സ്ത്രീയുടെ ആരോഗ്യം സംരക്ഷിക്കാൻ

സ്ത്രീയുടെ ആരോഗ്യം സംരക്ഷിക്കാൻ

 

സ്ത്രീ പൂജിതയാകുന്നത് എവിടെയാണോ അവിടം ഐശ്വര്യപൂർണാകുമെന്നാണ് ഗണിക്കപ്പെടുന്നത്. ഭാരതസംസ്കാരം സ്ത്രീക്ക് എന്നും പൂജിതമായ ഒരു സ്ഥാനം നൽകിപ്പോന്നു. പക്ഷെ, ഒട്ടും ആശ്വാസ്യമല്ല കാലങ്ങളായി നമ്മുടെ സാമൂഹിക സ്ഥിതി. പെൺജന്മങ്ങൾ ഒരുപാട് അതിക്രമങ്ങളും അസമത്വങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നു. നീതിക്ക് ദേവതാസങ്കല്പമാണെങ്കിലും പെണ്ണിന് അത് ന്യായമായും കിട്ടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ മേഖലകളിലും വനിതാ മുന്നേറ്റം ദർശിക്കാവുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം സ്ത്രീരത്നങ്ങൾ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. പക്ഷെ, ഇത് പറയുമ്പോൾ തന്നെ അവർക്കെതിരായ പലരീതിയിലുള്ള കൊള്ളരുതായ്മകൾ കൂടിവരുന്നു എന്ന കാര്യവും സൂചിപ്പിക്കാതിരിക്കാനാവില്ല. ഇതൊരു ആഗോള പ്രശ്നം തന്നെയാണ്, അതിനാലാണ് ഈ വിഷയത്തിന്മേൽ ലോകശ്രദ്ധ ക്ഷണിക്കുന്നതിന് ഒരു ദിനാചരണം തന്നെ പ്രഖ്യാപിക്കപ്പെട്ടത്,1987 ൽ.

 

സ്ത്രീസമൂഹത്തിന്റെ ആരോഗ്യത്തിനായുള്ള വിവിധ പ്രവർത്തനങ്ങളുടെ ഒരുദിനം… മേയ് 28.
ആരോഗ്യം തങ്ങളുടെ അവകാശമാണെന്ന ബോധം അവരിൽ ഉണ്ടാക്കിയെടുക്കാൻ ഒരു ദിനാചരണം, ദക്ഷിണാഫ്രിക്കൻ ഗവണ്മെന്റ് ആണ് പ്രഖ്യാപനം നടത്തിയത്.പക്ഷെ, ഇതിനൊക്കെ മുമ്പുതന്നെ തങ്ങളുടെ വിവിധ പ്രശ്നങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിന് യൂറോപ്പിലും അമേരിക്കയിലുമൊക്ക 90 കളിൽ സ്ത്രീമുന്നേറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണ് ഐക്യരാഷ്ട്ര സംഘടന 1977 ൽ ഇങ്ങനൊരു നിർദേശം കൊണ്ടുവന്നത്. എന്നാൽ പ്രാവർത്തികമാകാൻ 10 വർഷമെടുത്തു എന്നതാണ് സത്യം.

 

തലമുറകളുടെ സൃഷ്ടിപ്പെന്ന മഹനീയമായ നിയോഗം ഏറ്റെടുക്കപ്പെട്ടവളാണ് സ്ത്രീ. എല്ലാ പെൺ ശരീരങ്ങളും ഈ ഉൽകൃഷ്ടമായ പ്രക്രിയ നടത്തുന്നതിന് അനുഗുണമായ വിധത്തിലാണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഗർഭം ധരിക്കലും ഒമ്പത് മാസത്തിലധികം അതിനെ പേറിനടക്കലും, ഒടുവിൽ പ്രസവമെന്ന അതിതീവ്ര വേദന സഹിച്ചുള്ള പ്രക്രിയ വരെ അവൾ അനുഭവിക്കുന്ന വിവിധങ്ങളായ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. മുലയൂട്ടി വളർത്തി വലുതാക്കുന്ന ഓരോ ഘട്ടത്തിലും അവൾ കടന്നുപോകുന്ന ത്യാഗപൂർണമായ അനുഭവങ്ങൾ, ഇതിനൊക്കെ തുല്യമായി എന്തെങ്കിലും മാനവജീവിതത്തിൽ വേറെയുണ്ടോ?

