വിഡ്ഢിദിനത്തിലെ കാര്യവിചാരം

വിഡ്ഢിദിനത്തിലെ കാര്യവിചാരം

കുട്ടിക്കാലം മുതൽ ആസ്വദിച്ചതും, കബളിപ്പിക്കപ്പെട്ട് ചമ്മിപ്പോയതുമായ അനുഭവങ്ങളുടെ ദിവസമാണ് ഏപ്രിൽ ഫൂൾ ദിനം.
കൂട്ടുകാരുടെ വീടുകൾക്ക് മുന്നിൽ പേടിപ്പിക്കാനോ കളിയാക്കാനോ കബളിപ്പിക്കാനോ എന്തെങ്കിലും കെട്ടിപ്പൊതിഞ്ഞുകൊണ്ട് ഇടുന്നതിലൂടെ വല്ലാത്തൊരു ആനന്ദം അനുഭവിച്ച കാലം. തിരിച്ചും കബളിപ്പിക്കപ്പെട്ടിട്ടുള്ള അനുഭവം ഏറെയുണ്ട്.
ഓർക്കാതിരിക്കുന്ന കൂട്ടുകാരോട് നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പറഞ്ഞ് വട്ടം കറക്കുകയും, പിന്നെ കളിയാക്കി ചമ്മിക്കുകയും ചെയ്യുന്ന ദിവസം.
മുഖത്ത് വലിയ ഗൗരവം വരുത്തി പച്ചക്കള്ളങ്ങൾ ഉളുപ്പില്ലാതെ പറഞ്ഞുഫലിപ്പിക്കുന്നതിലൂടെ പ്രത്യേക സുഖം അനുഭവിച്ച വിഡ്ഢി ദിനം.
കാലം കഴിയവേ, ഫോണിലൂടെയുള്ള കബളിപ്പിക്കലും പറ്റിക്കലുകളും ഈദിനത്തിൽ പരസ്പരം പതിവാക്കി. അതേ…… ആ രസമുള്ള ദിനത്തിലാണ് നമ്മളിന്ന്….

ലോക വിഡ്ഢി ദിനം, ഏപ്രിൽ 1.

വ്യാജക്കഥകളിലൂടെ, കാര്യങ്ങളിലൂടെ, പ്രായോഗിക തമാശകളിലൂടെ, തട്ടിപ്പുകളിലൂടെ, പരസ്പരം വിഡ്ഢികളാക്കുന്ന ദിവസം. അയൽക്കാരോടും സുഹൃത്തുക്കളോടും നിരുപദ്രവകരമായ കളിയാക്കൽ നടത്താൻ തെരഞ്ഞെടുക്കപ്പെട്ട ദിനം.
പതിനേഴാം നൂറ്റാണ്ടിൽ പിറവികൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്ന ദിനാചരണം.ഇംഗ്ലണ്ടിൽ വലിയ ആഘോഷമായിരുന്നുവത്രെ! ക്രമേണ വ്യാപിച്ചു, അങ്ങനെ ഇന്ത്യയിലുമെത്തുകയായിരുന്നു. ഈ ദിനത്തിന്റെ ഉത്ഭവത്തേക്കുറിച്ച് പല കഥകളുമുണ്ട്, പലതും വിശ്വസനീയമല്ല എന്നതാണ് സത്യം.

യൂറോപ്യൻ രാജ്യങ്ങളിലാണ് തുടക്കം.

ഇതുമായി ബന്ധപ്പെട്ട ഏറെക്കുറെ വിശ്വസിക്കാവുന്ന ഒരു കഥ ഇതാണ്….
പോപ്പ് ഗ്രിഗറി പതിമൂന്നാമൻ 1582 ൽ കണ്ടുപിടിച്ച കലണ്ടർ ആണ് ഗ്രിഗോറിയൻ കലണ്ടർ, അതിൽ പുതുവർഷാരംഭം ജനുവരി 1 ആണ്. പക്ഷെ അന്നുവരെ നിലനിന്ന ജൂലിയൻ കലണ്ടർ പ്രകാരം പുതുവത്സരം ആഘോഷിച്ചത് മാർച്ച്‌ 25 നും ഏപ്രിൽ ഒന്നിനുമിടയിലായിരുന്നു. ഫ്രാൻസ് ആണ് ആദ്യം പുതിയ കലണ്ടർ സ്വീകരിച്ചത്. വാർത്താവിനിമയ സംവിധാനങ്ങൾ കുറവായ അക്കാലത്ത് കലണ്ടർ മാറ്റം അധികമാരും അറിഞ്ഞില്ല, ബഹുഭൂരിപക്ഷം ആളുകളും പതിവുപോലെ ( മാർച്ച് 25- ഏപ്രിൽ 1)പുതുവർഷം ആഘോഷിച്ചു പുതിയ കലണ്ടർ സ്വീകരിച്ച് ജനുവരി 1 പുതുവർഷാരംഭം കൊണ്ടാടിയ ജനവിഭാഗങ്ങൾ, മറ്റുള്ളവരെ കളിയാക്കി, വിഡ്ഢികളാക്കി പരിഹസിച്ചു.ക്രമേണ എല്ലാവരും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചതുടങ്ങി. വിഡ്ഢികളാക്കപ്പെട്ടവരുടെ ഓർമ്മക്ക് ഏപ്രിൽ 1 വിഡ്ഢിദിനമായി അറിയപ്പെട്ടുതുടങ്ങി.

