ജീവിതത്തിൽ എന്നും സന്തോഷം !

ജീവിതത്തിൽ എന്നും സന്തോഷം !

” മറ്റുള്ളവരുടെ വിജയത്തെ ശ്ലാഘിച്ചുകൊണ്ട് നമ്മുടെ സന്തോഷം നിലനിർത്താം. ”
( എ പി ജെ അബ്ദുൽ കലാം )

 

 

ജീവിതം സുഖവും ദുഃഖവും ആവർത്തിച്ചുവരുന്ന വിധിയുടെ കേളീരംഗമാണ്. എന്നും സുഖവും എന്നും ദുഃഖവും ആർക്കും സംഭവ്യമല്ല. നമ്മിളിൽ ചിലരിലേക്ക് ചിലവേളകളിൽ സന്തോഷകരമായ അനുഭവങ്ങൾ കടന്നുവരുമ്പോൾ, അതേസമയം മറ്റുചിലർക്ക് വിഷമകരമായ അനുഭവങ്ങൾ സംജാതമായേക്കാം. ആദ്യത്തെ കൂട്ടർ ആമോദിക്കുമ്പോൾ രണ്ടാമത്തെ വിഭാഗം വല്ലാതെ വിഷണ്ണരാവും.

 

വിജയപരാജയങ്ങൾ ഒരിക്കലും ആരിലും സ്ഥിരമായി നിലകൊള്ളില്ല, മനുഷ്യജീവിതത്തിൽ അവ മാറിമറിഞ്ഞുവരാം. വിജയങ്ങളിൽ അമിതമായ ആഹ്ലാദമോ, തോൽവിയിൽ അങ്ങേയറ്റം വിഷമമോ വച്ചുപുലർത്തേണ്ട കാര്യമില്ല. നമ്മുടെ കൂട്ടത്തിൽ അപൂർവം ചിലരുണ്ട്, അവർ ഈരണ്ട് അനുഭവങ്ങളിൽ മധ്യമ നിലപാട് ആവും സ്വീകരിക്കുക, എന്നുവച്ചാൽ അമിത സന്തോഷമോ അമിത ദുഃഖമോ പേറിനടക്കാത്തവർ. ജീവിതത്തിൽ എല്ലാ കാര്യത്തിലും ഈ നിലപാട് ആവും ഏറ്റവും കരണീയം, അങ്ങനെയായാൽ നമുക്ക് ഒരിക്കലും അമിത സന്തോഷത്താൽ മതിമറക്കാനോ, വിഷമത്താൽ നിരാശയിൽ തകർന്നുപോകാനോ ആവില്ല.

 

ഒരുകാര്യം കൂടി…
വിശാലമായി ചിന്തിച്ചാൽ നമുക്ക് നേരിട്ടും അല്ലാതെയും അറിയുന്ന ഒരുപാട് ആളുകളുണ്ടാവുമല്ലോ, ചുറ്റും. അവരുടെ ജീവിതത്തിൽ ഇടയ്ക്ക് സംഭവിക്കുന്ന വിജയങ്ങളിൽ അവരെ മനംതുറന്നു കലവറയില്ലാതെ ശ്ലാഘിച്ചാൽ അവരുടെ സന്തോഷം ഏറില്ലേ, അത് കാണുമ്പോൾ നമുക്കും സന്തോഷം ഉണ്ടാവില്ലേ? ഒരുപക്ഷെ,അവരുടെ ആ സന്തോഷവേളയിൽ നമ്മുടെ ജീവിതത്തിൽ വിഷമാവസ്ഥയാണെന്നുണ്ടെങ്കിൽ, ആത്മാർത്ഥമായി അവരോട് നല്ലവാക്ക് പറയുന്നതിലൂടെ നമ്മിലേക്കും ആ സന്തോഷത്തിന്റെ സന്നിവേശം ഉണ്ടാവില്ലേ? അപ്പോൾ നമ്മുടെ ജീവിതത്തിലേക്കും നമ്മളറിയാതെ സന്തോഷം വന്നുചേരും, താൽക്കാലികമായ നമ്മുടെ ദുഃഖം അകലുകയും ചെയ്യും, തീർച്ച.

 

പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും കഠിനാധ്വാനത്തിനുമായി മാറ്റിവച്ച, ശാസ്ത്രത്തെ ‘ജീവിതസഖി”യാക്കിയ, ഭാരതത്തിന്റെ ഏറ്റവും വിലകൂടിയ മസ്‌തിഷ്കത്തിന്റെ ഉടമ, ഇന്ത്യയുടെ ‘മിസൈൽ മനുഷ്യൻ ‘ എന്നറിയപ്പെടുന്ന അവുൽ പക്കിർ ജൈനുലാബ്ദീൻ അബ്ദുൽ കലാം എന്ന സാക്ഷാൽ എ പി ജെ അബ്ദുൽ കലാമിന്റെ വാക്കുകൾ നമ്മളെ ഉറപ്പായും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിപ്പിക്കും. കാരണം, വിവാഹജീവിതത്തിലെ സുഖസന്തോഷങ്ങൾ പോലും വേണ്ടെന്നുവച്ച് രാജ്യത്തിന്റെ ബഹിരാകാശ രംഗത്തെ അനുപമ നേട്ടങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച, ലോകം അത്ഭുതത്തോടെ നോക്കിക്കണ്ട അതുല്യ പ്രതിഭ എന്നും ഭൂമിയിൽ കാലുകൾ ചവുട്ടിനിന്ന എളിമയുടെ ആൾരൂപമായിരുന്നു. ജീവിതത്തെ മധ്യമനിലപാടോടെ സ്വീകരിച്ച അത്ഭുതമനുഷ്യൻ ! ഭാരതത്തിന് മാത്രമല്ല, ലോകത്തിനാകെ മാതൃകയും തുറന്നപുസ്തകവുമായ ആ ജീവിതം നമുക്ക് തീർച്ചയായും അനുകരണീയമാണ്.

 

മറ്റുള്ളവരുടെ നന്മയിലും ഉയർച്ചയിലും വിജയത്തിലും, ശ്ലാഘിക്കുക പോയിട്ട് നേരിയ സന്തോഷം പോലും പ്രകടിപ്പിക്കാതെ പകരം, അസൂയയും അസഹിഷ്ണുതയും, പുച്ഛഭാവവും പുലർത്തുന്ന ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്, അവരുടെ സന്തോഷം അവരുടെ ജീവിതത്തിലേക്ക് മാത്രമായി അവർ ചുരുക്കുന്നു. ഇങ്ങനെയുള്ളവരിൽ ഈ ഉന്നതമായ വാക്കുകൾക്കുപോലും പരിവർത്തനമൊന്നും ഉണ്ടാക്കാൻ കഴിയില്ല എന്നത് വ്യക്തമാണ്. അനുകരണീയമായ നമ്മുടെ മുൻ രാഷ്ട്രപതിയുടെ, ഇന്ത്യൻ ബഹിരാകാശലോകത്തിലെ സുൽത്താന്റെ വിലപിടിച്ച വാക്കുകൾ നമുക്ക് ജീവിതത്തിൽ വെളിച്ചമാക്കാം.

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.