സുരക്ഷിതരായിടട്ടെ ബാല്യങ്ങൾ

 

സുരക്ഷിതരായിടട്ടെ ബാല്യങ്ങൾ

ഏതൊരു രാജ്യത്തിന്റെയും ഭാവി നിലകൊള്ളുന്നത് അവിടുത്തെ കുട്ടികളിലാണല്ലോ, മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ധാർമികമൂല്യങ്ങളും കരഗതമാക്കിയ പുതുതലമുറകളിലൂടെ മാത്രമേ മികച്ച ഭാവി നേടാനാവൂ, കുടുംബങ്ങൾക്കും നാടുകൾക്കും രാജ്യങ്ങൾക്കും. എന്നാൽ ഇക്കാര്യങ്ങളിൽ അത്ര ആശാവഹമല്ല സ്ഥിതി എന്ന് പറയേണ്ടിവരും. ലോകത്ത് നിലനിൽക്കുന്ന ഏറ്റവും ഗുരുതര പ്രശ്നങ്ങളിൽ ഒന്നാണ് പട്ടിണി. ഇത് പ്രധാന കാരണമായിട്ടെന്നവണ്ണം, കുട്ടികൾ വലിയ തോതിൽ പലവിധമായ ജോലികളിൽ ഏർപ്പെട്ടുവരുന്നുണ്ട് എന്നത് സത്യമാണ്. കൃത്യമായി പറഞ്ഞാൽ അന്തർദേശീയ തൊഴിൽ സംഘടനയുടെയും(ILO )യൂണിസെഫിന്റെയും കണക്കുകൾ പ്രകാരം ലോകത്ത് ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളുടെ എണ്ണം ലോകത്ത് 160 ദശലക്ഷത്തിലേക്ക് അടുക്കുകയാണ്, അതിൽ ഏതാണ്ട് പകുതിയോളം പേർ അത്യന്തം അപകടകരമായ സാഹചര്യങ്ങളിലാണ് പണിയെടുക്കുന്നത്. കഴിഞ്ഞ 4 വർഷങ്ങൾക്കുള്ളിൽ 8.4 ദശലക്ഷമാണ് വർദ്ധനവ് സംഭവിച്ചത് !
ജൂൺ 12 ,  ലോകബാലവേല വിരുദ്ധദിനം,

 

 

1919 ൽ സ്ഥാപിതമായ ILO യാണ് ദിനാചരണം കൊണ്ടുവന്നത്. ബാലവേല എന്ന ദുഷ്പ്രവണതയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും, ബാലവേല ഇല്ലാതാക്കാനും തടയാനുമുള്ള ശ്രമത്തിന്റെ ഭാഗമായുമാണ് ദിനാചരണം നടപ്പാക്കിയത്. യൂണിസെഫമായി ചേർന്നാണ് വിവിധ പരിപാടികൾ ഈ ദിവസം നടത്തിവരുന്നത്. 2002 ലാണ് തുടക്കം. ബാലത്തൊഴിലാളികളെ സഹായിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നിർവചിക്കാനും സർക്കാരുകൾ, പ്രാദേശിക ഭരണകൂടങ്ങൾ, പൗരസമൂഹം,, അന്തർദേശീയ തൊഴിലാളി തൊഴിലുടമ സംഘടനകളും ഒരുമിച്ച് ദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നു.ലോകമെമ്പാടും ബാലവേല ചെയ്യാൻ നിർബന്ധിതരായ കുട്ടികൾ അഭിമുഖീകരിക്കുന്ന ഹാനികരമായ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു.

 

 

‘ബാലവേല ഇല്ലാതാക്കാൻ ആഗോള സാമൂഹിക സുരക്ഷ’ എന്നതാണ് ഇക്കൊല്ലത്തെ വിഷയം.

