ഒരേയൊരു ഭൂമിക്കായ്

ഒരേയൊരു ഭൂമിക്കായ്

 

വർഷത്തിലൊരിക്കൽ ചടങ്ങുപോലെ മരത്തിന്റെയോ ചെടിയുടെയോ തൈകൾ നട്ടുപിടിപ്പിക്കുന്നതുകൊണ്ടോ, പ്രതിജ്ഞയെടുക്കുന്നതുകൊണ്ടോ പ്രകൃതിസംരക്ഷണം ആവുന്നില്ല. പ്രകൃതിയെയും പരിസ്ഥിതിയെയും, ഭൂമിയെയും സർവ്വ ചരാചരങ്ങളെയും പെറ്റമ്മയെ എന്നപോലെ കലവറയില്ലാതെ സ്നേഹിക്കാൻ സാധിക്കണം.മനുഷ്യവാസം ആരംഭിച്ചതുമുതൽ ഇതുവരെ എത്രയെത്ര തലമുറകൾ ഭൂമിയിൽ ജീവിച്ച് മണ്ണടിഞ്ഞു? ഭൂമിമുഴുവനും ഊർജ്ജമേകി സൂര്യനെന്ന മഹാശക്തിസ്രോതസ്സ് ഇവിടെ നിലകൊള്ളുന്നു. ജീവജാലങ്ങൾക്കാവശ്യമായ ശ്വസനവായൂവും, ശുദ്ധജലവും അനസ്യൂതം ഭൂമിയുടെ പ്രകൃതി നൽകിക്കൊണ്ടേയിരിക്കുന്നു. പാർപ്പിടം, ഭക്ഷണവിഭവങ്ങൾ, മറ്റ് അസംസ്‌കൃത വസ്തുക്കൾ തുടങ്ങി എണ്ണമറ്റ പുണ്യങ്ങൾ അത് എല്ലാ ജീവിവർഗത്തിനും നിർബാധം ഏകുന്നു. അവകാശം പോലെ ഒക്കെയും അനുഭവിച്ചുകൊണ്ട് മനുഷ്യൻ അധികാരവും അഹങ്കാരവും ഗർവ്വും വച്ചുപുലർത്തുകയും പ്രകൃതിയോടും ഭൂമിയോടും മറ്റ് ജീവജാലങ്ങളോടും അനീതികൾ പ്രവർത്തിക്കുകയും ചെയ്യുന്നു. സ്വന്തമെന്ന് വാദിച്ചുകൊണ്ട് ഇതെല്ലാം ആസ്വദിച്ചും അനുഭവിച്ചും ജീവിതം നയിക്കുന്ന നരജന്മം തിരിച്ച് എന്തെങ്കിലും നന്മകൾ പകരുന്നുണ്ടോ? സംശയമാണ്. മാത്രമല്ല, ചുറ്റിലുമുള്ള എല്ലാറ്റിനോടും ക്രൂരതയും അനീതിയും മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നു.

 

അറിവും സംസ്കാരവും ഭൗതിക സാഹചര്യങ്ങളുമെല്ലാം ഉള്ളവരാണ് നമ്മൾ. നാമൊഴികെ ഇവിടെയൊന്നും ഭൂമിയോടോ പ്രകൃതിയോടോ ഒരു തരത്തിലുമുള്ള അനീതിയും അതിക്രമവും പ്രവർത്തിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. മണ്ണിൽ മുളച്ചുപൊന്തുന്ന ചെറു പുൽച്ചെടി പോലും നന്മ മാത്രമാണ് നിയോഗം പോലെ ചെയ്തുകൊണ്ടിരിക്കുന്നത്. ചെറു സസ്യങ്ങൾ മുതൽ വൻ വൃക്ഷങ്ങൾ വരെ, അവരുടേതായ കടമകൾ കൃത്യമായി അനുഷ്ഠിക്കുമ്പോൾ എല്ലാം തികഞ്ഞവനെന്ന് മേനി നടിച്ച് അഹന്തയുടെ ആൾരൂപമായി മഥിച്ചുവാഴുന്ന മാനവജന്മം, നമ്മെ തീറ്റിപ്പോറ്റുന്ന പെറ്റമ്മയായ ഭൂമിയ്ക്കും പ്രകൃതിയ്ക്കും എന്താണ് തിരികെ നൽകുന്നത്?
മുൻതലമുറകൾ നൽകിപ്പോയ ഭൂമിയുടെ പരിശുദ്ധി നിലനിർത്താൻ പിൻ തലമുറകൾക്ക് കഴിയുന്നുണ്ടോ? സംശുദ്ധമായ ഭൂമിയുടെ പ്രകൃതിയെ വരും തലമുറകൾക്ക് കൈമാറാൻ നമുക്ക് സാധിക്കുമോ? ഒരിക്കലുമില്ല, കാരണം, മണ്ണും ജലവും വായുവുമെല്ലാം വളരെയധികം മലിനമാക്കപ്പെട്ടിരിക്കുന്നു. പൂർണമായും ശുദ്ധമായ ശ്വസനവായുവോ, ജീവജലമോ, വിഷരഹിതമായ മണ്ണോ വെറും സ്വപ്നം മാത്രമാണ്. ഈ ആശങ്കകളെല്ലാം തിരിച്ചറിഞ്ഞ മനുഷ്യൻ, പരിഹാരത്തിനായി പല തീരുമാനങ്ങളുമെടുത്തു. പക്ഷെ, സ്വാർത്ഥത മുഖമുദ്രയാക്കിയ നമ്മൾ ഒന്നും വേണ്ടവണ്ണം നടപ്പിലാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചില്ല എന്നതാണ് നേര്. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ഭീഷണിയാവുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നോണം, പദ്ധതികളും പരിപാടികളും വിവിധ ഏജൻസികളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഇതിന്റെ ഭാഗമാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ലോക പരിസ്ഥിതി ദിനാചരണം.

