ധന്യമായ ജീവിതം “ബുക്കർ ടി വാഷിങ്ടൺ “

 

  ധന്യമായ ജീവിതം

അടിമത്വത്തിൽ ജനിക്കുകയും ജീവിക്കുകയും അടിമകളായി മരിക്കുകയും ചെയ്ത കറുത്ത വർഗ്ഗക്കാരുടെ തലമുറകൾ വിവിധ രാജ്യങ്ങളിൽ എത്ര വേണമെങ്കിലും ഉണ്ട്. ഈ ദുഷിച്ച വ്യവസ്ഥിതിയുടെ ദുരിതം പേറിയ രാജ്യങ്ങളിലൊന്നാണല്ലോ അമേരിക്ക. അമേരിക്കയിലെ അടിമവർഗത്തിന്റെ പിൻഗാമികളുടെ ശബ്ദമായി മാറിയ ഒരുപാട് നേതാക്കളുമുണ്ടായിട്ടുണ്ട്. അവരിലെ ഏറ്റവും ഒടുവിലെ തലമുറയിൽപ്പെടുന്നൊരു കുടുംബത്തിൽ പിറന്ന വലിയൊരു നേതാവുണ്ട്. ജന്മികളുടെ അടിയാളന്മാരായി നികൃഷ്ട ജന്മങ്ങളെന്ന് മുദ്രകുത്തപ്പെട്ട് ഒടുങ്ങിപ്പോയ മുൻ തലമുറകളെ പോലെയാകാതെ, സമുദായത്തെ ഉയർച്ചയിലേക്ക് കൈപിടിച്ചുകയറ്റാൻ ജീവിതകാലം മാറ്റിവച്ച നേതാവ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാറ്റമുണ്ടാക്കാനാവൂ എന്ന് വിശ്വസിക്കുകയും, അതിനായി ആവുന്നതൊക്കെയും ചെയ്ത മഹാൻ. കറുത്ത വർഗ്ഗക്കാർക്കായി സ്കൂളും കോളേജും ആരംഭിക്കുകയും അവരെ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്ത മികച്ച അധ്യാപകൻ. ഗ്രന്ഥകർത്താവ്, പൗരാവകാശ പ്രക്ഷോഭകൻ, ഒന്നാന്തരം വാഗ്മി, സർവോപരി അമേരിക്കയുടെ പല പ്രസിഡന്റ്‌മാരുടെയും ഉപദേശകൻ ഒക്കെയായ ബൂക്കർ ടി വാഷിങ്ടൺ ജനിച്ച ദിവസമാണ് ഇന്ന്, അതായത് ഏപ്രിൽ 5. ബൂക്കർ റ്റാലിയഫെർറോ വാഷിങ്ടൺ എന്ന് മുഴുവൻ പേരുള്ള, വിർജീനിയ വെസ്റ്റ് ലേക്‌ കോർണർ ഹലീസ്ഫോഡ് ജന്സ്ഥലമായുള്ള, തികച്ചും അടിമത്വാന്തരീക്ഷത്തിൽ ജനിച്ച ജനകീയനായ നേതാവ്.

 

25 വർഷത്തോളം അമേരിക്കയിലെ കറുത്തവർഗക്കാരുടെ അനിഷേധ്യ നേതാവ്. നാഷണൽ നീഗ്രോ ബിസിനസ്‌ ലീഗിന്റെ സ്ഥാപകരിൽ ഒരാൾ. രാജ്യത്തെ കറുത്തവനെയും ചർച്ചിനെയും രാഷ്ട്രീയക്കാരെയും തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ ശ്രമിച്ച സംഘാടകൻ.
കറുത്ത വർഗ്ഗക്കാരുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ നിലവാരങ്ങൾ ഉയർത്താൻ അക്ഷീണം യത്നിച്ച മഹാൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രമുഖ സ്ഥാനം നേടിയെടുത്തും, കാലശേഷവും പേര് നിലനിർത്തുകയും ചെയ്ത തന്ത്രഞ്ജൻ. മാധ്യമങ്ങൾക്കിടയിലും സർക്കാർ നയരൂപവൽക്കരണത്തിലും വിവിധ ഫണ്ട്‌ വിതരണത്തിലുമൊക്കെ സ്വാധീനം ചെലുത്തിയ വ്യക്തിത്വം. പക്ഷെ, വെള്ളക്കാരന്റെ ആധിപത്യത്തിന് അല്പമായെങ്കിലും വഴങ്ങാൻ മടിക്കാത്തവനെന്ന പേരുദോഷം മരണശേഷം കേൾക്കേണ്ടിവന്ന സമുദായ നേതാവ്.

