ജൈവവൈവിധ്യം സംരക്ഷിക്കാൻ

ജൈവവൈവിധ്യം സംരക്ഷിക്കാൻ

അനേകം സസ്യങ്ങളും ജന്തുക്കളും ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി നശിച്ചു പോയെന്നുള്ള തിരിച്ചറിവിൽ നിന്നാണ് റെയ്‌മണ്ട് എഫ് ഡാസ്മാൻ എന്ന വന്യജീവി ശാസ്ത്രജ്ഞൻ ഇതുസംബന്ധിച്ച ഗവേഷണത്തിലേക്ക് തിരിഞ്ഞത്. തുടർന്ന് 1968 ൽ ശാസ്ത്രലോകത്തിന് അദ്ദേഹത്തിൽ നിന്ന് ലഭിച്ച സംഭാവനയാണ് ജൈവ വൈവിധ്യം( Biodiversity) എന്ന പദം. ഇതുമായി ബന്ധപ്പെട്ട പഠനം പലരും നടത്തി,1985 ലാണ് പക്ഷെ ആദ്യമായി ഈ പദം ഔദ്യോഗികമായി ഉപയോഗിച്ചത് , വാൾറ്റർ ജി റോസൻ എന്ന ജൈവ ശാസ്ത്രജ്ഞൻ. പിന്നീട് 1988 ൽ എഡ്വേർഡ് ഒ വിത്സൻ തന്റെ ജൈവ പരീക്ഷണ പ്രബന്ധങ്ങളിൽ പ്രതിപാദിക്കുകയും ഐക്യരാഷ്ട്ര സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

 

അങ്ങനെ യു എൻ പൊതുസഭയുടെ രണ്ടാമത് കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ ഫലമായി അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ആദ്യമായി തീരുമാനിക്കപ്പെട്ടു, 1993 ഡിസംബർ 29 ന്. ജൈവവൈവിധ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും ഭാസുരമായ ഭാവി ലഭ്യമാകാൻ യത്നിക്കുക എന്നതാണ്‌ ഉദ്ദേശ്യം. 2000 ഡിസംബറിൽ ചേർന്ന യു എൻ പൊതുസഭയുടെ മീറ്റിങ്ങിൽ, മേയ് 22 അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ഈ വിഷയത്തിന്മേൽ 1992 മേയ് 22 ന് നെയ്റോബിയിൽ നടന്ന സമ്മേളനത്തിന്റെ ഓർമ്മ പുതുക്കലായാണ് ഈദിനം തെരഞ്ഞെടുത്തത്.

ഈവർഷത്തെ പ്രമേയം… “എല്ലാ ജീവിതത്തിനും ഒരു പങ്കിട്ട ഭാവി കെട്ടിപ്പടുക്കുക ” എന്നതാണ്.

മൃഗങ്ങള്‍, വനവിഭവങ്ങള്‍, ഭക്ഷ്യവസതുക്കള്‍, മത്സ്യ സമ്പത്ത് തുടങ്ങിയവ പ്രദാനം ചെയ്യുന്നത് ജൈവവൈവിധ്യമാണ്. പുതിയ വിളകളുടെ കൃഷി, പുതിയ ഇനം വിത്തുകളുടെ ഉത്പാദനം, നൂതന ജൈവ കീടനാശിനികളുടെ സ്രോതസ് എന്നിവയെല്ലാം ജൈവവൈവിധ്യത്തിന്റെ സംഭാവനകളാണ്. മനുഷ്യര്‍ക്കുള്ള പ്രധാനപ്പെട്ട നിരവധി ഔഷധങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നത് സസ്യങ്ങളില്‍ നിന്നാണ്. കൂടാതെ തടി, എണ്ണ, ഭക്ഷ്യധാന്യങ്ങള്‍, വ്യാവസായിക അസംസ്കൃത വസ്തുക്കള്‍ , സുഗന്ധ ദ്രവ്യങ്ങള്‍ , അത്തറുകള്‍ , ചായങ്ങള്‍ ,  കടലാസ്, മെഴുക്, റബര്‍ , കറകള്‍ , പശകള്‍ , കീടാശിനികള്‍ , കോര്‍ക്ക് തുടങ്ങി നിത്യജീവിതത്തിലെ ഒരുപാട് ആവശ്യങ്ങൾ നിവർത്തിച്ചുതരുന്നു. വിവിധ മേഖലകള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് കൂടിയാണ് ജൈവവൈവിധ്യം. പാര്‍ക്കുകള്‍ , വനങ്ങള്‍ , തുടങ്ങി പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുത്ത് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സങ്കേതങ്ങള്‍ കൂടിയാണ്‌ ജൈവവൈവിധ്യങ്ങൾ.ഭൂമിയിൽ ഇന്നു കാണപ്പെടുന്ന ജനിതകവസ്തുക്കളും ജീവഗണങ്ങളും പരിസ്ഥിതി വ്യവസ്ഥകളും ഉദ്ദേശം മൂന്ന് ദശലക്ഷം വർഷങ്ങളിലൂടെയുണ്ടായ പരിണാമം  മൂലം ഉളവായതാണ്. ജൈവമണ്ഡലത്തിലുള്ള സർവ ജീവജാലങ്ങളിലും ദൃശ്യമാകുന്ന അവർണ്ണനീയ വൈവിദ്ധ്യത്തെയാണ് ജൈവവൈവിദ്ധ്യം  എന്ന പദം അർത്ഥമാക്കുന്നത്.

