അനുപമമായ ഒരു ത്യാഗത്തിന്റെ ചരിത്രം ഓർമ്മിക്കപ്പെടുമ്പോൾ

 

അനുപമമായ ഒരു ത്യാഗത്തിന്റെ ചരിത്രം ഓർമ്മിക്കപ്പെടുമ്പോൾ

പഞ്ചാബിലെ അമൃത്സറിലെ പ്രശസ്തമായ സുവർണക്ഷേത്രം കോംപ്ലക്സിന് അടുത്തായിട്ടാണ് ജാലിയൻ വാലാബാഗ് ( garden of jallahman ) സ്ഥിതിചെയ്യുന്നത്. 7 ഏക്കറിൽ പരന്നുകിടക്കുന്ന വിസ്തുത ഭൂമി. സുവർണക്ഷേത്രത്തിന്റെ കോംപ്ലക്സിൽ നിന്നാൽ കാണാവുന്ന ദൂരത്തുള്ള ചരിത്രം ഉറങ്ങുന്ന മണ്ണ്. നാട്ടിലെ സാംസ്കാരിക പരിപാടികൾ നടന്നുവന്ന സ്ഥലം, ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നവരുടെ വിശ്രമകേന്ദ്രം.1919 ൽ ഇവിടം പല കമ്പനികളുടെ കെട്ടിടങ്ങളാൽ നിറഞ്ഞു, തെരുവുകൾ ആകെ ഇടുങ്ങിയ നിലയിലായി. പ്രവേശനത്തിനും പുറത്തുപോകാനും ഓരോ വഴികൾ മാത്രം.ചുറ്റുമതിലുമുണ്ടായിരുന്നു. ഈ സ്ഥലത്തിന് പേര് കിട്ടിയതിനു പിന്നിലുള്ള കാര്യവും അറിയണം, സിഖ് വംശത്തിനുശേഷം ഇതിന്റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടിരിക്കുന്നു അത്.ആസമയം ഈ സ്ഥലം ഹിമത് സിംഗ് ബൈൻസ്ന്റെ കുടുംബവസ്തുവായി മാറി. ഹിമ്മത് സിംഗ് വന്നത് ജല്ല ജില്ലയിൽ നിന്നായിരുന്നു.അതിനാൽ കുടുംബം മൊത്തത്തിൽ ജല്ലേവാലേ എന്നറിയപ്പെട്ടു.

 

സഹനസമരങ്ങളിലൂടെയും പതിനായിരക്കണക്കിന് ഭാരതീയരുടെ രക്തസാക്ഷിത്വത്തിലൂടെയും, ബ്രിട്ടീഷ് കോളനി വാഴ്ചയുടെ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ എണ്ണമറ്റ ദേശ സ്നേഹികളുടെ ത്യാഗത്തിലൂടെയും പിൻതലമുറകൾ സ്വാതന്ത്ര്യം ആവോളം അനുഭവിക്കുമ്പോൾ,ഒരിക്കലും മറക്കരുതാത്ത ചരിത്രസംഭവങ്ങൾ ധാരാളമുണ്ടെന്ന് നാമറിയണം. അതിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല.ബ്രിട്ടീഷുകാരുടെ മനുഷ്യത്വമില്ലാത്ത ക്രൂരതകളിൽ ഏറ്റവും ആദ്യം പറയേണ്ട ഒന്ന്. ബ്രിട്ടൻ ഒരിക്കൽപോലും പേരിനുപോലും ഖേദപ്രകടനം നടത്തിയിട്ടില്ലാത്ത കാടത്തം.ബൈശാഖ് മഹോത്സവം നടന്നുവന്ന മൈതാനത്ത് യാതൊരു പ്രകോപനവുമില്ലാതെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ജനറൽ R E H ഡയർ എന്ന മനുഷ്യമൃഗം നൽകിയ ഉത്തരവിലൂടെ 10 മിനിറ്റോളം നീണ്ടുനിന്ന അയാളുടെ സൈനിക ട്രൂപ്പിന്റെ തോക്കുകൾ തീതുപ്പിയപ്പോൾ പൊലിഞ്ഞത് 1500 ഓളം നിസ്സഹായരും നിരായുധരുമായ ഭാരതപൗരന്മാർ. ധാരാളം പേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ചെയ്ത ക്രൂരതയുടെ പേരിൽ അയാൾ ഒരിക്കലും ഖേദിച്ചില്ല, പകരം അഭിമാനത്തോടെ വീരസ്യം പറഞ്ഞു. ഭാരതീയർ ഒരുകാലത്തും മറക്കാൻ പാടില്ലാത്ത പാഠമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ആ അത്യാഹിതത്തിന്റെ ഓര്മപ്പെടുത്തലാണ് ഇന്ന്…