 

ബൂക്കർ ടി വാഷിങ്ടൺ 1881 ൽ അലബാമ സ്റ്റേറ്റിൽ കറുത്തവന് പഠിക്കാൻ, സ്കൂൾ പണിതു, (Tuskegee Institute )അദ്ദേഹം വാങ്ങിയ കൃഷിസ്ഥലത്ത്. ദശകങ്ങൾക്കുള്ളിൽ അത് കോളേജ് ആയും വലിയ വിദ്യാഭ്യാസ സ്ഥാപനമായും വളർന്നു. ‘Up From Slavery ‘ എന്ന പേരിലുള്ള ആത്മകഥ ഉൾപ്പെടെ 14 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത് 1901 ൽ, അത് ഇന്നും വായിക്കപ്പെടുന്നു എന്നത് ചരിത്രം
Tuskegee Institute ന്റെ സ്ഥാപകനും പിന്നീട് അതിന്റെ പ്രിൻസിപ്പലുമായി,ഇരുപത്തിയഞ്ചാം വയസ്സിൽ. ഈ tuskegee institute ആണ് പിൽക്കാലത്ത് Tuskegee University ആയി മാറിയത്. ഒന്നും രണ്ടുമല്ല 30 വർഷം അദ്ദേഹം സ്ഥാപനത്തെ നയിച്ചു. ഇക്കാലങ്ങൾക്കിടയിൽ കറുത്തവർഗക്കാരുടെ മികച്ച തലമുറകൾ രൂപമെടുക്കാൻ അദ്ദേഹം നയിച്ച ഈ വിദ്യാഭ്യാസസ്ഥാപനത്തിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചു. 59 വയസ്സ് വരെ മാത്രം ജീവിച്ച ആ വലിയ സമുദായ പരിഷ്കാരത്താവ് Tuskegee യിൽ വച്ച് തന്നെ മരണപ്പെട്ടു( നവംബർ 14, 1915). വൃക്കകളെ ബാധിക്കുന്ന ‘Bright ‘ s disease ‘ എന്ന രോഗം പിടിപെട്ടായിരുന്നു അന്ത്യം. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രിയും(1896), Dartmouth College ലെ ഹോണററി ഡോക്ടറേറ്റും കരസ്ഥമാക്കിയ ബൂക്കർ ടി വാഷിങ്ടൺ വിദ്യ അഭ്യസിക്കുന്നതിലൂടെ ഉന്നതി എന്ന നയം പ്രയോഗവൽക്കരിക്കുകയും, അദ്ദേഹം പ്രതിനിധാനം ചെയ്ത വിഭാഗത്തെ വളർച്ചയിലേക്ക് എത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തുകയും, അത്തരം സ്ഥാപനങ്ങൾക്ക് സഹായം കയ്യയച്ചുനൽകുകയും ചെയ്ത അദ്ദേഹം ഒരുപാട് നിയോഗങ്ങൾക്കുള്ള സമയം രോഗത്താൽ നഷ്ടമാക്കപ്പെട്ട് കാലത്തിന് മുന്നേ നടന്നുപോയ മഹാനാണ്. വിവാദങ്ങൾ ഒപ്പമുണ്ടായിരുന്ന സംഭവബഹുലമായ ആ ജീവിതം പഠിക്കപ്പെടേണ്ടതാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ഓർമദിനത്തിൽ ആദരവോടെ…

 

അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകൾ.. “ഏറ്റവും സന്തോഷമുള്ള ആളുകൾ, മറ്റുള്ളവർക്ക് വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ചവരാണ്, ഏറ്റവും വിഷമിക്കുന്നവരാവട്ടെ, വളരെ കുറച്ചുമാത്രം മറ്റുള്ളവർക്കായി പ്രവർത്തിച്ചവരും.” ഉറപ്പായും ഇതിൽ ആദ്യ വിഭാഗത്തിൽപ്പെടുന്ന വ്യക്തിത്വമാണ് ബൂക്കർ ടി വാഷിങ്ടൺ, കാരണം ആ ധന്യ ജീവിതം ധാരാളം തലമുറൾക്ക് ഇന്നും പ്രയോജനപ്പെടുന്നുണ്ട്.

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published.