പ്രഥമ പ്രധാനമന്ത്രിയെ ഓർമിക്കുമ്പോൾ

പ്രഥമ പ്രധാനമന്ത്രിയെ ഓർമിക്കുമ്പോൾ

“Failure comes only when we forget our ideals and objectives and principles.” (Jawahar Lal Nehru )

 

 

വ്യക്തികൾ എന്ന നിലയ്ക്ക് നമ്മൾ ജീവിതത്തിൽ ആദർശങ്ങൾ പുലർത്തണം , ലക്ഷ്യങ്ങൾ ഉണ്ടാവണം , ചില തത്വങ്ങൾ കാത്തുസൂക്ഷിക്കുകയും വേണം. ജീവിതത്തിൽ ഇതിലെന്തെങ്കിലും മറന്നുപോകുമ്പോഴോ ഒഴിവാക്കപ്പെടുമ്പോഴോ ആവും നമ്മിലേക്ക്‌ പരാജയം കടന്നുവരിക.ഒരു സാഹചര്യത്തിലും ഇവ മറന്നുപോകാതെ, കഠിനാധ്വാനം ചെയ്‌താൽ വിജയം ഒപ്പം കൂടുമെന്നതിൽ തർക്കമില്ലെന്ന് ജവഹർ ലാൽ നെഹ്‌റു ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയും, ആധുനിക ഇന്ത്യയുടെ ശില്പിയും, രാഷ്ട്രീയ തത്വചിന്തകനും, ഗ്രന്ഥകർത്താവും ചരിത്രകാരനും, സ്വാതന്ത്ര്യസമര നേതാക്കളിൽ ആഗ്രഗണ്യനുമായ, കുട്ടികളെ ഒരുപാട് സ്നേഹിച്ച നമ്മുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ഈ വാക്കുകൾ ഇന്നത്തെ ചിന്തകളെ ഉദ്ദീപിപ്പിക്കട്ടെ. മഹാനായ രാഷ്ട്രതന്ത്രജ്ഞൻ അന്തരിച്ച ദിനമാണ് ഇന്ന്. മേയ് 27

 

പണ്ഡിറ്റ്‌ ( അദ്ധ്യാപകൻ ) എന്ന് പേരിനൊപ്പം ചേർത്ത് അറിയപ്പെട്ട ജവഹർ ലാൽ നെഹ്‌റു ജനിച്ചത് 1889 നവംബർ 14 ന് അലഹബാദ് പ്രയാഗ് രാജിൽ ഒരു കാശ്മീരി ബ്രാഹ്‌മണകുടുംബത്തിലാണ് .കുട്ടികളുടെ കളിക്കൂട്ടുകാരനായ അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി നമ്മൾ കൊണ്ടാടുന്നു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ അദ്ദേഹം 1964 ൽ അന്തരിക്കും വരെ ആ പദവിയിൽ തുടർന്നു. പിതാവ് മോത്തിലാൽ നെഹ്‌റു അഭിഭാഷകൻ ആയിരുന്നു. നാല് മക്കളിൽ ഇളയ ആളായിരുന്നു ജവഹർ. ഐക്യരാഷ്ട്ര സംഘടന പോത്യസഭയുടെ ആദ്യ വനിതാ അധ്യക്ഷയായ വിജയലക്ഷ്മി പണ്ഡിറ്റ്‌ സഹോദരിയാണ്.

 

