ഒറ്റപ്പെടുത്തപ്പെടേണ്ട കുടിലമനസ്കർ

ഒറ്റപ്പെടുത്തപ്പെടേണ്ട കുടിലമനസ്കർ

കമ്പ്യൂട്ടർവൽക്കരണം ഉൾപെടെയുള്ള വിപ്ലവകരമായ പുരോഗമനാശയങ്ങളുമായി ഭാരതത്തെ മുന്നോട്ടുനയിക്കാൻ ദീർഘവീക്ഷണമുള്ള യുവനേതാവ്. 40 ആം വയസ്സിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജനകീയനായ നേതാവ്. 1984 മുതൽ 89 വരേ രാജ്യം ഭരിച്ച പ്രധാനമന്ത്രി.1991 ൽ ഭാരതരത്‌നം മരണാനന്തര ബഹുമതിയായി നൽകപ്പെട്ട ഊർജ്ജസ്വലനായ പ്രിയപ്പെട്ട രാജീവ് ഗാന്ധി. അദ്ദേഹം തീവ്രവാദത്തിന്റെ ഇരയായി ക്രൂരമാംവിധം കൊല്ലപ്പെട്ട ദിനത്തിന്റെ വാർഷികമാണിന്ന്… മേയ് 21.

 

രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം… മേയ് 21.

 

1991 ഇതേദിവസം തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹത്തെ ശ്രീലങ്കയിലെ എൽ ടി ടി ഇ തീവ്രവാദി സംഘത്തിലെ ഒരു ചാവേർ സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാക്കിയ ദുർദിനത്തിന്റെ വാർഷികം. ഇതോടു ചേർന്നുള്ള ദിവസത്തിൽ തന്നെ ഈ ക്രൂരസംഭവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ഒരു പ്രതിയെ പരമോന്നത കോടതി മോചിപ്പിച്ചത് സമൂഹത്തിൽ ഭിന്നാഭിപ്രായങ്ങളുയർത്തുകയുണ്ടായി. തീവ്രവാദത്തിന്റെയും പലതരം ഭീകരതയുടെയും തിക്തഫലങ്ങൾ ഏറെ അനുഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പല ഭാവത്തിലും രൂപത്തിലും അതിന്നും നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം തീരുമാനിക്കപ്പെട്ടതാണ് ദേശീയ തീവ്രവാദ വിരുദ്ധ ദിനം. വി പി സിംഗ് മന്ത്രിസഭയാണ് ഈദിനാചാരണം തീരുമാനിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ ധീരസ്മരണകൾ നിറയുന്ന ദിനം.. 25 ആളുകളാണ് അന്നത്തെ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ചിന്നിച്ചിതറിയ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭൗതിക ശരീരം ഇന്നും തീവ്രവാദത്തിന്റെയും ഭീകരതയുടെയും ഭീതിപ്പെടുത്തുന്ന ഓർമച്ചിത്രമായി അവശേഷിക്കുന്നു.

 

ഇത്തരം അപകടകരമായ ആശയമില്ലായ്മകൾക്ക് ജനങ്ങൾ പ്രത്യേകിച്ചും യുവാക്കൾ അടിപ്പെട്ടുപോകരുതെന്ന് ഉണർത്താനും, മനുഷ്യത്വഹീനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ബാക്കിയാക്കുന്ന കഷ്ടതകളും നൊമ്പരങ്ങളും കാട്ടിക്കൊടുത്തുകൊണ്ടുള്ള ബോധവൽക്കരണവും, ദിനാചരണം ലക്ഷ്യം വക്കുന്നു. ദേശീയ ഐക്യവും അഖണ്ഡതയും വളർത്തുന്നതിനും, മനുഷ്യത്വം സമാധാനം തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും, തീവ്രവാദം ഭീകരത എന്നിവയുടെ അപകടം ബോധ്യപ്പെടുത്തുന്നതിനും, അതിലേക്കൊക്കെ തിരിയുന്ന യുവാക്കളെ പിന്തിരിപ്പിക്കുന്നതിനും, രാജ്യസ്നേഹം ഊട്ടിയുറപ്പിക്കുന്നതിനും ഈദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ,സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലൊക്കെ സംവാദങ്ങൾ, ചർച്ചകൾ, ബോധവൽക്കരണപരിപാടികൾ എന്നിവ നടക്കും.
തീവ്രവാദി ആക്രമണങ്ങൾക്ക് എന്നും വിധേയമാകുന്നുണ്ട് നമ്മുടെ രാജ്യം. 2001 ലെ പാർലമെന്റ് ആക്രമണം, 2007 ലെ യു പി സ്ഫോടനപരമ്പര, 2008 ലെ ജയ്പുർ അഹമ്മദാബാദ് സ്ഫോടനപരമ്പരകൾ തുടങ്ങി ചില ഉദാഹരണങ്ങൾ മാത്രം. 2016 ലെ ആഗോള തീവ്രവാദ സൂചിക പ്രകാരം 2015 ൽ ഇത്തരത്തിൽ മരണപ്പെട്ടവരുടെ 74% വും ഐ എസ്, ബോക്കോഹറാം, താലിബാൻ, അൽ ക്വയ്ദ, എന്നിങ്ങനെ 4 തീവ്രവാദി സംഘടനകൾ, നടത്തിയ ആക്രമണങ്ങളുടെ ഫലമായാണ്.

