രാജ്യത്തിന്റെ ‘നട്ടെല്ല് ‘ ആയ സിവിൽ സർവീസ് സംവിധാനം

 

രാജ്യത്തിന്റെ ‘നട്ടെല്ല് ‘ ആയ സിവിൽ സർവീസ് സംവിധാനം

1947 ഏപ്രിൽ 21 …  അന്ന് ഇന്ത്യൻ പാർലമെന്റിൽ അംഗമായിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേൽ, ന്യൂഡൽഹി മീറ്റ്കാൾഫ് ലെ സിവിൽ സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ലെ ട്രെയിനികളെ സംബോധന ചെയ്ത് സംസാരിച്ചു. ഭാരതത്തിന്റെ ഇരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന അദ്ദേഹം അവരെ ആവേശം കൊള്ളിച്ചുകൊണ്ട് അതിശക്തമായ ഭാഷയിൽ പറഞ്ഞു… ” you are the steel frame of India… ” ഭാരതത്തിന്റെ നട്ടെല്ലായ സിവിൽ സർവീസ് രംഗത്തെ ഉദ്യോഗസ്ഥർ രാജ്യസേവനത്തിൽ നൽകുന്ന അമൂല്യമായ പങ്ക് അടിവരയിടുകയായിരുന്നു ആ പ്രസംഗത്തിലൂടെ അദ്ദേഹം.

 

സിവിൽ സർവീസ് ന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സ്തുത്യർഹമായ പ്രവർത്തനങ്ങളും കഴിഞ്ഞുപോയ അത്തരം അനുഭവങ്ങളും പങ്കുവയ്ക്കപ്പെടും വിധത്തിൽ ഒരു പരിപാടി നടന്നത് ഇതിനും വർഷങ്ങൾക്ക് ശേഷമാണ്, അതായത് 2006 ഏപ്രിൽ 21 ന്. അന്നുമുതൽ ദേശീയ സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ന് ആചരിച്ചുവരികയും ചെയ്യുന്നു. സിവിൽ സർവീസ് മേഖലയിൽ സേവനം ചെയ്യുന്നവരെ ആവേശം കൊള്ളിക്കാനും, അഭിനന്ദിക്കാനും ഈദിനത്തിലെ ആചരണം ലക്ഷ്യം വക്കുന്നു. വിവിധ വകുപ്പുകളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഭാരത സർക്കാർ ഈ അവസരത്തിൽ വിലയിരുത്തുന്നു. ഈദിവസത്തെ ചടങ്ങിൽ,മുൻ വർഷം പ്രഖ്യാപിക്കപ്പെട്ട, ജില്ലാ, സംസ്ഥാന, കേന്ദ്ര തലങ്ങളിൽ സ്തുത്യർഹ സേവനം ചെയ്തവർക്കുള്ള പുരസ്കാരങ്ങൾ പ്രധാനമന്ത്രി സമ്മാനിക്കും. ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത് ഡിപ്പാർട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് ആണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സിവിൽ സെർവന്റ്സ് ഈദിനത്തിൽ ഒരുമിച്ചുചേരുന്നു, പ്രവർത്തനനുഭവങ്ങൾ പങ്കുവക്കുന്നു.

 

