വിളക്കേന്തിയ വനിതയെ ഓർക്കുമ്പോൾ

 

വിളക്കേന്തിയ വനിതയെ ഓർക്കുമ്പോൾ

 

അറപ്പോ വെറുപ്പോ മടിയോ കൂടാതെ രോഗബാധിതമായതോ, പലവിധ അപകടങ്ങളിൽ പരിക്കേറ്റതോ, അല്ലെങ്കിൽ ജീവസ്സറ്റതോ ആയ മനുഷ്യരുടെ ശരീരങ്ങളിൽ ഏതവസ്ഥയിലും വേണ്ട പരിചരണമേകുന്ന ഏറ്റവും മഹനീയർ…നഴ്സുമാർ,

 

അവരിലാത്ത ഒരു ലോകക്രമം ആലോചിക്കാനേ കഴിയില്ല. മനുഷ്യകുലമുള്ളിടത്തോളം ഈ ശുഭ്രവസ്ത്രധാരികൾ ഇവിടെയുണ്ടാവുകതന്നെചെയ്യും, കാരണം അവരുടെ മഹനീയസേവനം ഈ ലോകത്തിന് അനിവാര്യമത്രേ. മഹാമാരികൾ, യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ അവർ അവിഭാജ്യ ഘടകമായി മാറുന്നു, എന്നല്ല, അവരുടെ സാന്നിധ്യവും സേവനവും അത്യന്താപേക്ഷിതമായി തീരുന്നു എന്നുവേണം പറയാൻ. ഈ കോവിഡ് കാലത്ത് സമൂഹങ്ങൾ അത് ആവോളം അനുഭവിച്ചതാണ്. സ്വന്തം ശരീരവും സുരക്ഷയും വകവെയ്ക്കാതെ ഏത് ഘട്ടത്തിലും സേവനമുഖത്ത് നിലയുറപ്പിക്കുകയും, വൈമനസ്യം കാട്ടാതെ കർത്തവ്യനിർവഹണം നടത്തുകയും ചെയ്യുന്ന നഴ്സുമാരെ എത്ര വാഴ്ത്തിയാലും അധികമാകില്ല. അവർ സമൂഹങ്ങൾക്ക് നൽകുന്ന അനുപമമായ സംഭാവനകൾ പ്രകീർത്തിക്കാൻ ഒരു ദിനം…
അന്താരാഷ്ട്ര നഴ്സസ് ദിനം, മേയ് 12.

ഇനി അല്പം ചരിത്രം…

 

1854, ക്രിമിയൻ യുദ്ധവേള, ആയിരക്കണക്കിന് പടയാളികൾ പലതരത്തിൽ പരിക്കേറ്റ് നരകിക്കുന്ന ടെൻറ്റുകൾ, അണുബാധയും പകർച്ചവ്യാധികളും പിടിപെട്ട് ഒരുപാട് സൈനികർ മരണപ്പെടുന്ന അതീവ ഗുരുതര സാഹചര്യം, അവിടേക്ക് നഴ്സിംഗ് സേവനത്തിനായി മാറ്റിവച്ച കൊലുന്നു നീണ്ടുവെളുത്ത സുന്ദരി, 38 സഹപ്രവർത്തകരും,15 കാത്തോലിക്ക കന്യാസ്ത്രീകളുമായി നവംബറിൽ എത്തിച്ചേർന്നു. പരിക്കേറ്റ പട്ടാളക്കാരെ പരിചരിച്ചു.. മരണനിരക്ക് 42% ൽ നിന്നും 2% ലെത്തിച്ചു. ചികിത്സാ കേന്ദ്രത്തിന്റെ ഇരുണ്ട ഇടനാഴികളിലൂടെ അവൾ കയ്യിൽ വിളക്കുമേന്തി നടന്നു, മാലാഖയെപ്പോലെ. ഈ മനോഹര ചിത്രം പിന്നീട് ഹെൻറി വാർഡ്സ്വാർത് ലോങ്ങ്ഫെൽലോ 1857 ലെഴുതിയ കവിതയിലെ ( സാന്ത ഫിലോമിന )ഈ വരികളിലൂടെ തെളിഞ്ഞുകാണാം.

” അതാ, ആ ദുരവസ്ഥയുടെ വീട്ടിൽ വിളക്കുമായി ഒരു സ്ത്രീ മിന്നുന്ന ഇരുട്ടിലൂടെ കടന്നുപോകുന്നതും മുറികളിൽ നിന്നും മുറികളിലേക്ക് പറന്നുപോകുന്നതും ഞാൻ കാണുന്നു. ” വിളക്കേന്തിയ ആ വനിതാരത്നത്തിന്റെ പേര് മനസ്സിലായിക്കാണുമല്ലോ… രോഗീ പരിചരണം നിയോഗമായി കണ്ട്, ലോകത്തിന് വെളിച്ചവും സ്നേഹവും ആവോളം പകർന്നുനൽകിയ ഫ്ലോറെൻസ് നൈറ്റിൻഗേൽ ആയിരുന്നു അത്.അവരുടെ ജന്മവാർഷിക ദിനമാണ് ഇന്ന്.

