വ്യക്തികളെ അറിഞ്ഞുള്ള ചികിത്സാസമ്പ്രദായത്തിൻറെ ഉപാസകൻ

 

വ്യക്തികളെ അറിഞ്ഞുള്ള ചികിത്സാസമ്പ്രദായത്തിൻറെ ഉപാസകൻ

ഓരോ വ്യക്തിയെയും രോഗലക്ഷണങ്ങളെയും അറിയുകയും, എങ്ങനെ രോഗത്തിന് വിധേയനായി, സുഖപ്പെടലിന്റെ ശേഷി എത്രത്തോളം എന്ന കാര്യങ്ങൾ മനസ്സിലാക്കലും…
ഇതാണ് ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ അടിസ്ഥാനം. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് അഞ്ചാം നൂറ്റാണ്ടിൽ തന്നെ ഹോമിയോപ്പതി ചികിത്സരീതികൾ തന്റെ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപെടുത്തിയിരുന്നു. ലോകത്ത് ആദ്യമായി രോഗങ്ങൾ കണ്ടുപിടിച്ചതും, അവ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തിയതും ഹിപ്പൊക്രാറ്റസ് ആയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ഹോമിയോപ്പതി വ്യാപകമായി തഴയപ്പെട്ടു, പതിനെട്ടാം നൂറ്റാണ്ടിൽ സാമൂവൽ ഹാനിമാൻ എന്ന ലോകത്തെ മഹാനായ ഭിഷഗ്വരൻ ഈ സമ്പ്രദായം വീണ്ടും കണ്ടെത്തും വരെ. ഹാനിമാനെ ഏവർക്കുമറിയാം, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിൻറെ സ്ഥാപകൻ ആയിരുന്ന അദ്ദേഹത്തിന്റെ ജമദിനമാണിന്ന്… ഏപ്രിൽ 10.

 

ലോക ഹോമിയോപ്പതി ബോധവൽക്കരണ സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോക ഹോമിയോപ്പതി ദിനം ആചരിക്കുകയാണ്. അദ്ദേഹത്തിന് ആദരവ് അർപ്പിക്കാനും, പൊതുജനാരോഗ്യത്തിന് ഹോമിയോപ്പതി മരുന്നുകൾ എത്രത്തോളം പ്രസക്തമെന്ന അറിവ് വ്യാപിപ്പിക്കാനും ഉദ്ദേശിച്ചുകൂടിയാണ് ദിനാചരണം. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ ചികിത്സാ രീതിയാൽ രോഗങ്ങൾ സുഖപ്പെട്ടവർക്കുമുള്ള ആദരവും അർപ്പിക്കുന്ന ദിനം. അദ്ദേഹത്തെ അറിയാൻ ചില കാര്യങ്ങൾ… മുഴുവൻ പേര്… ഡോ.ക്രിസ്ത്യൻ ഫ്രഡറിക് സാമൂവൽ ഹാനിമാൻ.

 

1755 ൽ ഈ ദിവസം ജർമ്മനിയിലാണ് ഹാനിമാന്റെ ജനനം.1843 ജൂലൈ രണ്ടിന് പാരീസിൽ അന്തരിച്ചു. പിതാവ് പെയിന്റർ ആയിരുന്ന ക്രിസ്ത്യൻ ഗോട്ടഫീഡ് ഹാനിമാൻ.
ചെറുപ്പത്തിൽ തന്നെ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടി. പരിഭാഷകനും അധ്യാപകനുമായി. നാട്ടിൽ രണ്ടുവർഷത്തെ മെഡിസിൻ പഠനശേഷം വിയന്നയിലേക്ക് പോയി.10 മാസം അവിടെ യൂണിവേഴ്സിറ്റി ഓഫ് ഏർലങ്ങേൻ ൽ പഠിച്ച് എം ഡി നേടി,1779 ഓഗസ്റ്റ് 10 ന് പുറത്തിറങ്ങി.

