പൗരാവകാശ സംരക്ഷണത്തിനായ് യത്നിച്ച വനിതാരത്നം

പൗരാവകാശ സംരക്ഷണത്തിനായ് യത്നിച്ച വനിതാരത്നം

വർണവെറിക്കെതിരെ, പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ, തുല്യനീതിക്കായ് ജീവിതം നീക്കിവച്ച മഹാ വിപ്ലവകാരി, ഒരുപാട് വിശേഷണങ്ങൾക്ക് ഉടമയായ മാർട്ടിൻ ലൂദർ കിങ് ജൂനിയർ. അദ്ദേഹത്തിനൊപ്പം ഈ ഫോട്ടോയിൽ കാണുന്ന വനിതാരത്നത്തെ മനസ്സിലായോ? സ്വന്തം ഭർത്താവിനെ വർണവെറിയന്മാർ ഇല്ലാതാക്കിയപ്പോൾ പ്രതികരിക്കുകയും, അടിച്ചമർത്തപ്പെട്ടവന്റെയും, അധികാരത്തിന്റെ ബൂട്ടുകൾക്ക് കീഴിൽ ഞെരിഞ്ഞമരാൻ വീധിക്കപ്പെട്ടവരുടെയും ദുരനുഭവങ്ങൾക്ക് ശാശ്വത പരിഹാരം തേടി, പോരാട്ടങ്ങളുടെ തീചൂളയിലേക്ക് എടുത്തുചാടിയ വിപ്ലവ താരകം. കോരേറ്റാ സ്കോട്ട് കിങ്  പിന്നീട് മാർട്ടിൻ ലൂദർ കിങ് ജൂനിയറിന്റെ സഹധർമിണിയായി മാറിയ ധീരവനിത.

 

ഭർത്താവ് കൊല്ലപ്പെടും മുമ്പുതന്നെ പൗരാവകാശ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്ന അവർ, ലൂദർക്കൊപ്പം പ്രവർത്തിച്ചിരുന്നു. 1950-60 കളിൽ. ഭർത്താവ് കൊല്ലപ്പെട്ട ശേഷം കൂടുതൽ സജീവമായി എന്നുമാത്രം. പൊരുതുന്ന ജനതക്കായി അവർ കിങ് സെന്റർ സ്ഥാപിച്ചു കൊണ്ട് പൗരവകാശ ജനാധിപത്യ സമരങ്ങളുടെ മുന്നണിയിൽ പ്രവർത്തിച്ചു. അമേരിക്കയിലെ അലബാമ സ്റ്റേറ്റിലെ മരിയനിൽ 1927, ഏപ്രിൽ 27 ന് ജനനം. ഇന്ന് ഈ ധീരവനിതയുടെ ജന്മദിനമാണ്.

 

ഓഹിയോ യെല്ലോ സ്പ്രിംഗ്സിലെ ആന്റിഓച് കോളേജിൽ നിന്ന് സംഗീതത്തിൽ ബാച്‌ലർ ഡിഗ്രി നേടി, തുടർന്ന് ന്യൂ ഇംഗ്ലണ്ട് കോണ്സെർവറ്ററി ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ഉന്നത ബിരുദം കരസ്ഥമാക്കി.പിന്നീട് ബോസ്റ്റോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം.1953 ൽ വിവാഹം,4 കുട്ടികളുടെ അമ്മയായി. 50 കളിലും 60 കളിലും ലൂദർ കിങ്മൊത്ത് നിരവധി സമരപോരാട്ടങ്ങളിൽ പങ്കെടുത്തു, അധികാരവർഗ്ഗത്തിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങി. മാർട്ടിൻ ലൂദർ കിങ് ജൂനിയറിന്റെ പോരാട്ടജീവിതത്തിലെ സുപ്രധാന സമരമായിരുന്ന മൗണ്ട് ഗോമറി ബസ് ബോയ്ക്കോട്ട് ൽ സജീവമായി അവർ പങ്കെടുത്തു, അറസ്റ്റ് വരിച്ചു. ഒടുവിൽ,1964 ൽ അമേരിക്കൻ ഭരണകൂടത്തിനെക്കൊണ്ട് പൗരന്മാർക്ക് തുല്യാവകാശങ്ങൾ നൽകുന്ന നിയമം പാസ്സാക്കുന്നതിൽ വിജയിച്ചു. ആ ചരിത്രനേട്ടത്തിൽ അവർ നിർണായക ഘടകമായി.

 

My Life with Martin Luther King Jr. എന്ന പേരിൽ 1969 ൽ അവർ പുസ്തകം എഴുതി. ആവർഷം തന്നെ കോരേറ്റാ സ്കോട്ട് കിങ് അവാർഡ് ഏർപ്പെടുത്തി, കുട്ടികൾക്കായി ആഫ്രിക്കൻ അമേരിക്കൻ എഴുതുന്ന മികച്ച കൃതിക്ക്.ലുദറുമൊത്ത് അമേരിക്കയിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെല്ലാം തന്നെ വിപ്ലവകരമായ പരിവർത്തനങ്ങൾ സംഭവിപ്പിക്കാൻ ഇടയാക്കിയ ജ്വലിക്കുന്ന വ്യക്തിത്വം. 2006, ജനുവരി 30 ന് 78 ആം വയസ്സിൽ മെക്സിക്കോയിലെ റോസാരിട്ടോയിൽ പൊലിഞ്ഞ കോറേറ്റ സ്കോട്ട് കിങ് എന്ന വിപ്ലവനക്ഷത്രത്തിന് സ്‌മരണാജ്ഞലി…

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.