 

ഏപ്രിൽ 13.അന്നവിടെ ജീവൻ പൊലിഞ്ഞ രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാം നമുക്ക് ഈദിനത്തിൽ.

 

ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനികരെയും പലവിധമായ സൗകര്യങ്ങളും ഭക്ഷ്യവസ്തുക്കളും വെടിക്കോപ്പുകളും ബ്രിട്ടീഷ് ഇന്ത്യ സംഭാവന ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി യൂറോപ്പിലും ആഫ്രിക്കയിലും മധ്യകിഴക്കൻ പ്രദേശങ്ങളിലും ദശലക്ഷക്കണക്കിന് ഇന്ത്യൻ സൈനികരും തൊഴിലാളികളും സേവനം ചെയ്യേണ്ടിവന്നു.എന്നാൽ ബംഗാളും പഞ്ചാബും ബ്രിട്ടന്റെ കോളനി വാഴ്ചക്കെതിരെ നിലകൊണ്ടു.1915 ൽ പാസ്സാക്കിയ Defence of India Act പ്രകാരം, അന്നത്തെ പഞ്ചാബ് ലെഫ്റ്റ്. ഗവർണർ ആയിരുന്ന മിഖായേൽ ഒ ട്വയർ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും വെട്ടിക്കുറച്ചു.ഇതിനെതിരെ പ്രതിഷേധം ഉടലെടുത്തു. തുടർന്ന് 1918 ൽ സൈഡ്നി റൗളത് എന്ന ആഗ്ലോ ഈജിപ്ത്യൻ ജഡ്ജിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകൃതമായി. ഇന്ത്യയിലെ പ്രത്യേകിച്ച് പഞ്ചാബിലും ബംഗാളിലും മിലിറ്റന്റ് നീക്കങ്ങൾക്ക് ജർമൻ, ബോൾഷേവിക് ബന്ധമുണ്ടോ എന്ന് പരിശോധിക്കലായിരുന്നു ഈ കമ്മിറ്റിയുടെ ചുമതല. ഇത് പിന്നീട് നിയമമായി, അതാണ്‌ റൗളത് നിയമം. 1919 മാർച്ച് 18 ന് പാസ്സാക്കപ്പെട്ട ഈ നിയമം രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.ഗാന്ധിജിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. അനിശ്ചിതകാലം തടങ്കലിൽ വക്കാനും വിചാരണ കൂടാതെ ജയിലിൽ ഇടാനുമൊക്ക അന്യായമായ അധികാരം നൽകുന്നതായിരുന്നു റൗളത് നിയമം. 1919 ഏപ്രിൽ 10 മുതൽ ഹർത്താൽ ഉൾപ്പെടെയുള്ള വിവിധ പ്രതിഷേധ പരിപാടികൾ അരങ്ങേറി. ഏപ്രിൽ 13 ന് ജാലിയൻ വാലാബാഗിൽ വൈകിട്ട് 4.30 ന് പ്രതിഷേധയോഗം തീരുമാനിക്കപ്പെട്ടു.
എന്നാൽ കരിനിയമത്തിന്റെ പിൻബലത്തിൽ എല്ലാ പരിപാടികളും നിരോധിക്കപ്പെട്ടു. സമരനേതാക്കളായ സത്യപാൽ, സൈഫുദീൻ കിച്ചലെവ എന്നിവരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.ഗാന്ധിജി പഞ്ചാബിൽ കയറുന്നതിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു.

