ലോകത്തെ ഏക ജൂതരാഷ്ട്രം പിറവിദിനത്തിൽ

ലോകത്തെ ഏക ജൂതരാഷ്ട്രം പിറവിദിനത്തിൽ

ലോകമുസ്ലിങ്ങൾക്കും ക്രിസ്തുമതവിശ്വാസികൾക്കും യഹൂദന്മാർക്കും ഒരേപോലെ പ്രാധാന്യമുള്ള ജറുസലേം തലസ്ഥാനമായ രാജ്യം. നിലവിൽ ലോകത്തെ ഏക ജൂതരാഷ്ട്രം.
മെഡിറ്റേറിനിയൻ കടലിന്റെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന, ഏഴാം നൂറ്റാണ്ടിൽ ഇസ്‌ലാമിക ഖിലാഫത്തിന്റെ നിയന്ത്രണത്തിലായിരുന്ന, പിന്നീട് ഫലസ്തീൻ എന്നറിയപ്പെട്ട ഭൂപ്രദേശം. ആദികാലത്ത് ബൈസാന്റിയൻ രാജവംശം നിയന്ത്രിച്ചുവന്ന, വടക്കു മുതൽ തെക്ക് വരെ ഗ്രേറ്റ്‌ റിഫ്റ്റ് താഴ്‌വര പരന്നുകിടക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളായ ബൈബിളിലും ഖുർആനിലും പരക്കെ പരാമർശിക്കപ്പെടുന്ന പ്രദേശം. ഇസ്രായേൽ എന്ന രാഷ്ട്രം പ്രഖ്യാപിക്കപെട്ട ദിനമാണ് ഇന്ന്,
മേയ് 14.

 

 

1948 ഇതേ ദിവസമാണ് ഡേവിഡ് ബെൻ ഗുറിയോനും ജൂതസമൂഹത്തിന്റെ കൗൺസിലും ചേർന്ന് പ്രഖ്യാപിച്ച ഇസ്രായേൽ രാഷ്ട്രം ജന്മം കൊള്ളുന്നത്. ഫലസ്തീനിലെ ബ്രിട്ടീഷ് ജനവിധിയുടെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പത്തെ ദിവസത്തിലാണ് ഈരാജ്യം പിറന്നത്.സിറിയൻ പ്രവിശ്യയായിരുന്ന, പിന്നീട് മെനലൂക് സുൽത്താൻമാരുടെ ഭരണത്തിലായ, തുടർന്ന് ഓട്ടോമാൻ സാമ്രാജ്യത്തിന്റെ (1917 ൽ )കീഴിൽ കഴിഞ്ഞുവന്ന , ഒടുവിൽ ബ്രിട്ടീഷുകാർ പിടിച്ചടക്കിയ പ്രദേശമായിരുന്നു ഇസ്രായേൽ. വടക്ക് ലബനോൻ, വടക്ക് കിഴക്ക് സിറിയ, കിഴക്ക് തേക്കുകിഴക്ക് ജോർദാൻ, തെക്ക് പടിഞ്ഞാറ് ഈജിപ്ത്, പടിഞ്ഞാറ് മെഡിറ്റേറിനിയൻ എന്നിങ്ങനെ അതിരുകൾ തിരിക്കപ്പെടുന്ന രാജ്യം. ഏറെ തീരപ്രദേശവും വടക്കും മധ്യത്തിലുമായി ഉയർന്ന പ്രദേശങ്ങളും മലകളും, തെക്ക് നെഗവ് മരുഭൂമിയുമുള്ള,20,770 – 22,072 KM ‘2 വിസ്തീർണവും 2022 ലെ കണക്കുപ്രകാരം 951,32,800 ജനസംഖ്യയുമുള്ള രാജ്യം.

