പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിന്റെ ഓർമദിനത്തിൽ

 

പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിന്റെ ഓർമദിനത്തിൽ

ജീവിവർഗങ്ങളെല്ലാം പൊതുപൂർവികരിൽ നിന്നും കാലക്രമേണ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയയിലൂടെ രൂപപ്പെട്ടുവന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും സഞ്ചാരസാഹിത്യകാരനുമായ ചാൾസ് റോബർട്ട്‌ ഡാർവിൻ അന്തരിച്ച ദിവസമാണിന്ന്… ഏപ്രിൽ 19. 1882 ഈദിവസമാണ് അദ്ദേഹം മരണപ്പെട്ടത്.

 

ഡാർവിന്റെ പ്രകൃതിനിർദ്ധാരണ വാദം ആധുനിക പരിണാമ സിദ്ധാന്തത്തിന്റെ മൂലതത്വമാണ്.ലോക ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളെ പ്രതിപാദിക്കുന്ന മൈക്കൽ ഹാർട് എഴുതിയ പുസ്തകത്തിൽ 16 ആം സ്ഥാനത്ത് നിൽക്കുന്ന ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രലോകത്ത് ഇന്നും ചർച്ചാവിഷയമാണ്.
ജീവികൾക്കുണ്ടാകുന്ന പരിണാമത്തിന്റെ അടിസ്ഥാനകാരണമെന്നത്, അനുകൂലമായ വ്യതിയാനങ്ങളുടെ തെരഞ്ഞെടുപ്പും, അല്ലാത്തവയുടെ തിരസ്‌കാരവുമാണ്. ഇതിനെ പ്രകൃതി നിർദ്ധാരണം എന്ന് നിർവചിക്കാം. ജീവിവർഗങ്ങൾക്കുണ്ടാകുന്ന വ്യതിയാനങ്ങൾ ജനിതകമാകാം, പെരുമാറ്റപരമാകാം, അല്ലെങ്കിൽ ഘടനാപരമാകാം. ജീവികൾ അവയുടെ ചുറ്റുപാടിന് അനുസരിച്ച് പ്രകടമാക്കുന്ന ഇത്തരം വ്യതിയാനങ്ങളിൽ പരിസ്ഥിതിയോട് കൂടുതൽ യോജിച്ചുപോകുന്ന വ്യതിയാനങ്ങൾ പ്രകടമാക്കുന്നവ നിലനിൽക്കുകയും, അല്ലാത്ത ജീവികൾ നശിച്ചുപോകുകയും ചെയ്യും. കാലക്രമേണ ജീവിവര്ഗങ്ങളുടെ അനുയോജ്യമായ സവിശേഷതകൾ മാത്രം നിലനിൽക്കും, കാലം കഴിയുമ്പോൾ ഈ പൊരുത്തപ്പെടലുകൾ പുതിയ ജീവിവർഗങ്ങൾ സൃഷ്ടിക്കാൻ കൂട്ടിച്ചേർക്കും, ഈ മാറ്റങ്ങളാണ് നമ്മെ മനുഷ്യനാക്കുന്നത്.ഇതാണ് ‘യോജ്യമായവയുടെ നിലനിൽപ്പ്’ അഥവാ ‘Survival of the fittest ‘ എന്ന് പറയുന്നത്. തന്റെ On the Origin of Species (1859)എന്ന വിഖ്യാതമായ പുസ്തകത്തിൽ ഇക്കാര്യം ഡാർവിൻ വ്യക്തമാക്കുന്നുണ്ട്.

 

അനുകൂല വ്യതിയാനങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് പുതിയ ജീവിവർഗം രൂപപ്പെടുന്നു എന്ന് ചുരുക്കം. ഇത്തരത്തിലുള്ള ശാസ്ത്രീയ പരിണാമം ആദ്യം വിശകലനം ചെയ്തത് ഡാർവിനാണ്. അതിനാൽ ഈ സിദ്ധാന്തം പ്രകൃതി നിർദ്ധാരണ സിദ്ധാന്തം അല്ലെങ്കിൽ ‘ഡാർവിനിസം’ എന്നറിയപ്പെടുന്നു.സ്വാഭാവിക സവിശേഷതകൾ മാതാപിതാക്കളിൽ നിന്നും മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന തത്വം പുരാതന ഗ്രീക്ക് തത്വചിന്തയുടെ കാലം മുതൽ നിലവിലുണ്ട്. 1700 കളുടെ അവസാനത്തിൽ ചാൾസ് ഡാർവിന്റെ മുത്തച്ഛൻ ഇറാസ്മസ് ഡാർവിനെപ്പോലുള്ള ചില ശാസ്ത്രജ്ഞർ കാലക്രമേണ ജീവിവര്ഗങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന് അഭിപ്രായമുള്ളവരായിരുന്നു. പക്ഷെ ഇതെങ്ങനെ, എന്തുകൊണ്ട് എന്നീ ചോദ്യങ്ങൾക്ക് അവർക്കാർക്കും മറുപടി ഉണ്ടായിരുന്നില്ല. കാൾ ലിനെസ് മുന്നോട്ടുവച്ച ടാക്സോണമിക് നാമനിർദേശ സമ്പ്രദായം എടുത്തുപറയത്തക്കതാണ്.