 

13 ന് രാവിലെ 9 മണിക്ക് ജാലിയൻ വാലാബാഗ് മൈതാനിയിൽ ബൈശാഖി എന്ന പറമ്പരാഗത സിഖ് ഉത്സവം ആരംഭിച്ചു. കൂട്ടം ചേരൽ നിരോധിച്ച്കൊണ്ട് ജനറൽ ഡയർ കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മണിക്ക് ശേഷം തെരുവിൽ കണ്ടാൽ വെടിവക്കാനും പോലീസിന് അയാൾ അധികാരം നൽകി.4 പേരിൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടുന്നത് വിലക്കി.വൈകിട്ടത്തെ പ്രതിഷേധ യോഗത്തിന്റെ സംഘാടകരെ ഈ വിവരങ്ങൾ 12.40 ന് ഡയർ അറിയിച്ചു. പക്ഷെ, ഉത്സവത്തിനായും വച്ചുവാണിഭത്തിനായും മറ്റും ആബാലവൃദ്ധർ ഉച്ചകഴിഞ്ഞപ്പോഴേക്കും മൈതാനിയിൽ ഒത്തുകൂടാൻ തുടങ്ങി. 10 അടി ഉയരത്തിൽ എല്ലാവശത്തും ഭിത്തിയുള്ള മൈതാനം, ഒരു ബാൽക്കണി,5 ഇടുങ്ങിയ വഴികൾ, മൈതാനത്തിന്റെ മധ്യത്തിലായി ഒരു സ്മാരകം പോലൊരു നിർമാണവും ഒരു വലിയ കിണറും.അതിൽ ഭാഗികമായി വെള്ളം.2 മണിക്ക് സിറ്റി പോലീസ് ഉത്സവാഘോഷം നിർത്തിവെപ്പിച്ചു. ഈസമയം ജനറൽ ഡയർ വിമാനത്തിൽ ചുറ്റിപ്പറന്ന് നിരീക്ഷണം നടത്തി. ജനക്കൂട്ടത്തെ തിട്ടപ്പെടുത്തി,6000 പേർ ഉണ്ടെന്ന് വിലയിരുത്തൽ ( കൂട്ടക്കൊല അന്വേഷിച്ച ഹുണ്ടർ കമ്മീഷൻ പറഞ്ഞത് 10000 നും 20000 നുമിടയ്ക്ക് എന്ന കണക്കാണ് ).

 

നിരോധനം ലംഘിച്ച് പ്രതിഷേധയോഗം തുടങ്ങി, ഒരു മണിക്കൂർ കഴിഞ്ഞു, സമയം 5.30, കേണൽ ഡയർ 90 സൈനികർ അടങ്ങിയ ട്രൂപുമായി എത്തി. ട്രൂപ്പിൽ സിഖ്, ഗൂർഖ, ബലൂച്, രാജ്ഘത് വിഭാഗം അംഗങ്ങലാണ് ഉണ്ടായിരുന്നത്. 303 ലീ എൻഫീൽഡ് ഇനം റൈഫിളുകളുമായി.അവിടെ കൂടിയ ജനക്കൂട്ടത്തിലാകട്ടെ, സിഖ്, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ പിന്നെ പ്രസംഗകർ, കേൾക്കാനെത്തിയവർ, പിക്നിക്കുമായെത്തിയവർ, കച്ചവടക്കാർ തുടങ്ങിയവരും ഉണ്ടായിരുന്നു.ബാഗിന്റെ പ്രധാന വഴി ഒഴിച്ചുള്ള ഇടുങ്ങിയ വഴികളൊക്കെ സൈനികരെക്കൊണ്ട് നിർത്തി അടപ്പിച്ചു.രണ്ട് സായുധ കാറുകൾ വെളിയിൽ കാത്തുകിടന്നു. ആരും പുറത്തുകടക്കാതിരിക്കാൻ പ്രധാന വാതിലിനു പുറത്ത് സൈനികരും സായുധ കാറുകളും. ഡയറിന്റെ ഉത്തരവ് മുന്നറിയിപ്പില്ലാതെ വന്നു, വിശ്വസ്തരായ ട്രൂപ്പ് അംഗങ്ങൾ 10 മിനുട്ട് നിർത്താതെ വെടിയുതിർത്തു, വെടിയുണ്ടകൾ തീരുംവരെ. നിസ്സഹായരും നിരായുധരുമായ മനുഷ്യരുടെ അപ്പോഴത്തെ അവസ്ഥ ചിന്തിച്ചുനോക്കൂ, ആ ദയനീയ കാഴ്ചകൾ നമ്മുടെ ഉൽക്കണ്ണുകളിൽ എപ്പോഴുമുണ്ടാവണം, എങ്കിലേ നമ്മൾ ആ പാവം മനുഷ്യരെ നന്ദിയോടെ ഓർക്കുന്ന നല്ല ഭാരതീയരാവൂ. ജീവൻ കയ്യിൽപ്പിടിച്ച് രക്ഷപ്പെടാൻ പഴുതില്ലാതെ നെട്ടോട്ടമൊടുന്ന ആയിരങ്ങൾ. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ജനക്കൂട്ടം.1500 ഓളം പേർ മരിച്ചുവീണു, ഒട്ടേറെപ്പേർക്ക് പരിക്കേറ്റു 1650 റൗണ്ട് വെടിയുതിർത്തതായി ഡയർ പിന്നീട് പറഞ്ഞിരുന്നു. പരക്കം പാച്ചിലിൽ ചവിട്ടേറ്റുo മരണം സംഭവിച്ചു. ഇടുങ്ങിയ വഴികളിലേക്ക് ജീവൻ രക്ഷിക്കാൻ ഓടിയവരെ അവിടെ നിന്ന സൈനികർ തടഞ്ഞു മരണത്തിലേക്ക് തള്ളിയിട്ടു. രക്ഷപ്പെടാൻ കിണറ്റിൽ ചാടി ചിലർ, പിന്നീട് കിണറ്റിൽ നിന്നും 120 മൃതദേഹങ്ങൾ കണ്ടെടുത്തു.

