മാനദണ്ഡങ്ങളില്ലാത്ത സൗഹൃദങ്ങൾ

മാനദണ്ഡങ്ങളില്ലാത്ത സൗഹൃദങ്ങൾ

മാനദണ്ഡങ്ങളും വ്യവസ്ഥകളും നല്ല സൗഹൃദങ്ങളിൽ ഉണ്ടാവാൻ പാടില്ല. അവിടെ തുറന്ന മനസ്സുകളുടെ കൊടുക്കൽ വാങ്ങലുകളാണ് ഉണ്ടാവേണ്ടത്. ആപത്തുകളിലാണ് സൗഹൃദങ്ങളുടെ മാറ്റ് മനസ്സിലാവുക. ചുറ്റും ആയിരക്കണക്കിന് പേരുടെ സൗഹൃദവലയമുണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അറിയുകയും കേൾക്കുകയും ചെയ്യുന്ന മനസ്സുകൾ എത്ര ഉണ്ടാവും എന്നതാണ് പ്രധാനം. അത്തരത്തിൽ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ വിളിപ്പുറത്ത് ഒരാളെങ്കിലുമുള്ളവൻ ഭാഗ്യവാനാണ്. നല്ല സൗഹൃദത്തിലെ പങ്കാളിക്ക് ഭാരിച്ച ഉത്തരവാദിത്തം കൂട്ടുകാരനോട്/ കൂട്ടുകാരിയോട് ഉണ്ടാവണം, അത് അറിഞ്ഞുള്ളതാവണം, അടിച്ചേൽപ്പിക്കുന്നത് പോലെയാവരുത്. സഹായം അറിഞ്ഞാവണം, അതിന് അവസരം കാക്കരുത്. ഇത്തരം സൗഹൃദങ്ങൾ അപൂർവങ്ങൾ തന്നെയാണ്. 1883 ജനുവരി 6 ന് ലബനാനിലെ ഭഷരിയിൽ ജനിച്ച്, വെറും 48 വർഷം മാത്രം ജീവിച്ച് ലോകമറിയുന്ന കവിയും, ചിത്രകാരനും എഴുത്തുകാരനുമൊക്കെയായി തീർന്ന, എല്ലാ കാലത്തും നിലനിൽക്കുന്ന The Prophet എന്ന ക്ലാസ്സിക് കൃതിയിലൂടെയും ഭാവതീവ്രമായ കവിതകളിലൂടെയും ജീവിക്കുന്ന ഖലീൽ ജിബ്രാൻ ഒരിക്കൽ പറഞ്ഞു…

” സൗഹൃദം എപ്പോഴും മധുരമായ ഉത്തരവാദിത്തമാണ്, അതൊരിക്കലും ഒരവസരമല്ല. “

പട്ടിണി നിറഞ്ഞ ജീവിതത്തിലും, കുട്ടിക്കാലം മുതൽ വരകൾ കൊണ്ട് അത്ഭുതം കാട്ടിയ ഖലീൽ. ഇളയ സഹോദരിയുടെ മരണം, അടുത്തുതന്നെ അർദ്ധ സഹോദരനും, മാതാവും മരണപ്പെട്ടത്, പിതാവിന്റെ ജയിൽവാസം തുടങ്ങി കുട്ടിയായിരിക്കുമ്പോൾ തന്നെ ഒരുപാട് ദുരിതങ്ങൾ താണ്ടിയ ഖലീൽ. നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ബെസ്റ്റ് സെല്ലർ ആയ The Prophet ഉൾപ്പെടെ എണ്ണം പറഞ്ഞ ക്ലാസ്സിക് സൃഷ്ടികൾ നടത്തിയ ഖലീൽ.ചെറിയ പ്രായത്തിൽ തന്നെ സ്വന്തം ചിത്രങ്ങളുടെ പ്രദർശനം നടത്തി കയ്യടി വാങ്ങിയ ഖലീൽ. കരൾ വീക്കവും ക്ഷയവും പിടിപെട്ട് അകാലത്തിൽ പൊലിഞ്ഞുപോയ ആ അത്ഭുതം, യൗവ്വനത്തിൽ തന്നേക്കാൾ 9 വയസ്സ് മൂത്തയാളും, പെൺകുട്ടികളുടെ സ്കൂൾ ഹെഡ് മിസ്ട്രെസ് ആയിരുന്നതുമായ മേരി ഹസ്കലുമായുണ്ടാക്കിയ സൗഹൃദം അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു എന്ന് ആ ജീവിതം വായിക്കുമ്പോൾ മനസ്സിലാവും. വ്യവസ്ഥകൾ ഇല്ലാത്തതായിരുന്നു ആ സൗഹൃദം, ചുറ്റുമുള്ളവർ അതിനെ പ്രണയമെന്നൊക്ക വിശേഷിച്ചുവെങ്കിലും അവരുടെ ശരീരങ്ങൾ ഒരിക്കലും അത്തരത്തിൽ സ്നേഹിച്ചില്ല. പക്ഷെ, അവരുടെ സൗഹൃദം റോമാൻറ്റിക് ആയിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അദ്ദേഹം മരണപ്പെടുന്നത് 1931 ഏപ്രിൽ 10 നായിരുന്നു.1926 ൽ മേരി ഹസ്കൽ, ജേക്കബ് ഫ്ളോറൻസ് എന്ന ജിബ്രാന്റെ അടുത്ത സുഹൃത്തിനെ വിവാഹം കഴിച്ചു എന്നത് ചേർത്തുവായിക്കുമ്പോഴാണ് സൗഹൃദങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിലപാട് വെളിവാകുക.

വ്യവസ്ഥകളിൽ അധിഷ്ഠിതമായിരിക്കുന്നു ഇന്നത്തെ സൗഹൃദങ്ങൾ, അഥവാ ആത്മാർത്ഥതയും ത്യാഗമനോഭാവവും ഇല്ലാത്തതും പരസ്പരം ഉള്ളറിയാത്തവയുമായി പരിണമിച്ചിരിക്കുന്നു എന്നതാണ് സത്യം. തുറന്ന മനസ്സോടെയുള്ള കലർപ്പില്ലാത്ത സൗഹൃദബന്ധങ്ങൾ നന്നേ കുറവെങ്കിലും ഉണ്ടെന്നുള്ള ആശ്വാസത്തോടെ മഹാനായ കവിയുടെ വാക്കുകൾ ഒരിക്കൽ കൂടി ഓർത്തുകൊണ്ട്, സൗഹൃയദങ്ങൾക്ക് നന്മകൾ നേർന്നുകൊണ്ട്,

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.