ഭരണഘടനാ ശില്പിയുടെ ജന്മദിനത്തിൽ

ഭരണഘടനാ ശില്പിയുടെ ജന്മദിനത്തിൽ

ഇന്ത്യൻ ഭരണഘടനാശില്പിയും നിയമജ്ഞനും. സാമ്പത്തിക കാര്യ വിദഗ്ദ്ധനും ദളിതരുടെ നേതാവുമായിരുന്ന ഡോക്ടർ ബി ആർ അംബേദ്കർ നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു. ഭരണഘടനാ രൂപവൽക്കരണസമിതി ചെയർമാൻ, ജവഹർലാൽ നെഹ്‌റുവിന്റെ ആദ്യ കേന്ദ്രകാബിനറ്റിലെ നിയമ നീതിന്യായ വകുപ്പ് മന്ത്രി എന്ന നിലയ്ക്കും അദ്ദേഹം പ്രശസ്തനാണ്. മാത്രമല്ല ബോംബെ സ്റ്റേറ്റിൽ നിന്നുള്ള എം പി, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ തൊഴിൽ വകുപ്പ് മന്ത്രി ബോംബെ ലെജിസ്ലെറ്റീവ് അസംബ്ലി യിൽ പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളിലും തിളങ്ങി. ഒരുപാട് വിശേഷണങ്ങൾ സ്വന്തമാക്കിയ അതുല്യ വ്യക്തിത്വമായിരുന്ന അംബേദ്കറുടെ ജന്മദിനമാണിന്ന്… ഏപ്രിൽ 14.

 

സ്വാതന്ത്ര്യത്തിന്റെ 75 ആം വർഷത്തിൽ രാജ്യം ഭരണഘടനാശില്പിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യ എന്ന മഹത്തായ ആശയം രൂപപ്പെടുത്താൻ വേണ്ട ചട്ടക്കൂടാണ് ഭരണഘടനയെന്ന വിശിഷ്ട സമ്മാനത്തിലൂടെ അദ്ദേഹം നമുക്ക് നൽകിയത്. രാജ്യം 75 ലെത്തുമ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് പോലെയൊരു ആധുനിക സമൂഹമായി നമുക്ക് മാറാൻ കഴിഞ്ഞോ എന്ന സംശയം നിലനിൽക്കുന്നു. 1891 ഏപ്രിൽ 14 ന് മദ്ധ്യപ്രദേശിലെ മഹൌൽ മാറാത്തി കുടുംബത്തിൽ ആർമിയിൽ സുബേദാർ ആയിരുന്ന രാംജി മാലോജി സക്പാലിന്റെയും ഭിമാബായി സക്പാലിന്റെയും മകനായി ജനനം.അയിത്തത്തിന്റെ തീക്ഷ്‌ണത ഏറെ അനുഭവിച്ച കുട്ടിക്കാലം. പള്ളിക്കൂടത്തിൽ ക്ലാസ്സിനുള്ളിൽ കടക്കാൻ അനുമതിയില്ലായിരുന്നു. കിണറിൽ നിന്നും വെള്ളമെടുക്കാനോ വെള്ളത്തിലോ പാത്രങ്ങളിലൊ തൊടാൻ അനുവാദമില്ലാത്ത കടുത്ത വിവേചനത്തിന്റെ നാളുകൾ.

 

ഉയർന്ന ജാതികളിൽപ്പെട്ട കുട്ടികൾ കണ്ടാൽ വഴിമാറിപ്പോകുന്ന ദുഃഖകരമായ അനുഭവം. അച്ഛനുമമ്മയ്ക്കും പതിനാലാമത്തെ കുട്ടിയായിരുന്ന അംബേദ്കർ മാത്രമാണ് മക്കളിൽ ഹൈസ്കൂൾ പഠനം കഴിഞ്ഞത്. യഥാർത്ഥ പേര് സക്പാൽ എന്നായിരുന്നു, സ്കൂളിൽ അച്ഛൻ രജിസ്റ്റർ ചെയ്തത് അoബാഡവേക്കർ എന്നാണ്. സ്കൂളിലെ മാറാത്തി ബ്രാഹ്മിൺ ടീച്ചർ കൃഷ്ണാജി കേശവ് ആണ് അംബേദ്കർ എന്ന് പേര് മാറ്റിയത്. കുടുംബം ബോംബെക്ക് 1897 ൽ മാറിയപ്പോൾ എൽഫിൻസ്റ്റോൺ ഹൈസ്കൂളിൽ ചേർന്നു, അവിടെ തൊട്ടുകൂടാത്ത വിഭാഗത്തിൽ നിന്നും പഠനത്തിന് ചേർന്ന ആദ്യ കുട്ടിയായി അംബേദ്കർ. 15 വയസ്സിൽ (1906) 9 വയസ്സുള്ള രമാബായിയെ കല്യാണം കഴിച്ചു,