 

മൻസ്ഫീഡിലെ ചെമ്പ് ഖനന മേഖലയിൽ ഗ്രാമീണ ഡോക്ടർ ആയി സേവനമനുഷ്ഠിച്ചു. തുടർന്ന് ജോനൻസ് ഹെനൃറ്റ്റ് കുച്ച്ലറിനെ വിവാഹം കഴിച്ചു. മെഡിക്കൽ പ്രാക്ടീസ് ഉപേക്ഷിച്ചു, ശാസ്ത്രീയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ വിവർത്തകനായി മാറി. ഇംഗ്ലീഷിൽ നിന്ന് 15 ഉം, ഫ്രഞ്ചിൽ നിന്ന് 6 ഉം ലാറ്റിൻ, ഇറ്റാലിയൻ ഭാഷകളിൽ നിന്ന് ഓരോ പുസ്തകങ്ങളും പരിഭാഷപ്പെടുത്തി( 1777 നും 1806 നുമിടയിൽ ). അന്ന് നിലനിന്ന ചികിത്സാ രീതികളോട് അതൃപ്തി ആയിരുന്നു അദ്ദേഹത്തിന്. വീര്യമേറിയ മരുന്നുകൾ കൊണ്ടുള്ള ചികിത്സകളിലൂടെ രോഗികൾക്ക് ഒരുപാട് പാർശ്വ ഫലങ്ങളുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മരുന്നുകളുടെ ദൂഷ്യങ്ങളും പോരായ്മകളും അന്വേഷിച്ച് കണ്ടെത്തുന്ന എഴുത്തുകളും പരിഭാഷകളും അദ്ദേഹത്തിൽ നിന്നും തുടർച്ചയായി പുറത്തുവന്നു.

 

വില്യം ക്യൂല്ലൻന്റെ A Treatise on the Materia Medica എന്ന കൃതി വിവർത്തനം ചെയ്യവ്വേ, അതിലെ ഒരു വാദം ഹാനിമാൻ എതിർത്തു. അതായത്, പെറുവിലെ സവിശേഷമായ ഒരു മരത്തിന്റെ തൊലിയിൽ നിന്നെടുക്കുന്ന ഔഷധം( quinine )മലമ്പനിക്ക് ഉത്തമമെന്നായിരുന്നു വാദഗതി. ഇതിന്റെ ശേഷിയിൽ വിശ്വസിക്കാതെ അദ്ദേഹം പലരിലും പരീക്ഷിച്ചു, കൂട്ടത്തിൽ സ്വന്തം ശരീരത്തിലും. മലമ്പനിക്ക് പ്രേരകമായ ലക്ഷണങ്ങളൊന്നും ഔഷധം അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടാക്കിയില്ല. പിന്നെയും പഠനം തുടർന്ന ഹാനിമാൻ അതിന്റെ അടിസ്ഥാനത്തിൽ ഒരു നൂതന രോഗം ഭേദമാക്കൽ തത്വത്തിലേക്ക് എത്തിച്ചേർന്നു…

 

” ആരോഗ്യമുള്ള ഒരാളിൽ ഒരുകൂട്ടം രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതോടൊപ്പം, അതെപോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗിയെ ചികിൽസിക്കാനും സാധിക്കും… ”
ഈ തത്വത്തിന്റെ അടിസ്ഥാനം ഇങ്ങനെ സംഗ്രഹിക്കാം.

 

‘ like cures like ‘ എന്ന്.( ചെറിയ അളവിൽ എടുക്കുന്ന ഒരു വസ്തുവിന് അസുഖം സുഖപ്പെടുത്താനാവും, അളവിൽ കൂട്ടിയാൽ രോഗലക്ഷണങ്ങളും ഇല്ലാതാക്കാം )
ഈ ആശയത്തെ അടിസ്ഥാനമാക്കി അദ്ദേഹം ചികിത്സ വിധിച്ചു, അതാണ് ഹോമിയോപ്പതി.
ലോകത്ത് ആദ്യമായി ഈ പദം ഉപയോഗിച്ചത് അദ്ദേഹമാണ്,1807 ൽ. ‘Indications of Homeopathic Employment of Medicines in ordinary Practice ‘ എന്നപേരിൽ അദ്ദേഹം എഴുതിയ ഉപന്യാസത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഉപന്യാസങ്ങളും വിവർത്തനങ്ങളും ലേഖനങ്ങളുമായി അദ്ദേഹം ഒരുപാട് അറിവുകൾ ലോകത്തിന് വര്ഷങ്ങളോളം സമ്മാനിച്ചു. കൃത്യമായി പറഞ്ഞാൽ 1796 മുതൽ .1843 ൽ 88 ആം വയസ്സിൽ അന്തരിക്കും വരെ. ഹോമിയോപ്പതി മരുന്നുകൾ സുരക്ഷിതമാണ് കാരണം, അപൂർവമായി മാത്രമേ അവ പാർശ്വ ഫലങ്ങൾ ഉളവാക്കുകയുള്ളൂ എന്നാണ് ഇതിന്റെ ചികിത്സകർ വാദിക്കുന്നത്. രണ്ട് ഗ്രീക്ക് പദങ്ങളായ Homeo ( similar ), Pathos ( disease ) ൽ നിന്നാണ് ഹോമിയോപ്പതി എന്ന വാക്ക് രൂപപ്പെട്ടത്. ഈ ചികിത്സാ സമ്പ്രദായത്തിൽ മരുന്നുകളോ ശസ്ത്രക്രിയയോ ഇല്ല. ഓരോരുത്തരും ഓരോ സ്വതന്ത്ര വ്യക്തികളും, വ്യത്യസ്ത പ്രകൃതമുള്ളവരും ലക്ഷണങ്ങൾ ഉള്ളവരും ആണെന്നും, അപ്രകാരമാണ് ഓരോരുത്തരെയും കാണേണ്ടത് എന്നുമാണ് ഈ ചികിത്സകരുടെ അടിസ്ഥാനവിശ്വാസപ്രമാണം.