മറ്റൊരു കഥ കൂടി പറയാം…..

ജെഫ്രി ചോസറിന്റെ ‘കാന്റെർബറി കഥകളി’ൽ നിന്ന് വിഡ്ഢി ദിനത്തിന്റെ ചരിത്രം തുടങ്ങുന്നുവെന്നാണ് ഈ കഥ. അതായത്, ആ കഥകളിൽ അദ്ദേഹത്തിന്റെ തെറ്റായ പരാമർശമാണ് പ്രതിപാദ്യം, മാർച്ച്‌ 32 എന്നതാണ് അത്. അങ്ങനൊരു തിയതി ഇല്ലല്ലോ, ശരിക്കും അത് ഏപ്രിൽ 1 ആണല്ലോ. പക്ഷെ ആ അബദ്ധത്തിന്റെ ഓർമയ്ക്ക് വിഡ്ഢി ദിനമെന്ന അലങ്കാരം കല്പിച്ചുകിട്ടിയതാണത്രേ !
റോമിലെ ‘ഹിലാറിയ ‘എന്ന ഒരാഘോഷം ഉണ്ട്, മാർച്ച് അവസാനം നടക്കുന്ന പരിപാടിയിൽ മുഖ്യ ആകർഷണം ജനങ്ങൾ പ്രച്ഛന്ന വേഷം ധരിച്ച് മറ്റുള്ളവരെ കൽബളിപ്പിക്കും. എന്നതാണ്. ഇത് പിന്നീട് വിഡ്ഢി ദിനമായി എന്നും പറയപ്പെടുന്നു. ഉത്ഭവം എങ്ങനെയായാലും ലോകത്ത് ഇങ്ങനൊരു ആചരണവും,, അന്ന് ഒരുപാട് പേരെ വ്യാജവാർത്തകളിലൂടെയും മറ്റുമുള്ള പറ്റിക്കലും നിർബാധം തുടർന്നുവരുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഒരു പ്രശസ്തമായവിഡ്ഢി ദിന പറ്റിക്കൽ കൂടി പറഞ്ഞ് നിർത്താം.
ബി ബി സി ഈദിനത്തിൽ പ്രേക്ഷകരെ വ്യാജ വാർത്തകളിലൂടെ കബളിപ്പിക്കുക പതിവാണ്,1976 ൽ പറ്റിച്ചത് ഇങ്ങനെയായിരുന്നു….

ഏപ്രിൽ 1 രാവിലെ 9.47 ന് വ്യാഴഗ്രഹത്തിൽ പ്ലൂട്ടോ എത്തും, അതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങൾ ഗ്രഹങ്ങളുടെ സ്വഭാവം മാറ്റും, ഗുരുത്വാകർഷണ ബലം കുറയും, ആ സമയം ചാടിയാൽ പറന്നു പോകുന്ന അവസ്ഥ ഉണ്ടാകും.ഇത് കേട്ട ചില സ്ത്രീകൾ ചാടിനോക്കിയത്രേ……. ആ മണ്ടശിരോമണികൾക്ക് എന്തു പറ്റിക്കാണുമെന്ന് ഊഹിച്ചോളൂ.

ഈ ദിവസത്തെ ആരും അങ്ങനങ്ങു കൊച്ചാക്കല്ലേ, ഒരുപാട് മഹത്തുക്കൾ ജനിക്കുകയും മരിക്കുകയും ചെയ്ത ദിവസമാണിന്ന്, അതുപോലെ ചരിത്രസംഭവങ്ങൾ പലതുമുണ്ടായിട്ടുമുണ്ട്. എന്തായാലും വിഡ്ഢികളാകാനും ആക്കപ്പെടാനും ഏപ്രിൽ 1 എന്ന ദിവസം ഇവിടെ ഉണ്ടാവും എന്ന ആശ്വാസത്തോടെ …….

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.