എന്നത്തേയും ഭാരതരത്‌നം

 

ഇന്ത്യൻ ഭരണഘടനാശില്പിയും നിയമജ്ഞനും. സാമ്പത്തിക കാര്യ വിദഗ്ദ്ധനും ദളിതരുടെ നേതാവുമായിരുന്ന ഡോക്ടർ ബി ആർ അംബേദ്കർ നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു. ഭരണഘടനാ രൂപവൽക്കരണസമിതി ചെയർമാൻ, ജവഹർലാൽ നെഹ്‌റുവിന്റെ ആദ്യ കേന്ദ്രകാബിനറ്റിലെ നിയമ നീതിന്യായ വകുപ്പ് മന്ത്രി എന്ന നിലയ്ക്കും അദ്ദേഹം പ്രശസ്തനാണ്. മാത്രമല്ല ബോംബെ സ്റ്റേറ്റിൽ നിന്നുള്ള എം പി, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ തൊഴിൽ വകുപ്പ് മന്ത്രി ബോംബെ ലെജിസ്ലെറ്റീവ് അസംബ്ലി യിൽ പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളിലും തിളങ്ങി. ഒരുപാട് വിശേഷണങ്ങൾ സ്വന്തമാക്കിയ അതുല്യ വ്യക്തിത്വമായിരുന്ന അംബേദ്കറുമായി വളരെ പ്രധാനപ്പെട്ട വിശേഷമുള്ള ദിനമാണിന്ന്.
ഡോക്ടർ ഭിം റാവു അംബേദ്‌കർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്നം മരണാനന്തരം നൽകി ആദരിച്ചത് 1990 ഇതേ ദിവസമാണ്……
മാർച്ച് 31.

അദ്ദേഹത്തെപ്പറ്റി ചില കാര്യങ്ങൾ ഇത്തരുണത്തിൽ പറയാം.
1891 ഏപ്രിൽ 14 ന് മദ്ധ്യപ്രദേശിലെ
മഹൌ ൽ മാറാത്തി കുടുംബത്തിൽ ജനനം.

പിതാവ് ആർമിയിൽ സുബേദാർ ആയിരുന്ന രാംജി മാലോജി സക്പാൽ, മാതാവ് ഭിമാബായി സക്പാൽ. അയിത്തത്തിന്റെ തീക്ഷ്‌ണത ഏറെ അനുഭവിച്ച കുട്ടിക്കാലം. പള്ളിക്കൂടത്തിൽ ക്ലാസ്സിനുള്ളിൽ കടക്കാൻ അനുമതിയില്ലായിരുന്നു.
കിണറിൽ നിന്നും വെള്ളമെടുക്കാനോ വെള്ളത്തിലോ പാത്രങ്ങളിലൊ തൊടാൻ അനുവാദമില്ലാത്ത കടുത്ത വിവേചനത്തിന്റെ നാളുകൾ.
ഉയർന്ന ജാതികളിൽപ്പെട്ട കുട്ടികൾ കണ്ടാൽ വഴിമാറിപ്പോകുന്ന ദുഃഖകരമായ അനുഭവം.
അച്ഛനുമമ്മയ്ക്കും പതിനാലാമത്തെ കുട്ടിയായിരുന്ന അംബേദ്കർ മാത്രമാണ് മക്കളിൽ ഹൈസ്കൂൾ പഠനം കഴിഞ്ഞത്.
യഥാർത്ഥ പേര് സക്പാൽ എന്നായിരുന്നു, സ്കൂളിൽ അച്ഛൻ രജിസ്റ്റർ ചെയ്തത് അoബാഡവേക്കർ എന്നാണ്. സ്കൂളിലെ മാറാത്തി ബ്രാഹ്മിൺ ടീച്ചർ കൃഷ്ണാജി കേശവ് ആണ് അംബേദ്കർ എന്ന് പേര് മാറ്റിയത്.

കുടുംബം ബോംബെക്ക് 1897 ൽ മാറിയപ്പോൾ എൽഫിൻസ്റ്റോൺ ഹൈസ്കൂളിൽ ചേർന്നു, അവിടെ തൊട്ടുകൂടാത്ത വിഭാഗത്തിൽ നിന്നും പഠനത്തിന് ചേർന്ന ആദ്യ കുട്ടിയായി അംബേദ്കർ.