 

ജീവജാലങളുടെ വൈവിദ്ധ്യം  മനുഷ്യരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ ഘടകമാണ്.പ്രകൃതിയിലെ വാതക ഘടകങ്ങകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വനം, സമുദ്രം എന്നിവയുടെ പ്രവര്‍ത്തനം മൂലം കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും, സ്വാഭാവിക കീട നിയന്ത്രണങ്ങള്‍ക്കും പക്ഷികളും പ്രാണികളും വഴി സസ്യജാലങ്ങളില്‍ പരാഗണം നടക്കുന്നതിനും മണ്ണിന്റെ രൂപീകരണത്തിനും സംരക്ഷണത്തിനും ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്.

 

സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മജീവികൾ എന്നിവ ഉൾപ്പെടെ ഭൂമിയിൽ ഒരു കോടിയിലേറെ  ജീവിവർഗങ്ങളാണുള്ളതെന്ന് ജൈവ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പലവിധ പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം അടുത്ത 10 വർഷത്തിനുള്ളിൽ അവയുടെ നാലിലൊന്ന് ലോകത്തുനിന്ന് അപ്രത്യക്ഷമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. ആഹാരം, വസ്ത്രം, മരുന്ന്, പാർപ്പിടം എന്നിവയ്ക്കായി ഭൂമിയിലെ 40,000 ജീവിവർഗങ്ങളെ മനുഷ്യൻ ഉപയോഗിക്കുന്നുണ്ട് . മനുഷ്യന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള ഭൂമി പോരാതെ വന്നിരിക്കുന്നു. അതിന് നിലവിലുള്ളതിന്റെ ഒന്നര ഇരട്ടിയിലധികം (1.6 മടങ്ങ്) വലിപ്പമുള്ള ഭൂമി ആവശ്യമായി വരുമെന്നാണ് വിദഗ്ദ്ധമതം.

 

ഏറ്റവുമധികം ജീവിഗണങ്ങളുള്ള കാടിന്റെ 1.2 കോടി ഹെക്ടർ പ്രദേശം ഓരോ വർഷവും നശിക്കുന്നു. 2019ൽ മാത്രം 38 ലക്ഷം ഹെക്ടർ  ട്രോപ്പിക്കൽ പ്രൈമറി ഫോറസ്റ്റ് (പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ളതും ജൈവവൈവിധ്യത്തിന്റെ കേന്ദ്രവുമായ കാടുകൾ) നമുക്ക് നഷ്ടമായി. 2018നെക്കാൾ 2.8 ശതമാനം അധികമാണിത്. ഓരോ 6 സെക്കൻഡിലും ഒരു ഫുട്ബോൾ ഗ്രൗണ്ടിനു തുല്യമായ അളവിൽ ട്രോപ്പിക്കൽ വനഭൂമി നഷ്ടമാകുന്നു.  ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ കണക്കുകൾ പ്രകാരം തെക്കു കിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.ലോകമെങ്ങും വനനശീകരണം വ്യാപിക്കുമ്പോൾ ഇന്ത്യയിൽ വനം നേരിയ തോതിൽ വളരുന്നുണ്ടെന്ന് പുതിയ സർവേകൾ തെളിയിക്കുന്നു. 2017ലെ സർവെയെക്കാൾ 0.65 ശതമാനം കാട് രാജ്യത്ത് വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കർണാടക, ആന്ധ്രപ്രദേശ്, കേരളം, ജമ്മു–കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് കാട് കൂടുതൽ വർധിച്ചത്.