 

ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് കുടിയേറിയ തമിഴ് വംശജരോട് ഭാരതം ഐക്യദാർഢ്യoപുലർത്തിയിരുന്നു.തമിഴ് പുലികൾക്ക് ഇന്ത്യ ആയുധവും പരിശീലനവും നൽകുന്നു എന്ന ആരോപണവുമുയർന്നു . ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിങ് (റോ) തമിഴ് തീവ്രവാദികഗ്രൂപ്പുകൾക്ക്, അവരുടെ അഭ്യർത്ഥന പ്രകാരം സൈനിക പരിശീലനവുംനൽകിയി.ശ്രീലങ്കയിലെ  സിംഹള ജനതയ്ക്കിടയിൽ ഇത് ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി. കൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 30-ന് ഒപ്പുവെക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം ശ്രീലങ്കൻ നാവികസേനയുടെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ നാവികരിൽ ഒരാളായ  വിജിത റോഹാന തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചത് ചരിത്രം.രാജീവ് ഈ വധശ്രമത്തിൽ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെടുകയാണുണ്ടായത്.

 

ശ്രീലങ്കൻ പ്രസിഡന്റ്‌ ജയവാർദ്ധനയുടെ അഭ്യർത്ഥനപ്രകാരമാണ് സമാധാന സംരക്ഷണ സേനയെ അയക്കാൻ ഇന്ത്യ തയ്യാറായത്. ഇന്ത്യൻ സൈന്യത്തിന് ശ്രീലങ്കയിൽ നിസ്സാരമായ വിജയം നേടാനാവുമെന്ന് ഇന്റലിജൻസ് സംവിധാനം രാജീവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വേലുപ്പിള്ള പ്രഭാകരനെ 72 മണിക്കൂറിനുള്ളിൽ പിടികൂടാം എന്ന് അവർ രാജീവിന് ആത്മവിശ്വാസം നൽകി.ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ അനുസരിച്ച് എൽ.ടി.ടി.ഇ. രാജീവ് അയച്ച ഇന്ത്യൻ സമാധാന സൈന്യത്തിനു മുൻപിൽ സമാധാനപരമായി ആയുധങ്ങൾ അടിയറവെയ്ക്കുമായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിക്കുകയും ഇത് ഒടുവിൽഎൽ ടി ടി ഇയും നമ്മുടെ സൈന്യവും തമ്മിലുള്ള തുറന്ന പോരാട്ടമാവുകയും ചെയ്തു. ഓപ്പറേഷൻ പവൻ എന്ന് പേരിട്ട ഈ നീക്കതിനിടെ നമുക്ക് നഷ്ടമായത് ആയിരത്തോളം സൈനികരെയാണ്, ഒട്ടേറെ തമിഴ് വംശജരും കൊല്ലപ്പെട്ട .

 

ഇന്ത്യൻ സൈനിക നടപടിയോടുള്ള എതിർപ്പ് ശ്രീലങ്കയിൽ ശക്തമാവുകയും ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വവും സർക്കാരും ഇന്ത്യയോട് വെടിനിർത്താൻ ആവശ്യപ്പെടുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയെ വിലക്കുകയും ചെയ്തു. ഒടുവിൽ ഇന്ത്യൻ രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ട ഈ ‘ഓപ്പറേഷനിൽ നിന്നും രാജീവ് ഗാന്ധി ഇന്ത്യൻ സൈന്യത്തെ പിൻ‌വലിക്കുകയും ചെയ്തു. ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിലെ ഇന്ത്യയുടെ ഇടപെടൽ ചേരിചേരാ നയത്തിന്റെ പരസ്യമായ ലംഘനമായി വ്യാഖ്യാനിക്കപ്പെട്ടു. എന്തായാലും,ഇന്ത്യൻ സൈന്യത്തിന്റെ സമാധാനദൗത്യം പരാജയപ്പെട്ടത് മാത്രമായിരുന്നില്ല ഈ ഓപ്പറേഷന്റെ ഫലം,, നമ്മുടെ ചുറുചുറുക്കുള്ള, ഒരുപാട് പുരോഗതികൾ നാടിന് സമ്മാനിക്കത്തക്ക കാഴ്ചപ്പാടുകളുണ്ടായിരുന്ന മിടുമിടുക്കനായ ഒരു ജനനേതാവിന്റെ ജീവൻ എൽ ടി ടി ഇ ആസൂത്രണം ചെയ്ത തീവ്രവാദി ആക്രമണത്തിൽ പൊലിഞ്ഞു എന്നുള്ളതാണ്.

 

ഏതൊരു നാടിനും എല്ലാത്തരത്തിലും ദുഃഖകരമാണ് ഇത്തരം പ്രതിലോമ പ്രവർത്തനങ്ങൾ. ഇവക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ കാട്ടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്, അതിനാൽ തന്നെ അവർ മാപ്പ് അർഹിക്കുന്നുമില്ല. രാജ്യത്തിന്റെ സർവതോൻമുഖ പുരോഗതിക്കായി ഇക്കൂട്ടരെ ഒറ്റപ്പെടുത്തി, നമുക്ക് ഐക്യത്തോടെ മുന്നോട്ടുനീങ്ങാം. ഇത്തരം രക്തസാക്ഷിത്വങ്ങൾക്ക് നൽകാവുന്ന ആദരവ് ഇതുതന്നെയാണ്, ഒപ്പം രാജ്യസ്നേഹമെന്ന നൂലിൽ ചേർത്ത മുത്തുകളായി നമുക്ക് ചേർന്നുനിന്ന് പുരോഗതിയിലേക്ക് കുത്തിക്കാമെന്ന് പ്രതിജ്ഞയെടുക്കാം. താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിന് വിധേയയായ, പിന്നീട് സമാധാനത്തിനുള്ള നൊബേൽ നേടിയ മാലാല യൂസഫ് സായിയുടെ വാക്കുകൾ പ്രചോദനമായിടട്ടെ…

 

 

” Terrorism will spill over if you don’ t speak up “

 

സജീവ് മണക്കാട്ടുപുഴ

Leave a Reply

Your email address will not be published.