ഇന്നിന്റെ സന്ദേശങ്ങൾ

 

ഇന്നിന്റെ സന്ദേശങ്ങൾ

 

പെസഹ വ്യാഴവും, യേശു ക്രൂശിതനായതിന്റെ സ്മരണ ഉണർത്തിയ ദുഃഖവെള്ളിയും കഴിയുമ്പോൾ, മൂന്നാം നാൾ യേശുവിന്റെ ഉയിർപ്പ് സംഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ദിനം… ഈസ്റ്റർ, ഏപ്രിൽ 17. ലോകത്തെ ക്രിസ്തീയ സമൂഹം ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്ന ദിനം. വ്രതം നോൽക്കലും പ്രത്യേക പ്രാർത്ഥനകളുമായി ക്രിസ്ത്യൻ പള്ളികളും ഭവനങ്ങളും ഒരാഴ്ച നീണ്ട ഭക്തിപൂർണമായ അന്തരീക്ഷമായിരുന്നു. ഈസ്റ്റർ ആഘോഷത്തിൽ അവസാനിക്കുന്നു ഒരാഴ്ച നീണ്ട ചടങ്ങുകൾ.

 

ലാറ്റിൻ ഭാഷയിൽ ഈസ്റ്റർ ‘Pascha ‘ എന്നറിയപ്പെടുന്നു. ബൈബിൾ പ്രകാരം, കുരിശിലേറ്റപ്പെട്ടതിനുശേഷം മൂന്നാം നാൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കപ്പെടുന്നു. മരണത്തിനുമേൽ യേശുവിന്റെ വിജയമെന്നും ബൈബിൾ പറയുന്നു.
ഈസ്റ്റർ എന്ന വാക്ക് വന്നത് ആംഗ്ലോ സാക്സൻ മാസമായ Eostremonath ൽ നിന്നാണ് എന്ന് ചരിത്രം. ഇതിന്റെ അർത്ഥം ഇന്ന് നമ്മൾ പറയുന്ന ഏപ്രിൽ മാസത്തിലെ സമയം എന്നാണ്, ഈമാസമാണല്ലോ ക്രിസ്തുമതാഘോഷം നടക്കുക. ജർമൻ ദേവത Eostre /Ostara യുമായി ബന്ധപ്പെട്ട് ഈസ്റ്റർ ആഘോഷത്തിന്റെ പേര് പറയപ്പെടുന്നുണ്ട്. എല്ലാ ക്രിസ്തുമത വിശ്വാസികൾക്കും ഈസ്റ്റർ ദിനാശംസകൾ നേരുന്നു.

ഏപ്രിൽ 17 ന്റെ മറ്റൊരു വിശേഷം കൂടി പറയാം…

 

ഹീമോഫീലിയ എന്ന് കേട്ടിട്ടില്ലേ?
രക്തം കട്ടപിടിക്കാതിരിക്കുന്ന അപൂർവ അവസ്ഥയാണിത്. മുറിവുണ്ടാവുമ്പോൾ രക്തം കട്ടപിടിക്കുന്ന സാധാരണ ശാരീരിക പ്രക്രിയയ്ക്ക് വേണ്ട ഘടകങ്ങൾ ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് ഈ സവിശേഷ സ്ഥിതി സംജാതമാകുന്നത്. ഹീമോഫീലിയ ഉള്ളവരിൽ മുറിവുണ്ടായാൽ സാധാരണയിൽ കൂടുതൽ നേരം രക്തം ഒഴുകും. ഈ രോഗാവസ്ഥയെ പറ്റി ബോധവൽക്കരണം ലക്ഷ്യമാക്കി ലോക ഹീമോഫീലിയ ദിനാചരണം നടത്തുന്നത് ഇന്നാണ്… ഏപ്രിൽ 17. World Federation of Haemophilia ( WFH) ആണ് ഈ ദിനാചരണം 1989 ൽ തുടങ്ങിയത്. ഏപ്രിൽ 17 WFH സ്ഥാപകൻ ഫ്രാങ്ക് സ്നബൽ ന്റെ ജന്മദിനമാണ്, അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ആചരണത്തിന് ഈദിനം തെരഞ്ഞെടുത്തത്. ഈവർഷത്തെ വിഷയം ഇതാണ്…

” Access for All : Partnership. Policy. Progress. Engaging your government, integrating inherited bleeding disorders into national policy. “

 

പത്താം നൂറ്റാണ്ടിൽ തന്നെ ലോകത്ത് ഹീമോഫീലിയ രോഗം കണ്ടെത്തിയിരുന്നു. ചെറുമുറിവുകൾ കാരണം ചില ഇടങ്ങളിൽ പുരുഷന്മാർ മരണപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അക്കാലത്ത് ഈരോഗം അറിയപ്പെട്ടത് Abulcasis എന്ന പേരിലാണ്. സാങ്കേതിക സൗകര്യങ്ങൾ നന്നേ കുറഞ്ഞ കാലം, ഭേദപ്പെടാത്ത അസുഖമായി ഇത് കരുതപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളിൽ അസുഖം വ്യാപകമായി. ആസ്പിരിൻ മാത്രമായിരുന്നു മരുന്ന്.1803 ലാണ് ഈ രോഗത്തെപ്പറ്റി ആധികാരികമായി പഠനം നടന്നത്, ഫിലാദൽഫിയയിലെ ഡോ. ജോൺ കോൺറഡ് ഓട്ടോ ആണ് പഠനം നടത്തിയത്. അമ്മമാരിൽ നിന്നും ആൺമക്കളിലേക്ക് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന അസുഖമായി ഹീമോഫീലിയ വിലയിരുത്തപ്പെട്ടു.1937 ൽ ഇത് ജനിതക വൈകല്യമെന്ന ഗണത്തിലേക്ക് ഗവേഷകർ കൂട്ടി. A, B എന്നിങ്ങനെ അവർ ഇതിനെ രണ്ട് തരമായി തിരിക്കുകയും ചെയ്തു. ആ സമയത്ത് കൃത്യമായ ചികിത്സ കണ്ടുപിടിച്ചുമില്ല.

 

ഹീമോഫീലിയക്ക് വേണ്ടി ആചരിച്ചുവരുന്ന ഈദിനത്തിൽ ആരോഗ്യ രംഗത്തെ വിവിധ സംഘടനകൾ പലവിധ പരിപാടികൾ നടത്തിവരുന്നു. ഇന്ത്യയിൽ ഹീമോഫീലിയ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ബോധവൽക്കരണപരിപാടികൾ നടത്താറുണ്ട്. ഹീമോഫീലിയ രോഗികൾക്ക് ഒപ്പം ചേർന്നുനിൽക്കാം, സമൂഹത്തിന് ഇതുസംബന്ധിച്ച ബോധവൽക്കരണത്തിനായും ഈദിനം മാറ്റിവയ്ക്കാം…

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.