 

ഭ്രാന്തുമൂത്ത ജനറൽ ഡയർ പിന്നീട് വെടിവപ്പിനെപ്പറ്റി പറഞ്ഞു… “യോഗം പിരിച്ചുവിടാൻ വേണ്ടിയല്ല വെടിവച്ചത്, നിയമങ്ങൾ അനുസരിക്കാത്ത ഇന്ത്യക്കാർക്കുള്ള ശിക്ഷയായിരുന്നു അത്.” ഇയാളുടെ കുടിലമനസ്സിന്റെ പ്രതിഫലനമായി വേണം ഈ പ്രസ്താവനയെ കാണേണ്ടത്.പിറ്റേന്നത്തെ പത്രങ്ങളിൽ വന്ന മരണക്കണക്ക് യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്തതായിരുന്നു,200 പേർ മരിച്ചെന്നാണ് ഏറെയും വാർത്തകൾ.അന്വേഷണ കമ്മീഷൻ പറഞ്ഞത് 379 പേരുടെ കണക്കു മാത്രം. ഭാരതീയരെന്ന നിലക്ക് നമുക്ക് അല്പം അഭിമാനിക്കാം, കാരണം, കൂട്ടക്കൊലയ്ക്ക് 21 വർഷശേഷം(മാർച്ച്‌ 13,1940)ഭാരതത്തിന്റെ ധീരവിപ്ലവകാരി ഉദ്ദസിംഗ്, കൂട്ടക്കൊല സമയത്ത് പഞ്ചാബ് ലെഫ്റ്റ്. ഗവർണർ ആയിരുന്ന മിഖായേൽ ഓ ട്വയർ നെ വെടിവച്ചുകൊന്നു. ഉദ്ദം സിംഗിന് കൂട്ടക്കൊലസമയം പരിക്കേറ്റിരുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന ഏപ്രിൽ 13 വീണ്ടുമെത്തുമ്പോൾ, വിസ്മരിക്കരുത് ഭാരതീയരുടെ ജീവത്യാഗം. അമിതമായി നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിലെ ഒരുപാട് ത്യാഗങ്ങളുടെയും പീഡനങ്ങളുടെയും വീരചരിതങ്ങൾ ഒരിക്കലും മറഞ്ഞുകൂടാ. ധീര രക്തസാക്ഷികൾക്ക് ബിഗ് സല്യൂട്ട് .   ജയ് ഹിന്ദ്.

 

 

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.