ഇന്നിന്റെ വ്യത്യസ്ത സന്ദേശങ്ങൾ

ഇന്നിന്റെ വ്യത്യസ്ത സന്ദേശങ്ങൾ

ഏപ്രിൽ 15 വെള്ളി…

 

ഈ വെള്ളിയാഴ്ച്ചക്ക് പ്രാധാന്യമേറെയാണ്, എന്തെന്നാൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവർഷപ്പുലരി വിഷു, കുരിശിലൂടെ മാനവസമൂഹം രക്ഷപ്രാപിച്ച ദിവസം എന്നർത്ഥം വരുന്ന ദുഃഖവെള്ളി, ശരീരവും മനസ്സും സoസ്‌കരിച്ച് വിശുദ്ധമാക്കുന്ന റമദാൻ വൃതാനുഷ്ഠാനത്തിന്റെ രണ്ടാം വെള്ളിയാഴ്ച എന്നിങ്ങനെ ഈ വെള്ളി സർവ്വ മനുഷ്യർക്കും ഏറെ പ്രിയപ്പെട്ടതാകുന്നു. ഇത്തവണ മേടം 2 നാണ് വിഷു വരുന്നത്, മേടം ഒന്നാം തിയതി സൂര്യോദയത്തിന് ശേഷമാണ് സംക്രമം നടക്കുന്നത് എന്നതിനാലാണ് വിഷു മേടം ഒന്നിൽ നിന്ന് രണ്ടിലേക്കായത്.

 

ആണ്ടുപിറവിയുടെ ആഘോഷമാണ് വിഷു, വരും വർഷത്തിന്റെ മുഴുവൻ പ്രതീക്ഷയും. പ്രത്യാശയുടെ വെളിച്ചവുമായി പുതിയ ഒരാണ്ടിന്റെ പിറവി കുറിക്കുന്ന ദിനം. വീട്ടുവളപ്പിൽ വിളഞ്ഞ പഴങ്ങളും കാർഷിക വിളകളും ഓട്ടുരുളിയിൽ നിറച്ച്, ശ്രീകൃഷ്ണ വിഗ്രഹവും, അതിന് മുന്നിൽ നിലവിളക്ക് കൊളുത്തിവച്ചുകൊണ്ടുള്ള ഐശ്വര്യപൂർണമായ വിഷുക്കണി, വിഷുക്കൈനീട്ടം,പിന്നെ, വിഷുസദ്യയും.ബ്രാഹ്‌മമുഹൂർത്തതിലാണ് വിഷുക്കണി കാണേണ്ടത്.
നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസം, രാവണന്റെ മേൽ ശ്രീരാമൻ നേടിയ വിജയം ഓർമിപ്പിക്കുന്ന ദിനം… ഇതൊക്കെയാണല്ലോ വിഷുവിന്റെ ഐതിഹ്യങ്ങൾ. മീനത്തിൽ നിന്നും മേടം രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുന്ന മേടം 1 ന് വിഷു ആഘോഷിക്കപ്പെടുന്നു. വിഷു മലയാളിക്ക് കാർഷിക വർഷാരംഭമാണ്. പണ്ട് കാർഷിക വർഷാരംഭമായ വിഷു തന്നെയായിരുന്നു പുതുവർഷാരംഭവും, പിന്നീടതിന് മാറ്റമുണ്ടായി. വിഷു എന്ന വാക്ക് ‘വിഷുവം’ എന്ന പദത്തിൽ നിന്നുത്ഭവിച്ചതാണ്. രാത്രിയും പകലും തുല്യമായ ദിവസം എന്നാണ് വിഷുവം എന്ന വാക്കിനർത്ഥം.

 

മഞ്ഞപട്ടണിഞ്ഞ സുന്ദരിയെപ്പോലെ കാണിക്കൊന്നമരം പൂത്തുലഞ്ഞു നിൽക്കുമ്പോൾ, വിഷുപ്പക്ഷിയുടെ കൂജനം മലയാളിക്ക് ഉണർത്തുപാട്ടായി മാറുന്നു. നന്മയും സമൃദ്ധിയും നിറഞ്ഞ പുതുവർഷം കണികണ്ടുണരുന്ന മലയാളിക്ക് ഓരോ വിഷുവും നവോന്മേഷവും പുത്തൻ പ്രതീക്ഷകളുമാണ് നൽകുന്നത്. എല്ലാ പ്രിയവായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ നേരുന്നു..