 

പരിസ്ഥിതിയെ സംരക്ഷിക്കാൻ ലോകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദിനാചരണം. ദിനാചാരണ തീരുമാനം നല്ലതുതന്നെ, എന്നാൽ ലോകത്തിലെ പല രാജ്യങ്ങളിലും ഇതിന്റെ പേരിൽ കുറെ പരിപാടികൾ നടത്തുകയും മരങ്ങളും ചെടികളും നട്ടുവയ്ക്കുന്നതും, പരിസ്ഥിതി സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്നതും ഒഴിച്ചാൽ പ്രായോഗികമായി എന്തുചെയ്യുന്നു എന്ന ആത്മപരിശോധന നന്നായിരിക്കും. ജൂൺ 5 എന്ന ലോകപരിസ്ഥിതി ദിനത്തിൽ ചെടിയുടെയോ മരത്തിന്റെയോ തൈകൾ നട്ടുവയ്ക്കുന്ന നമ്മൾ, പിന്നെ അവയെ തിരിഞ്ഞുനോക്കാറുണ്ടോ? പരിചരിക്കാറുണ്ടോ? വെള്ളവും വളവും നൽകാറുണ്ടോ? അടുത്ത ജൂൺ 5 നെങ്കിലും ആ തൈകൾക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കുന്നവർ എത്രപേരുണ്ടാവും? ഉറച്ച ഉത്തരങ്ങൾ നൽകാൻ കഴിയുന്ന ചോദ്യങ്ങളല്ല ഇതൊന്നും.

 

ജീവികൾക്കുവേണ്ട വിഭവങ്ങളൊക്കെ ആയിരക്കണക്കിന് വർഷങ്ങളായി സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന പ്രകൃതിയിലെ വിവിധ വിഭവങ്ങളുടെ സ്രോതസ്സുകൾ കുറഞ്ഞുവരുന്നു എന്നത് ഗൗരവതരമായ സംഗതിയത്രേ. വർഷംതോറും ഭൂമിയിൽ നിന്നും ഇത്തരത്തിലുള്ള ഏതാണ്ട് 90 ബില്യൺ ടൺ സ്രോതസ്സുകൾ ജീവിവർഗങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കായി വേർതിരിക്കപ്പെടുന്നുണ്ട്.ഭൂമിയിൽ ഇപ്പോൾ ഏകദേശം 8 ബില്ല്യനോളം മനുഷ്യർ ജീവിക്കുന്നു. നമ്മൾ അധികമായി ഉപയോഗിച്ച പ്രകൃതിസ്രോതസ്സുകളിടെ അളവ് ഏതാണ്ട് 70% മാണ്. നാം ഉപയോഗിച്ചശേഷം വർഷവും ഭൂമിയിലേക്ക് പുറന്തള്ളുന്ന പലതരം ആവശിഷ്ടങ്ങളുടെ അളവ് 2.12 ബില്യൺ ടൺ വരും. ഇ മാലിന്യമാവട്ടെ വർഷത്തിൽ 50 ദശലക്ഷം ടൺ ആണ് ! സിന്തറ്റിക് രാസവസ്തുക്കളുടെ ആഗോള ഉപഭോഗത്തിന്റെ ആകെ മൂല്യം 7.8 ട്രില്യൺ ഡോളർ ആണെന്ന് വിലയിരുത്തപ്പെടുന്നു.