 

 

1820 മേയ് 22 ന് ഇറ്റലിയിലെ ഫ്ലോറെൻസ് സ്കന്യയിലെ ഗ്രാൻഡ് ഡച്ചിൽ ജനനം. 1910 ആഗസ്റ്റ് 13 ന് ലണ്ടൻ മഫൈറിലെ നമ്പർ 10 സൗത്ത് സ്ട്രീറ്റിലെ തന്റെ മുറിയിൽ 90 ആം വയസ്സിൽ ഉറക്കത്തിൽ ശാന്തമായ മരണം പുൽകി. ശരീരവും മനസ്സും സംശുദ്ധമാക്കി ജീവിച്ച ആ മഹിളാ രത്നം എംബ്ലി പാർക്കിന്‌ സമീപം ഹാങ്ഷറിലെ ഈസ്റ്റ്‌ ഹേയ്ള്ളോരോയിലെ വിശുദ്ധ മാർഗരറ്റ് പള്ളിയുടെ മുറ്റത്ത് അന്ത്യ വിശ്രമം കൊള്ളുന്നു. 1953 ൽ അമേരിക്കൻ ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥ ഡോരോത്തി സുതർലൻഡ്, അന്നത്തെ യു എസ് പ്രസിഡന്റ്‌ ഡ്വൈറ്റ് ഡി എസെൻഹോവെറെ കണ്ട്, ഈ ദിനാചരണത്തിനുള്ള നിർദേശം വച്ചു. പക്ഷെ അംഗീകരിക്കപ്പെട്ടില്ല. എന്നാൽ 1965 വരെ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് (ICN )നഴ്സസ് ദിനം ആഘോഷിച്ചു.പിന്നീട് 1974 ജനുവരി അവസാനത്തിലാണ് ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറെൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമായ മേയ് 12 ലോക നഴ്സസ് ദിനമായി ആചരിക്കാൻ പ്രഖ്യാപനമുണ്ടായത്.

 

രോഗികളുടെ ആവശ്യങ്ങളറിഞ്ഞ് മടുപ്പില്ലാതെ പ്രവർത്തിക്കുന്ന സമൂഹമായ നഴ്സുമാർ എന്നും വാഴ്ത്തപ്പെടേണ്ടവർ തന്നെയാണ്. ലോകാരോഗ്യ സംഘടന 2020 അന്താരാഷ്ട്ര നഴ്സസ് വർഷമായി ആചരിച്ചിരുന്നു. എല്ലാവർഷവും ഈദിനം ICN അന്തരാഷ്ട്ര നഴ്സസ് കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നു. നഴ്സുമാർക്കും പൊതുജനങ്ങൾക്കും വേണ്ട അറിവുകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഇങ്ങൾ അടങ്ങിയതാണ് ഈ കിറ്റുകൾ. ആധുനിക നഴ്സിങ്ങിന്റെ അടിസ്ഥാന തത്വസംഹിതയുടെ പേരിൽ അറിയപ്പെട്ട വ്യക്തിത്വമാണ് ഫ്ലോറെൻസിന്റേത്. ബ്രിട്ടീഷ് നഴ്സ്, സാമൂഹിക പരിഷ്കർത്താവ്, എന്നീ നിലകളിൽ അവർ പ്രവർത്തിച്ചു. ആദ്യത്തെ ശാസ്ത്രീയ അടിത്തറയുള്ള നഴ്സിംഗ് സ്കൂൾ 1860 ൽ ലണ്ടനിൽ അവർ തുറന്നു, സെന്റ് തോമസ് ആശുപത്രിയിൽ തുടങ്ങിയ നൈറ്റിൻഗേൽ സ്കൂൾ ഓഫ് നഴ്സിംഗ് ആണ് അത്. നഴ്സുമാർക്കും മറ്റും തൊഴിലിടങ്ങളിൽ പരിശീലനം ഒരുക്കുകയും ചെയ്തു അവർ. ഓർഡർ ഓഫ് മെറിറ്റ് ലഭിച്ച ആദ്യവനിതയാണ് അവർ (1907).

 

ഈവർഷത്തെ പ്രമേയം..

“നഴ്സുമാർ വ്യത്യസ്തത സൃഷ്ടിക്കുന്നു ‘. രണ്ടുവർഷമായി തുടരുന്ന കോവിഡ് കാലത്ത് ഈ സമൂഹം നൽകുന്ന സേവനം ഒരിക്കലും വിസ്മരിക്കാനാവില്ലല്ലോ. കഴിവുറ്റ നഴ്സുമാരുടെ പ്രവർത്തനങ്ങൾ സ്മരിക്കുകയും, വിളക്കേന്തിയ വനിതയെ ഓർക്കുകയും ചെയ്തുകൊണ്ട്, നഴ്സുമാർക്ക് എല്ലാവിധ ആശംസകൾ

“And what nursing has to do in either case, is to put the patient in the best condition for nature to act upon him.”
Florence Nightingale

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.