 

ചെടികൾ, ധാതുക്കൾ ചില മൃഗങ്ങൾ, സിന്തറ്റിക് വസ്തുക്കൾ തുടങ്ങിയവയിൽ നിന്നും പ്രകൃത്യാ സാംസ്‌കരിച്ചെടുക്കുന്ന ഔഷധങ്ങൾ വീര്യം കുറച്ച് ഉപയോഗിക്കുന്നവരാണ് ഹോമിയോപ്പതി ചികിത്സകർ. അസുഖം ഭേദമാകാനുള്ള പ്രക്രിയയെ ഈ വസ്തുക്കൾ ഉദ്ദീപിപ്പിക്കും എന്നതാണ് ചികിത്സയുടെ മർമ്മം.ശരീരത്തിന് സ്വയം സുഖപ്പെടാൻ ശേഷിയുണ്ടെന്ന വിശ്വാസമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം.
ഹോമിയോപ്പതി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം ലോകത്ത് 200 ദശലക്ഷം ആളുകൾ സ്ഥിരമായി ഈ ചികിത്സരീതി ജീവിതത്തിൽ തുടർന്നുവരുന്നുണ്ട്. ഇതിൽ പകുതിയോളം പേർ ഇന്ത്യയിൽ ആണെന്ന് അറിയുമ്പോഴാണ് ഹോമിയോപ്പതിക്കുള്ള ഇന്ത്യൻ പിന്തുണ വ്യക്തമാകുക. വേറൊരു കാര്യം കൂടി, നമ്മുടെ രാജ്യത്ത് 200,000 രജിസ്റ്റർഡ് ഹോമിയോ ഡോക്ടർമാരുണ്ടത്രേ. യു എസ്സിൽ വെറും 6 ദശലക്ഷം ആളുകൾ മാത്രമാണ് ഈ ചികിത്സരീതി പ്രയോജനപ്പെടുത്തുന്നത്. ബ്രസീൽ, മെക്സിക്കോ, സ്വിറ്റ്സർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ ദേശീയ ആരോഗ്യപദ്ധതിയിൽ പ്രധാനം ഹോമിയോപ്പതിയാണ്.

 

ആസ്മ, ചെവികളിലെ അണുബാധ, വിഷാദം , ഉൽക്കണ്o, അലർജി, ത്വക് രോഗങ്ങൾ, സന്ധിവാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് ഹോമിയോ ചികിത്സയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും ഇതിൽ ചികിത്സയുണ്ട്. ഭാരതം ഈ ചികിത്സാ രീതിയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിവരുന്നത്.ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യതലസ്ഥാനത്ത് ദിനാചരണഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന പതിവുണ്ട്. സാമൂവൽ ഹാനിമാൻ എന്നും ഓർമ്മിക്കപ്പെടും , മഹത്തായ ഈ ചികിത്സാ സമ്പ്രദായം നിലനിൽക്കപ്പെടുകയും ചെയ്യും. ആ മഹാനായ ഭിഷഗ്വരന്റെ ഓർമദിനത്തിൽ, ആദരവോടെ….

സജീവ് മണക്കാട്ടുപുഴ,,

Leave a Reply

Your email address will not be published.