ബുദ്ധപൂർണിമദിനത്തിൽ

ബുദ്ധപൂർണിമദിനത്തിൽ

” നാശം എല്ലാ പദാർത്ഥങ്ങളിലും സഹജമായിട്ടുള്ളതാണ്, അറിവ് നേടി ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നം ചെയ്യുക. ” ശിക്ഷ്യന്മാരോട് ഏറ്റവും ഒടുവിലായി ശ്രീബുദ്ധൻ പറഞ്ഞ വാക്കുകളാണിത്.

ക്രിസ്താബ്ദത്തിന് 563 വർഷം മുമ്പ് വൈശാഖമാസത്തിലെ പൂർണചന്ദ്രദിനത്തിൽ കപിലവസ്തുവിലെ( ഇപ്പോൾ നേപ്പാളിൽ )ലുംബിനിയിൽ ജനനം(ഏറ്റവും ആധികാരികമായ രേഖപ്രകാരം ), ആദിനം ഇന്നാണ്… മേയ് 16, ബുദ്ധജയന്തി അല്ലെങ്കിൽ ബുദ്ധപൂർണിമ ദിനം എന്നറിയപ്പെടുന്നു. 2566 മത് പിറന്നാൾ ആണിത്.ഈദിനം Jyothi Punj of Asia എന്നും Light of Asia എന്നുമെല്ലാം അറിയപ്പെടുന്നുണ്ട്.

 

ചെറുപ്പത്തിലെ പേര് ഗൗതമ സിഥാർത്ഥൻ, പിതാവ് ശുദ്ധോധനൻ, മാതാവ് മായാദേവി. ജനിച്ച് 6 ദിവസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു.പിന്നീട് വളർത്തിയത് മാതൃസഹോദരി പ്രജാപതി ഗൗതമിയായിരുന്നു. പതിനാറാം വയസ്സിൽ യശോധരയെ വിവാഹം കഴിച്ചു. മകൻ രാഹുൽ.
25 വയസ്സുവരെ സുഖജീവിതം നയിച്ചു, വ്യസനങ്ങൾ അറിയാതെ. പിന്നീട്, ചുറ്റിലുമുള്ള ദുഃഖങ്ങൾ കണ്ട് മനം നൊന്തു, സഹജീവികയുടെ ദുരിതങ്ങളിൽ വല്ലാതെ പ്രയാസപ്പെട്ടു. എന്തുകൊണ്ട് ദുഃഖങ്ങൾ എന്നതിനെപ്പറ്റി ചിന്തകളിൽ മുഴുകി. മനോവിചാരങ്ങൾ കാടുകയറിയപ്പോൾ, അദ്ദേഹം കുടുംബബന്ധങ്ങൾ ഉപേക്ഷിച്ചു, വനവാസിയായി, സത്യാന്വേഷണത്തിലുള്ള യാത്ര തുടങ്ങി ,29 ആം വയസ്സിൽ. ആദ്യം രണ്ട് ബ്രാഹ്‌മണ ഗുരുക്കന്മാരുടെ ജ്ഞാനോപദേശത്തിൽ കഴിഞ്ഞു, എന്നാൽ അവരുടെ അധ്യാപനങ്ങളിൽ തൃപ്തനാവാതെ ക്ഷേത്രതന്ത്രിമാരുടെ അടുക്കലേക്ക്. പക്ഷെ, അവിടെയും അദ്ദേഹം നിന്നില്ല, വീണ്ടും യാത്ര.

 

7 വർഷം അലഞ്ഞുനടന്നു. തേടിനടന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടിയില്ല. യാത്ര ഗയക്ക് സമീപം ഉറുവിലേക്ക്, തുടർന്ന് അവിടെ കഠിന തപസ്സ്, ബോധി മരച്ചുവട്ടിൽ ധ്യാനത്തിൽ മുഴുകിക്കഴിഞ്ഞു. തുടർന്ന് ജ്ഞാനോദയമുണ്ടായി, 35 ആം വയസ്സിൽ. ജീവിതത്തിലെ ദുഃഖങ്ങൾക്ക് കാരണം ആശകൾ ആണെന്ന് തിരിച്ചറിഞ്ഞു. ഈ ജ്ഞാനകാരണമായി അദ്ദേഹം അന്നുമുതൽ ബുദ്ധൻ എന്നറിയപ്പെട്ടു. ഗൗതമസിദ്ധാർത്ഥന് ബോധോദയം ലഭിച്ചശേഷമുള്ള ആദ്യ ഭാഷണം സാരനാഥിൽ ആയിരുന്നു.