 

2012 ജൂലൈയിൽ റഷ്യയിൽ നടന്ന ലോക പൈതൃകസമിതി യോഗത്തിൽ നമ്മുടെ പശ്ചിമ ഘട്ടത്തെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തി. ആകെ 1600 കിലോമീറ്റർ ദൈർഘ്യവും 60,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ളതും, കേരളം, ഗുജറാത്ത്, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതുമായ പശ്ചിമ ഘട്ട മലനിരകൾ, നമ്മുടെ പാരിസ്ഥിതിക മാറ്റങ്ങളെല്ലാം നിയന്ത്രിക്കുന്ന മാതൃകാ ജൈവവൈവിധ്യമേഖലയാണ്. ഒരുപാട് സവിശേഷതകളുള്ള പ്രദേശമാണിവിടം. നമ്മുടെ ബഹുഭൂരിപക്ഷം നദികളും ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. ആനമുടി പർവതനിരകളും, സൈലന്റ് വാലിയും ഇതിന്റെ മാറ്റും സൗന്ദര്യവും കൂട്ടുന്നു. വരയാടുകൾ, ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവ സങ്കേതം,1500 ഓളം അപ്പൂർവയിനം കാട്ടുപൂക്കൾ, തേക്ക് ഈട്ടി ചന്ദനം ഈറ്റ തുടങ്ങിയവയുടെ സമൃദ്ധി,ഇങ്ങനെ ജൈവസമ്പുഷ്ടമായ പശ്ചിമ ഘട്ടത്തിലെ ജൈവസമ്പത്ത് നശിച്ചുകൊണ്ടിരിക്കുന്നു എന്ന വാർത്ത വേദനാജനകമാണ്.

 

Biological, diversity എന്നീ വാക്കുകൾ ചേരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ബയോഡയവേഴ്സിറ്റി അഥവാ ജൈവ വൈവിധ്യം എന്നത് ഭൂമിയിലെ സർവ്വ ജീവജാലങ്ങളും ഉൾപ്പെടുന്ന വിവിധ ആവാസവ്യവസ്ഥകളുടെ സങ്കലനമാണ്. സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മജീവികൾ ഇവ ചേരുമ്പോൾ ജൈവ വൈവിധ്യമായി തീരുന്നു.മനുഷ്യൻ എല്ലാ അർത്ഥത്തിലും പ്രകൃതിയെ ആശ്രയിച്ചുകഴിയുന്നവരാണ്. വെള്ളം, ഭക്ഷണം, ഔഷധം, വസ്ത്രം, ഇന്ധനം, പാർപ്പിടം, ഊർജ്ജം തുടങ്ങിയുള്ള എല്ലാ ആവശ്യങ്ങൾക്കും പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചേ മതിയാകൂ. അവയെ മാന്യമായും ദീർഘ വീക്ഷണത്തോടെയും തത്വ ദീക്ഷയോടും വിനിയോഗിക്കണം. ദുരുപയോഗം ചെയ്യുമ്പോൾ, അത് പ്രകൃതിയോടും വരും തലമുറകളോടും കാട്ടുന്ന കടുത്ത അനീതിയും അതിക്രമവുമായി മാറും. പ്രകൃതിയുടെ സന്തുലിതാവസ്ഥ താളം തെറ്റാതിരിക്കാൻ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടണം, അതിനുള്ള ഉൽബോധനമാണ് ഈ ദിനാചരണം. നമുക്കുള്ള ഭക്ഷണത്തിന്റെ 80 ശതമാനവും തരുന്നത് സസ്യങ്ങളാണ് എന്നുതുടങ്ങിയുള്ള ഒരുപാട് പരമാർത്ഥങ്ങൾ അറിഞ്ഞുവേണം മനുഷ്യൻ ജീവിക്കേണ്ടത്. അടിസ്ഥാന ആരോഗ്യ കാര്യങ്ങളിൽ 80% വും സസ്യങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഔഷധങ്ങളാണ് നിറവേറ്റി തരുന്നത്. ഭൂമിയുടെ കരപ്രദേശത്തിന്റെ മൂന്നിലൊന്നും, സമുദ്രമേഖലയുടെ 66% വും ഇതിനകം തന്നെ മനുഷ്യന്റെ ഇടപെടലിൽ താറുമാറായിക്കഴിഞ്ഞതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു.