 

ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പരിപാടി (UNEP)യുടെ ഭാഗമായാണ് പരിസ്ഥിതി ദിനാചരണം നടത്തിവരുന്നത്. യു എൻ പൊതുസഭയുടെ 1972 ൽ നടന്ന സ്റ്റോക്ഹോം പരിസ്ഥിതി സമ്മേളനത്തിൽ ദിനാചരണമെന്ന തീരുമാനമെടുക്കപ്പെട്ടു. ശരിക്കും ഇങ്ങനെയൊരു ആശയം പിറന്നത് 1968 ലാണ്, സ്വീഡനാണ് നിർദേശിച്ചത്.1972 ലെ ആദ്യ പരിസ്ഥിതി സമ്മേളനത്തിൽ തീരുമാനമെടുക്കുകയും ചെയ്തു. ആദ്യ ആചരണം നടന്നതാവട്ടെ 1974 ലും. അന്നത്തെ വിഷയം ‘ഒരേയൊരു ഭൂമി ‘( Only one Earth ) എന്നായിരുന്നു. അതേ വിഷയം തന്നെ ആദ്യപരിസ്ഥിതി സമ്മേളനത്തിന് അമ്പതാണ്ട് തികഞ്ഞ ഈ വർഷത്തെ ദിനാചരണത്തിലും സ്വീകരിക്കപ്പെട്ടു.193 രാജ്യങ്ങൾ UNEP യുടെ ഭാഗമായിക്കഴിഞ്ഞു. ദിനാചരണ പരിപാടികൾക്ക് പല രാജ്യങ്ങളാവും ആതിഥ്യമേകുക, ഈവർഷം സ്വീഡനാണ്. ആദ്യ ദിനാചരണപരിപാടികൾ നടത്തിയത് വാഷിങ്ടനിലെ സ്പോകനെ എന്ന സ്ഥലത്തായിരുന്നു. 1974 മുതൽ 34 വ്യത്യസ്ത പട്ടണങ്ങളിൽ (25 വ്യത്യസ്ത രാജ്യങ്ങൾ ) പരിപാടികൾ അരങ്ങേറി.

 

ഒരേയൊരു ഭൂമി എന്നത് മഹത്തായ സങ്കല്പമാണ്, എല്ലാം അടക്കിവാഴുന്ന മനുഷ്യന് വേണ്ടി മാത്രമുള്ള ഒരേയൊരു ഭൂമിയെന്നല്ല, എല്ലാ ചരാചരങ്ങൾക്കും വേണ്ടി വാസയോഗ്യമായ ഒരേയൊരു ഭൂമി എന്ന വിശാല കാഴ്ചപ്പാടാണ് അത് മുന്നോട്ടുവയ്ക്കുന്നത്. സത്യത്തിൽ മനുഷ്യനും അവൻ സൃഷ്‌ടിച്ചപലതരം മാലിന്യങ്ങളും കാരണം ഭൂമി വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് കാലമെറേയായി. ജനസംഖ്യ ഈ നിലയിൽ വർധിച്ചാൽ 2050 ആകുമ്പോഴേക്കും ഭൂമിക്ക് തീറ്റിപ്പോറ്റാൻ കഴിയാത്തത്രയധികം ജനങ്ങളായിട്ടുണ്ടാവും.ഭൂമിയെ കഷ്ടത്തിലാക്കുന്ന വേറെയും പ്രശ്നങ്ങൾ ഇതുകൂടാതുണ്ട്. ഭൂമിക്ക് വല്ലാതെ ചൂട് കൂടിവരുന്നു,വെള്ളം വായു എന്നിവ മലിനമാക്കപ്പെടുന്നു, കാട്ടുതീയാൽ നിരവധി ഹെക്ടർ വനഭൂമിയും അവിടെയുള്ള ജീവജാലങ്ങളും ഇല്ലാതാവുന്നു, മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്ന വനനശീകരണം, ആവാസ വ്യവസ്ഥകളുടെ നാശനം, വിവിധ ജീവിവർഗങ്ങളുടെ നാശം തുടങ്ങി നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഈ നൂറ്റാണ്ടിൽ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തിയില്ലെങ്കിൽ വലിയ ദുരന്തങ്ങളാവും ഫലം. വാർഷിക ഹരിതഗൃഹവാതകങ്ങങ്ങളുടെ ബഹിർഗമനം ഇന്നുള്ളതിൽ നിന്നും പകുതിയായി കുറച്ചാലേ 2030 ൽ ലക്ഷ്യമിട്ട 1.5 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ പിടിച്ചുനിർത്താൻ കഴിയൂ. വായുമലിനികരണം ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2040 ഓടെ 50% കണ്ട് വർധിക്കുമെന്നുറപ്പാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാവട്ടെ ഇന്നത്തേതിന്റെ ഏകദേശം മൂന്നു ഇരട്ടിയോളമാവുകയും ചെയ്യും. ചുരുക്കത്തിൽ ശുദ്ധമായ വായുവും ജലവും കിട്ടാക്കനിയാവാൻ അധികം വർഷങ്ങൾ വേണ്ടിവരില്ല എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.