 

മനുഷ്യരെ സൃഷ്ടിച്ചപ്പോൾ തന്നെ, അവരെ വഴിപിഴപ്പിക്കുമെന്ന വെല്ലുവിളി ദൈവത്തിനു നേരേ സാത്താൻ ഉയർത്തിയിരുന്നു. തന്നിൽ ഉറച്ചു വിശ്വസിക്കുന്ന ഒരു മനുഷ്യനെയും വഴിതെറ്റിക്കാൻ ആവില്ലെന്ന് ദൈവം വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് സാത്താനെ അറിയിക്കുകയുണ്ടായി. മാനവ സമുദായങ്ങളുടെ എണ്ണമറ്റ തലമുറകൾ കഴിഞ്ഞുപോയിരിക്കുന്നു. ഓരോ കാലത്തും അവരെ വഴിപിഴപ്പിക്കാൻ പൈശാചിക ശക്തി ശ്രമിച്ചുകൊണ്ടേയിരുന്നു. ദുർബല വിശ്വാസികൾ ആ കെണികളിൽ വീണിട്ടുമുണ്ട്. സമൂഹങ്ങൾ വഴിതെറ്റുകയും, പാപങ്ങളിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോഴൊക്കെ, അവരിൽ നിന്നും ദൈവം ഏറ്റവും പുണ്യാത്മാക്കാളായുള്ളവരെ തെരഞ്ഞെടുത്ത് അവരെ നന്മയിലേക്ക് നയിക്കാനായി അവതാരപുരുഷന്മാരായി അയച്ചുകൊണ്ടിരുന്നു. അത്തരത്തിൽ അവതരിച്ച പുണ്യാത്മാവാണ് യേശു അഥവാ ഈസാ നബി( അ. സ ). അദ്ദേഹമുൾപ്പെടെ നിരവധി പ്രവാചകന്മാർ വന്നുപോയിട്ടുണ്ട്. അവരുടെയെല്ലാം ജീവിതം അതത് കാലത്തെ സമൂഹങ്ങൾക്ക് വേണ്ടിയായിരുന്നു. അവരുടെ നന്മയിലേക്കുള്ള ക്ഷണം ഇഷ്ടപ്പെടാത്ത ശത്രുക്കൾ അവരെ നിരന്തരം ശാരീരികവും മാനസികവുമായി ദ്രോഹിക്കുകയും ചെയ്തു.

 

പക്ഷെ, പരാജയപ്പെട്ടു പിന്മാറാതെ അവരെല്ലാം ദൈവത്തിന്റെ മാർഗത്തിൽ പണിയെടുത്തു. വ്യത്യസ്തമായ വെല്ലുവിളികളും പീഡനങ്ങളുമാണ് ഓരോരുത്തരും നേരിട്ടതും ഏറ്റുവാങ്ങിയതും. സഹനത്തിന്റെ ആൾരൂപമായിരുന്നു യേശു. ലോകത്തിന്റെ പാപം മുഴുവൻ സ്വയം ഏറ്റെടുത്ത് സമൂഹങ്ങളെ രക്ഷപ്പെടുത്തി ദൈവത്തിലേക്കെത്തിക്കാൻ അദ്ദേഹം അക്ഷീണം യത്നിച്ചു. പക്ഷെ, കൂടെ കൂടിയവർ പോലും അദ്ദേഹത്തെ ചതിച്ചു എന്നതാണ് ദുരനുഭവം. യേശുവിനെ ഒറ്റിക്കൊടുക്കുന്ന യൂദാസിന്റെ ദുഷ്ടപ്രവൃത്തി ചെയ്യുന്ന നീചജന്മങ്ങൾ എല്ലാ കാലത്തും മനുഷ്യർക്കിടയിൽ ഉണ്ടാവും. ഒറ്റിക്കൊടുക്കപ്പെട്ട യേശുവിന്, പിലാത്തൊസിന്റെ അരമനയിലെ വിചാരണ ഏറ്റുവാങ്ങേണ്ടിവരുന്നു. വിചാരണക്കു ശേഷം ചാട്ടവാറടിയും മുൾക്കിരീടവും പിന്നെ, ഗോഗുൽത്താ മലയിലേക്ക് കുരിശുവഹിച്ചുള്ള യാത്രയും, ഒടുവിൽ കുരിശു മരണവും.മൂന്നാം നാൾ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായെന്നും ക്രിസ്തുമതവിശ്വാസം. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അദ്ധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. ദുരിതാനുഭവങ്ങളിലെ 14 സംഭവങ്ങൾ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണ് ദുഃഖവെള്ളിയിലെ പ്രധാന കർമം. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും മറ്റും നടക്കും.ഈ ദിനം അനുഗ്രഹീതമാകട്ടെ എന്നാശംസിക്കുന്നു…