 

80 വയസ്സുവരെ സാരോപദേശങ്ങളുമായി സഞ്ചാരം തുടർന്നു.ഒടുവിൽ കിഴക്കൻ നേപ്പാളിലെ കുശീനഗരത്തിൽ അസുഖം മൂർച്ഛിച്ച് ബി സി ഇ 483 ലോ അതിനടുത്ത നാളിലോ അന്തരിച്ചതായി രേഖപ്പെടുത്തപ്പെടുന്നു.കുശീനഗരത്തിലെ മല്ലർ, അദ്ദേഹത്തിന്റെ ഭൗതികശരീരം ദഹിപ്പിച്ചു. അസ്ഥികൾ ഭാരതവർഷത്തിലെ പലഭാഗങ്ങളിലേക്ക് അയച്ചു. ബുദ്ധിസം നിരീശ്വരവാദി പ്രകൃതം സ്വന്തമായുള്ള തത്വസംഹിതയത്രേ. വ്യക്തിയധിഷ്ഠിതമായ ദൈവത്തിൽ അവർ വിശ്വസിക്കുന്നില്ല. ഉറച്ചതോ സ്ഥിരമായതോ ആയി ഒന്നുമില്ല, എപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കാം. ധാർമികതയിലും ധ്യാനത്തിലും ജ്ഞാനത്തിലും വികാസം പ്രാപിച്ച് നിത്യ പരിശീലനത്തിലൂടെ ജ്ഞാനോദയ പാതയിലെത്താമെന്ന് ബുദ്ധിസം വിശ്വസിക്കുന്നു. ബുദ്ധിസം സഭാപരമായ മതമാണ്.മനുഷ്യന്റെ കഷ്ടപ്പാടുകളുടെ കാരണം പ്രപഞ്ചത്തെ കുറിച്ചുള്ള അജ്ഞതയാണ്, സ്വാർത്ഥതയുടെ വ്യാമോഹത്തിലേക്ക് മനുഷ്യനെ ആ അറിവില്ലായ്മ നയിക്കുന്നതായും ബുദ്ധൻ അരുൾ ചെയ്തു. ആശകൾ ഒഴിവാക്കിയാൽ കഷ്ടപ്പാടുകൾ ഒഴിഞ്ഞുപോകും, ആഗ്രഹത്തെ അതിജയിക്കാൻ എട്ടു വഴികൾ ഉണ്ടെന്നും ബുദ്ധിസം പഠിപ്പിക്കുന്നു.

 

എട്ടു മാർഗങ്ങൾ ഇവയാണ്…
സമക് ദൃഷ്ടി, സമക് സങ്കല്പം, സമക് വാക്ക്, സമക് കാമം, സമക് ആജീവം, സമക് വ്യായാമം, സമക് സ്മൃതി, സമക് സമാധി. ശ്രീബുദ്ധന്റെ വിഖ്യാതമൊഴിയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം…

” ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നതുകൊണ്ട് മെഴുകുതിരിയുടെ ആയുസ്സ് കുറയുന്നില്ല, പങ്കുവയ്ക്കപ്പെടുന്ന സന്തോഷവും അതുപോലെയാണ്. “

 

ഇത് മഹനീയമായ ആശയമാണ്, ഇരുട്ടിനെ അകറ്റുന്ന വെളിച്ചം സമ്മാനിക്കുന്ന മെഴുകുതിരി അപ്രകാരം ചെയ്യുന്നതിലൂടെ നന്മയുടെ പ്രതീകമായി പരിവർത്തിക്കപ്പെടുകയാണ്. ത്യാഗത്തിലൂന്നിയ നന്മകൾ ചുറ്റിലും പകർന്നുകൊടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം അതിരുകൾ ഇല്ലാത്തതാണ്. ബുദ്ധജയന്തി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നുകൊള്ളുന്നു.

 

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.