 

ബ്രിട്ടീഷ് ജനവിധിക്ക് മുമ്പ് സ്വന്തം ജൂതപ്രദേശമുണ്ടാക്കണമെന്ന അഭിനിവേശത്തോടെ ജൂതന്മാർ ഫലസ്തീനിലേക്ക് കടക്കാൻ തുടങ്ങിയിടത്താണ് ഇസ്രായേലിന്റെ രൂപീകരണത്തിന്റെ അസ്തിവാരം ഇടപ്പെട്ടത്. ഫാലസ്‌തീൻ അറബിസമൂഹത്തിലേക്ക് അവർ കൂട്ടമായി ഒഴുകിയെത്തി, സ്ഥലം കയ്യേറി താമസം തുടങ്ങി. തദ്ദേശവാസികൾക്കിടയിൽ ഇത് സൃഷ്ടിച്ച അസ്വസ്ഥത വളരെ വലുതായിരുന്നു. ക്രമേണ ഇരുകൂട്ടരും സംഘർഷത്തിലായി, നിരന്തര സംഘട്ടനങ്ങൾ തുടരവേ, ഐക്യരാഷ്ട്ര സംഘടന ഇടപെട്ട്, ഫാലസ്തീൻ രാഷ്ട്രത്തെ രണ്ടായി വിഭജിക്കാനുള്ള നിർദേശം മുന്നോട്ട് വച്ചു. ജൂത, അറബ് പ്രദേശങ്ങൾ എന്നിങ്ങനെ.ജൂതർക്ക് അത് ഏറെ ആഹ്ലാദം പകർന്നുനൽകിയപ്പോൾ ഫലസ്തീൻ ജനത വല്ലാതെ വിഷമിച്ചു. യു എൻ പരിഹാരനിർദേശത്തെ തുടർന്നാണ് 1948 ൽ ഇസ്രായേൽ എന്ന രാജ്യം ഔദ്യോഗിക ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചതും അസ്തിത്വം നേടിയതും. ഫലസ്തീൻ ജനതയ്ക്കിടയിൽ നിലനിന്ന അസ്വസ്ഥത വളർന്നു, സമീപത്തുള്ള അറബ് രാഷ്ട്രങ്ങൾ ഫലസ്തീനൊപ്പം നിലകൊണ്ടു. തുടർന്ന് നടന്നത് സ്വന്തം രാജ്യത്തിന്റെ അസ്തിത്വം വീണ്ടെടുക്കാനുള്ള ഫാലസ്തീൻ ജനങ്ങളുടെ നിരന്തരപോരാട്ടങ്ങൾ. 35 വർഷം അത് നീണ്ടുനിന്നുവെങ്കിലും നഷ്ടങ്ങൾ മാത്രമാണ് ആ ജനതയ്ക്ക് ഉണ്ടായത്. മാത്രമല്ല, ഫാലസ്തീൻ എന്ന രാഷ്ട്രത്തിന് സ്വന്തമായുണ്ടായിരുന്ന അസ്തിത്വം വീണ്ടെടുക്കാനായതുമില്ല.

 

ചെറുതായി തുടങ്ങിയ കുടിയേറ്റം, ക്രമേണ ഭൂപ്രദേശങ്ങളുടെ കയ്യേറ്റവും ഒടുവിൽ ഐക്യരാഷ്ട്രസംഘടനയുടെ ഇടപെടലോടെ രാജ്യസൃഷ്ടിപ്പിന്റെതുമായ കഥയാണ് ഇസ്രായേൽ രൂപീകരണത്തിന് പിന്നിൽ തെളിയുന്ന ചിത്രം. 1947 നവംബർ 29 ന് ചേർന്ന യു എൻ പൊതുസഭ ഫലസ്തീൻ രാജ്യത്തെ ജൂതർക്കും അറബികൾക്കുമായി വീതിച്ചുനൽകാനുള്ള തീരുമാനം അംഗീകരിച്ചു. ജൂതർ അത് അംഗീകരിക്കുകയും, അറബ് ലീഗ് തള്ളുകയും ചെയ്തു.എങ്കിലും
1948 ൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി യുദ്ധത്തിൽ ഏർപ്പെട്ടു, അടുത്തവർഷം വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.ധാരണയിൽ ഫലസ്തീന് ഒപ്പം ഭൂപ്രദേശങ്ങൾ നഷ്ടപ്പെടുത്തേണ്ടിവന്നു ജോർദ്ദാനും, ഈജിപ്ടിനും, സീറിയക്കും. ജോർദ്ദാന്റെ പടിഞ്ഞാറൻ പ്രദേശത്തിന്റെ 29% വും, ഈജിപ്തിന്റെ ഗാസാ മുനമ്പും, സിറി യയുടെ ഗോലാൻ കുന്നുകളും നഷ്ടപ്പെട്ടു, അവ ഇസ്രായേലിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണുണ്ടായത്.അവിടുത്തെ അറബികൾക്ക് ഒന്നും നേടാനായില്ല, അവർ അഭയാർഥികളാക്കപ്പെട്ടു, സ്വന്തം രാജ്യത്തുനിന്നും നിഷ്കാസിതരായ അവർ അടുത്തുള്ള അറബ് രാഷ്‌‌ട്രങ്ങളിൽ അഭയം പ്രാപിച്ചു. യു എൻ കണക്കുപ്രകാരം 711000 ലധികം ഫലസ്തീൻ അറബ് വംശജരാണ് അഭയാർഥികളാക്കപ്പെട്ടത്. ഇസ്രായേലുമായുള്ള പോരാട്ടത്തിൽ പതിനായിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തു.അതേസമയം, ഇസ്രായേലിലേക്ക് ജൂതർ ഒഴുകിയെത്തികൊണ്ടേയിരുന്നു.