 

 

അന്താരാഷ്ട്ര തൊഴിൽ നിലവാരം ഉറപ്പാക്കാനും തൊഴിലാളികൾക്ക് സാമൂഹിക നീതി ഉറപ്പുവരുത്താനുമാണ് ILO യുടെ ശ്രമം.187 അംഗരാജ്യങ്ങളുണ്ട്, ജോലിക്ക് അനുസരിച്ചുള്ള കൂലി, ജോലി സമയം നിജപ്പെടുത്തൽ, തൊഴിലിടങ്ങളിലെ സാഹചര്യം ആരോഗ്യകരമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ മാർഗരേഖകൾ നൽകിവരുന്നു. കൂടാതെ സമ്മേളനം നടത്തി പ്രമേയങ്ങൾ പാസ്സാക്കാറുമുണ്ട്, ബാലവേല ദിനാചരണ പ്രമേയം 182 മത്തേതാണ്. ILO യുടെ കണക്ക് അനുസരിച്ച്, ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളിൽ 50% ത്തിനടുത്ത് അഞ്ചിനും 11 നുമിടയിൽ പ്രായമുള്ളവരാണ്. 27 ശതമാനത്തോളം 12-14 പ്രായത്തിലുള്ളവരും, ബാക്കിയുള്ളവർ 15-17 വിഭാഗത്തിലുമുള്ളവരാണ്. 63 ദശലക്ഷമാണ് പെൺകുട്ടികളുടെ എണ്ണം, ആൺകുട്ടികളുടേതാവട്ടെ 97 ദശലക്ഷവും. ഇവരൊക്കെയും  മതിയായ വിദ്യാഭ്യാസം , ആരോഗ്യം, വിശ്രമം, അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ എന്നിവ നിഷേധിക്കപ്പെട്ടവരാണ്. ഈ രീതിയിൽ അവരുടെ അവകാശങ്ങളെല്ലാം ലംഘിക്കപ്പെടുന്നു. അപകടകരമായ ചുറ്റുപാടുകളിലെ ജോലി, അടിമത്തം അല്ലെങ്കിൽ മറ്റ് നിർബന്ധിത തൊഴിൽ , മയക്കുമരുന്ന് കടത്ത് , വേശ്യാവൃത്തി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ , സായുധ സംഘട്ടനത്തിലെ പങ്കാളിത്തം എന്നീ നിലകളിൽ ബാലവേല പ്രാവർത്തികമാക്കപ്പെടുന്നു. അര്‍ഹമായ ബാല്യം അവര്‍ക്ക് നഷ്ടപ്പെടുന്നു. സ്വന്തം മാനസികവും ശാരീരികവും ആന്തരികവുമായ വളര്‍ച്ച മുരടിക്കുന്നു.

 

സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള 24.6 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നു, 2020 ലെ കണക്കുപ്രകാരം ലോകത്തില്‍ പത്തിൽ ഒരു കുട്ടി വീതം തൊഴിലാളിയാണ്(5-17 പ്രായത്തിനിടയിൽ ). ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നാണ്കണക്ക്.അപകടകരമായതൊഴിലുകളിലൊന്നും 14 വയസ്സിന് താഴെയുള്ള കുട്ടികളെ ക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകള്‍ നിഷ്കർഷിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നു.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍ 24 കുട്ടികളെകൊണ്ട് പണിയെടുപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്നു.

 