16 വയസ്സുവരെ വീട്ടിൽ തന്നെയായിരുന്നു പഠനം, ഇംഗ്ലീഷ് അധ്യാപകരിൽ ഒരാളായ ഫെർഡിനാണ്ട് ബ്രൂക്സ് നെ അദ്ദേഹത്തിനെ വലിയ കാര്യമായിരുന്നു. ഹിന്ദിയും സംസ്കൃതവും വീട്ടിൽ തന്നെ അദ്ദേഹം അഭ്യസിച്ചു. തുടർന്ന് ഇംഗ്ലണ്ടിലെ ഹാരോ ഇംഗ്ലീഷ് സ്കൂളിലും പിന്നീട് ട്രിനിറ്റി കോളേജിലും പഠിച്ചു. രണ്ട് വർഷം അവിടെ, തുടർന്ന് 3 വർഷം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ, നാച്ചുറൽ സയൻസ്ൽ ഡിഗ്രി നേടി. ആകെ 7 വർഷം ഇംഗ്ലണ്ടിൽ തുടർന്നു.ബെർണാഡ് ഷാ, എച്ച്.ജി. വെൽസ്, റസ്സൽ തുടങ്ങിയവരുടെ രചനകൾ രാഷ്ട്രീയത്തെക്കുറിച്ചും, സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള ചിന്തകളുടെ വിത്തുകൾ പാകി. പിന്നീട് രണ്ടുകൊല്ലക്കാലം ലണ്ടനിലെ ഇന്നർ ടെംപിളിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ നെഹ്രു 1912-ൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയിൽ മടങ്ങിയെത്തി. ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുമ്പ് യൂറോപ്പ്‌ മുഴുവൻ ചുറ്റിക്കറങ്ങി. ഈ യാത്രകൾ അദ്ദേഹത്തെ പാശ്ചാത്യ സംസ്കാരവുമായി ഏറെ അടുപ്പിച്ചു. തികഞ്ഞ പാശ്ചാത്യ ജീവിത രീതികളും ചിന്തകളുമായാണ്‌ ഇന്ത്യയിൽ തിരിച്ചെത്തിയത്‌. നാല് കൊല്ലം കഴിഞ്ഞ് കമലാ കൗളിനെ വിവാഹം ചെയ്തു, ഏക മകൾ ഇന്ദിരാ പ്രിയദർശിനി. 1916 ലെ ലക്നൗ സമ്മേളനത്തിൽ വച്ച് കണ്ടുമുട്ടിയതോടെ ഗാന്ധിജിയുടെ സഹചരിൽ ഒരാളായി മാറിക്കഴിഞ്ഞു അദ്ദേഹം. പിന്നീട് സ്വാതന്ത്ര്യസമരത്തിൽ പൂർണസമയം ഏർപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയി 1929 ൽ തിരഞ്ഞെടുക്കപ്പെട്ടു. 1930 കളിലും തുടർന്നും ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്ന് നയിച്ച കോൺഗ്രസ്‌ പാർട്ടിയുടെ തലവനായും, മതനിരപേക്ഷ ഭാരതത്തിന്റെ സൃഷ്ടിപ്പിനും നിലനിൽപ്പിനും കനപ്പെട്ട സംഭാവനകൾ നൽകിയ, സമുന്നത വ്യക്തിത്വം എന്നും ആദരിക്കപ്പെടുകതന്നെചെയ്യും.

 

ഗാന്ധിജി തൻറെ രാഷ്ട്രീയ പിൻഗാമിയായി നെഹ്രുവിനെ കണ്ടുതുടങ്ങിയ 1941 ൽ തന്നെ നേതൃത്വത്തിന്റെ വിഷയത്തിൽ തീരുമാനമായിരുന്നു. നെഹ്രുവിൽ ഇന്ത്യയുടെ ഭാവി ഗാന്ധിജി കണ്ടെത്തി. ക്രമേണ നെഹ്രു കുടുംബം മുഴുവൻ ഗാന്ധിജിയുടെ അനുയായികളായി. ജവഹറും അച്ഛനും പാശ്ചാത്യ വേഷവിധാനങ്ങൾ വെടിഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായതോടെ അറസ്റ്റും ജയിൽവാസവും ജീവിതത്തിന്റെ ഭാഗമായി.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ നെഹ്രു ഗാന്ധിജിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ചു. ബ്രിട്ടീഷുകാരിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചവരിൽ ഒരാൾ നെഹ്രുവാണ്. കോൺഗ്രസ്സ് ബ്രിട്ടനുമായുള്ള എല്ലാ സഖ്യങ്ങളും അവസാനിപ്പിക്കണമെന്ന് നെഹ്രു ആവശ്യപ്പെട്ടു. 1927 ൽ പൂർണ്ണസ്വാതന്ത്ര്യം എന്ന ആശയം നെഹ്രു മുന്നോട്ടുവച്ചുവെങ്കിലും, ഗാന്ധിജിയുടെ എതിർപ്പുമൂലം അദ്ദേഹം പിന്നീട് അത് ഉപേക്ഷിക്കുകയാണുണ്ടായത്. എന്നാൽ 1928 ൽ ഗാന്ധി നെഹ്രുവിന്റെ ആവശ്യങ്ങളോട് അനുകൂലമാവുകയും ബ്രിട്ടനോട് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർക്കാനുള്ള പദ്ധതി നെഹ്രു ആവിഷ്കരിച്ചു.