 

ജൈവ വൈവിധ്യങ്ങൾ ജനിതകം, ജീവിവർഗം, ആവാസവ്യവസ്ഥ, ഭൂപ്രകൃതിപരം, മനുഷ്യസംസ്കാരവുമായി ബന്ധപ്പെട്ടത് തുടങ്ങി പലതരമാണ്.ഇവയെല്ലാം വലിയ ഭീഷണി നേരിടുകയാണ്, വനനശീകരണം,അമിതമായ മത്സ്യബന്ധനം, മലിനീകരണം, കാലവസ്ഥാമാറ്റം അങ്ങനെ പലവിധം. നിലവിലെ രീതി തുടർന്നാൽ, 2050 ഓടെ ഒരു ദശലക്ഷം ജീവിവർഗം ഭൂമിയിൽ നിന്നും ഇല്ലാതാകുമെന്ന് കണക്കാക്കപ്പെടുന്നു. ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി പ്രകൃതിയുടെ സംരക്ഷകരായി നാം മാറിയാൽ, എല്ലാത്തരം ദുരന്തങ്ങളും ഒഴിക്കവാക്കാം. മാത്രമല്ല, വ്യത്യസ്ത ജീവിവർഗങ്ങളുടെ അന്തകരായി നമ്മൾ മാറാതിരിക്കാൻ ശ്രമിക്കുകയും വേണം.

 

ഭാരതത്തിന് സ്വന്തമായി ജൈവ വൈവിധ്യ നിയമം നിലവിലുണ്ട്,2002 ൽ പ്രാബല്യത്തിൽ വന്നു. ഇത് നടപ്പാക്കാനുള്ള അതോറിറ്റി 2003 ൽ രൂപീകരിക്കുകയും ചെയ്തു. ഇന്ത്യയിൽ ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടെ 18 ഇടങ്ങളെ സംരക്ഷിത ജൈവമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകാലത്ത് ലോകത്ത് ഉണ്ടായിരുന്ന ജൈവ വൈവിധ്യത്തിന്റെ നൂറിലൊന്ന് മാത്രമാണ് ഇന്നുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ജൈവ ശൃoഖലകളിലായി 1.75 ദശലക്ഷം ജീവികളെ മാത്രമാണ് ഇതുവരെ നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളൂ, ഇതിന്റെ പതിൻമടങ്ങ് ജീവികൾ ഇനിയും തിരിച്ചറിയപ്പെടാനുണ്ട് എന്നതാണ് സത്യം. ഈ 1.75 ദശലക്ഷം ജീവിവര്ഗങ്ങളിലെ ഒരു ഭാഗം മാത്രമാണ് മനുഷ്യൻ. നമ്മുടെ ഉൾപ്പെടെയുള്ള ജർവജാലങ്ങളുടെ നിലനിൽപ്പ് ജൈവ വൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തം. കോടിക്കണക്കിനു ജൈവ ശൃoഖലകളിൽ ഒനിന്റെ പോലും പ്രാധാന്യം മനുഷ്യനില്ലെന്നാണ് ജൈവശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഭാരതത്തെ 10 ജൈവ ഭൂമിശാസ്ത്ര മേഖലകളായാണ് തിരിച്ചിരിക്കുന്നത്.

 

ലോകജനസംഖ്യ 700 കൊടിയോളമാണിപ്പോൾ, അടുത്ത 50 കൊല്ലം കൊണ്ട് 900 കോടി ജനങ്ങൾക്കുള്ള ജീവിതവിഭവങ്ങൾ കണ്ടെത്തേണ്ടിവരുമെന്ന് കൂടി ഓർമിപ്പിക്കുകയാണ് യു എൻ. ഭൂമിയോടും പ്രകൃതിയോടും ജൈവ വൈവിധ്യത്തോടും പക്വതയോടുള്ള പെരുമാറ്റവും സമീപനവും ആവശ്യപ്പെടുകയാണ് ഈ ദിനാചരണം.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.