 

ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം നമുക്ക് നിയന്ത്രിക്കാൻ സാധിക്കണം. വാഹനപ്പെരുപ്പം, വ്യവസായശാലകളുടെ വ്യാപനം, ഫോസിൽ ഇന്ധനങ്ങളും വിറകുകളും കത്തിക്കുന്നത് എന്നിവയിലൂടെ വൻതോതിൽ ഇവ അന്തരീക്ഷത്തിൽ എത്തുകയാണ്. നമ്മുടെ എല്ലാ ജലാശയങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്. ഒരിക്കലും നശിക്കാതെ അവ നമ്മുടെ ഭൂമിയെയും ജല സ്രോതസ്സുകളെയും നശിപ്പിക്കുന്നു. ദിനംപ്രതി അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഒക്സൈഡ്, ക്ളോറോഫ്ലൂറോ കാർബണുകൾ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ അളവ് കൂടുകയാണ്‌. സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാ വയലറ്റ് രശ്മികൾ മണ്ണിലേക്കെത്താതെ ജീവജാലങ്ങളെ കുട പോലെ സംരക്ഷിക്കുന്ന ഓസോൺ പാളിക്ക് ഇവകാരണം വിള്ളൽ അധികരിക്കുമെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

 

ക്രിയാത്മകമായി എന്തൊക്കെ ചെയ്യാനാവുമെന്ന് ഓരോ രാജ്യവും തീരുമാനിക്കണം. ആഗോളതാപനം കുറയ്ക്കാനും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യാനും, വനനശീകരണം തടയുകയും മരങ്ങൾ വച്ചുപിടിപ്പിച്ച് വനപ്രദേശം വർധിപ്പിക്കുകയും ചെയ്യുന്നതിനും,അന്തരീക്ഷത്തിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിയ്ക്കാനും ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ട ശക്തമായ തീരുമാനങ്ങൾ കൈകൊള്ളേണ്ടതുണ്ട്. ഇവയൊക്കെ നടപ്പാക്കാനുള്ള മനസ്സുകൂടി ഭരണാധികാരികൾക്ക് ഉണ്ടാവണം. പരിസ്ഥിതി സമ്മേളനങ്ങൾ നടത്തുകയും പ്രമേയങ്ങൾ പാസ്സാക്കുകയും ചെയ്യുന്നതിൽ മാത്രം കാര്യമില്ല, തീരുമാനങ്ങൾ നടപ്പാക്കാൻ ലോകരാജ്യങ്ങൾ തയ്യാറാവേണ്ടതുമുണ്ട്. ഒരേയൊരു ഭൂമി മാത്രമേയുള്ളൂ ജീവന്റെ നിലനിൽപ്പിന് എന്ന വലിയ സത്യം നാം മറന്നുപോകാതിരിക്കുക. നമുക്ക് മാത്രമല്ല സർവ്വ ചരാചരങ്ങൾക്കും പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നന്മകൾ ചെയ്യാൻ മനസ്സുകാട്ടുക. ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കുകവഴി പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടതുചെയ്യുക. പ്രകൃതിയുമായി ചേർന്നുനിന്നുകൊണ്ടുള്ള സുസ്ഥിരവികസനം സാധ്യമാക്കാൻ ശ്രമിക്കുക. ഇതിനൊക്കെ വേണ്ട ഊർജ്ജവും മനസ്സും ഈ ദിനാചരണംകൊണ്ടുണ്ടാവട്ടെ എന്നാശിക്കാം.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.