 

1940 മാർച്ചിൽ മുഹമ്മദാലി ജിന്ന പാകിസ്താൻ പ്രമേയം പാസ്സാക്കി. മുസ്ലിങ്ങൾക്ക് സ്വതന്ത്രരാഷ്ട്രം എന്നതായിരുന്നു പ്രമേയത്തിന്റെ കാതൽ. പവിത്രമായ നാട് എന്നർത്ഥം വരുന്ന പാകിസ്താൻ എന്നതായിരിക്കണം ഈ സ്വതന്ത്രരാജ്യത്തിന്റെ നാമം. ലീഗിന്റെ പുതിയ നിലപാട് നെഹ്രുവിനെ അങ്ങേയറ്റം കുപിതനാക്കി. കോൺഗ്രസ്സിനുമാത്രമായി പൂർണ്ണ അധികാരം കൈമാറുന്നതിനും ലീഗ് എതിരായിരുന്നു. 1940 ഒക്ടോബറിൽ യുദ്ധത്തിൽ പങ്കുചേരാനുള്ള ബ്രിട്ടന്റെ ആവശ്യം നെഹ്രുവും ഗാന്ധിയും തള്ളിക്കളഞ്ഞു. സമരമുഖത്തേക്ക് ഇറങ്ങിയ നെഹ്രുവിനെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റുചെയ്ത് നാലുവർഷത്തേക്ക് ജയിലിലടച്ചെങ്കിലും ഒരു വർഷത്തിനുശേഷം മോചിതനാക്കി.

 

സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികൾ നെഹ്രു നടപ്പിലാക്കുകയുണ്ടായി. നെഹ്രുവിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്രുവിന്റെ ദീർഘവീക്ഷണത്തിന്റെ ഫലങ്ങളാണ്. കോളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെ പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും വലിയ നേട്ടമാണ്. മതസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിറം, ജാതി എന്നീ വേർതിരിവുകളില്ലാതെ നിയമം എല്ലാവർക്കും ഒരേ പോലെ നടപ്പാക്കുക, കർഷകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുക, തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ എന്നീ ദുരാചാരങ്ങൾ ഉന്മൂലനം ചെയ്യുക, വ്യവസായങ്ങൾ ദേശസാത്കരിക്കുക, എല്ലാറ്റിനുമുപരി മതനിരപേക്ഷയായ ഇന്ത്യ എന്നിവയായിരുന്നു നെഹ്രുവിന്റെ ദർശനത്തിലുള്ള ഭാവി ഇന്ത്യ. അടിസ്ഥാന അവകാശങ്ങളും, സാമ്പത്തിക നയങ്ങളും എന്ന പേരിലുള്ള ഒരു പ്രമേയം നെഹ്രു അവതരിപ്പിക്കുകയുണ്ടായി.ഗാന്ധിജിയുടെ നേതൃത്വത്തിൽ പ്രമേയം നടപ്പിലാക്കിയെങ്കിലും ചില നേതാക്കൾ നെഹ്രുവിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി.

 

സോഷ്യലിസം എന്ന കോൺഗ്രസ്സിന്റെ ആശയം നടപ്പാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ഇതിനു വേണ്ടി വാദിച്ച നെഹ്രുവിനെ കോൺഗ്രസ്സിലെ വലതുപക്ഷശക്തിയുടെ നേതാക്കളായ സർദാർ പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, സി.രാജഗോപാലാചാരി എന്നിവർ എതിർത്തു.. കോൺഗ്രസ്സിനുള്ളിലെ ഇടതുചിന്താഗതിക്കാരായ മൗലാനാ ആസാദിന്റേയും സുഭാഷ്ചന്ദ്രബോസിന്റേയും പിന്തുണയോടെ നെഹ്‌റു കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാവുകയും ചെയ്തു. പിന്നീട് സുഭാഷ്ചന്ദ്രബോസും, ആസാദും നെഹ്രുവിനെ പിന്തുടർന്ന് കോൺഗ്രസ്സ് പ്രസിഡന്റുമാരായിത്തീർന്നു. 1952-ൽ ഏഷ്യയിലാദ്യമായി ഇന്ത്യയിൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം, ജനസംഖ്യാനിയന്ത്രണത്തിനു രാജ്യത്ത് കുടുംബാസൂത്രണപദ്ധതി തുടങ്ങിയവ നെഹ്രുവാണ്‌ നടപ്പാക്കിയത്. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബൽവന്ത് റായി മേത്ത കമ്മറ്റിയെ നിയോഗിച്ചു. കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് എറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തതും നെഹ്രുവാണ്‌. പറയാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കി. അദ്ദേഹത്തിന്റെ വിയോഗദിനത്തിന്റെ ഓർമ്മകൾ നിറയുന്ന ഇന്ന് അദ്ദേഹം സമ്മാനിച്ചുപോയ വിലപ്പെട്ട സംഭാവനകൾ ഒരിക്കലും നാം മറക്കാതിരിക്കുക. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങൾ എന്നും പ്രസക്തമത്രേ.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.