 

കുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ, മാതാവ് എന്ന നിലയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന വ്യത്യസ്തമായ പ്രശ്നങ്ങൾ സമചിത്തതയോടെ നേരിട്ടും, മക്കളുടെയും ഭർത്താവിന്റെയും ഭർത്താവിന്റെ മാതാപിതാക്കളുടെയും തുടങ്ങി വീട്ടിലെ എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങൾക്കനുസരിച്ച് പണിയെടുക്കുന്നവൾ. ജോലിക്കായി പുറത്തുപോകാത്തവളാണെങ്കിൽ വീടെന്ന ഗ്രഹത്തിന് ചുറ്റും ഉപഗ്രഹം പോലെ കറങ്ങുന്നവൾ. വീടിനുള്ളിലും പരിസരത്തുമായി ദിവസം എത്ര മണിക്കൂർ അവൾ സഞ്ചരിക്കുന്നുണ്ടെന്നു ആരെങ്കിലും ചിന്തിക്കാറുണ്ടോ? ജോലിക്ക് പോകുന്നവളാണെങ്കിലോ, അതിരാവിലെ എഴുന്നേറ്റ് പണികൾ നേരത്തേ ഒതുക്കിയ ശേഷം ജോലിക്ക് പോകുകയും, തിരികെ വന്നശേഷം ബാക്കിയുള്ള പണികൾ തീർക്കുകയും ചെയ്ത് അവൾ വിശ്രമിക്കാൻ പോകുമ്പോൾ എത്ര മണിയായിട്ടുണ്ടാകും? അടുക്കളപ്പണിയും വീടുപണിയും പരിസരം വൃത്തിയാക്കലുമൊക്കെ ചെയ്ത് അവൾ കിടപ്പുമുറിയിൽ എത്തുമ്പോൾ കാത്തിരിക്കുന്ന ഭർത്താവ്.അയാൾക്കുമുന്നിൽ മുഷിഞ്ഞ വേഷവുമായി എത്താൻ കഴിയില്ലല്ലോ, ശരീരത്തിലെ അഴുക്കും ഗന്ധവും മാറ്റി, നല്ല വസ്ത്രവും ധരിച്ച് സുഗന്ധവും പൂശി ആകർഷകമായി എത്തണമെന്നാണ് ഭർത്താക്കന്മാർ ആഗ്രഹിക്കുക. റൊമാൻസും ലൈംഗികതയും അവിടെ കലവറയില്ലാതെ പകർന്നുകൊടുക്കേണ്ടിവരും അവൾക്ക്. അവിടെ അവൾക്ക് ‘ നോ ‘പറയാൻ കഴിയില്ല. എല്ലാം കഴിഞ്ഞ് ഉറക്കത്തിലേക്ക് പ്രവേശിക്കുമ്പോൾ സമയം ഏറെയായിട്ടുണ്ടാവും. പിറ്റേന്ന് അതിരാവിലെ അവളുടെ ദിനം തുടങ്ങുകയായി, പതിവുപോലെ.

 

ആലോചിച്ചാൽ എത്ര ബഹുലമാണ് സ്ത്രീയുടെ മണിക്കൂറുകൾ, 24 മണിക്കൂറും എണ്ണയിട്ട യന്ത്രം കണക്കെ അവൾ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഭർത്താവിന്റെയും കുട്ടികളുടെയും പ്രായമേറിയവരുടെയും സർവ്വ ആവശ്യങ്ങളും, വീടുപുലർത്തലും, പരിസരം വൃത്തിയായി സൂക്ഷിക്കലും സാമ്പത്തിക നടത്തിപ്പും തുടങ്ങി എല്ലാം പരാതിക്കിടനൽകാതെ നിവർത്തിക്കുന്ന സ്ത്രീയെന്ന വിശിഷ്ട ജന്മത്തിന് അവളുടെ കർമങ്ങൾക്കെല്ലാം കൂടി എന്ത് നൽകിയാൽ പകരമാവും? എത്ര പ്രതിഫലം നൽകിയാലും അധികമാവാത്ത വിധം കർമങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്ന സ്ത്രീ മിക്കവാറും ആരോടും ഒന്നും പരാതിയായി ഉന്നയിക്കാറില്ല. ആവശ്യങ്ങൾ പറഞ്ഞ് ഭർത്താക്കന്മാരെ ബുദ്ധിമുട്ടിക്കുന്നവരും കുറവാണ്. ത്യാഗപൂർണമായ ജീവിതം നയിക്കുന്ന ബഹുഭൂരിപക്ഷം സ്ത്രീകളും സ്വന്തം ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ശരീരവും മനസ്സും തളർന്നുപോകുന്ന ഘട്ടങ്ങളിൽ താങ്ങാവേണ്ട ഭർത്താക്കന്മാർ വില്ലന്മാരായി മാറുകയും ഭാര്യമാരെ ക്രൂരമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകവുമാണ്.

