 വരെ അദ്ദേഹത്തിന്റെ സ്വാധീനം നാട്ടിൽ വർധിച്ചു.1963 ൽ വീണ്ടും ജയിൽവാസം. ആവർഷം ആഗസ്ത് 28 ന് രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ പ്രസംഗിച്ചു. ലിങ്കൺ മെമ്മോറിയലിൽ കൂടിയ ജനസാഗരത്തെ സംബോധന ചെയ്ത് അദ്ദേഹം നടത്തിയ പ്രശസ്തമായ ” എനിക്കൊരു സ്വപ്നമുണ്ട്……… ” എന്ന് തുടങ്ങുന്ന പ്രസംഗം. എല്ലാ പൗരന്മാർക്കും തുല്യനീതി എന്ന ആവശ്യവുമായി നടത്തിയ റാലിയിലായിരുന്നു. അത് ഫലം കണ്ടുവെന്നുവേണം പറയാൻ. കാരണം,1964 ൽ പൗരാവകാശ നിയമം പാസാക്കപ്പെട്ടു. അതേ വർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിനെ തേടിയെത്തി. പുരസ്‌കാരം വാങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു….. ” I accept this award today with an abiding faith in America and an audacious faith in the future of mankind…. “. 1965 മാർച്ചിൽ ഫെഡറൽ വോട്ടവകാശത്തിനായുള്ള സമരവും ആഗസ്റ്റിൽ അർബൻ ആഫ്രിക്കൻ അമേരിക്കൻ ജനതയ്ക്ക് വേണ്ടി നടത്തിയ പോരാട്ടാവും,1967 ഏപ്രിലിൽ വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലിന് എതിരായ പ്രതികരണവുമൊക്കെ ശ്രദ്ധേയമായ പ്രതിഷേധങ്ങളായിരുന്നു. 1968 ലെ ജയിൽ വാസത്തിന് ശേഷമാണ് മാസൺ ടെമ്പ്ൾലെ പ്രസംഗം നടന്നത്. ഏപ്രിൽ 3, ലെ ആ സമ്മേളനവും പ്രസംഗവും, വെറും 39 വയസ്സിൽ വിപ്ലവകരമായ പോരാട്ട ജീവിതത്തിന്റെ അന്ത്യം കുറിക്കപ്പെടാൻ അന്തരീക്ഷം സൃഷ്ടിച്ചു എന്ന് പറയേണ്ടിവരും.

മഹാരഥന്മാർ ധാരാളം പേർ ചരിത്രം സൃഷ്ടിച്ച് കടന്നുപോയി, ഇതുപോലെ അകാലത്തിൽ അസ്തമിച്ച നക്ഷത്രങ്ങൾ നിരവധിയാണ്. കിങ് ജൂനിയറിന്റെ ശബ്ദം എന്നെന്നേക്കുമായി നിലച്ച ദിവസത്തിന്റെ ഓർമയിൽ, ആദരാഞ്ജലികൾ…..

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.