 

വളർന്നപ്പോൾ ഡാർവിന് എല്ലാം ശാസ്ത്രമായിരുന്നു.1825 ൽ പിതാവ് റോബർട്ട്‌ ഡാർവിൻ, അദ്ദേഹത്തെ എഡിൻബെർഗ് യൂണിവേഴ്സിറ്റിയിലയച്ച് വൈദ്യശാസ്ത്രം പഠിപ്പിച്ചു.അവിടെ അദ്ദേഹത്തെ റോബർട്ട്‌ എഡ്മണ്ട് ഗ്രാന്റ്, ജോൺ ബാപ്ടിസ്റ് ലമാർക് തുടങ്ങിയ പരിണാമ വാദികളുടെ ആശയങ്ങൾ സ്വാധീനിച്ചു.1828 ൽ കേംബ്രിഡ്ജ് ക്രൈസ്റ്റ് കോളേജിലേക്ക് മാറി. അവിടുത്തെ ബോട്ടണി പ്രൊഫസർ, എച് എം എസ് ബീഗിൾ ലെ സമുദ്രയാത്രക്ക് ക്ഷണിച്ചത് ജീവിതത്തിൽ നിർണായകമായി. നാച്ചുറൽ സെലെക്ഷൻ ലൂടെ പരിണാമ സിദ്ധാന്തം എന്ന തന്റെ ആശയത്തിന് ആവശ്യമായ തെളിവുകൾ ലഭ്യമാക്കാൻ സമുദ്രയാത്രകൾ അദ്ദേഹത്തിനെ സഹായിച്ചു.തുടർച്ചയായ കപ്പൽ യാത്രകളും, വനങ്ങളിലേക്കും മറ്റുമുള്ള സഞ്ചാരങ്ങളും ജീവികളുടെ പരിണാമ പ്രക്രിയക്ക് ശക്തിപകരുന്ന ധാരാളം തെളിവുകൾ കൂട്ടിചേർക്കാൻ അവസരം നൽകി.

 

1809 ഫെബ്രുവരി 12 ന് ഇംഗ്ലണ്ടിലെ ഷ്റൂബറിയിൽ സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനം ‘ഡാർവിൻ ദിനം ‘ എന്നറിയപ്പെടുന്നു. അദ്ദേഹത്തിന് 8 വയസ്സുള്ളപ്പോൾ മാതാവ് സൂസന്ന ഡാർവിൻ മരണപ്പെട്ടു. മുത്തച്ഛൻ ഇറാസ്മസ് ഡാർവിന്റെ സംരക്ഷണയിലാണ് വളർന്നത്. അദ്ദേഹം പ്രശസ്തനായ കവിയും ഫിസിഷ്യനും പരിണാമശാസ്ത്രത്തിൽ സ്വന്തമായ സിദ്ധാന്തങ്ങൾ കണ്ടെത്തിയ ആളുമായിരുന്നു. 22 വയസ്സിൽ ലോകം ചുറ്റിക്കറങ്ങിയുള്ള യാത്ര അദ്ദേഹം നടത്തി. ഇതിനിടെ 5 വർഷങ്ങൾ കപ്പലിനുള്ളിൽ ഒരുപാട് കഷ്ടതകൾ സഹിച്ച് കഴിച്ചുകൂട്ടി എന്നതും, ബ്രസീലിയൻ, ആന്റീസ്‌ പാർവതനിരകളിൽ നിരന്തരം അലഞ്ഞുനടന്നതുമൊക്കെ പ്രകൃതിയെ ഉപാസിച്ച ഒരു വലിയ തത്വജ്ഞാനിയെ വെളിവാക്കുന്നതാണ്. സമുദ്രങ്ങളിലെയും വനങ്ങളിലെയും അത്ഭുതകരമായ ജീവിവര്ഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വർഷങ്ങളോളം പഠനം നടത്തി സിദ്ധാന്തങ്ങൾ രൂപീകരിച്ച ചാൾസ് ഡാർവിൻ ഹൃദയാഘാതത്തെ തുടർന്ന് 1882 ഏപ്രിൽ 19 ന് 73 ആം വയസ്സിൽ അന്തരിച്ചു.

 

മനുഷ്യന്റെ ഉല്പത്തി, വികാസം, പരിണാമങ്ങൾ എന്നിവയിൽ സ്വന്തം സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുകയും, ലോകത്തിൽ സ്ഥാപിക്കുകയും ചെയ്ത ചാൾസ് ഡാർവിന്റെ ചിന്തകളോടും മറ്റും കടുത്ത എതിർപ്പുകളും നിലനിന്നിരുന്നു. മതവിശ്വാസങ്ങൾ ഒരിക്കലും ചേർന്നുപോകാത്തവയാണ് ഡാർവിന്റെ സിദ്ധാന്തങ്ങൾ. ദൈവത്തിന്റെ സ്ഥാനം പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ജീവന്റെ ഉൽപ്പത്തിയും വളർച്ചയുമൊക്കെ വ്യാഖ്യാനിച്ച് ശാസ്ത്രത്തിന്റെ വിലാസത്തിലേക്ക് ചേർത്തുവക്കാൻ ശ്രമിച്ച അദ്ദേഹം ഇന്നും ലോകത്തിനു വിസ്മയമാണ്. റോയൽ സൊസൈറ്റി പുരസ്‌കാരം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ സ്വന്തമാക്കിയ ഡാർവിനും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും കാലാതിവർത്തിയായി നിലനിൽക്കുകതന്നെ ചെയ്യും.ഓർമദിനത്തിൽ ആദരവോടെ,

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.