 

ഇസ്‌ലാമിക അനുഷ്ഠാനങ്ങളായി കരുതുന്ന 5 കാര്യങ്ങളിൽ നാലാമത്തേതാണ് ഒരുമാസത്തെ വ്രതാനുഷ്ഠാനമെന്നത്. ഹിജ്റ വർഷപ്രകാരം ഒമ്പതാമത്തെ മാസമായ റമദാനിലാണ് ഇപ്പോൾ.
അന്ത്യപ്രവാചകൻ മുഹമ്മദ്‌ ( സ :അ ) യുടെ പ്രധാന നിവേദകരിൽ ഒരാളായ അബൂ ഹുറൈറ (റ ) റിപ്പോർട്ട്‌ ചെയ്യുന്ന റമദാനിലെ നോമ്പുനോൽക്കലിനെ കുറിച്ചുള്ള ഒരു ഹദീസ്…
” ആദം സന്തതികൾ ചെയ്യുന്ന ഒരു നന്മയ്ക്ക് 10 മുതൽ 70 ഇരട്ടി വരെ പ്രതിഫലം നൽകുന്നതാണ്. “

അതേ, റമദാനിൽ ചെയ്യുന്ന ഓരോ നന്മയ്ക്കും പരമകാരുണികനായ ദൈവം 70 ഇരട്ടി വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. രോഗികൾ, യാത്രക്കാർ, മാസമുറ സമയം ഈ സാഹചര്യങ്ങളിലൊഴികെയുള്ളവർക്ക്റമദാനിലെ നോമ്പ് നിര്ബന്ധമാണ്. മനുഷ്യവർഗത്തിനായി അവതീർണമായ അവസാനവേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ പ്രവാചകൻ മുഹമ്മദി( സ : അ )ന് അവതരിക്കപ്പെട്ട മാസമാണ് റമദാൻ. ഈമാസത്തിലെ വ്രതം നോൽക്കൽ ഏറ്റവും ഉന്നതമായ പ്രതിഫലം നല്കപ്പെടുന്ന പുണ്യമാണ്.

 

ദൈവം, തന്നെ സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടിയാണെന്നും, ദൈവത്തിന്റെ നിരീക്ഷണത്തിലാണ് താനെന്നുമുള്ള ചിന്ത അടിമയായ മനുഷ്യനിൽ മരണം വരെയുണ്ടാവണം. അധികമായി നന്മകൾ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന മാസമാണ് വിശ്വാസിക്ക് റമദാൻ. പിശാചിന്റെ ദുർബോധനങ്ങളിൽ നിന്നും അകന്നുനിൽക്കാൻ, വിശപ്പും ദാഹവും തിരിച്ചറിയാൻ, ദരിദ്രരെയും അഗതികളെയും സഹായിക്കുന്നതിന് മനസ്സ് തോന്നിപ്പിക്കാൻ, ശരീരവും മനസ്സും ശുദ്ധമാക്കാൻ, ആത്മസംസ്കരണം കൈവരിക്കാൻ, ശരീരത്തിലെ ദുർമേദസ്സുകൾ അകറ്റാൻ, തന്നിൽ ഉൾക്കൊള്ളുന്ന ദൈവിക ഗുണങ്ങൾ സഹജീവികളോട് കാട്ടാൻ,.. അങ്ങനെ തുടങ്ങി നിരവധി നന്മകൾ കരഗതമാകുന്ന പുണ്യങ്ങളുടെ കൊയ്‌ത്തുകാലമായ റമദാനിലെ രണ്ടാം വെള്ളിയാഴ്ചയാണിത്. ദൈവവിശ്വാസികളായ എല്ലാവർക്കും ഒരേപോലെ ഈ വെള്ളിയാഴ്ച പവിത്രമായി മാറുകയാണ്. ആത്മസംസ്കരണത്തിലൂടെ ഉന്നതിയിലേക്കെത്താൻ ഇത്തരം അവസരങ്ങൾ ഏവർക്കും പ്രയോജനപ്പെടട്ടെ എന്ന പ്രാർഥനയോടെ,

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.