1989-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്‌ളിയാണ് ലോക ബാലവേല വിരുദ്ധ ദിനം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ILO) ബാലവേലയ്‌ക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നുണ്ട്. എന്നിട്ടും ഇതിന് അറുതി വരുത്താൻ സാധിക്കുന്നില്ല. 1992-ല്‍ തൊഴില്‍ സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി (International Programme on the Elimination of Child Labour) 100 ലധികം രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കി. ബാലവേല ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ ബോധവവല്‍ക്കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു. 1986 ലെ Child labour & Prohibition Act (ബാലവേല നിരോധന നിയമം) അനുസരിച്ച് 14 വയസ് തികയാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 1987-ല്‍ ബാലവേലയ്ക്ക് എതിരായി ദേശീയ നയം ആവിഷ്‌കരിച്ചു. 1996 ഡിസംബര്‍ 10-ന് സുപ്രീം കോടതി ബാലവേല ഇല്ലാതാക്കുന്നതിനായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. 1997 ലെ അടിമ നിരോധന നിയമം, 2000 ലെ ജുവനൈല്‍ ജസ്റ്റീസ് (പരിചരണവും സംരക്ഷണവും) ആക്ട് എന്നീ നിയമങ്ങള്‍ ബാലവേലയ്‌ക്കെതിരെ നിലവിലുണ്ട്. 2006 ഒക്‌ടോബര്‍ 10 മുതല്‍ ബാലവേല നിരോധിച്ച് രാജ്യത്ത് സര്‍ക്കാര്‍ ഉത്തരവായി. 2012 ൽ ബാലവേല വിമുക്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടു. ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, പടക്കനിര്‍മ്മാണ കമ്പനികള്‍, ഗ്ലാസ് ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ കുട്ടികൾ പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കാണാനിടയായാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098-ല്‍ വിളിച്ച് അറിയിക്കുകയോ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ (ഗ്രേഡ് 2) വിളിച്ച് വിവരം അറിയിക്കുകയോ ചെയ്യാവുന്നതുമാണ്.

 

ശാരീരികവും സാമൂഹികവും ധാർമ്മികവും ആരോഗ്യപരവുമായ വളർച്ചയ്ക്ക് ദോഷകരവും അപകടകരവുമായ വിധത്തിലും, കുട്ടിക്കാലം നിഷേധിക്കും വിധവും ഏതെങ്കിലും തരത്തിലുള്ള ജോലികളിലേർപ്പെടുത്തുന്നതിനെയാണ് ബാലവേല എന്ന് ILO നിർവചിക്കുന്നത്.. ഇന്ത്യയേക്കൂടാതെ വേറെയും രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളാൽ ബാലവേല ചൂഷണ രീതിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും നിരോധിച്ചിട്ടുള്ളതുമാണ്.എന്നിട്ടും നിർബാധം ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് തുടരുകയാണ്. വിദ്യാഭ്യാസവും കുട്ടിക്കാലവും ശാരീരിക മാനസിക ആരോഗ്യവും വളർച്ചയും വികസനവും അന്തസ്സുമെല്ലാം ഇല്ലാതാക്കുന്ന ഈ ദുഷ്‌ചെയ്തി ഏറ്റവും കൂടുതൽ നടമാടുന്നത് കൂടുതൽ ദാരിദ്ര്യമനുഭവപ്പെടുന്ന ആഫ്രിക്കൻ മേഖലയിലാണ്.

 

തീരെ വികസനമില്ലാത്ത രാജ്യങ്ങളിൽ 5 നും 17 നുമിടയിൽ പ്രായമുള്ള നാലിൽ ഒരുകുട്ടി തൊഴിലെടുക്കുന്നു.! ആഫ്രിക്കയിൽ ഇവരുടെ എണ്ണം വളരെ കൂടുതലാണ്.72 ദശലക്ഷമാണ് അവിടെ കുട്ടിത്തൊഴിലാളികളുടെ എണ്ണം. ഏഷ്യയും പാസഫിക് മേഖലയും രണ്ടാം സ്ഥാനത്തും(62 ദശലക്ഷം ), അമേരിക്കയിൽ 11 ദശലക്ഷം, യൂറോപ്പിലും മധ്യേഷ്യയിൽ 6 ദശലക്ഷം, അറബ് രാജ്യങ്ങൾ 1 ദശലക്ഷം എന്നിങ്ങനെയാണ് അവരുടെ കണക്ക്.ആഫ്രിക്ക, ഏഷ്യ, പാസഫിക് എന്നീ മേഖലകളിൽ നിന്നും പത്തിൽ ഒമ്പത് കുട്ടികളും ഈ ഗണത്തിൽ വരുമ്പോൾ ബാക്കിയുള്ള മറ്റ് പ്രദേശങ്ങളിൽ നിന്നും ഒരാൾ എന്ന കണക്കും ILO ചൂണ്ടിക്കാണിക്കുന്നു.