നിഷ്പക്ഷമായും നീതിപൂർവ്വകമായും പൊതുജനങ്ങളെ സേവിക്കാൻ സിവിൽ സർവീസ് രംഗത്തെ ഉദ്യോഗസ്ഥർക്ക് സാധിക്കണം. ഒരു രാഷ്ട്രീയ പാർട്ടിക്കും അവർ വിധേയരാവരുത്. ഭരിക്കുന്നവരുടെ നയങ്ങളും ഭരണപരമായ തീരുമാനങ്ങളും നടപ്പാക്കുന്ന സംവിധാനമാണത് തുടങ്ങിയ കാര്യങ്ങൾ ഈ ദിനാചരണം ഓർമിപ്പിക്കുന്നു. സിവിൽ സർവീസ് എന്ന പദം ബ്രിട്ടീഷ് കാലത്ത് തന്നെ എത്തിയതാണ്. ഭരണതലത്തിലെ വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ച ആളുകളെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ‘പബ്ലിക് സെർവന്റ്സ് ‘ എന്നുവിളിച്ചു. വാറൻ ഹേസ്റ്റിംഗ്സ് ആണ് തുടക്കമിട്ടത്. പിന്നീട് ചാൾസ് കോൺവാല്ലീസ് പരിഷ്കാരങ്ങൾ കൊണ്ടുവന്നു. അതുകൊണ്ട് ‘ഇന്ത്യൻ സിവിൽ സെർവിസിന്റെ പിതാവ്’ എന്ന് അദ്ദേഹം പിൽക്കാലത്ത് അറിയപ്പെട്ടു.ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യൻ സിവിൽ സർവീസ് ആയിരുന്നത്, പിന്നീട് ഓൾ ഇന്ത്യ സർവീസ് എന്നാക്കി മാറ്റി.

 

ഇന്ത്യയിലെ സിവിൽ സർവീസിൽ IAS, IPS, IFS എന്നിവ കൂടാതെ ഓൾ ഇന്ത്യ സെർവിസിസ് ആൻഡ് സെൻട്രൽ സെർവിസിസ് ഗ്രൂപ്പ്‌ എ, ബി ലിസ്റ്റിൽ വരുന്ന എല്ലാ വിഭാഗവും പെടുന്നു.
സിവിൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്തുത്യർഹ സേവനങ്ങൾ ഓർമിക്കാനും, അവരോട് നന്ദി പ്രകടിപ്പിക്കാനും, കഴിഞ്ഞകാലത്തെ പ്രവർത്തനം വിലയിരുത്താനും, വരും വർഷത്തെ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഈ ദിനാചരണം ലക്ഷ്യം വക്കുന്നു.
മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക, ഒന്നാം വിഭാഗത്തിൽ 8 വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, കൂടാതെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ സംസ്ഥാനങ്ങൾ, രണ്ടാം വിഭാഗത്തിൽ 7 കേന്ദ്ര ഭരണപ്രദേശങ്ങൾ, മൂന്നാം വിഭാഗത്തിൽ മറ്റ് സംസ്ഥാനങ്ങൾ എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.പുരസ്‌കാരത്തിൽ മേഡലും കാഷ് പ്രൈസുമുണ്ടാവും.

 

ഇന്ത്യയുടെ ആദ്യ ഡെപ്യൂട്ടി പ്രധാന മന്ത്രിയും,ഐക്യസ്വതന്ത്ര ഭാരതത്തിൽ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി അഹോരാത്രം പണിപ്പെട്ടതിലൂടെ ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന പേരിന് അർഹനായ, രാജ്യത്തിന്റെ രാഷ്ട്രീയസംയോജന കാലത്തും ഇന്ത്യ പാകിസ്ഥാൻ യുദ്ധസമയത്തും ആഭ്യന്തര മന്ത്രിയുമായിരുന്ന (ആദ്യത്തെ ),സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഈ വാക്കുകൾ സിവിൽ സെർവന്റ്സിനുള്ള വ്യക്തവും ശക്തവുമായ സന്ദേശം തന്നെയാണ്.. “Above all, I would advise you to maintain the utmost impartiality and incorruptibility of administration. A civil servant cannot afford to and must not, takepart in politics, nor must he involve himself in communal wrangles.” ആദ്യ ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടി പ്രധാന മന്ത്രിയുമെന്ന നിലക്ക്, വിഭജനകാലത്തെ അഭയാർത്ഥിപ്രവാഹം കൈകാര്യം ചെയ്യുകയും, അവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് വേണ്ടതെല്ലാം ചെയ്ത അദ്ദേഹം, ആധുനിക ഓൾ ഇന്ത്യ സർവീസ് വ്യവസ്ഥയിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ ‘ patron saint of India’ s civil servants ‘ എന്ന പേരും സ്വന്തമാക്കി.
നാഷണൽ സിവിൽ സർവീസ് ദിന ആശംസകൾ

 

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.