 

1907 ൽ മെട്രികുലേഷൻ പാസായി, എൽഫിൻസ്റ്റോൺ കോളേജിൽ ഉപരിപഠനത്തിന് ചേരുന്ന മഹർ ജാതിയിൽപ്പെട്ട ആദ്യത്തെ വിദ്യാർഥി. ഇംഗ്ലീഷ് ഫോർത് സ്റ്റാൻഡേർഡ് പരീക്ഷ ജയിച്ചപ്പോൾ സമുദായം അത് ആഘോഷമാക്കി മാറ്റി, അനുമോദന ചടങ്ങ് സംഘടിപ്പിച്ചു സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ഡിഗ്രി,കോളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും പി ജി, പിന്നീട് എം എ, സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി, നിയമപഠനം തുടങ്ങി പഠിച്ച് നേടാവുന്നത് ഏറെ നേടിയ അംബേദ്കർ സാധിച്ച സാമൂഹിക സാംസ്കാരിക ജാതീയ വിപ്ലവങ്ങൾ എത്രയോ അധികം. ജാതീയമായി നിലനിന്ന അനാചാരങ്ങളിൽ മനം നൊന്ത് അദ്ദേഹം ബുദ്ധമത്തിൽ ചേർന്നത് 1950 ലാണ്.ദളിത് വിഭാഗങ്ങൾ അനുഭവിച്ച വിവേചനങ്ങൾ അവസാനിപ്പിക്കാൻ അക്ഷീണം പോരാടിയ അദ്ദേഹം കടന്നുവരും തലമുറകൾക്കും എന്നും ഒരു വലിയ പാഠപുസ്തകം തന്നെയാണ്.

 

 

1948 മുതൽ അലട്ടിയ പ്രമേഹത്തിനായ് കഴിച്ച മരുന്നുകളുടെ പാർശ്വഫലങ്ങളും,, കാഴ്ചശേഷി കുറഞ്ഞുവന്നതും, പിന്നീട് ആരോഗ്യം മോശമായതുമൊക്കെ അദ്ദേഹത്തിന്റെ അവസാനനാളുകൾ ദുസ്സഹമാക്കി. 1956 ഡിസംബർ 6 ന് ഉറങ്ങാൻ കിടന്ന അദ്ദേഹം പിന്നെ ഉണർന്നില്ല, ആ കിടപ്പിൽ മഹാസമാധിയാവുകയായിരുന്നു. എഴുതപ്പെട്ട ലോകത്തെ ആദ്യത്തെ വിശാലവും സമഗ്രവും മഹത്തായതും ലോകത്ത് സ്ത്രീപുരുഷ സമത്വം വാഗ്ദാനം ചെയ്തതുമായ ഭരണഘടനയുടെ( അമേരിക്കയിൽ ഭരണഘടന നിലവിൽ വന്നപ്പോൾ അതിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയിരുന്നില്ല ) ശില്പി ഡോക്ടർ ബാബാസാഹെബ്‌ അംബേദ്കറിന്റെ ജന്മദിനത്തിൽ ആ മഹത് വ്യക്തിത്വത്തെ ആദരവോടെ നമുക്കോർക്കാം.ജാതിവിവേചനവും അടിമത്തവും തുടങ്ങിയ അസമത്വങ്ങളെയും അനാചാരങ്ങളെയും എതിർത്ത, ഭാരതത്തേപ്പറ്റി ഒരുപാട് സ്വപ്നങ്ങളും ആശയങ്ങളും മനസ്സിൽ കരുതിയ അംബേദ്കർ കൂടുതൽ വായിക്കപ്പെടണമെന്ന ഓർമപ്പെടുത്തലാവട്ടെ ഈ ജയന്തി

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.