 

ജൂതജനതയുടെ പിതാവ് എന്നറിയപ്പെടുന്നത് പ്രവാചകനായ യാക്കൂബ് ആണ്.ഇസ്രായേൽ എന്ന പേരിന് അർത്ഥം രാത്രിയിൽ പുറപ്പെട്ടവൻ എന്നത്രെ.ഇസ്ര എന്നാൽ രാത്രി.യാക്കൂബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാൻറെ അടുക്കലേക്ക് പുറപ്പെട്ടത് രാത്രിയിലാണ്.യാക്കൂബിനു ദൈവം ഇസ്രായേൽ എന്ന പേര് നൽകി എന്നും ബൈബിൾ.യാക്കൂബും 12 മക്കളും ഈജിപ്തിലേക്ക് യാത്രയായി. മക്കളുടെ അനന്തരഗാമികൾ 12 ഗോത്രവര്ഗങ്ങളായി വിഭജിച്ചു.പിന്നീട് മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനത മാതൃദേശമായ കാനാനിലേക്ക് പുറപ്പാട് നടത്തി. ഇസ്രായേലിനെ നിർമിച്ചത് ശരിക്കും ദാവീദിന്റെ കാലത്താണ്. പിന്നീട് വന്ന സോളമൻ പ്രവാചകന്റെ കാലത്ത് രാജ്യം രണ്ടായി, വടക്ക് 10 ഗോത്രങ്ങൾ ചേർന്ന ഇസ്രായേലും, തെക്ക് 2 ഗോത്രങ്ങളുടെ ജൂദായും.ഇത്തരത്തിൽ ബൈബിളിൽ ഒരുപാട് വിശദീകരിക്കപ്പെട്ട ചരിത്രമാണ് ഇസ്രായേലിനുള്ളത്. രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രി ഡേവിഡ് ബെങ്ങൂറിൻ ആയിരുന്നു.

 

ഇന്ത്യക്ക് ഇസ്രായേലുമായി മികച്ച നയതന്ത്ര ബന്ധമാണ് ഉള്ളത്. 1992 ലാണ് ഔപചാരിക ബന്ധം സ്ഥാപിക്കപ്പെട്ടത്. ഇസ്രായേൽ രൂപംകൊണ്ട് 70 വർഷശേഷം അവിടം സന്ദർശിക്കുന്ന ആദ്യ പ്രധാന മന്ത്രിയാണ് നരേന്ദ്രമോദി .2017 ജൂലൈയിലായിരുന്നു ചരിത്രമായി മാറിയ സന്ദർശനം.ഇക്കാലയളവിൽ എല്ലാ അർത്ഥത്തിലും വളർച്ച പ്രാപിച്ചുകഴിഞ്ഞു ആരാജ്യം, ആണവശക്തിയും കൂടിയാണിന്ന് ഇസ്രായേൽ. അമേരിക്കയുടെ ഏറ്റവും അടുപ്പമുള്ള സുഹൃത് രാജ്യവും.2019 ലെ കണക്കനുസരിച്ച് ഇന്ത്യ ഇസ്രായേലിന്റെ മൂന്നാമത്തെ വലിയ ഏഷ്യൻ വ്യാപാര പങ്കാളിയാണ്.യു എസിന്റെ സി ഐ എ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ചാരസംഘടനയാണ് ഇസ്രായേലിന്റെ മൊസാദ്‌.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.