15 വയസ്സിൽ (1906) 9 വയസ്സുള്ള രമാബായിയെ കല്യാണം കഴിച്ചു,
1907 ൽ മെട്രികുലേഷൻ പാസായി, എൽഫിൻസ്റ്റോൺ കോളേജിൽ ഉപരിപഠനത്തിന് ചേരുന്ന മഹർ ജാതിയിൽപ്പെട്ട ആദ്യത്തെ വിദ്യാർഥി. ഇംഗ്ലീഷ് ഫോർത് സ്റ്റാൻഡേർഡ് പരീക്ഷ ജയിച്ചപ്പോൾ സമുദായം അത് ആഘോഷമാക്കി മാറ്റി, അനുമോദന ചടങ്ങ് സംഘടിപ്പിച്ചു സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ഡിഗ്രി,കോളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും പി ജി, പിന്നീട് എം എ, സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി, നിയമപഠനം തുടങ്ങി പഠിച്ച് നേടാവുന്നത് ഏറെ നേടിയ അംബേദ്കർ സാധിച്ച സാമൂഹിക സാംസ്കാരിക ജാതീയ വിപ്ലവങ്ങൾ എത്രയോ അധികം. ജാതീയമായി നിലനിന്ന അനാചാരങ്ങളിൽ മനം നൊന്ത് അദ്ദേഹം ബുദ്ധമത്തിൽ ചേർന്നത് 1950 ലാണ്.ദളിത് വിഭാഗങ്ങൾ അനുഭവിച്ച വിവേചനങ്ങൾ അവസാനിപ്പിക്കാൻ അക്ഷീണം പോരാടിയ അദ്ദേഹം കടന്നുവരും തലമുറകൾക്കും എന്നും ഒരു വലിയ പാഠപുസ്തകം തന്നെയാണ്. 1948 മുതൽ അലട്ടിയ പ്രമേഹത്തിനായ് കഴിച്ച മരുന്നുകളുടെ പാർശ്വഫലങ്ങളും,, കാഴ്ചശേഷി കുറഞ്ഞുവന്നതും, പിന്നീട് ആരോഗ്യം മോശമായതുമൊക്കെ അദ്ദേഹത്തിന്റെ അവസാനനാളുകൾ ദുസ്സഹമാക്കി. 1956 ഡിസംബർ 6 ന് ഉറങ്ങാൻ കിടന്ന അദ്ദേഹം പിന്നെ ഉണർന്നില്ല, ആ കിടപ്പിൽ മഹാസമാധിയാവുകയായിരുന്നു. എഴുതപ്പെട്ട ലോകത്തെ ആദ്യത്തെ വിശാലവും സമഗ്രവും മഹത്തായതുമായ ഭരണഘടനയുടെ ശില്പി ഡോക്ടർ ബാബാസാഹെബ്‌ അംബേദ്കറിന്റെ ഈ വാക്കുകൾ ഭരണഘടനയോടുള്ള അദ്ദേഹത്തിന്റെ ഹൃദയബന്ധം എത്രത്തോളമെന്ന് വെളിവാക്കുന്നു………..

” ഭരണഘടന ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാൽ, അത് കത്തിക്കുന്ന ആദ്യവ്യക്തി ഞാനാവും. ”

ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ ബുദ്ധമത അനുയായി ആയി മാറിയ അദ്ദേഹം ബുദ്ധിസത്തെപ്പറ്റി എഴുതിയ ‘The Budha and His Dharma ‘ എന്ന പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി പൂർത്തിയാക്കി മൂന്നുദിവസം കഴിഞ്ഞ് സമാധിയാവുകയായിരുന്നു. പ്രഗത്ഭനായ ആ വ്യക്തിത്വം എന്നും ആദരിക്കപ്പെടുമെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് 1990 ൽ മരണാനന്തര ഭാരത്‌ രത്ന ബഹുമതി.

സജീവ് മണക്കാട്ടുപുഴ,
31.03.2022.

Leave a Reply

Your email address will not be published.