 

ഭാര്യമാരുടെ ശാരീരിക മാനസിക ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കാട്ടുകയും മനസാക്ഷിയോടെ പെരുമാറുകയും, അടുക്കളയിലും മറ്റും സഹായിക്കുകയും, ആവശ്യങ്ങളറിഞ്ഞു പ്രവർത്തിക്കുകയും, അവൾക്ക് താൻ മാത്രമേയുള്ളൂ എന്തിനും എന്ന് മനസിലാക്കി, താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്യൂന്ന എത്ര ഭർത്താക്കന്മാരുണ്ടാവും? വളരെ കുറവായിരിക്കും. പുരുഷന്റെ പ്രകൃതവുമായി ഒട്ടേറെ വ്യത്യാസങ്ങളോടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള പെൺജന്മം ദുർബലമാണെന്ന് വയ്പ്പുണ്ടല്ലോ. പ്രകൃതി നൽകിയ ചില പ്രത്യേക സവിശേഷതകൾ സ്വന്തമായുള്ളവളാണ് അവൾ. അതിനാൽ തന്നെ ശ്രദ്ധയും കരുതലും അവൾ ഏറെ അർഹിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ആരോഗ്യം കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യമാണ്, കുടുംബത്തിന്റെ, നാടിന്റെ, രാജ്യത്തിന്റെ ആരോഗ്യമാണ്. ആരോഗ്യപൂർണമായ തലമുറകൾ വാർത്തെടുക്കപ്പെടാൻ അവളുടെ ശാരീരികവും മാനസികവുമായ മികച്ച ആരോഗ്യസ്ഥിതി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി രാജ്യങ്ങൾക്ക് പല സംവിധാനങ്ങളുണ്ട്, നമ്മുടെ രാജ്യവും ഇക്കാര്യത്തിൽ മുന്തിയ പരിഗണന നൽകുന്നു.

 

ഒരുപാട് പ്രതീക്ഷകളോടെ തങ്ങളുടെ വിദ്യാഭ്യാസത്തിനും നിലവാരത്തിനും സൗന്ദര്യത്തിനും ചേരും വിധം ഇണകളെ തെരഞ്ഞെടുക്കുകയും, പുതിയ ജീവിതം തുടങ്ങുകയും ചെയ്യുന്ന പെൺകുട്ടികൾ ഭർത്തൃഗൃഹങ്ങളിൽ എത്രത്തോളം സുരക്ഷിതരാണ്? ഭർത്താവും മാതാപിതാക്കളും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന സംഭവങ്ങൾ ആത്മഹത്യയിലേക്കോ, സ്ത്രീധനമരണത്തിലേക്കോ ഒക്കെ എത്തുന്ന സാഹചര്യം നിലനിൽക്കുന്നു. ജീവിതത്തിലെ സമ്പാദ്യം പെണ്മക്കൾക്കായി മാറ്റിവച്ച് ഭാവി സുരക്ഷിതമാക്കാൻ പെടാപ്പാട് പെടുന്ന മാതാപിതാക്കൾ, മകൾ പിന്നീട് ദുരിതങ്ങൾ നേരിടുന്നതും ചിലപ്പോഴെങ്കിലും അകാലത്തിൽ ജീവൻ അവസാനിപ്പിക്കുന്നതും കാണേണ്ടിവരുന്ന ദുരവസ്ഥയുമുണ്ട്. വിസ്മയ കേസ് സമൂഹം അറിഞ്ഞ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.

 

സ്ത്രീയുടെ ലൈംഗിക, പ്രത്യുൽപ്പാദന അവകാശങ്ങൾ ലോകമാകെ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്നതായി വിലയിരുത്തൽ ഉണ്ട്. ലൈംഗിക, പ്രത്യുൽപ്പാദന ആരോഗ്യവും അവകാശങ്ങളും ( SRHR ) സംരക്ഷിക്കുക ലക്ഷ്യമാക്കി രൂപം കൊണ്ട മുന്നേറ്റത്തിന്റെ ഓർമ പുതുക്കലാണ് ഈദിനാചാരണം. സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.Latin American and Caribean Women’ s Health Network (LACWHN), Women’ s Global Network for Reproductive Rights (WCNRR) എന്നിവയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

 

ലൈംഗികതയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായുള്ള അവകാശങ്ങൾ, ലൈംഗിക വിദ്യാഭ്യാസം, ഇണക്കളെ തെരഞ്ഞെടുക്കൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടണോ വേണ്ടയോ എന്നതിലെ വിവേചനാധികാരം, പ്രസവകാലവും ശേഷവുമുള്ള രക്ഷ, ഗർഭം അലസിപ്പിക്കലിലെ അന്തിമ തീരുമാനമെടുക്കൽ കുട്ടികൾ എപ്പോൾ വേണമെന്നതിലെ നിലപാട്, രോഗബാധകളിൽ നിന്നുള്ള രക്ഷ തുടങ്ങിയ നിരവധി സംഗതികളിൽ അവകാശമുറപ്പിക്കാനും ഈ ദിനാചരണത്തിൽ ശ്രദ്ധ ക്ഷണിക്കുന്നു. പെണ്ണിന്റെ അവകാശങ്ങൾ പ്രത്യേകിച്ചും, ആരോഗ്യവുമായി ബന്ധപ്പെട്ട സുരക്ഷിതത്വം ഊന്നിപറയുകയാണ് ഈദിനാചാരണം. ഈവർഷത്തെ പ്രമേയം ഇതാണ്.

 

‘Women’s health matters, ending the inequality pandemic and ensuring SRHR remains essential.’

 

സ്ത്രീയുടെ ആരോഗ്യം, ലോകത്തിന്റെ ആരോഗ്യം.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.