 

ആഗോളതലത്തിൽ കുട്ടികളുടെ സാമൂഹിക സുരക്ഷയ്ക്കായി ശരാശരി നീക്കിവക്കപ്പെടുന്ന തുക ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ..1.1 % മാത്രമാണ്. ആഫ്രിക്കയിൽ ഇത് 0.4% മാത്രം. ഇത്തരം ആനുകൂല്യങ്ങൾ ലോകത്ത് സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം 26.4 % മാത്രവും.ഏറ്റവും അധികം ബാലത്തൊഴിലാളികലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ, സാമൂഹിക സുരക്ഷ ഒട്ടുമില്ല എന്ന വസ്തുത കണക്കിലെടുത്ത് അത്തരം മേഖലകളിൽ ILO യും യുണിസെഫും, കുട്ടികളുടെ ക്ഷേമത്തിനായുള്ള മറ്റ് സംഘഘടനകളും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അവരുടെ പുനരാധിവാസവും ഉറപ്പാക്കപ്പെടണം, അല്ലാത്തപക്ഷം ഈ വർഷം ഒടുവിലോടെ ഇവരുടെ എണ്ണം 8.9% കണ്ട് വർധിക്കാമെന്ന് നിരീക്ഷിക്കപ്പെടുന്നു. അവിടങ്ങളിലെ പട്ടിണിയുടെ സ്ഥിതി വളരെ രൂക്ഷമായി തുടരുന്നത് തന്നെ പ്രധാന കാരണം.

 

ഭിക്ഷാടനം പോലെയുള്ള ആവശ്യങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ കടത്തുന്നത് വ്യാപകമാണ്. കുട്ടികൾ ഉൾപ്പെടെയുള്ള മനുഷ്യക്കടത്ത് ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന മറ്റൊരു നീചകൃത്യമാണ്. ഇതുപോലുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളുടെയും മുഖ്യ ഇരകൾ കുട്ടികൾ തന്നെയാണ്. ഇതുസംബന്ധിച്ച കണക്കുകൾ ആശങ്കജനകവും. ഒരുപാട് ചർച്ചകൾ കൊണ്ട് കാര്യമില്ല, കുഞ്ഞുങ്ങൾക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും തടയപ്പെടണം. നിയമങ്ങൾ എല്ലായിടത്തുമുണ്ട്, പക്ഷെ അവ നടപ്പിലാക്കുന്നതിലാണ് പ്രശ്നം. നിരോധിച്ചിട്ടുകൂടി നമ്മുടെ രാജ്യത്തും വ്യാപകമായി ബാലവേല നടക്കുന്നുണ്ട് എന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും ഭാവിവാഗ്ദാനങ്ങൾക്ക് ഭാസുരമായ ജീവിതം ഉറപ്പാക്കുക വഴി രാഷ്ട്രപുനർനിർമാണമാണ് സാധ്യമാകുന്നത്. സർക്കാരുകൾക്കും ബന്ധപ്പെട്ട ഏജൻസികൾക്കും, പൊതുസമൂഹത്തിനും കടമകളുണ്ട്, ഇക്കാര്യത്തിൽ. അടിയന്തിരമായി അത് നിറവേറ്റപ്പെടണം, എങ്കിലേ കാര്യങ്ങൾ നേർവഴിക്കു നീങ്ങുകയുള്ളൂ എന്ന ഓർമപ്പെടുത്താലോടെ,

 

 

സജീവ് മണക്കാട്ടുപുഴ,

Leave a Reply

Your email address will not be published. Required fields are marked *